30-Nov-2012

ശ്രമം



ഒരുനല്ല ക്രിക്കറ്റുകളിക്കാരാനാവാന്‍ 
ശ്രമിച്ചോണ്ടിരിക്കൂ, 
ഒരു ചിത്രംവരപ്പുകാരനോ 
കവിയോ അഭിനേതാവോ ആകാന്‍ 
അല്ലെങ്കിലൊരു പ്രധാനമന്ത്രിയോ 
ഒരു ഗവര്‍ണറോ പ്രസിഡന്റോ ആവാന്‍ 
ഇന്നല്ലെനാളെ അല്ലെങ്കില്‍ 
ഏതെങ്കിലും ഒരു ജന്മം 
നിങ്ങള്‍ തീര്‍ച്ചയായും 
ഒരു നല്ല കളിക്കരനോ 
കവിയോ ഭരണാധികാരിയോ 
അഭിനേതാവോ ആയിമാറും. 
പക്ഷെ കൂടുതന്‍ നല്ല 
പ്രണയിതാവാന്‍ ശ്രമിക്കും തോറും 
നിങ്ങളുടെ പ്രണയം 
ഒരു മലിനവസ്തുവായ്‌ക്കൊണ്ടിരിക്കും 
നിങ്ങള്‍സ്വയം ഒരു കാപട്യക്കാരനും.

29-Nov-2012

നോട്ടപ്പാട്


ജാനു എന്നൊരു 
പൂച്ചയുണ്ടായിരുന്നെന്ന് 
ഷീല എന്ന പൈക്കുട്ടി 
എന്നെക്കാത്തുകോണിക്കല്‍ 
പുല്ലുപോലുംതിന്നാതെ നില്‍ക്കുമെന്ന് 
ആമ്പലവിരിയുന്ന 
ഒരു പാടമുണ്ടായിരുന്നെന്ന് 
ഒരുവയലുണ്ടായിരുന്നെന്ന് 
ഒരപ്പൂട്ടന്‍ ഇടവഴീലൂടെ 
നടന്നുപോവുകയായിരുന്നെന്ന് 
കോന്തയില്‍കല്‍ക്കണ്ടത്തിരി-
യളുക്കു സൂക്ഷിക്കുന്ന
ഒരമ്മൂമ്മയുണ്ടായിരുന്നുവെന്ന് 
തോളീക്കേറ്റിയാകാശം തൊടീക്കുമായിരുന്ന
ഒരപ്പൂപ്പനുണ്ടായിരുന്നെന്ന് 
കുഞ്ഞുങ്ങളിപ്പോ 
കഥ പറഞ്ഞു തുടങ്ങാറേയില്ല. 
പട്ടീം പൂച്ചേം പാടോം വയലും 
ഇടവഴീം വഴിയോരോം 
പുല്ലും പനിച്ചപ്പൂവും 
അപ്പൂപ്പനുമമ്മൂമ്മേമൊക്കെ 
അവരുടെ നോട്ടപ്പാടിനുപോലും 
അപ്പുറത്തായിക്കഴിഞ്ഞിട്ടുണ്ടാവണം.


28-Nov-2012

പ്രണയവും ഒരു ഋതുവാണ്.


പ്രണയവും ഒരു ഋതുവാണ്.
പ്രണയവും ഒരു ഋതുവാണ്, 
ഒരു പ്രത്യേകസ്ഥലം.
എല്ലാ മരങ്ങളും പൂവണിഞ്ഞു നില്‍ത്തുന്ന 
ഒരിടം സങ്കല്‍പിക്കൂ,
അതുപോലൊന്ന്...

കടലില്‍ച്ചെന്നു വീഴും മുമ്പ് 
ഒരിടത്തും തട്ടിത്തടഞ്ഞുനിന്നുപോകാനിഷ്ടപ്പെടുന്നില്ല 
ഒരു പുഴ. 
അതെത്ര സുന്ദരമായ താഴ്വാരങ്ങളെ പിന്നിടുന്നു!. 
എത്രയമുനാതടങ്ങള്‍ , 
എത്ര പൂമരത്തണലുകള്‍, 
പുഴ, ഒഴുക്ക് 
സ്‌നേഹത്തിന്റെ സമര്‍പ്പണങ്ങളൊന്നും
തിരസ്‌ക്കരിക്കുന്നില്ല, 
എന്നാല്‍ ഒരുപ്രലോഭനത്തിനുമുന്നിലും 
സ്വയം നഷ്ടപ്പെട്ടുപോകുന്നുമില്ല..

ഒരുസഞ്ചാരിയുടെ ജന്മവും 
എവിടെയും തടഞ്ഞു നില്‍ക്കുകയില്ല. 
എല്ലാഋതുക്കളിലൂടെയും അതു കടന്നുപോകുന്നു, 
ഒഴുകിപ്പോകുന്നു. 
കടന്നുപോകുന്ന സ്ഥനങ്ങളെ നനവുള്ളതാക്കുകയും 
പച്ചയണിക്കുകയും പൂവണിയിക്കുകയും 
ഒക്കെ ചെയ്യുന്നു, 
പക്ഷെ അവിടെയൊന്നും അതവസാനിക്കുന്നില്ല.
രതിയിലൂടെ, വിരതിയിലൂടെ, 
പ്രണയങ്ങളിലൂടെ, പരിത്യാഗങ്ങളിലൂടെ 
അത് അതിന്റെ സ്ഥായിയായ വിശ്രമസ്ഥലത്തേയ്ക്ക്, 
കടലിലേയ്ക്ക് ഓടിപ്പോകുന്നു....

27-Nov-2012

ഒരുപ്രശ്‌നത്തിന്റെ അപ്പുറോം ഇപ്പുറോം


അവള്‍ക്കൊന്നു മൂളിത്തുടങ്ങിയാല്‍മതി 
ചെമ്പൈ ആണോ െശമ്മാങ്കുടിയാണോ 
സന്താനമാണോ ജയശ്രിയാണോന്നൊക്കെ പറയും. 
അയാള്‍ക്കാണെങ്കില്‍ ബാലമുരളിയെപ്പോലും തിരിയില്ല. 
യേശുദാസിനെപ്പോലെ രസല്യാന്ന് ഓഫാക്കിപ്പിക്കും.
അല്ലെങ്കില്‍ 
അടുക്കളയ്ക്കു പുറത്തുകേള്‍ക്കരുതെന്ന് 
വോള്യം കൊറപ്പിക്കും.. 

അയാള്‍ക്ക് മൊരിയണം,
അവള്‍ക്ക് വേവുകപോലും വേണ്ട. 
അഞ്ചുമിനുട്ടുകൊണ്ടി ഭൂഗോളം ചുറ്റിവന്നേയ്ക്കും അയാള്‍, 
അവളോ ബെഡ്‌റൂമില്‍നിന്നടുക്കളയിലെത്തുമ്പഴേയ്ക്ക് 
മഴക്കാലം കഴിഞ്ഞ് മഞ്ഞു വീണുതൊടങ്ങീരിക്കും, 

ഒരു പകല്‍ക്കിനാവില്‍ കയറിയിറങ്ങാനെടുക്കും 
ഒരായുസ്സിന്റെ സമയം, ദൂരം. 
നുറുവോള്‍ട്ടിന്റെ വെളിച്ചം, 
മാക്‌സിമത്തില്‍ കറങ്ങുന്ന ഫാന്‍ 
ടോപ്പ് വോള്യത്തിലുള്ള മിണ്ടല്‍ അയാള്‍ക്ക.് 
അവള്‍ക്കൊരു സീറോ വാള്‍ട്ട് തെളിച്ചം മതി 
ഇരുട്ടിലെ ഇത്തിരി വെളിച്ചം പോലും മതി, 
ഇലയടര്‍ന്നൊരൊച്ചമതി
ചിറക് മേഘങ്ങളോടുരയുന്നത്രപോലും മതി. 
എല്ലാം മിനിമത്തിലാണവള്‍ക്കു പഥ്യം. 

അളാലറും, ഹോ, എങ്ങനെ സഹിക്കും?
അവളോ വിതുമ്പും, എങ്ങനെ സഹിക്കും!

25-Nov-2012

ദൈവം നിന്റെപിന്നാലെ


കണ്ടെത്താനാവില്ലെടോ 
ദൈവത്തെ നിനക്കൊരിക്കലും 
അങ്ങോര്‍നിന്നെയും തപ്പി-
പ്പിന്നാലെ നടക്കയാകയാല്‍


നിറഞ്ഞ മട്ട്


വെറുക്കാനാണേലും വേണം കുഞ്ഞേ 
കുറച്ചൊക്കെ ശക്തീം ആരോഗ്യോം. 
മരിക്കാനാവുമ്പോ 
അല്ലെങ്കില്‍ 
വല്യ വല്ല മഹാമാരീം വരുമ്പോ 
ചെല അപ്പാപ്പന്മാരുടേം അമ്മച്ചിമാര്‌ടേം 
ആരോഗ്യൊക്കെ പോവും.
അപ്പോ അവര്‌ടെ മനസ്സീന്ന് 
വെറുപ്പൊക്കെയില്ലാണ്ടാവും . 
സൂക്കേടൊക്കെ മാറി 
ഇത്തിരി കഞ്ഞീം വെള്ളോം കുവ്വപ്പൊടീം കുടിച്ച് 
ഇച്ചിരി ചോരേം നീരും വെച്ചുവന്നാത്തൊടങ്ങും 
പിന്നേം കുശുമ്പും കുറ്റം പറച്ചിലും. 

സ്‌നേഹിക്കാനാണെങ്കിപ്പറയണ്ട, 
പൂര്‍ണ ചന്ദ്രനെപ്പോലെ 
ചന്ദ്രികയെപ്പോലെ ശക്തയായിരിക്കണം, 
ശക്തനായിരിക്കണം, 
അകോം പൊറോം നെറഞ്ഞിരിക്കണം.
തുലാവര്‍ഷത്തെ അമ്പലക്കൊളമായിരിക്കണം. 
നിറയെ ആമ്പലും ചെന്താമരേം ഉണ്ടാവണം, 
മുല്ലപ്പടര്‍പ്പാകെ മൊട്ടും പൂവുമായിരിക്കണം. 
നാക്കിലമുറിച്ചുവെച്ച് എട്ടുകൂട്ടം കറീം 
പപ്പടോം പാല്‍പ്പായസോം 
വേണ്ടോണമളവിലും പാകത്തിലും 
വിളമ്പിയമട്ടുണ്ടാവണം. 
നിറതിരിയിട്ട തെളിച്ചോം എണ്ണമണോം വേണം. 

സ്‌നേഹം ഒരു പൂര്‍ണതയാണു കുഞ്ഞേ,
മറ്റൊക്കെ നമ്മുടെ അപൂര്‍ണതകളും....


24-Nov-2012

കുട്ടികള്‍ കൈകളുയര്‍ത്തുന്നു



ഇന്നലെ പത്രവാര്‍ത്തകളുവായിക്കുന്ന കൂട്ടത്തില്‍ കൂടം കുളം സമരത്തെക്കുറിച്ച് ഞങ്ങടെ  മാഷ് പറഞ്ഞു, സിന്റ്രെല്ലയുടേം ദുഷ്ടത്തിച്ചെറിയമ്മേടേം വലയില്‍ക്കുരുങ്ങിയ മാന്‍കൂട്ടിയുടേം ദുഖകഥകേട്ട അതേ നിലവിളിമന്നസ്സോടെ ഞങ്ങളവരുടെ കഥകള്‍കേട്ടു. 
ഞങ്ങളിലധികവും പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. അച്ഛനും അമ്മയും കൂലിവേലയ്ക്കുപോയാണ് എന്റെ കുടുംബം പുലരുന്നത്. അമ്മ കുരയും പനിയും ഒക്കെ വന്നാലും പണിക്കുപോകും. അമ്മയ്ക്ക് കുറച്ചുപണമേ കൂലികിട്ടുള്ളൂ. എന്നാലും അതുകിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണംത്തിനുവരെ കഷ്ട
പ്പാടുകള്‍ തുടങ്ങും. എന്നാലും എനിക്കോ എന്റെ ഏട്ടനോ അനിയത്തിയ്‌ക്കോ ഒന്നും ആ അവിടുത്തെ കുട്ടികള്‍ക്കുള്ള സങ്കടങ്ങളില്ല, എന്റെയനിയത്തിയ്ക്ക് അച്ഛനുമമ്മേം വീട്ടിലുണ്ടായാല്‍ മാത്രംമതി. അച്ഛന്റേം     അമ്മേടോം നടുക്ക് ഒരുകൈകൊണ്ട് അമ്മയേം ഒരു കൈകൊണ്ടച്ഛനേം കെട്ടിപ്പിടിച്ച് അമ്മ  ഓ...ഓ...എന്നു മൂളുന്നതും കേട്ട് -പാവം എന്‍#ോറെ അമ്മ ആകെയറിയുന്ന ഒരു പാട്ടാണ് ഈ ഓ....ഓ....-അങ്ങനെ കിടന്നുകിടന്നുറങ്ങിയാല്‍ മതി, എനിക്കും അതു മതി. 
അവിടുത്തെ കുട്ടികള്‍ വീട്ടില്‍ അച്ഛന്റേം അമ്മേടേം അടുത്തുറങ്ങിയിട്ട് എത്രയോ ദിവസങ്ങളായെന്നു കേട്ടിട്ട് കുറേപേര്‌ടെ അമ്മമാര്‍ ജയിലില്‍ പോലീസുമാര്‌ടെ അടിം കുത്തും ഒക്കെകിട്ട് കെടക്കുകയാന്ന് കേട്ടിട്ട് എനിക്ക് ഉറക്കെ നിലവിളിക്കാന്‍തോന്നി. എന്തിനാണാ പാവം മനുഷ്യരെ ഇങ്ങനെ കഷ്ട്‌പ്പെടുത്തുന്നതെന്ന് എത്രയാലോചിച്ചിട്ടും ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. 
വൈദ്യതിയുണ്ടാക്കുന്ന ഒരു കമ്പനിയ്‌ക്കെതിരെയാണ് സമരം എന്നു മാഷ് പറഞ്ഞു തന്ന് , ജപ്പാനിലെ ഹുക്കുഷിമ അപകടത്തെക്കുറിച്ചും ചെര്‍ണോണോബില്‍ അപകടത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഹിരോഷിമാദിനത്തില്‍ സ്‌ക്കൂള്‍മുറ്റത്ത് ചൂടി വലിച്ചുകെട്ടി അതില്‍ ചിത്രങ്ങള്‍ തൂക്കിയിട്ട് വേണ്ട വേണ്ട വേണ്ടയിനിയ ആണവ ദുരന്തങ്ങളെന്ന് ഞങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. ഞങ്ങള്‍ കളിച്ചുവന്നാല്‍ ചൂടുമാറിക്കിട്ടാന്‍ ഇത്തിരി നേരം ഫാനിടുന്നതുകൊണ്ടും യൂനിഫോം ചുളിയാണ്ടിരിക്കാന്‍ ഇസ്തിരിയിടുന്നതുകൊണ്ടുമാണോ പിന്നെയും പിന്നെയും ആണവ നിലയങ്ങള്‍ ഉണ്ടാക്കുന്നത്! അതു കൊണ്ടാണോ ഇടിന്തകരയിലെ ഞങ്ങളുടെ ചങ്ങാതിമാര്‍ക്ക് കടല്‍ത്തീരത്തു പന്തുകളിക്കാന്‍ പറ്റാതെ, വിജയിന്റെയും സൂര്യയുടേമൊക്കെ പുതിയ സിനിമ വന്നോ എന്നുനോക്കാന്‍ പറ്റാതെ അമ്മയെ ഇല്ലാതെ ഇങ്ങനെ കഷ്ടപ്പെടേമ്ടി വരുന്നത്? അമ്മ പനിച്ചു തുമ്മിയും ചണ്ടിവാരലിനു യൂനിഫോമുമായിറങ്ങിയാല്‍ എന്റെയനിയത്തി മുറ്റത്തോടിയിറങ്ങി അമ്മേടെ കുപ്പായം പിടിച്ച് വലിച്ചിട്ടു പറയും വേണ്ടമ്മാ അമ്മയിന്നു പോണ്ട, നമ്മുക്കിന്ന് ചീരക്കറിവെയ്ക്കാമെന്ന്.. അവളുവിചാരിക്കുന്നത് അവള്‍ക്ക് മീന്‍കറിയിഷ്ടായതുകൊണ്ട് മീന്‍വാങ്ങാന്‍ വേണ്ടിയാണമ്മ പണിക്കുപോകുന്നതെന്നാണ്. അതു പോലെ ഞങ്ങളും പറയാം വേണ്ട, വേണ്ട..ഞങ്ങള്‍ ഫാനും കാറ്റും വേണ്ട.  ഞങ്ങള്‍ക്ക് യൂനിഷോമുകളിനി ഇസ്തിയിരിയിട്ട് ഉടുക്കണമെന്നു മില്ല. 
ഈ രാജ്യം ഞങ്ങളുടെ സ്വന്തം രാജ്യമാണെന്നും രാജ്യം എല്ലാവരുടേം അമ്മയാണെന്നും ഞങ്ങളെന്നും അസംബ്ലിയില്‍ ഉറക്കെ പ്രതിജ്ഞചൊല്ലാറുണ്ട്, അങ്ങനെ വിളിച്ചുപറയുമ്പോള്‍ ഞങ്ങള്‍ക്കെന്തൊരൊച്ചയാണെന്നോ...ഇങ്ങേയറ്റത്തു നിന്നുള്ള ഞങ്ങളുടെ ഒച്ചകള്‍ അങ്ങയേയറ്റത്തുള്ള ഞങ്ങളുടെ ചേട്ടന്മാര്‍,  ചേച്ചിമാര്‍ അനുജന്മാര്‍ അനുജത്തിമാര്‍ ഹിന്ദിയിലും കാശ്മീരിയിലുമൊക്കെയിപ്പോള്‍ കേള്‍ക്കുന്നുണ്ടാവുമെന്ന് മാഷ് പറഞ്ഞതുകേട്ട് ഞങ്ങല്‍കോരിത്തരിച്ചിട്ടുണ്ട്..പക്ഷെ ഇപ്പോള്‍ സത്യമായും ഞങ്ങള്‍ക്കു സംശയം തോന്നുന്നു, ഈ രാജ്യം മീന്‍പിടിക്കുന്നവരും ചണ്ടികോരുന്നവരും നെല്‍വയലിലും ഗോതമ്പുവയലിലുമൊക്കെ പണിചെയ്യുന്നവരുമായ പാവപ്പെട്ടമനുഷ്യരുടെ രാജ്യം തന്നെയോ എന്ന്...
ഞങ്ങള്‍ അസംബ്ലിയക്ക് എന്നു രാവിലെ വെറും നുണയാണോ പറഞ്ഞോണ്ടിരിക്കുന്നതെന്ന്...

ആരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്താല്‍ അവരോടു ഉറക്കെ ശബ്ദിച്ചതുകൊണ്ട്, തര്‍ക്കിച്ചതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് ഞങ്ങളുടെ മാഷ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ തെറ്റുചെയ്തു എന്നു പൂര്‍ണ ബോധ്യം വന്നാല്‍ അവരുടെ മുന്നില്‍ചെന്ന് അരുത് എന്നപേക്ഷിച്ചുകൊണ്ട് വലതുകൈവിരലുകള്‍ ശക്തമായി മേലോട്ടുയര്‍ത്തണമെന്നാണ് മാഷ് പറഞ്ഞത്... ഇപ്പോള്‍ ഞങ്ങളതുചെയ്യുന്നു, ഈ രാജ്യത്തിലെ ഇതിനൊക്കെ ഉത്തരവാദികളായ വലിയ മനുഷ്യരുടെ മുന്നില്‍ ഞങ്ങള്‍ ഒരു പക്ഷെ ഈ രാജ്യത്തെ മുഴുവന്‍കൊച്ചു കുട്ടികളും ഞങ്ങളുടെ കുഞ്ഞു വിരലുകള്‍ ശക്തമായി മേലോട്ടുയര്‍ത്തുന്നു അരുത്... അരുത്.. എന്ന്..

23-Nov-2012

മുഴപ്പ്




ഒരു പെണ്ണിന്റെകാര്യത്തിലാകുമ്പോള്‍ 
തൊണ്ണൂറ്റിനാലുകിലോ ഭാരം 
അമ്പതോ അമ്പത്തൊന്നോ കിലോയായി കുറഞ്ഞെന്നത് 
ഹല്ല ദെങ്ങനെ സാധിപ്പിച്ചെടുത്തു, 
ഏതഭ്യാസം ഏതൊറ്റമൂലി എന്നൊക്കെ 
അപ്രസ്തുതപ്രശംസകളാകും വായില്‍വരുത്തുന്നത്. 
അവള്‍ക്കാണെങ്കില്‍ സൗന്ദര്യമൊക്കെയതേപോലെ 
കണ്ണുകളുടെ ആഴത്തിലെവിടെയോ 
സൂക്ഷിച്ചുനോക്കിയാല്‍മാത്രം കാണാവുന്നൊ
രുറക്കച്ചടവുണ്ടെന്നുമാത്രം. 

ഒരു പുതുജന്മം പോലുണ്ട്. എന്നു ഞാന്‍. 
അതേയെന്നവള്‍, ഒന്നു മരിച്ചു പിന്നേം ജനിച്ചു. 
ഹ...ഹ.. എന്ന് പിന്നേംഞാന്‍ 
പക്ഷെ നിന്റെ പെണ്‍മകള്‍ക്ക് 
കോട്ടംവന്നില്ല ഭാഗ്യമെന്ന്
മാറിടത്തിലേയ്ക്ക് കണ്ണുപാളിച്ചോണ്ട് പറഞ്ഞത് 
തോളില്‍വെച്ച കൈമുന്നേയൊരിക്കല്‍
അതുവേണ്ടെന്ന് എടുത്തുമാറ്റിയപോലെ 
അവള്‍ചിരിച്ചോണ്ട് തട്ടിമാറ്റി. 

പിന്നെ ഇത്തിരിമാറിനിന്ന് അവള്‍ പറഞ്ഞു, 
മുലകളിലേയ്ക്കു താനിങ്ങനെ 
കൊതിയോടെ നോക്കുമ്പോള്‍ 
മുലക്കണ്ണില്‍ തരിക്കുമായിരുന്നു ഒരിക്കല്‍, 
ഇപ്പഴാവില്ല, ഈ മുഴപ്പ് 
മുറിച്ചുമാറ്റിയിടത്തെ റബ്ബര്‍ഗോളങ്ങളുടെ.


20-Nov-2012

ചിരിയും കുലുക്കവും




മോറിഷോ പോകുന്നവഴിയില്‍ 
ഒരു പൂമരം നിന്നു.  
പൂമരത്തിനു ചുവട്ടില്‍ എത്തിയാല്‍ 
എന്നും പതിവുപോലെ 
മോറിഷോ ചോദിക്കും 
നീയെന്താണെന്നും 
ഇവിടെത്തന്നെ നില്‍ക്കുന്നത്, 
അപ്പോള്‍ പൂമരം 
ഉത്തരംപറയുന്നതിനു പകരം 
മോറിഷോയോടുചോദിക്കും 
നീയെന്താണെന്നും 
ഒരിടത്തോയ്ക്കുതന്നെ പോകുന്നത്. 
മോറിഷോ ഒന്നു ചിരിക്കും 
പൂമരം അനവധിപൂക്കള്‍ 
താഴേയ്ക്കുതിരുമാറ് 
ഒന്നു കുലുങ്ങും.


18-Nov-2012

പ്രണയവും ഒരു തടവറയാണ്


വീട് ഒരു തവവറയാണ്. 
സ്‌ക്കൂള്‍, ക്ലാസ്മുറി, ജാതി,മതം പാര്‍ട്ടി,
സാമ്പാറിനോട് 
മുളകരച്ചമത്തിക്കറിയോട് 
നുണക്കുഴിയുള്ളപെണ്‍കുട്ടികളോട് 
ഒക്കെ തോനുന്ന പ്രത്യേ ഇഷ്ടം ഓരോ തടവറകളാണ്. 
ചിലകെണികള്‍ പുറത്തിരിക്കുവോളവും 
വാതില്‍ തവളവായ് പോലെ തുറന്നിടുകയും 
അകപ്പെട്ടുകഴിഞ്ഞാല്‍ 
പെട്ടന്നടഞ്ഞ് 
ഒരു തടവറയാവുകയും ചെയ്യും! 

ഒരാളെപ്രതിയുള്ള പ്രണയം 
അങ്ങനെയൊരു തടവറയാണ്. 
അതില്‍ ആയിക്കഴിഞ്ഞാല്‍ 
അതീതവന്‍കരകള്‍ തേടിയുള്ള സഞ്ചാരമില്ല, 
ആകാശങ്ങളില്ല, 
കടലുകളോ ആഴങ്ങളോ ഇല്ല.  
ഓര്‍ഫ്യൂസ് പില്‍ക്കാലം എങ്ങനെ കഴിച്ചുകൂട്ടി! 
എത്ര വേദനിച്ചു!
നാല്‍പ്പത്തഞ്ചാം വയസ്സില്‍ 
പാറുവമ്മ കാന്‍സര്‍വന്നുമരിച്ചപ്പോള്‍ 
പിന്നീടുള്ള പത്തുമുപ്പത്തഞ്ചുകൊല്ലം 
കുട്ടപ്പനായര്‍ എങ്ങനെ കഴിച്ചു കൂട്ടി!
ഒരുകാലത്ത് നല്ലവായക്കാരനായിരുന്ന അങ്ങോര്‍ 
മരിക്കുന്നതിന് മുമ്പ് എന്നോടു പറഞ്ഞു. 
മോനെ. അവളെനിക്കൊരു തടവുമുറിയായിരുന്നു 
എനിക്കവളില്‍ നിന്ന് എത്ര ശ്രമിച്ചിട്ടും 
പുറത്തുകടക്കാന്‍ ആയില്ല എന്ന്...
കള്ളമാവില്ല, മരിക്കാന്‍പോകുമ്പോള്‍ 
മനുഷ്യര്‍ കള്ളം പറയില്ല,


13-Nov-2012

മലാല യൂസഫ്‌സായ്



ഒന്നാം തരത്തിലെ പാട്ടുകള്‍ക്ക് 
ഇന്നയിന്നയെന്നണുവിടതെറ്റാതര്‍ഥം 
വേണമെന്നൊന്നുമില്ല, 
അല്ലെങ്കില്‍ ഒരു വെറും ഉണക്കക്കമ്പിനെ 
കീറത്തുണിചുറ്റിയൊരമ്മയാക്കുന്നപോലെ 
അവരേതു മൂളക്കവും 
പാടിപ്പാടിയൊരര്‍ഥമാക്കുന്നു. 

വെറുംമൊരുലാലാലാ... 
ഒരു കുഹുക്കുഹു... 
ഇന്നു ഞാന്‍ ഇത്തിരി നനവുള്ള ഈണത്തില്‍ 
മലാലാ മലാലാ എന്നു പാടുന്നു...

