7 Nov 2012

ഒറ്റക്കണ്ണി


കൊപ്പരക്കണ്ടത്തില്‍ 
കാക്കയെയാട്ടിയിരുന്നതിന് 
കുട്ട്യസ്സന്‍മാപ്പിള 
ഒരുപിടിക്കൊപ്പരനുറുക്കും 
ഒരുതെറ്റാലിയും കൂലിയായിത്തന്നു. 
കണ്ണിമാങ്ങക്കുലയ്ക്കുവെച്ചകല്ല് 
ഉന്നംതെറ്റി 
കുമ്മിണിയ്മമയുടെ ഇടത്തേക്കണ്ണിനുകൊണ്ടു. 
അവരായതു ഭാഗ്യം, 
പോട്ടെ പോട്ടെ കുഞ്ഞല്ല്യോ? എന്ന് പൊറുത്തു.

കുമ്മിണിയമ്മേടെ നാടുതെണ്ടല്‍
പിന്നെയൊറ്റക്കണ്ണും കൊണ്ടായി
കെട്ടകണ്ണിന്റെ കാഴ്ച 
തുറന്നകണ്ണില്‍പ്പടര്‍ന്ന് 
തൊട്ടാല്‍ക്കത്തും തീക്കണ്ണായി. 
വഴീല്‍ക്കണ്ടാല്‍ അവരു പറയും 
ഒറ്റക്കണ്ണിക്ക് ചെക്കനെക്കിട്ടുമോ? 
പഠിച്ചു പഠിച്ച് പത്താം ക്ലാസുകഴീമ്പം 
കുട്ടിശ്ശങ്കരന്‍ കുമ്മിണിയമ്മേനെ കെട്ടിക്കോണം.
പിന്നെയകോര്‍ത്താധിയായി. 
അവര് മുല്ലപ്പൂമാലയും ചൂടി 
കല്ല്യാണപ്പെണ്ണായി വെറ്റക്കറപ്പല്ലു 
വെളിക്കുകാട്ടിച്ചിരിച്ച് 
മൊട്ടത്തലയില്‍മുല്ലപ്പൂമാല ചൂടി പെണ്ണൊരുങ്ങി 
പേക്കിനാവായി വന്നു. 

കുട്ടിശ്ശങ്കരന്‍ പത്താംക്ലാസുകടക്കാന്‍ 
അവരുപക്ഷെ കാത്തുനിന്നില്ല.
കാശീലോ രാമേശ്വരത്തോവെച്ചു മരിച്ചത്. 
അവിടെയെവിടെയോ തന്നെയടക്കി. 


No comments: