27 Oct 2013

ഓര്‍മ്മ എന്ന ഉറഞ്ഞകടല്‍

ഓര്‍മ്മ എന്ന ഉറഞ്ഞകടല്‍

ഓര്‍മ്മയൊ-
രുത്സവലഹരി,
ഒത്തുവസിച്ചാലൊഴിയില്ല.

അടഞ്ഞാല്‍ത്തുറക്കില്ല
ഓര്‍മ്മത്തടവറ. 
അറ്റത്തെയിരപ്പിടത്തംമോഹി
ച്ചൊറ്റവിഴുങ്ങങ്ങു വിഴുങ്ങിയാല്‍
പിന്നഴിയില്ല ചങ്കില്‍ക്കോര്‍ത്ത            
ഓര്‍മ്മക്കൊളുത്ത്.

ഏറ്റവും കൂടുതല്‍
കപ്പല്‍ച്ചേതങ്ങളുണ്ടായകടല്‍ 
ഓര്‍മ്മക്കടല്‍.

ഓര്‍മ്മ 
കാഴ്ചയല്ല മറയാണ്. 
അറിവല്ല, അജ്ഞതയാണ്. 
സാധ്യതയല്ല, അതിരാണ്. 
ഉത്തരവാദിത്വമല്ല, ഒഴിഞ്ഞുമാറലാണ്!

ഓര്‍മ്മയിലെ മരം തളിര്‍ക്കില്ല പൂക്കില്ല, 
ഓര്‍മ്മപ്പുഴയില്‍ ഒഴുക്കില്ല ഓളങ്ങളും . 
ഓര്‍ക്കുളത്തില്‍ മീനിനോ തവളയ്‌ക്കോ 
ഞണ്ടോ ഞവുഞ്ഞിയോ പുലരില്ല. 
ഓര്‍മ്മയില്‍ മുഴങ്ങുന്ന ഒച്ചകള്‍ 
പ്രേതങ്ങള്‍ പാടുന്നതിന്റെ.

ഓര്‍മ്മയാകാശത്ത് ഉറഞ്ഞമേഘങ്ങള്‍ .
മരിച്ച നക്ഷത്രങ്ങള്‍.
ഓര്‍മ്മകള്‍ ചുറ്റിപ്പടര്‍ന്ന മരത്തിന്  
വെയിലില്ല, പടര്‍പ്പില്ല.

ഓര്‍മ്മയെ മറവികൊണ്ട് 
ചികിത്സിക്കാനാവില്ല.
എല്ലാമറവികളുടെയും 
ഇരുണ്ട കരിമ്പടത്തിനു ചോട്ടില്‍ 
ഒളിഞ്ഞിരിപ്പുണ്ട് 
ഓര്‍മ്മയുടെ ദുര്‍മ്മന്ത്രവാദിനി.

ഒരുമരം അതിന്റെ അപ്പന്‍മരത്തെയോ 
ഒരുകിളി അതിന്റെ അമ്മക്കിളിയെയോ 
ഓര്‍മ്മിക്കുന്നില്ല. 
എന്തെന്നാല്‍ ഒരു മരം അതിന്റെ 
അച്ഛന്‍മരവും മുത്തപ്പന്‍മരവും 
ഒരുകിളി അതിന്റെയമ്മക്കിളിയും 
അമ്മൂമ്മക്കിളിയും.



26 Oct 2013

വെയ്സ്റ്റ്



പണക്കാരനായ മോന്‍ 
നഗരത്തില്‍ പുരപണിയാന്‍ തുടങ്ങിയപ്പോള്‍ 
ഒരു മുറി ദൈവങ്ങള്‍ക്കായൊഴിച്ചിടണണമെന്ന് 
മുത്തിയമ്മ. 
കോണിക്കൂട് മതിയോയെന്നു 
പ്ലാന്‍ വരപ്പുകാരി സമര്‍ഥ, മരുമോള്‍.
പോരെടീയെന്നായമ്മ, 
കുടിയിരുത്താന്‍ ധാരാളം ദൈവങ്ങളുണ്ട്, 
കാളിയും ഭൈരവനുമുണ്ട്,
അഞ്ചെട്ട് കാരണവരെങ്കിലുമുണ്ട്. 
ഓരോ കാരണവനും ഒരിരുണ്ടകല്ല്. 
ഇരിക്കാനൊരു പലക. 
കണ്‍മിഴിക്കാനൊരിടിഞ്ഞില്‍. 