കുഞ്ഞുങ്ങള്‍ 
തട്ടമിട്ടവരും തൊപ്പിയിട്ടവരും 
കുരിശുമാലയണിഞ്ഞവരും 
ചന്ദനക്കുറിയന്മാരും 
തുള്ളിത്തുള്ളിയെഴുന്നേറ്റ് 
കുഞ്ഞുവിരലുകള്‍കോര്‍ത്തുകോര്‍ത്ത് 
തിരമാലകളേക്കാളുച്ചത്തില്‍ 
കടല്‍ക്കാറ്റുളെക്കാളുച്ചത്തില്‍ 
പലയൊച്ചകള്‍ കൂട്ടിപ്പിരിച്ച ഇഴപൊട്ടാത്ത 
ഒരൊറ്റയൊച്ചയില്‍ ഇങ്ങനെ പാടുന്നു 
മലാലാ മലാല...

ക്ലാസ്മുറിവാതിലുകളും ജനലുകളും 
കാറ്റിനും വെയിലിനുംമുന്നില്‍ മലര്‍ക്കെത്തുറന്നിട്ട് 
വരകളും ചിത്രങ്ങളുംനിറച്ച ഒരുപുതുപാഠപുസ്തകം 
ആകാശത്തേയ്ക്കുയര്‍ത്തി
ഞാനിങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു,
മലാല...മലാല.... മലാലയൂസഫ്‌സായ്....

11-Nov-2012

ദൈവവും ജനിക്കുന്നു മരിക്കുന്നു,


വാക്കുകൊണ്ട് ദൈവത്തെ 
വിവരിക്കാന്‍ പറ്റിയേക്കും. 
അല്ലെങ്കില്‍ സ്തുതിക്കാനോ 
നിഷേധിക്കാനോ. 
നിറങ്ങള്‍കൊണ്ട് 
ദൈവത്തെരൂപപ്പെടുത്താം. 
വരയ്ക്കാം. 
ആടയാഭരണങ്ങള്‍കൊണ്ട് അലങ്കരിക്കാം 
ചിന്തകള്‍കൊണ്ട് 
സാമര്‍ഥ്യങ്ങള്‍കൊണ്ട് 
ദൈവത്തെക്കുറിച്ച് തര്‍ക്കിക്കാം. 
ദൈവത്തെ അനുഭവിക്കാനോ
സ്‌നേഹത്തിലായിരിക്കണം. 
ആരെയെങ്കിലും എന്തിനെയെങ്കിലും
അല്ലെങ്കില്‍ ആരെയെന്നില്ലാതെ 
എന്തിനെയെന്നില്ലാതെ.
സ്‌നേഹിക്കുമ്പോള്‍മാത്രം 
ദൈവം സത്യം.
സ്‌നേഹം മരിക്കുമ്പോള്‍ 
ദൈവവും മരിക്കുന്നു.

10-Nov-2012

ഒരു പാസ്സീവ് ആക്ടിവിസ്റ്റ്


ഒരു മരത്തെനോക്കൂ, 
ഒരു വഴിയോരത്തെയോ 
അല്ലെങ്കില്‍ ഒരു കാട്ടില്‍ 
അനവധി മരങ്ങളോട് 
തോളോടുതോളുരുമ്മി നില്‍ക്കുന്ന ഒരു മരത്തെയോ. 
പൂമരത്തെയോ പഴമരത്തെയോ 
മരുന്നുമരത്തെയോ 
ഒരുനാടോടിയെപ്പോലെ ഇന്നാരെന്നുള്ള 
ഐഡന്റിറ്റിയൊന്നുമില്ലാത്ത ഒരുമരത്തെയോ. 

അതെത്രമാത്രം പാസ്സീവാണെന്നുകാണൂ, 
ഒന്നും ചെയ്യുന്നില്ല അനങ്ങുന്നില്ല, 
അതിനെങ്ങോട്ടും പോകാനില്ല 
ഒരു വ്യഗ്രതയുമില്ല, 
എവിടെയുമെത്താനില്ല, 
അതിനൊന്നും പറയാനില്ല 
അതൊന്നും മിണ്ടുന്നില്ല! 

എന്നാല്‍ ഒരുമരം പോകുന്നത്ര,
ദേശങ്ങള്‍ കടന്ന്, 
വന്‍കരകള്‍താണ്ടി
കാലങ്ങള്‍പ്പുറത്തേയ്ക്ക്
ആരുപോകുന്നു! ആരു പടരുന്നു!

ഒരു മരം പറയുന്നത്ര സുതാര്യമായി
ആരെങ്കിലും പറഞ്ഞുവോ? ~
ഒരു മരംബോധ്യപ്പെടുത്തിയ, 
വിവൃതമാക്കിയ,
അത്രയും സത്യങ്ങള്‍ 
അത്രയും പാഠങ്ങള്‍! അത്ര വെളിച്ചം!

ഒരു മരം എത്രയാഴത്തില്‍ പാസ്സീവാണ്! 
എന്നിട്ടുമതെത്രയുയരത്തില്‍ ഏക്ടീവാണ,് അല്ലേ?


09-Nov-2012

തകര്‍ന്നതോണി



നിറന്ന ഭംഗികള്‍ 
നിരത്തിവെച്ചതി-
ന്നിടയ്ക്കുനോക്കുകൊ-
രഭംഗിയിങ്ങനെ. 

തിരക്കിട്ടോട്ടത്തി-
ന്നിടയ്ക്കരൊച്ചിന്റെ-
യിഴച്ചില്‍പോലൊരു
വെറും പതുക്കനെ.

പലനിറങ്ങളായ്പ്പി-
രിഞ്ഞഘോഷത്തി-
ന്നിറമ്പിലിത്തിരി-
ക്കരിയിരുള്‍ക്കറ.

പലേബ്രാന്റില്‍പ്പൊട്ടി
വിരിഞ്ഞപുഞ്ചിരി-
പ്പുതുമള്‍ക്കിടയ്-
ക്കൊരു നിലവിളി.

