02-Oct-2013

ഗാന്ധി ജയന്തിചില മനുഷ്യര്‍ ശരീരത്തില്‍ തുടങ്ങുകയും 
ശരീരത്തില്‍ അവസാനിക്കുകയും ചെയ്യും,
ബുദ്ധന്മാര്‍
സ്വന്തം ശരീരത്തെ കത്തിച്ച് തീയുണ്ടാക്കുന്നവര്‍,
തീപ്പന്തമാക്കി അതുകൊളുത്തി കയ്യിലേന്തി 
മുന്നോട്ടു നീങ്ങുന്നവര്‍...

മുട്ടത്തോടുടച്ച് പുറത്തു കടക്കും പോലെ 
ശരീരത്തില്‍ നിന്ന്പുറത്തുകടക്കുകയും 
ആകാശത്തിലേയ്ക്കുയരുരുകയും ചെയ്യുന്നവര്‍..
അവബോധത്തെപ്രതി ജീവിക്കുന്ന പൂര്‍ണ മനുഷ്യര്‍! 

അവര്‍ക്കന്തിയുറങ്ങാനോ 
തെല്ലിട വിയര്‍പ്പാറ്റാനോ 
കിതപ്പുമാറ്റാനോ ഉള്ള 
ഒരു കുടീരം മാത്രം ദേഹം. 
ഒരു ശരീരം ശിഥിലമാകുമ്പോള്‍
ഒരു ജീവിതം ശിഥിലമാവുകയില്ല, 

താന്‍ തന്നെ ശരീത്തിലേല്‍പിച്ച വേദനകളുടെ 
ഒരംശം വേദനയേ ഏല്‍പിച്ചിരിക്കുള്ളു 
ഗോഡ്‌സെയുടെ വെടിയുണ്ട. 
ഭീരുത്വത്തിന്റെ കുര പോലെ ദുര്‍ബലമായ 
ആ വെടിയൊച്ച 
ലോകജീവിതത്തിന് അപമാനം വരുത്തി, 
പക്ഷെ അതിലപ്പുറം വലിയ നഷ്ടമൊന്നും ഇല്ല. 

അല്ലെങ്കില്‍ കുറച്ചു ദിനാന്തങ്ങള്‍ കൂടി, 
കുറച്ച് കൂടി 
അന്നം, പാനം, 
കുറച്ചു കൂടി മലം മൂത്രം, 
കുറച്ചു കൂടി പ്രാര്‍ഥനകള്‍ തപസ്സുകള്‍, 
ജവഹര്‍ലാല്‍നെഹ്രുവിന്റെ അഡ്രസില്‍
കുറച്ചുകൂടി വിയോജനക്കുറിപ്പുകള്‍, 
കുറച്ചു കൂടി ദുഖം, സംഘര്‍ഷം...
അത്രമാത്രം..

പകഷെ ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന് 
കടന്നു പോകേണ്ടി വന്ന വേറൊരു  മരണമുണ്ട്. 
താന്‍ നട്ടുവളര്‍ത്തിയ വൃക്ഷത്തിന്റെ അടിവേരില്‍ 
കോടാലിവീഴുന്നത് കണ്ടപ്പോള്‍, 
താന്‍ പ്ലാവിലകൊടുത്തു പോറ്റിക്കൊണ്ടുവന്ന തള്ളയാട്
അറവു ശാലയിലേയ്ക്ക് കെട്ടിവലിക്കപ്പെടുന്നത് 
മൂകനായി കണ്ടു നില്‍ക്കേണ്ടിവന്നപ്പോള്‍.

ഹിന്ദുസ്വരാജ്, ചര്‍ക്ക, 
നാട്ടുപകരങ്ങളുടെ സാങ്കതികവിദ്യ, 
കൊട്ട പോലേം കലപ്പ പോലേം 
കൈപ്പിടിയിലൊതുങ്ങുന്ന സാങ്കേതിക വിദ്യ...
കൈത്തൊഴിലിലൂന്നിയ വിദ്യാഭ്യാസം..
തമ്മില്‍ത്തൊടാനുള്ള ഭാഷ....
തുളസീല്‍ത്തൊടങ്ങി 
ചിറ്റാമൃതിലവസാനിക്കുന്ന മരുന്നു ശാസ്ത്രം. 
നടപ്പാതഗതാഗതം കൊണ്ടുള്ള കോര്‍ത്തുകെട്ടുകള്‍. 
തണല്‍മരങ്ങളുടെ ശില്പവേല, തച്ചുശാസ്ത്രം...
ഓരോന്നിനെയും നിരനിരനിര്‍ത്തി 
നെഞ്ചിലേയ്ക്കു നിറയാഴിച്ചതാരാണ്...

കാപട്യങ്ങളുടെ 
തലതൊട്ടപ്പനായവരോധിക്കപ്പെടുന്നതിനെക്കാള്‍
വലിയ അവഹേളനം മറ്റെന്ത്? 

കള്ളപ്പണത്തിന്റെ കീറക്കടലാസില്‍ 
അച്ചുകുത്തപ്പെടുന്നതിനെക്കാള്‍ വലിയൊരപമാനം?
തിരുത്തിപ്പറയൂ, ഗാന്ധിയെക്കൊന്നത് 
വിഡ്ഢിയായ 
ഒരു വികാരജീവിയുതിര്‍ത്ത വെടിയുണ്ടയല്ല.. 
ഒരൊറ്റ മനുഷ്യന,് ഒരജ്ഞാനിക്ക,്
ഗാന്ധിയെ കൊല്ലാനൊന്നും പറ്റില്ല. 

പക്ഷെ ഗാന്ധി ഇന്നില്ല...
.ക്രൂരവും ആസൂത്രിതവും 
ഇന്നുവരെ പൂര്‍ണവിചാരയ്ക്കു 
വിധേയമാക്കപ്പെട്ടിട്ടില്ലാത്തതുമായ 
ഒരു കൊലപാതകം നടന്നിട്ടുണ്ട്..

പറയൂ...
ആരാണ് ഗാന്ധിയുടെ കൊലയാളി...

No comments: