10 Nov 2012

ഒരു പാസ്സീവ് ആക്ടിവിസ്റ്റ്


ഒരു മരത്തെനോക്കൂ, 
ഒരു വഴിയോരത്തെയോ 
അല്ലെങ്കില്‍ ഒരു കാട്ടില്‍ 
അനവധി മരങ്ങളോട് 
തോളോടുതോളുരുമ്മി നില്‍ക്കുന്ന ഒരു മരത്തെയോ. 
പൂമരത്തെയോ പഴമരത്തെയോ 
മരുന്നുമരത്തെയോ 
ഒരുനാടോടിയെപ്പോലെ ഇന്നാരെന്നുള്ള 
ഐഡന്റിറ്റിയൊന്നുമില്ലാത്ത ഒരുമരത്തെയോ. 

അതെത്രമാത്രം പാസ്സീവാണെന്നുകാണൂ, 
ഒന്നും ചെയ്യുന്നില്ല അനങ്ങുന്നില്ല, 
അതിനെങ്ങോട്ടും പോകാനില്ല 
ഒരു വ്യഗ്രതയുമില്ല, 
എവിടെയുമെത്താനില്ല, 
അതിനൊന്നും പറയാനില്ല 
അതൊന്നും മിണ്ടുന്നില്ല! 

എന്നാല്‍ ഒരുമരം പോകുന്നത്ര,
ദേശങ്ങള്‍ കടന്ന്, 
വന്‍കരകള്‍താണ്ടി
കാലങ്ങള്‍പ്പുറത്തേയ്ക്ക്
ആരുപോകുന്നു! ആരു പടരുന്നു!

ഒരു മരം പറയുന്നത്ര സുതാര്യമായി
ആരെങ്കിലും പറഞ്ഞുവോ? ~
ഒരു മരംബോധ്യപ്പെടുത്തിയ, 
വിവൃതമാക്കിയ,
അത്രയും സത്യങ്ങള്‍ 
അത്രയും പാഠങ്ങള്‍! അത്ര വെളിച്ചം!

ഒരു മരം എത്രയാഴത്തില്‍ പാസ്സീവാണ്! 
എന്നിട്ടുമതെത്രയുയരത്തില്‍ ഏക്ടീവാണ,് അല്ലേ?


No comments: