26 Jan 2014

കരിയില



ചിലപ്പോള്‍ 
ഏതാഴപ്രശ്‌നവും 
അത്ര ലളിതമായി 
ഒട്ടും സമയം പോക്കാതെ 
ചെയ്തു തീര്‍ക്കാനാവും എനിക്ക്. 
കിണറ്റില്‍വീണൊരു 
കരിയില കോരിയെടുക്കും പോലെ. 

ചിലപ്പോള്‍ എത്ര നിസ്സാരമായ പ്രശ്‌നവും 
എത്ര സമയം ചെലവാക്കിയാലും 
പരിഹരിക്കപ്പെടാതെ 
ജീവിത്തിന്റെ അടിത്തട്ടിലേയ്ക്ക് 
മുങ്ങിത്താണുപോകും. 
കിണറ്റില്‍ വീണൊരു
കരിയില കോരിയെടുക്കാന്‍
ശ്രമിച്ചപ്പോഴെന്നപോലെ...

25 Jan 2014

ചോദ്യം ചോദിക്കുന്ന കുട്ടി



സ്‌ക്കൂളിലൊന്നും പോകാത്ത 
ഒരു കുട്ടിയുണ്ടായിരുന്നു. 
നേരം വെളുത്താല്‍ പുരയില്‍ നിന്നിറങ്ങി 
നാട്ടുവഴികളിലൂടെ ചുറ്റിക്കറങ്ങുകയും 
അന്തിയോടെ വീട്ടില്‍ ചിരിച്ചെത്തുകയുമായിരുന്നു 
അവന്റെ പതിവ്. 
ഒരു മരം വെട്ടുകാരനെക്കണ്ടാല്‍ 
അവനതുനോക്കി കുറച്ചു നില്‍ക്കും. 
അടുത്തു ചെല്ലും. 
എന്നിട്ട് അടക്കം പറയും പോലെ് 
എന്തിനാണ് മരം വെട്ടുന്നത് എന്നു ചോദിക്കും. 

എന്തിനാണ് വണ്ടിയുന്തുന്നത്?
എന്തിനാണീ ഭാരം ചുന്നുകൊണ്ടുപോവുന്നത്?
എന്തിനാണ് വയലുഴുന്നത്? 
എന്തിനാണ് കാളയെ ഉരച്ചു കുളിപ്പിക്കുന്നത്? 
പുല്ലരിയുന്നതെന്തിനാണ് ?
ഇലയടിച്ചൂട്ടുന്നതെന്തിനാണ്? 
ഈ തുണികളൊക്കെ ഇങ്ങനെ അലക്കി 
വെളുപ്പിക്കുന്നതെന്തിനാണ്? 

ചോദ്യം ചോദിച്ച ശേഷം 
അതിന്റെ ഉത്തരത്തിനായി ആ കുട്ടി 
കാത്തു നില്‍ക്കുമായിരുന്നില്ല. 
പുഴ ആരെയും കാത്തു നില്‍ക്കാത്തതുപോലെ 
മേഘങ്ങള്‍ ആരെയും കാത്തുനില്‍ക്കാത്തതുപോലെ 
കാറ്റ് വാതിലോ ജനലോ അടക്കുകയോ 
തുറക്കുകയോ അല്ലാതെ 
ആരെയും കാത്തുനില്‍ക്കാത്തതു പോലെ...

12 Jan 2014

അടയാളം



എന്റെ പേരിടൂ 
വീട്ടുമുറ്റത്തെ 
ഏതെങ്കിലുമൊരു പൂമരത്തിന്. 
അടുക്കളപ്പുറത്തെച്ചിലുകൊത്താന്‍ 
പതിവായെത്താറുള്ള 
ചപ്പിലക്കിളികളില്‍ 
ഇത്തിരിക്കുറുമ്പു കൂടുതലുള്ള ഒരാള്‍ക്ക്. 
നിന്റെ ശബ്ദനിശ്ശബ്ദതകളുടെ 
നിത്യനിരീക്ഷകനായ, 
അപശകുനങ്ങള്‍ ചിലക്കേണ്ടിവരുമ്പോള്‍ 
പല്ലുകടിച്ചു പിടിക്കാറുള്ള 
ആ ആണ്‍ പല്ലിക്ക് .
എന്നും ഗ്യാസ് ഓഫാക്കിയിരുന്നോ 
താക്കോല്‍ തിരികെയെടുത്തിരുന്നോ 
എന്നൊക്കെ സംശയിച്ച്
ഇത്തിരിക്കൂടി അധികനേരം 
നിന്നുപോകാറുള്ള 
മൂന്നാമത്തെ ചവിട്ടുപടിക്ക് 
എന്റെ പേരിട്ടുവിളിക്കൂ...

നോക്കൂ



ഇറ്റു വെള്ളം 
തളിച്ചപ്പൊഴാകെ-
പ്പച്ചയാര്‍ന്നു 
പൂവിട്ടതു നോക്കൂ. 

ഒറ്റവാതില്‍ 
തുറന്നപ്പൊഴുള്ളില്‍ 
പാല്‍വെളിച്ചം 
പടര്‍ന്നതു നോക്കൂ.