29 May 2013

കാലസ്വരം




കാറ്റു പറയുന്നതും 
കടലല പറയുന്നതും 
മേഘം മിണ്ടുന്നതും
കിളി, പാത, 
പാട്ടു പോല്‍ മഴ,
ജീവന്റെ മിടിപ്പുകള്‍ 
പതുക്കെ പറയുന്നതും 
ഒത്തു വായിക്കൂ കേള്‍ക്കാം 
കാലത്തിന്‍ നാദസ്വരം... 

27 May 2013

വനാന്തരം




ഒന്ന്
1
കഥാന്തം, 
ഉത്തരായനം.

കാലം പെയ്തുതോര്‍ന്നിട്ടും
തോരാതീ മനോയാന-
പ്പിശറിന്നുറ്റലിപ്പൊഴും!

2
രാത്രി, 
വിചാരകാര്യാലയത്തളത്തില്‍.
കാര്യവാഹകരൊന്നൊന്നായ്
ഉപചാരമുദ്രകള്‍ കാട്ടി-
യെപ്പൊഴേ വിടവാങ്ങി. 
ഓരത്തൊന്നുമാറുമ്പോ-
ളൊക്കെയുമസംബന്ധം,
കോമാളിക്കൂത്തരങ്ങുപോല്‍
തുച്ഛം, പരിഹാസ്യം.

3
പണ്ഡിതന്‍, വര്‍ണാശ്രമ-
ധര്‍മ്മപാലനവ്യഗ്രന്‍, 
രാമനെ, രാജാവിനെ, 
ശംഭൂക നിഗ്രഹം ബന്ധി-
ച്ചേറെ സ്തുതിച്ച പാട്ടിന്റെ
ദുര്‍ഗ്ഗന്ധം കാതിലൂടെത്ര 
തുടച്ചിട്ടുമൊലിക്കുമ്പോല്‍!

4
കലങ്ങിയ വെള്ളക്കെട്ടാ-
ണകത്തെ ജലാശയം. 
വിചാരത്തിരത്തുള്ളല്‍, 
ദൈവമേ, ദൈവമേ,
പിടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ച്ചുറ്റി
പ്പുളയും തീപ്പാമ്പുകള്‍. 

5
അറപ്പുതോന്നും സ്വയ-
മോര്‍ക്കുമ്പോളെനിക്കെന്നെ-
യറിയില്ല നിങ്ങള്‍ക്കെന്റെ-
യകത്തെപ്പിശാചിന്റെ 
ഭീഭത്സ രക്തതാണ്ഡവം.

6
ഒരിക്കല്‍ക്കൂടിവന്നൊ-
ന്നുയര്‍ത്താമോ പണ്ടു നീ വലി-  
ച്ചുലച്ചു പൊട്ടിച്ചൊരീയായുധ-
മെന്നൊരുന്മദം
ശബ്ദമാ ശിവരൂപി
ചിതറിയ മുഖം പൊക്കി-
യുറക്കെച്ചോദിച്ചപോല്‍.

7
കണ്ണൊന്നടച്ചാലുടന്‍ 
കാണുമാ സ്വപ്നം നടു-
ത്തളത്തില്‍, 
ശൈവചാപത്തിന്മുന്നില്‍, 
തളര്‍ന്ന്, 
വാദ്ധക്യത്താല്‍ ക്ഷയിച്ച,് 
വിറപൂണ്ട്, 
എന്നിട്ടും വിഡ്ഢിയെപ്പോലെ 
കൊതി പൂണ്ടതു പൊക്കാന്‍ 
മുതിര്‍ന്ന് 
മുഖം കുത്തിപ്പതിക്കും ശ്രീരാമനെ...

8
പരിഹസിച്ചലറിപ്പൊട്ടി-
ച്ചിരിപ്പതന്ധകാലമോ?  
കടലോ? 
കോലായില്‍ കളി കണ്ടു
രസിച്ചും രമിച്ചും ചുറ്റു-
മിരിക്കും ബന്ധുഭൂതരോ?

9
കത്താന്‍ പാകം വന്ന 
വരണ്ട കാടായിരു
ന്നെന്‍മനമതിലേയ്ക്കാ-
ണശ്രദ്ധമേതോ സാധു
വുരച്ച ചെറ്റവാക്കിന്റെ 
തീക്കനല്‍ വന്നു വീണത്!

10
ഹാ, ആഗ്നേയാസ്ത്രം
തറച്ചു തീപ്പന്തം പോ-
ലാളുന്ന പോരാളിയെ 
കളിയാക്കിച്ചിരിച്ചിട്ടുണ്ടാ-
മെത്രയോ യുദ്ധഭൂമിയില്‍! 
ഇന്നെന്റെ നേര്‍ക്കു കാലമേ,
അജ്ഞാതവനവൃക്ഷ
നിഴല്‍പറ്റിക്കടംവീട്ടാ-
നച്ചൂതീയമ്പൊന്ന്!

11
ഉറങ്ങിയിട്ടെത്രരാത്രിയാ-
യെത്രയായ് മുഖാമുഖം 
കണ്ടിട്ടു സൗമിത്രിയെ, 
സീതയെ, അനുജന്മാരെ,
അവരുടെ വധുക്കളെ,
എത്രയായ് വെറുതെമന-
ശ്ശൂന്യനായിരുന്നിട്ട്,
ഉപചാരസ്തുതിയല്ലാതെ 
വല്ലതും കേട്ടു നിന്നിട്ട,് 
പറഞ്ഞിട്ട,്
ഉള്ളൊഴിഞ്ഞു ചിരിച്ചിട്ട്..!
കരഞ്ഞിട്ട്...
കാലമെത്രയായ്....!

12
കുറച്ചുനേരം കൂടി
കൊട്ടാര വരാന്തയില്‍ 
പുറത്തെയിരുളും ദൂരെ 
തിളങ്ങും താരങ്ങളും 
നിഴലിന്നിളക്കങ്ങളും 
വെറുതേ നോക്കിനിന്നയാള്‍.

13
ഒരിക്കല്‍ കുട്ടിക്കാല-
ത്തമ്മതന്‍ മടിയില്‍ക്കിട-
ന്നാകാശം കണ്ട രാത്രിയില്‍ 
നക്ഷത്രയൂഥത്തില്‍ത്തന്‍
മനസ്സുയാനം ചെയ്‌കെ 
മേഘം വിതുമ്പിച്ചാറി-
യെന്നപോലൊറ്റത്തുള്ളി-
ക്കണ്ണുനീരമ്മതന്‍ കണ്ണില്‍
നിന്നുതന്‍ മൂര്‍ദ്ദാവിലേ-
യ്ക്കടര്‍ന്നു നിപതിച്ചതും
എത്രതാന്‍ ചോദിച്ചിട്ടും
ദുഖഹേതുവെന്തമ്മ 
പറഞ്ഞേയില്ലെന്നതും 
ഓര്‍ത്തൂ കുറേ നേരം. 
പിന്നെയച്ഛനെയോര്‍ത്തൂ, 
ഓര്‍ത്തു മുല്ലമൊട്ടുപോല്‍
സീതതന്‍ കുഞ്ഞുപൂവിരല്‍
വിരല്‍ കോര്‍ത്തു നടന്നത്, 
അവളെ ചുംബിച്ചത്...

ഉലഞ്ഞ കാല്‍വെപ്പോടെ
അനുജന്‍ സൗമിത്രിയെ 
വാതിലില്‍ വിരല്‍തട്ടി
വിളിച്ചൂ പാതിരാത്രിയില്‍..

14

കൊട്ടിക്കൈയ്യെടുക്കുംമുമ്പേ-
യപ്പുറത്തുറങ്ങാതെ 
കാവലായിരുന്നെന്നപോല്‍ 
തുറന്നൂവാതില്‍, പുറ-
ത്തരണ്ട വെളിച്ചത്തില്‍ 
രാജമുദ്രയഴിക്കാതെ 
ഏട്ടനെക്കണ്ടിതെന്തെന്നു
സംഭ്രമം പൂണ്ടു നിന്നയാള്‍.

15
ലക്ഷ്മണാ, പോന്നാലും നീ 
പുറത്തേയ്ക്കുദ്യാനത്തില്‍, 
രഹസ്യമായൊരു കാര്യം
എനിക്കു പറയാനുണ്ടെ-
ന്നെത്രയോ നേര്‍ത്ത ശബ്ദത്തില്‍
അനിയോനോടോതി രാഘവന്‍. 
ജ്യേഷ്ഠന്റെ വേര്‍പ്പുഗന്ധത്തില്‍,
കിതപ്പില്‍, സംഭ്രാന്തിയില്‍ 
യുദ്ധഭീതിതകാലത്തെ
ക്കാളും ഭീതനായയാള്‍.

16
മിണ്ടാതെ, ചാരനെപ്പോലെ
തണുത്ത കാറ്റെത്തിയാ
കോലായ വിളക്കിന്‍തിരി
കെടുത്തിക്കടന്നേ പോയി.
ഇരുട്ടാണിപ്പോഴെങ്ങും 
ഇരുട്ടില്‍പ്പൂനിലാവിന്റെ 
തരുനിഴല്‍ച്ചിത്രങ്ങളും
സമ്മിശ്രസുഗന്ധവും.
.
17
ഉദ്യാനവൃക്ഷക്കൊമ്പില്‍
രാപ്പക്ഷി മൂളുന്നതും
ആകാശനക്ഷത്രങ്ങള്‍
ചിതറിത്തെറിച്ചു വീണപോല്‍
മുല്ലത്തലപ്പില്‍ മൂടും
മിന്നാമിനുങ്ങു വെട്ടവും
പ്രേതസൗന്ദര്യം പോലെ
ത്തളര്‍്ത്തീ ബോധനാഡികള്‍.
18
ഇരുട്ടേറുമൊരു മൂലയില്‍ 
പിന്‍തിതിഞ്ഞാമുഖംവിനാ 
വാളില്‍പ്പിടിമുറുക്കിത്ത-
ന്നൊച്ചകേള്‍പ്പിച്ചു രാഘവന്‍.
സത്യധര്‍മ്മസ്സുരക്ഷയ്ക്കായ്
്‌രാജപത്‌നി വൈദേഹിയെ
ലക്ഷ്മണാ കാട്ടില്‍ക്കൊണ്ട്
വിട്ടുനീയിങ്ങു പോരണം!

19

ഒരിക്കല്‍ രാമനെ പ്രതി
യച്ഛനെക്കൊന്നു വീഴ്തുവാന്‍
വാളു വീശിയ വീര്യവാന്‍.
കാട്ടിലെത്തിയ കൈകേയീ
പുത്രനെക്കൊല ചെയ്യുവാന്‍
വില്ലേന്തിനിന്ന ശൂരത...
മേഘനാഥന്റെ ശസ്ത്രത്താന്‍
മൃത്യുലോകമറിഞ്ഞവന്‍.
വാക്കിലെ വിഷം തീണ്ടി
ച്ചെവിയില്‍ചോരപൊട്ടുമ്പോല്‍
കാതില്‍ക്കൈകള്‍പൊത്തി
വിറപൂണ്ടു നിന്നു ലക്ഷ്മണന്‍.

20
ഭരതനെക്കൊല്ലാന്‍ ചാടി-
യെഴുന്നേറ്റ യുവസാഹസം
അടക്കാന്‍ രാമന്‍ചൊന്ന
ധര്‍മ്മസാന്ത്വന ഭാഷണം 
പ്രളയാന്തവര്‍ഷംകണ-
ക്കിരമ്പിത്തൂവുന്നേരം
വാക്കറ്റുനിന്നു രാമന്റെ
യോരത്തു വൃക്ഷം പോലെ.