കുതിപ്പുകള്‍ക്കിട-
യ്‌ക്കൊരു കിതയ്ക്കലും.

വലിയൊരൊച്ചതന്‍ 
കടലില്‍മുങ്ങുന്നു
തകര്‍ന്നതോണിപോ-
ലൊരു നിശ്ശബ്ദത. 
.


08-Nov-2012

പൈക്കുട്ടി



ആലയിലുണ്ടൊരു പൈക്കുട്ടി 
അമ്മിഞ്ഞപ്പാല്‍ നുണയുന്നു
കുടമണികെട്ടിയ പൈക്കുട്ടി 
ഇളവെയിലൊത്തു കളിക്കുന്നു.

ഓര്‍മ്മയിലുണ്ടൊരു പൈക്കുട്ടി 
തൊടികയിലോടി നടക്കുന്നു.
പാട്ടിലൊരോമല്‍പ്പൈക്കുട്ടി 
ഉണ്ണിക്കണ്ണനെ നക്കുന്നു. 

പാതയിയില്‍ നിന്നൊരു പൈക്കുട്ടി
അമ്പേയെന്നു വിളിക്കുന്നു.
അന്തിപ്പാതയിറക്കത്തില്‍
ചത്തുമലച്ചു കിടക്കുന്നു...

07-Nov-2012

ഒറ്റക്കണ്ണി


കൊപ്പരക്കണ്ടത്തില്‍ 
കാക്കയെയാട്ടിയിരുന്നതിന് 
കുട്ട്യസ്സന്‍മാപ്പിള 
ഒരുപിടിക്കൊപ്പരനുറുക്കും 
ഒരുതെറ്റാലിയും കൂലിയായിത്തന്നു. 
കണ്ണിമാങ്ങക്കുലയ്ക്കുവെച്ചകല്ല് 
ഉന്നംതെറ്റി 
കുമ്മിണിയ്മമയുടെ ഇടത്തേക്കണ്ണിനുകൊണ്ടു. 
അവരായതു ഭാഗ്യം, 
പോട്ടെ പോട്ടെ കുഞ്ഞല്ല്യോ? എന്ന് പൊറുത്തു.

കുമ്മിണിയമ്മേടെ നാടുതെണ്ടല്‍
പിന്നെയൊറ്റക്കണ്ണും കൊണ്ടായി
കെട്ടകണ്ണിന്റെ കാഴ്ച 
തുറന്നകണ്ണില്‍പ്പടര്‍ന്ന് 
തൊട്ടാല്‍ക്കത്തും തീക്കണ്ണായി. 
വഴീല്‍ക്കണ്ടാല്‍ അവരു പറയും 
ഒറ്റക്കണ്ണിക്ക് ചെക്കനെക്കിട്ടുമോ? 
പഠിച്ചു പഠിച്ച് പത്താം ക്ലാസുകഴീമ്പം 
കുട്ടിശ്ശങ്കരന്‍ കുമ്മിണിയമ്മേനെ കെട്ടിക്കോണം.
പിന്നെയകോര്‍ത്താധിയായി. 
അവര് മുല്ലപ്പൂമാലയും ചൂടി 
കല്ല്യാണപ്പെണ്ണായി വെറ്റക്കറപ്പല്ലു 
വെളിക്കുകാട്ടിച്ചിരിച്ച് 
മൊട്ടത്തലയില്‍മുല്ലപ്പൂമാല ചൂടി പെണ്ണൊരുങ്ങി 
പേക്കിനാവായി വന്നു. 

കുട്ടിശ്ശങ്കരന്‍ പത്താംക്ലാസുകടക്കാന്‍ 
അവരുപക്ഷെ കാത്തുനിന്നില്ല.
കാശീലോ രാമേശ്വരത്തോവെച്ചു മരിച്ചത്. 
അവിടെയെവിടെയോ തന്നെയടക്കി. 


06-Nov-2012

മൗനഭേദം



വാക്കുകള്‍ പലതെന്നപോള്‍ 
ശബ്ദങ്ങള്‍ പലതെന്നപോല്‍
മൗനവും പലേ വിധം. 

കാറ്റടങ്ങിയനേരത്തെ 
കടലിന്റെ മൗനംകേള്‍ക്കൂ, 
ഗാഢമായുറങ്ങുന്ന കാടിന്റെ,  
അഗ്നിയില്‍ത്തപം ചെയ്യും 
മലയുടെ
മേഘങ്ങളൊഴിഞ്ഞാകെ
ത്തെളിഞ്ഞ ആകാശത്തിന്‍..

കേട്ടുനോക്കുകറിയാമപ്പോള്‍  
സമുദ്രങ്ങള്‍, പുഴകള്‍, 
കാടുകള്‍, പലതെന്നപോല്‍് 
ഋതുക്കള്‍ പലതെന്നപോല്‍
വെയിലുകള്‍ മഴകള്‍
വേറെവേറെയെന്നപോല്‍
ഒരേസ്ഥലത്തേയ്ക്കുപോം 
വഴികള്‍ വ്യത്യസ്തം പോല്‍... 

സങ്കടം ജലംപോലെ
കെട്ടിയ മനസ്സിന്റെ  
വിഷാദ ഗാഢമൗനവും
നഴ്‌സറിക്കൊച്ചുപാര്‍വ്വതി 
ജാലകംതുറന്നന്തി
യാകാശംനോക്കുന്നേരം 
വിസ്മയംകൊണ്ടമൗനവും 
ഉച്ചക്കിനാവിന്റെ
ലഹരിയില്‍ മൂകമാവലും 
മനസ്സേയില്ലാതായി 
നിഷ്പന്ദമായ മൗനവും ... 

ഓരോആളും ആദ്യം
ഭാഷയാലോരോരോ ആള്‍. 
പിന്നെയോ മൗനത്താലും.

04-Nov-2012

കൊച്ചാപ്പൂന്റമ്മേ നിങ്ങക്കിതെന്തിന്റെ വട്ട്.


കൊറയായി ഇങ്ങനെ മെലിഞ്ഞോണ്ട് വരണല്ലോ? 
കഴുത്തിന്റെയെല്ലൊക്കെ ദാണ്ടെ, വെളിക്കുകാണുന്നു. 
കണ്ണിനുകീഴെകരിവാളിപ്പംവരാനും 
തലമുടികൊഴിഞ്ഞ് മൊട്ടച്ചിയാവാനും മാത്രം 
പ്രായമായോ നിങ്ങക്ക്? 

ദേ, ഒരുകാര്യം ഞാന്‍ പറഞ്ഞേയ്ക്കാം,
ഈ ജന്മമുണ്ടല്ലോ 
ഇങ്ങനെ ചെളീപ്പൊതഞ്ഞൊറങ്ങാനുള്ളതല്ലാട്ടോ. 
ഒന്നൂല്ലേങ്കി നിങ്ങളൊരു പാട്ടുകാരിയല്ല്യോ. 
എടീ, ഭദ്രേ എടി, സുഭദ്രേന്ന് 
കണ്ണടേമ്പോം രാഗംതെറ്റാണ്ട് വിളിച്ചോണ്ടിരുന്ന 
ആ ഭാഗോതരദ്ദേഹത്തെ ഓര്‍ത്തെങ്കിലും 
ദെവസോം ഇത്തിരിപ്പാടാത്തതെന്ത്? 
അന്നപൂര്‍ണേ വിശാലാക്ഷീന്നൊന്നോക്കെ
പെലര്‍ച്ചെയ്‌ക്കെണീറ്റ് ചൊല്ലിക്കൂടായോ? 
കേക്കുന്നോര്‍ക്കും കിട്ടിക്കൂടൂലിയോ 
രണ്ടുരുളയെങ്കി രണ്ടുരുള മൊടങ്ങാത്ത വറ്റ്.

ഓ, ഇങ്ങോര്‌ടെ അലമ്പ്കളിയാന്നോ കാര്യം. 
അതൊക്കെയങ്ങ് ഒരു പാകത്തൂടെ വിട്ടേയ്ക്കണം. 
കഞ്ഞീം കറീം വെളമ്പിക്കമിഴ്ത്തുന്നില്ല്യോ. 
കൂട്ടത്തിലൊരു പുളിയിഞ്ചിക്കറീം 
മണിത്തക്കാളിച്ചചമ്മന്തീം, 
അത്രയൊക്കെ മതീന്നേ. 
വേവാനേ വിടാവൂ 
പാളാനും കരിയ്ക്കാനും വെച്ചുകൊടുക്കത് 
തീയിനെയായായലും.

പിന്നെയേ, ഞാനിവിടെ വന്നൂന്നും 
എല്ലില്ലാനാക്കോണ്ടിങ്ങനെയുപദേശിച്ചൂപോയീന്നും 
നാക്കെളിമപറ്റീട്ടുപോലുംപറഞ്ഞേയ്ക്കല്ലേ...



03-Nov-2012

ശത്രുതയ്‌ക്കെതിരെ ഒരു യുദ്ധം




വേഗം ശത്രുതാബോധമുണരുന്ന മനസ്സാണെന്റേത്,
മനസ്സിന്റെ പഴകിയ ശത്രുതാ ബോധത്തിനെതിരായി 
പടപൊരുതാന്‍ ഞാന്‍ തീരുമാനിക്കുന്നു. 
അതിങ്ങനെയാവും തുടങ്ങുന്നത്, 
എന്റെ അയല്‍ക്കാരനായ ഒരു മിസ്റ്റര്‍കെയോട് 
ഏതോ ഒരുകാരണത്തെപ്രതി 
എനിക്കു കലശലായ വിരോധമോ വിദ്വേഷമോ ഉണ്ട്. 
അയാളെ അഭിമുഖീരിക്കാതിരിക്കാന്‍ 
അയാളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ മനസ്സ് ആഗ്രഹിക്കുന്നു. 

ഞാനെന്റെ മനസ്സിന്റെ ഇച്ഛയ്ക്കു 
നേരെ വിപരീതമായി
പിന്നെയും പിന്നെയും പ്രവര്‍ത്തിക്കുന്നു. 
ഒരു കാരണവുമില്ലാതെ 
അയാളുടെ വീട്ടിലേയ്ക്കു കയറിച്ചെല്ലുകയോ 
അയാള്‍ കൂലിപ്പണിയും കഴിഞ്ഞു വരുന്നതും കാത്ത് 
കോണിക്കല്‍ നില്‍ക്കുകയോ ചെയ്യുന്നു..
പലഹാരങ്ങളെന്തെങ്കിലും ഉണ്ടാക്കിയിട്ട് 
അയാളുടെ കുഞ്ഞുങ്ങള്‍ക്ക് കൊണ്ടക്കൊടുക്കുന്നു.
ഒരു കാരണവുമില്ലാതെ അവസരങ്ങളുണ്ടാക്കി 
ആരോടെങ്കിലുമൊക്കെ അയാളെക്കുറിച്ച് നല്ലതുപറയുന്നു. 
ഒടുവില്‍ ഏതോഘട്ടത്തില്‍ 
എന്റെ മനസ്സ് പരാജയപ്പെടുകയും 
അതിന് ശത്രുതയെ കയ്യൊഴിയേണ്ടി വരികയും ചെയ്യുന്നു.