മുത്താച്ചി മരിച്ചപ്പഴാണ്പ്രശ്‌നം വഷളതമമായത്.
ഇനിയിപ്പോ നേരാനേരം 
ആരിവറ്റെ തീനാളമുട്ടിക്കുകേം 
പ്രാര്‍ഥന കുടിപ്പിക്കുകേം ചെയ്യും. 
വിശ്വാസവിരല്‍ നീട്ടിക്കൊടുത്താരവരെ പിത്ത നടപ്പിക്കും.

കെട്ടിപ്പൊതിഞ്ഞ് 
മാലിന്യക്കൊട്ടേലിടാന്‍ കൊണ്ടുപോയ 
ചെറുവാല്യക്കാരന് സംശയം, 
മുത്തിയമ്മേടെ ദൈവങ്ങള്‍ 
ജൈവ വെയ്‌സ്റ്റോ അജൈവ വെസ്റ്റോ !

തെറി



തെറി വാക്കുകള്‍,
പൊട്ടിത്തെറിക്കുമ്പോള്‍ 
പൂനിലാവു ചിതറുന്ന 
മാന്ത്രിക ബോംബുകള്‍.

ചെറ്റ,  ഗാന്ധിയുടെ പാര്‍പ്പിടം, 
തെണ്ടിയില്‍ ബുദ്ധനും പെടും. 
പുലയാട്ടം, നൂറുശതമാനം സെന്‍, 
തേവടിശ്ശി ഉര്‍വ്വരതയുടെ കുഞ്ഞനിയത്തി.
കഴുവേറികള്‍ എല്ലാ രക്തത്സാക്ഷികളും 
പട്ടി, ജാഗ്രത. 
കഴുത, പ്രശാന്തത, 
നിസ്സഹായതയുടെ ദീന വിലാപം.

ആത്മരോഷത്തിന്റെ 
ചൂടുവായുകെട്ടിക്കിടന്ന് 
ഇടനെഞ്ച് പൊട്ടിത്തെറിയ്ക്കാതിരിക്കാന്‍ 
സ്വപ്നമിനിയെന്തു പിറുപിറുക്കുമെന്നാണെങ്കില്‍ 
കീഴ്വായുവാലൊരക്കകുടല്‍- 
ത്താലിക്കാലിക ശമനത്തിനാണെങ്കില്‍
പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ 
മതമേലധ്യക്ഷനെന്നോ പാര്‍ട്ടിസെക്രട്ടറിയെന്നോ  
വിളിക്കുന്നതാണുത്തമം.

19 Oct 2013

വിഭക്തി



0
ഞാന്‍ ശബ്ദമാണ് .
ഞാന്‍ മൗനവും ആണ്.
1
ശബ്ദത്തേയും മൗനത്തേയും 
ഞാന്‍ അന്വേഷിക്കുന്നു. 
2..1
ശബ്ദത്തോടുള്ളതുപോലെ 
മൗനത്തോടും എനിക്കു കടപ്പാടുണ്ട്. 
2.2
ശബ്ദത്തോടും മൗനത്തോടും 
ഞാന്‍ സംവദിക്കുന്നു, 
തര്‍ക്കിക്കുന്നു, ഏറ്റുമുട്ടുന്നു.
3
ശബ്ദത്തിന്റെ പാതകള്‍ ഞാന്‍ താണ്ടി. 
മൗനത്തിന്‍ പാതകള്‍ എന്നെ കാത്തിരിക്കുന്നു
4
ശബ്ദത്താല്‍ എന്നപോലെ 
മൗനത്താലും ഞാന്‍ മോഹിതനായി.
5
ശബ്ദത്തിനും മൗനത്തിനും എന്നില്‍ 
ബന്ധുഗൃഹങ്ങളും ഇടത്താവളങ്ങളും 
വേരുകളും ശിഖരങ്ങളും 
ഇലകളും പൂക്കളുമുണ്ട്.  
6
കടലിലും കരയിലുമെന്നപോലെ
ശബ്ദത്തിലും മൗനത്തിലും 
ഞാന്‍ മാറിമാറി ജീവിക്കുന്നു...
0
ഞാന്‍ ശബ്ദമാണ്, 
ഞാന്‍ മൗനവുമാണ്...

18 Oct 2013

കരിങ്കണി



കാഴ്ചയ്ക്കു കണ്ണൊന്നു
കടം വാങ്ങി ചെന്നപ്പം
ക്കണിവെച്ച കൊന്ന 
കരിഞ്ഞുപോയേ.

16 Oct 2013

കല്ലില്‍ കൊത്തിയ ബോധി



എവിടെനിന്നൊക്കെയോ 
കുറച്ചു കൃഷ്ണ ശിലകള്‍ സംഘടിപ്പിച്ച് ശില്പവേല തുടങ്ങി. 
എന്താണയാള്‍ കൊത്താന്‍ പോകുന്നതെന്ന് 
ആരോടും പഞ്ഞിരുന്നില്ല. 

ചിലരൊക്ക കാഴ്ചകാണാനോ 
വേറൊരു പണിയുമില്ലാത്തതുകൊണ്ടോ 
അടുത്തു വന്നു നില്‍ക്കുമ്പം 
അതെന്താ ഇതെന്താ, 
അത് ഒരു കണ്ണാണോ എന്നൊക്കെ ചോദിക്കും 
ഒന്നു മൂളിയാലായി. 
ആരോടും മിണ്ടലുമുണ്ടായിരുന്നില്ല. 

മുപ്പത്തഞ്ചാം വയസ്സില്‍ തുടങ്ങിയ പണി 
അറുപത്തേഴിലാണു മുഴുമിച്ചത്. 
മുഴുമിച്ചു എന്നു തോന്നിയമട്ടില്ല. 
പണി പാതിയില്‍ നിര്‍ത്തിയവന്റെ നിരാശയും 
കാളിമയും ആ മുഖത്തുണ്ട്.

അയല്‍ക്കാരനും 
അയാളുടെ ജീവിതത്തിന്റെ അസാമാന്യതയുടെ 
ഏക വിശ്വാസിയുമായ ഒരു ചെറുപ്പക്കാരന്‍ എന്‍ജിനീയര്‍ 
അവിടുത്തെ വാര്‍ഡുകൗണ്‍സിലര്‍ക്ക് കൈക്കൂലികൊടുത്ത്
നഗര മൈതാനത്തിന്റെ ഒരു മൂലയ്ക്ക്
ശില്പം സ്ഥാപിക്കാനനുമതി നേടിയെടുത്തു.

ചെറുപ്പക്കാരനെഞ്ചിവീയറുടേം കൂട്ടുകാരുടേം ഉത്സാഹത്തിലാണ്
വലിയൊരു വാഹനത്തില്‍ ശില്പം
നഗരത്തിലേയ്ക്കു യാത്രയായത്. 
അതാരു മഹായാത്രപോലെ, 
ഒരു കപ്പലോട്ടക്കാരന്‍ തന്റെ പായക്കപ്പല്‍ 
അനന്തതയുടെ കടല്‍ക്കോളിലിറക്കുംപോലെ തോന്നി. 

അയാളും ഒപ്പം കൊച്ചുവീടു പൂട്ടി
സാമാനങ്ങളെക്കെ ഒരു ചെറിയ തുകല്‍ബാഗില്‍ നിറച്ച് 
ഇനി ഇങ്ങോട്ടില്ലെന്ന മട്ടില്‍ 
ആ വണ്ടിയില്‍ 
ആളുകള്‍ മുന്നില്‍ ഇരിക്കാന്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ 
പിന്നില്‍  തൊട്ടുഴിഞ്ഞുനിന്ന് യാത്രയായി. 

ആരും വിശേഷിച്ച് കാണുവാനിടയില്ലാത്ത ഒരു മൂലയാണ് 
ശില്‍പത്തിനായി നിശ്ചയിക്കപ്പെട്ടിരുന്നത്, 
എന്‍ജിനീയറും കൂട്ടുകാരും ചേര്‍ന്ന്
ആ ഇടം മുന്നേകൂട്ടി വെടിപ്പാക്കിയിരുന്നു. 
ഭാരം പൊക്കല്‍ യന്ത്രം കല്ലൂകഷ്ണങ്ങള്‍ 
അടുക്കിയടുക്കിവെച്ചപ്പോള്‍ 
പൊടുന്നനെ 
അതൊരുഗ്രന്‍ കരിങ്കല്‍ വൃക്ഷമായി മാറി..

അയാള്‍ തിരിച്ചുപോയില്ല. 
അത്യാവശ്യം ആഹാരത്തിനുള്ള വക 
എങ്ങനെയോ സമ്പാദിച്ചുകൊണ്ട് 
നഗരത്തിന്റെ ഒരു കഷ്ണം നിഴലില്‍ അയാള്‍ പറ്റിക്കൂടി. 
പുലര്‍ച്ചയ്ക്കുതന്നെ തന്റെ ശില്‍പത്തിനടുത്തെത്തും. 
ഇത്തിരി മാറിച്ചെന്നിരിക്കും 
ആരെങ്കിലും തന്റെ ശില്‍പം കാണാന്‍ വരുന്നുണ്ടോ എന്നാണ് നോട്ടം. 
ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ആള്‍ വരുമായിരുന്നു. 

ചില സ്‌ക്കൂള്‍ക്കുട്ടികള്‍ ഒരിക്കല്‍ വന്നു. 
അവര്‍ വലിയ വിസ്മയത്തോടെ 
അതിന്റെ മുന്നില്‍ ചുറ്റിപ്പറ്റി നിന്നു. 
ഒരു മരത്തണലത്തുനിന്നെപോലെ ഓടിക്കളിച്ചു.
ഒരു കുട്ടി ജീവനുള്ള ഒന്നിനെ ചുറ്റിപ്പിടിക്കുമ്പോലെ 
അതിനെ ചുറ്റിപ്പിടിച്ചു. 
ഒരാള്‍ അതിന്മേല്‍ പറ്റിപ്പിടിച്ച് കയറാന്‍ നോക്കി
ഒരു കുട്ടി ഒരു കൊച്ചു കല്ലെടുത്ത് 
മരത്തൊമ്പിലേയ്ക്കന്നപോലെ ശില്‍പത്തിന്റെ 
മുകള്‍ഭാഗത്തേയ്‌ക്കെറിഞ്ഞു...
അന്ന് അയാള്‍ക്ക് വളരെ നല്ല ഒരു ദിവസമായിരുന്നു.

മഞ്ഞപ്പനി പിടിച്ച് ഒരു മഴക്കാലത്ത് 
അയാള്‍ ധര്‍മ്മാശുപത്രിയലായി. 
ഒരു മാസം മരണത്തോടു മല്ലടിച്ച് അവിടെ കിടന്നു. 
അയാളവിടെ കിടന്നു മരിച്ചിരുന്നെങ്കില്‍ 
മഞ്ഞപ്പനി പിടിച്ച് അജ്ഞാതന്‍ മരിച്ചു 
എന്ന ഒരു വാര്‍ത്തയായിരിക്കും പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുക. 
അല്ലാതെ ഒരു കരിങ്കല്‍ വൃക്ഷത്തിന്റെ ശില്‍പിയെന്ന് 
അയാളെ ആരറിയാനാണ്...

ആശുപത്രി വിട്ടപ്പോള്‍ അയാള്‍ നേരെച്ചെന്നത് 
തന്റെ ശില്‍പത്തിന്റെ അടുത്തേയ്ക്കായിരുന്നു. 
അതിന്റെ ചുറ്റു പാടുകളില്‍ കുറ്റിച്ചെടികളും പുല്ലും പടര്‍ന്നിരുന്നു. . 
അയാള്‍ അതൊക്കെ വെടിപ്പാക്കി..
എന്തോ സംഭവിക്കാന്‍ പോകുന്നെന്ന തോന്നലില്‍ 
അയാളുടെ മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു അപ്പോള്‍...

അന്ന് പൗര്‍ണമി ദിവസമായിരുന്നു. 
അന്നയാള്‍ ഉറങ്ങാനായി 
തന്റെ ഒളിയിടത്തിലേയ്ക്കു പോയില്ല. 
തന്റെ ശില്‍പത്തിനുനേരെ 
ഒരേ നോട്ടംനോക്കിക്കൊണ്ട് അയാളിരുന്നു. 

അമ്പിളി 
ശിലാ വൃക്ഷത്തിന്റെ മൂര്‍ദ്ദാവിലെത്തി. 
ലോകം നിലാവിന്റെ ലോകമായിമാറി. 
എങ്ങും നനഞ്ഞവെളിച്ചത്തിന്റെ മാസ്മരിക പ്രഭാവം.
അപ്പോള്‍ മൈതനത്തിന്റെ അറ്റത്തുനിന്ന് 
ഒരാള്‍ നടന്നടുക്കുന്നതുകണ്ടു. 
പതുക്കെയായിരുന്നു നടപ്പ്
ഓരോ ചുവടും പ്രധാനപ്പെട്ടതാണെന്നമട്ടിലുള്ള നടത്തം. 
ആ നടത്തം ശിലാബോധിയുടെ 
അരികത്തേയ്ക്കുതന്നെയായിരുന്നു. 

അതൊരു മെലിഞ്ഞ ചെറുപ്പക്കാരനായിരുന്നു. 
മുഷിഞ്ഞ, പാതി നഗ്നത തോന്നിക്കുന്ന 
ഒരുതോള്‍ വസ്ത്രമാണുടുത്തിരുന്നത്. 
അയാള്‍ ശില്‍പത്തിന്റെ ചുവട്ടില്‍ വന്നിരുന്നു...

മരത്തെയും ചെറുപ്പക്കാരനേയും 
ഒന്നു കൂടെ നോക്കിയിട്ട് 
തുകല്‍ബാഗമെടുത്തു ശില്‍പി പുറത്തേയ്ക്കു നടന്നു...
പിന്നീടയാള്‍ 
തന്റെ ശില്‍പത്തിന്റെ മേല്‍നോട്ടത്തിനായി 
അങ്ങോട്ടു ചെന്നിട്ടില്ല.

പുഴു



ഒരിക്കലെന്‍ വീടുണ്ടാ
യിരുന്നേടമൊരു പുറ്റ്. 
ഒരിക്കല്‍ ഞാനുണ്ടാ
യിരുന്നേടത്തൊരു പുഴു..

14 Oct 2013

എഴുത്തിനിരിപ്പ്



മേഘം പൊട്ടിത്തൂവും
പോലെനിക്കെഴുതണം.
വെയില്‍ മുട്ടപൊട്ടിച്ചെന്തീ
ക്കനലാളിപ്പടരും പോലെ.

ഇരുട്ടരിച്ചിറങ്ങുമ്പോലെ
നിലാവൊലിക്കുംപോലെ 
പേടമാനോടും പോലെ 
കാക്കകള്‍ കാറുംപോലെ. 

പെണ്ണുങ്ങള്‍ കാവില്‍പ്പോകാന്‍ 
കുളിച്ചുടുത്തൊരുങ്ങുംപോലെ 
പൈതങ്ങള്‍ വിരലും കടി-
ച്ചന്തമറ്റുറങ്ങും പോലെ

കാലില്‍ കൊത്തിയ വിഷം 
മൂര്‍ദ്ദാവിലെത്തുംപോലെ 

തുറന്നിട്ടമണല്‍ത്താളില്‍
വരിയിട്ട ചോണനക്ഷരം
മിണ്ടിയും മിണ്ടാതെയും 
ആടിയുമനങ്ങാതെയും .
.

ഞാനും സമരക്കാരന്‍



സമരത്തുണിപ്പന്തലില്‍ 
ഉറങ്ങാതിരിക്കും കടല്‍ 
മനുഷ്യര്‍ക്കൊപ്പം ഞാനും 
ഉറങ്ങാതിരിക്കട്ടെ.
പുഴയെരക്ഷിപ്പാനായ് 
ജാഥയ്ക്കണിചേരട്ടെ. 
മണ്ണിനെപ്പിടിച്ചൂട്ടി
യമര്‍ന്നുകിടപ്പോര്‍ക്കൊപ്പം
ആറടി മെണ്ണെന്‍ ദേഹ-
മമര്‍ത്തിപ്പിടിക്കട്ടെ. 
ഓരത്തെമരം വെട്ടാല്‍ 
കോടാലി നീട്ടുന്നോരെ 
വെട്ടുകെന്‍ തായ്‌വേരിലും. 
ഞാനുമീയോരത്തെന്നോ 
പടര്‍ന്നൊരു കാട്ടുതമ്പകം..

13 Oct 2013

ഉറക്ക വിപ്ലവം



ആത്യന്തിക വിപ്ലവം 
വളരെ ചെലവുകുറഞ്ഞ ഒരു സംഗതി. 
ലളിതം... 

വായിക്കാന്‍ പാഠപുസ്തകമോ 
നയിക്കാന്‍ നേതാക്കന്മാരോ 
പരിശീലനത്തിന് ഗുരുക്കന്മാരോ ആവശ്യമില്ല.
പൊതുയോഗമോ ജാഥയോ വേണ്ട. 
പാര്‍ട്ടികളോ പ്രസ്ഥാനങ്ങളോ ആവശ്യമില്ല. 
ഉള്ളവയൊന്നും ഇടിച്ച് നിരപ്പാക്കണമെന്നും
അതിനായി പുതിയൊരിനം ക്വട്ടേഷന്‍ സംഘത്തെ
ഏര്‍പ്പാടാക്കണമെന്നുമില്ല. 
ആത്യന്തികവിപ്ലവം വളരെ ലളിതം. 
അതിനായി മുഴുവന്‍ വിപ്ലവകാരികളും ചെയ്യേണ്ടത് ഇപ്പഴുറങ്ങുന്നതിനെക്കാള്‍ 
രണ്ടോമൂന്നോമണിക്കൂര്‍ കൂടുതലായുറങ്ങുക. 
സുഖമായി, സ്വച്ഛന്ദമായി, ചരിഞ്ഞും മലര്‍ന്നും 
കെട്ടിപ്പിടിച്ചും കൂര്‍ക്കം വലിച്ചും 
കാണുന്നവരെ മോഹിപ്പിക്കുന്ന തരത്തില്‍ 
സുന്ദരമായുറങ്ങുക. 
ലഹരിപിടിച്ചപോലെ ഉറങ്ങുക. 
നേതാക്കന്മാരും മതപുരോഹിതന്മരും 
പണ്ഡിതന്മാരും കവികളുമെല്ലാം 
മൂക്കറ്റം ആഴത്തില്‍ സര്‍വ്വം മറന്നുറങ്ങുക..
.പണ്ട്പിള്ളാരായിരുന്നപ്പോളെന്നപോലെ
മാലാഖമാരെ സ്വപ്നംകണ്ടും 
കരഞ്ഞും ചിരിച്ചും 
പായില്‍ മുള്ളി രസിച്ചും നിഷ്‌കളങ്കമായുറങ്ങുക.
എഴുന്നൂറുകോടി ശീതളനിദ്രകള്‍ കൊണ്ട് 
പൊള്ളുന്ന ഭൂമിയെ ഒന്നു പൊതിയുക...

മുഖംമൂടികള്‍ ആവശ്യമുണ്ട്



നല്ല മുഖംമൂടികള്‍ 
എവിടെ കിട്ടുമെന്നറിയാമോ? 
എല്ലാതരം മുഖം മൂടികളും
എനിക്കാവശ്യമുണ്ട്. 
പലകാലകമ്യൂണിസ്റ്റ്കാരുടെ,
കമ്യൂണിസ്റ്റ് വിരുദ്ധരുടേം.
മതജീവികളുടെം 
സ്വാമിഭക്തന്മാരുടേം 
നെറ്റീല്‍ക്കുറിതൊട്ട ശൂലമുനക്കാര്‌ടേം 
ഗാന്ധിയന്‍മാര്‌ടേം ..
പുതിജാതി നഗരജീവികള്‌ടേം 
ഹിജഡകള്‍ടേം മുഖമൂടികള്‍ വരെ വേണം...
വെറുതെ ഇട്ടോണ്ടു നടക്കാനാ...
യോജിപ്പുതോന്നിയാല്‍ 
ശിഷ്ടകാലം ഏതെങ്കിലുമൊന്നിലേയ്ക്ക് 
സ്വന്തം മുഖം 
ഉരുക്കിയൊഴിക്കുകേം ചെയ്യാല്ലോ...

9 Oct 2013

പൂമരം



പൂവണിയാനാ
യിലകള്‍ മുഴുക്കെ
യുതിര്‍ത്തമരം ഞാന്‍ 
കവിതേ, യടിമുടി 
മൂടുക നീയെന്‍ 
ജീവിതമെന്നാല്‍ 
നീല മുകില്‍ ഛവി 
നിന്നിലെ ഗന്ധം..

പടര്‍ന്നു കത്തുന്നു.

നീയേന്തിയ തീപ്പന്തം 
പകലായ് പടര്‍ന്നു കത്തുന്നു. 
നിന്റെ മൂകമനോഗതം 
പാടുന്നൂ കിളിയുംകാറ്റും.

7 Oct 2013

ഒടുക്കത്തെ നിമിഷം



ഒരാള്‍ പിരിയുമ്പോ
ളൊരുജന്മമവസാനിക്കും.
ഏറ്റവുമൊടുക്കത്തെ 
നിമിഷമായിരുന്നത്..

.ഒട്ടും വെയിലില്ലാത്ത 
നിറത്തില്‍ ചിരിച്ചൂ, പിന്നെ
കണ്ണുനീരൊട്ടുമില്ലാത്ത 
ഭാഷയില്‍ കരഞ്ഞൂ ഞാന്‍. 


6 Oct 2013

ചിറകടി



എന്റെയൊച്ചയാണിപ്പോള്‍ 
ചിറകിട്ടടിച്ചത്. 
ഞാനാണാ കുഞ്ഞിപ്പക്ഷി..!


5 Oct 2013

Path Of An Old logic



All people are creative 
In there own way. 
All creative people are 
Cracy, mad...
So all people are
CRACY...MAD...

പങ്കുവെപ്പ്



പരസ്പരം കാണാതെ നാ-
മിത്രനാള്‍ പ്രണയിച്ചില്ലേ, 
ഒന്നുമേ മിണ്ടിക്കേള്‍ക്കാ-
തിത്രയും പങ്കുവെച്ചില്ലേ...

2 Oct 2013

ഗാന്ധി ജയന്തി



ചില മനുഷ്യര്‍ ശരീരത്തില്‍ തുടങ്ങുകയും 
ശരീരത്തില്‍ അവസാനിക്കുകയും ചെയ്യും,
ബുദ്ധന്മാര്‍
സ്വന്തം ശരീരത്തെ കത്തിച്ച് തീയുണ്ടാക്കുന്നവര്‍,
തീപ്പന്തമാക്കി അതുകൊളുത്തി കയ്യിലേന്തി 
മുന്നോട്ടു നീങ്ങുന്നവര്‍...

മുട്ടത്തോടുടച്ച് പുറത്തു കടക്കും പോലെ 
ശരീരത്തില്‍ നിന്ന്പുറത്തുകടക്കുകയും 
ആകാശത്തിലേയ്ക്കുയരുരുകയും ചെയ്യുന്നവര്‍..
അവബോധത്തെപ്രതി ജീവിക്കുന്ന പൂര്‍ണ മനുഷ്യര്‍! 

അവര്‍ക്കന്തിയുറങ്ങാനോ 
തെല്ലിട വിയര്‍പ്പാറ്റാനോ 
കിതപ്പുമാറ്റാനോ ഉള്ള 
ഒരു കുടീരം മാത്രം ദേഹം. 
ഒരു ശരീരം ശിഥിലമാകുമ്പോള്‍
ഒരു ജീവിതം ശിഥിലമാവുകയില്ല, 

താന്‍ തന്നെ ശരീത്തിലേല്‍പിച്ച വേദനകളുടെ 
ഒരംശം വേദനയേ ഏല്‍പിച്ചിരിക്കുള്ളു 
ഗോഡ്‌സെയുടെ വെടിയുണ്ട. 
ഭീരുത്വത്തിന്റെ കുര പോലെ ദുര്‍ബലമായ 
ആ വെടിയൊച്ച 
ലോകജീവിതത്തിന് അപമാനം വരുത്തി, 
പക്ഷെ അതിലപ്പുറം വലിയ നഷ്ടമൊന്നും ഇല്ല. 

അല്ലെങ്കില്‍ കുറച്ചു ദിനാന്തങ്ങള്‍ കൂടി, 
കുറച്ച് കൂടി 
അന്നം, പാനം, 
കുറച്ചു കൂടി മലം മൂത്രം, 
കുറച്ചു കൂടി പ്രാര്‍ഥനകള്‍ തപസ്സുകള്‍, 
ജവഹര്‍ലാല്‍നെഹ്രുവിന്റെ അഡ്രസില്‍
കുറച്ചുകൂടി വിയോജനക്കുറിപ്പുകള്‍, 
കുറച്ചു കൂടി ദുഖം, സംഘര്‍ഷം...
അത്രമാത്രം..

പകഷെ ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന് 
കടന്നു പോകേണ്ടി വന്ന വേറൊരു  മരണമുണ്ട്. 
താന്‍ നട്ടുവളര്‍ത്തിയ വൃക്ഷത്തിന്റെ അടിവേരില്‍ 
കോടാലിവീഴുന്നത് കണ്ടപ്പോള്‍, 
താന്‍ പ്ലാവിലകൊടുത്തു പോറ്റിക്കൊണ്ടുവന്ന തള്ളയാട്
അറവു ശാലയിലേയ്ക്ക് കെട്ടിവലിക്കപ്പെടുന്നത് 
മൂകനായി കണ്ടു നില്‍ക്കേണ്ടിവന്നപ്പോള്‍.

ഹിന്ദുസ്വരാജ്, ചര്‍ക്ക, 
നാട്ടുപകരങ്ങളുടെ സാങ്കതികവിദ്യ, 
കൊട്ട പോലേം കലപ്പ പോലേം 
കൈപ്പിടിയിലൊതുങ്ങുന്ന സാങ്കേതിക വിദ്യ...
കൈത്തൊഴിലിലൂന്നിയ വിദ്യാഭ്യാസം..
തമ്മില്‍ത്തൊടാനുള്ള ഭാഷ....
തുളസീല്‍ത്തൊടങ്ങി 
ചിറ്റാമൃതിലവസാനിക്കുന്ന മരുന്നു ശാസ്ത്രം. 
നടപ്പാതഗതാഗതം കൊണ്ടുള്ള കോര്‍ത്തുകെട്ടുകള്‍. 
തണല്‍മരങ്ങളുടെ ശില്പവേല, തച്ചുശാസ്ത്രം...
ഓരോന്നിനെയും നിരനിരനിര്‍ത്തി 
നെഞ്ചിലേയ്ക്കു നിറയാഴിച്ചതാരാണ്...

കാപട്യങ്ങളുടെ 
തലതൊട്ടപ്പനായവരോധിക്കപ്പെടുന്നതിനെക്കാള്‍
വലിയ അവഹേളനം മറ്റെന്ത്? 

കള്ളപ്പണത്തിന്റെ കീറക്കടലാസില്‍ 
അച്ചുകുത്തപ്പെടുന്നതിനെക്കാള്‍ വലിയൊരപമാനം?
തിരുത്തിപ്പറയൂ, ഗാന്ധിയെക്കൊന്നത് 
വിഡ്ഢിയായ 
ഒരു വികാരജീവിയുതിര്‍ത്ത വെടിയുണ്ടയല്ല.. 
ഒരൊറ്റ മനുഷ്യന,് ഒരജ്ഞാനിക്ക,്
ഗാന്ധിയെ കൊല്ലാനൊന്നും പറ്റില്ല. 

പക്ഷെ ഗാന്ധി ഇന്നില്ല...
.ക്രൂരവും ആസൂത്രിതവും 
ഇന്നുവരെ പൂര്‍ണവിചാരയ്ക്കു 
വിധേയമാക്കപ്പെട്ടിട്ടില്ലാത്തതുമായ 
ഒരു കൊലപാതകം നടന്നിട്ടുണ്ട്..

പറയൂ...
ആരാണ് ഗാന്ധിയുടെ കൊലയാളി...