21
കൈനീട്ടീ വാളുകൈ വാങ്ങി
ത്തലതാഴ്തിത്താഴ്ന്ന ശബ്ദത്തി-
ലാരോടുമല്ലയെന്നപോല്‍
ച്ചൊല്ലിയിങ്ങനെ,ബോധ്യത്തി-
ന്നൊത്തുനീങ്ങാന്‍ പഠിപ്പിച്ച
മഹത്ഗുരോ മാപ്പാക്കൂ ,ഞാ-
നവിടത്തെയാജ്ഞയെ പ്രതി
ബോധമറ്റിതു ചെയ്തിടാം.

22
ഉറയില്‍സ്സൂക്ഷിച്ച വാളുപോല്‍
വില്ലുപോലസ്ത്രം പോലെ 
ശ്രീരാമ, നിന്റെ സോദര
നെന്തുചെയ്യാനുമേറ്റവന്‍. 
എന്നു പാദം നമസ്‌ക്കരി-
ച്ചുള്ളിലെന്തോ നിനച്ചപോല്‍
തിരികെക്കൊട്ടാരത്തിന്‍
കെട്ടിനുള്ളില്‍ മറഞ്ഞയാള്‍.










രണ്ട്
1
കാടു കാണാന്‍ കൊതിച്ചില്ലേ 
ജ്യേഷ്ടത്തീ, രാജാവെന്നെ
കൂടെപ്പോയ്ക്കാട്ടിത്തരാ-
നേല്‍പ്പിച്ചു, മുറ്റത്തുണ്ട്. 
വനത്തിന്‍ പാര്‍ശ്വത്തോളം 
ചെല്ലുവാന്‍ തേരാളിയും 
തേരും കാത്തു നില്‍ക്കുന്നു.

2
സീതയോ ദുഷ്ടചിന്തയ്ക്കു
വേരോടാത്ത ശുദ്ധമാം
ബാലയെപ്പോലെയാനന്ദം
കൊണ്ടു വേഗം കുളിച്ചെത്തി.
കാപട്യം ചെയ്കയെത്രമേല്‍
ക്ഷയിപ്പിക്കും ജീവതേജസ്സെ-
ന്നറിഞ്ഞൊറ്റയടിപോലും 
വെയ്ക്ക വയ്യാതെ ലക്ഷ്മണന്‍!

3
ഉള്ളിലെത്തീയെക്കയ്യാല്‍ 
ആളാതെ പൊത്തി നിന്നൊരു
വനയാത്രാ രംഗം പൊട്ടി
ത്തെളിഞ്ഞൂ കണ്ണാടിയില്‍.
തെളിഞ്ഞൂ അയോധ്യതന്‍
ജനജീവിതമന:സ്സാക്ഷി
യുഗ്രമായ് കൊട്ടാരത്തെ
യുലയ്ക്കാന്‍ വെമ്പിത്തന്റെ 
ബോധത്തിലുണര്‍ന്നത്....


4
ആളുകളേറുന്നതിന്നാരവം,
ദു:ഖഭ്രാന്തിന്‍ നിലവിളി
വൃദ്ധരാജാവിന്‍ നേരെ
രോഷവും വൈരാഗ്യവും.
അയോധ്യയാകവേയന്ന്
കാടുപൂകുന്നമാട്ടിലാ 
മുറ്റത്ത് വന്നുനിന്നതും 
തെളിവൂ തിരശ്ശീലയില്‍.



5
പുലരിപ്പൊട്ടലിന്‍മുമ്പീ
യാത്രയോ കൊട്ടാരത്തി
ലാരുമേയറിഞ്ഞ മട്ടില്ലാ. 
രാജാവും തിരക്കെന്നപോല്‍
പുറത്തേയ്ക്കു ചെന്നേയില്ല... 
കെട്ടൊരീ നന്ദികേടോര്‍ത്താ 
യോദ്ധാവിന്‍ ധര്‍മ്മചിത്തത്തി-
ലുമിത്തീയെരിഞ്ഞിട്ടാകാം 
നോക്കുകാ മുഖമിപ്പോള്‍ 
പുക പാളിയമാതിരി.

6
കുളിയും കഴിഞ്ഞു കൊട്ടാര-
ക്കോവിലില്‍ച്ചെന്നുനേദിച്ച 
കുറിയും തൊട്ടുണര്‍വ്വോടെ 
യാത്രയ്‌ക്കൊരുങ്ങി വന്നപ്പോള്‍ 
ഒളിച്ചെന്തു പിടിച്ചാലും 
തെളിഞ്ഞേകാണും സൂര്യ
ബിംബത്തിന്‍ നേര്‍മുന്നിലായ് 
നിന്നപോലെ വിറച്ചയാള്‍.

7
തേരില്‍ മുഖം കൊടുക്കാതെ 
തലതാഴ്തിക്കള്ളനെപ്പോലെ
പകലുറക്കച്ചെളിക്കുണ്ടില്‍
തന്നെത്താന്‍ പൂഴ്ത്തിവെച്ചയാള്‍. 

8
തേരിനെ മടക്കിത്തെ-
ല്ലൊഴിഞ്ഞ പാതയില്‍ സീത
തന്‍മുന്നില്‍ നീളേ നീളേ 
നിരന്ന പച്ചപ്പിലെ
വെയിലിന്‍ മിന്നാട്ടത്തി-
ലലിഞ്ഞും സൗമിത്രിത-
ന്നുള്ളിലെ മരുഭൂവില്‍
കാളുന്ന വെയില്‍ത്തീയി-
ലേതോ വിദൂരത്തില്‍
കാനല്‍ ജലം തേടിയും 
നിശ്ശബ്ദം നിശ്ചലം നിന്നൂ.


9
ദൂരെവേ നിന്നു നോക്കുമ്പോള്‍ 
നീലയായ് മാറും പച്ച. 
വെയിലിന്‍ സ്വരഭേദത്താല്‍ 
മഞ്ഞയായ് ചുവപ്പായും
മാറുമ്മട്ടിന്ദ്രജാലങ്ങ-
ളറിയും പച്ചപ്പുകള്‍. 
മരങ്ങള്‍ ചുറ്റിപ്പിണ
ഞ്ഞെത്രയോ പടര്‍വള്ളികള്‍ 
പുല്ലുകള്‍ കുരുന്നുകള്‍
ഒക്കെയും കെട്ടിപ്പിണ-
ഞ്ഞൊറ്റയായ് ഭവിക്കുന്ന
ജീവന്റെ വിശ്രാന്തിയാല്‍
പ്രശാന്തം വനജീവിതം. 
വരൂവരൂ എന്ന് 
സ്വാഗതം ചെയ്യുന്നപോല്‍
കേട്ടു ജലംപോലെ-
യുതിരും കാടിന്‍സ്വരം.

10
ആദ്യം പാതകാണിച്ചു
മുന്നേ നടന്നയാള്‍് പിന്നെ 
പിന്നിലായ,് മുന്നില്‍നിന്നു 
നടക്കെയനുജായെത്ര
സന്തോഷവതിയാണു ഞാ-
നെന്നെനിക്കോതോന്‍ വയ്യാ, 
ഗര്‍ഭ ദേഹാലസ്യ
ഭാരമേയില്ല ഞാനൊരു
പക്ഷിയായ് ചിറകുണ്ടിപ്പോള്‍, 
പെണ്‍മാനായ് വേഗം തെറ്റാ-
തോടാം കാറ്റാണെന്നെ-
ത്തൊടാനേ പറ്റില്ലേതു 
സമര്‍ഥന്‍ വേട്ടക്കാരന്‍ 
കൂരമ്പു തൊടുത്താലു-
മെന്നോതീ പിന്നില്‍ക്കാതി-
ലടപ്പും മുഴക്കങ്ങളു
മാകയാലയാളൊന്നും 
കേള്‍പ്പതില്ലെന്നോര്‍ക്കാതെ.

11
അനുജാ, സൗമിത്രേ നീ
കേള്‍ക്കേണമെന്തൊരത്ഭുതം!
ഓര്‍മ്മകള്‍ തെളിയുന്ന നാള്‍
തൊട്ടിന്നേവരേയ്‌ക്കൊരു 
സഹസ്രം മര്‍ത്യജന്മങ്ങ-
ളൊരുമിച്ചുണര്‍ന്നിരുന്നാലും
നെയ്യുവാനാവാത്തത്ര
ചിന്തകള്‍ നെയ്തിട്ടുണ്ടാ-
മെന്‍മനമെങ്കില്‍പ്പോലും 
ഞാനെന്റെ നാവില്‍നിന്നു-
മുതിര്‍ത്ത വാക്കിന്നെണ്ണ- 
മെനിക്കെന്റെ വിരലാലെണ്ണാം.

12
വനയാത്ര കഴിഞ്ഞച്ഛന്‍
തിരികെയെത്തുന്നേര-
മെനിക്കായ്‌ക്കൊണ്ടത്തന്ന
പേടമാനിന്റെ കണ്ണിലേ-
യ്ക്കത്ഭുതം പൂണ്ടുഞാനെത്ര
നേരം നോക്കിനിന്നെന്നോ!

ഉലയുന്ന പച്ചക്കാടെന്‍
മോളേയെന്നലറുന്നതായ്
കേട്ടു ഞെട്ടിയുണര്‍ന്നൂ ഞാ-
നിരുട്ടില്‍, പാതിരാത്രിയില്‍. 

പിറ്റേന്നു പ്രഭാതത്തില്‍ 
അച്ഛന്‍ തന്നെത്തന്നെ 
കാട്ടില്‍ച്ചെന്നതേ ദിക്കില്‍ 
കൊണ്ടുവിട്ടിട്ടുമെന്നുള്ളിന്‍
ദുഖം മാറീലവളെപ്രതി. 

ഒറ്റയ്ക്കിരിക്കുമ്പോഴാ
നിലവിളി വിങ്ങി നില്‍ക്കുന്ന
മുഖമെന്നുള്ളില്‍ത്തോന്നും.
ഉണ്ടാകുമല്ലേയിന്നു-
മിക്കാടിന്നകത്തെങ്ങോ
അവളുടെ പേരമക്കളും~!
നിശ്ചയമെനിക്കിന്നു-
മവളെക്കണ്ടുമുട്ടിയാല്‍
തെറ്റില്ലെന്‍ സോദരായെനി-
ക്കത്രമേലുണ്ടു ബാന്ധവം.

14
അച്ഛന്‍ ജനകന്‍ രാജാ-
വായിരുന്നെന്നുതോന്നിയി-
ല്ലണിഞ്ഞില്ലാ വേഷഭൂഷക-
ളണിഞ്ഞില്ല കിരീടവും.
ഒരിക്കലും നായാട്ടിന്നായ് 
പോയില്ല യുദ്ധങ്ങളു-
മുണ്ടായില്ലെന്റെയോര്‍മ്മയില്‍. 
കൊട്ടാരവളപ്പാകെ 
പലജാതിമരങ്ങളാല്‍
കാടുമൂടിയിരുന്നെന്നും 
വരും മയിലും മൃഗങ്ങളും.

15
അവയെപ്പരിപാലിച്ചു-
മവയോടു കളിയാടിയു-
മറിഞ്ഞൂ ഞാനന്നൊക്കെ 
ജീവബന്ധത്തിനാര്‍ദ്രത.
വലുതായാലച്ഛന്നൊപ്പം 
തപസ്സിന്നു കൂട്ടിന്നായി
പ്പോരും കാട്ടിലേയ്‌ക്കെന്ന് 
ചൊല്ലും ഞാ,നപ്പഴച്ഛനോ 
തപം ജീവിതമാണെന്റെ
മോളേയെന്നോതിക്കൊണ്ടാ
നെഞ്ചിലേയ്‌ക്കെന്നെച്ചേര്‍ക്കും.

16
ജീവിതം തപസ്സാണെന്നു 
തന്നെക്കാള്‍ ബോധ്യമുള്ളവ-
രാരെന്നോര്‍ത്തു ലക്ഷ്മണന്‍!
അച്ഛന്‍, അമ്മ, സോദരര്‍
ഊര്‍മ്മിള,... ഓര്‍ത്താലെത്ര
മുഖങ്ങളുടഞ്ഞ പാത്രങ്ങള്‍,
മുഖം നോക്കും കണ്ണാടികള്‍...!


17
രാമനായിരുന്നെന്റെ ധര്‍മ്മം, 
വിധി, കാലം, ദൈവം 
കിഴക്കുനിന്നുദിച്ചാഴി
പൂകും ജീവദായകന്‍.
രാമനായിരുന്നെന്റെ 
അതിരും അവസാനവും. 
രാമന്റെ വാക്കില്‍ പൂര്‍ണ
സത്യമെന്നും നുകര്‍ന്നു ഞാന്‍. 
രാമനും സീതയും വേറി
ട്ടാദ്യമായ് ദര്‍ശിക്കുമ്പോള്‍ 
രാഘവാ, നീ ക്ഷമിക്കുകെന്‍
കാഴ്ച മങ്ങിക്കെടുന്ന പോല്‍.

18
ചിന്തയെക്കേട്ടപോലപ്പോള്‍ 
ചൊല്ലുന്നുണ്ടു മൈഥിലീ,
ലക്ഷ്മണാ, വിശ്വാസങ്ങ
ളുലയാതെ സൂക്ഷിക്കുക. 
മാര്‍ഗ്ഗദര്‍ശനമേകുവാന്‍ 
വിളക്കില്ലാതിരുളിന്‍വഴി
പോയാലകാലത്തേ 
വീഴും ഘോര മൃത്യുവില്‍.

19
പ്രണയം ധര്‍മ്മം മര്‍ത്യ
ജന്മം കെട്ടുന്നനൂലുകള്‍ 
ജീവന്റെ ചങ്ങലക്കെട്ട-
ല്ലാത്മാവിന്റെ ഞരമ്പുകള്‍.
ലങ്കയില്‍, ദശാസ്യന്റെ 
കോട്ടയില്‍ രാമനെപ്പിരി
ഞ്ഞിരുന്ന നാളിലാണെന്റെ 
പ്രണയം പൂര്‍ണമായത്.



20
രാമനെയത്രകാലവും
വേറിട്ടൊന്നായറിഞ്ഞ ഞാന്‍ 
അന്നെന്റെ കോശങ്ങളില്‍
ചോരയില്‍ ഹൃദയത്തിലും 
ചിന്തപാറിപ്പറക്കുന്ന 
ചിദാകാശത്തിലെങ്ങുമേ 
താരമായ് താമരപ്പൂവായ് 
പൂര്‍ണനായ്ക്കണ്ടു രാമനെ.

21
രാമന്റെ സാന്നിധ്യത്തി
ലല്ലാതെയൊരിക്കലും 
പുലരുവാനാവില്ലെന്ന 
ഭയത്തില്‍നിന്നാദ്യമായ് സീത 
മോചനം നേടുന്നതു-   
മന്നാണെന്നതോര്‍പ്പുഞാന്‍്.


22
ഓര്‍പ്പുഞാനശോകത്തിന്‍
ഛായയില്‍ വന്നു രാവണന്‍
ചൊന്നു ഞാന്‍ ധീരകണ്ഠയായ്, 
രാജരാവണ, കേള്‍ക്കുക: 
സാധിക്കും ഖലന്മാര്‍ക്കേതു 
പൂവിനേയുമിറുക്കുവാന്‍ 
അസാധ്യം പൂവില്‍നിന്നു 
സുഗന്ധത്തെയെടുക്കുവാന്‍.


23
അയാളോ ചിന്താധീനന്‍
ചൊന്നു ശാന്തസ്വരത്തിലായ് 
ക്ഷമിക്കൂ,ദേവീയെന്റെ 
നിലവിട്ടപരാക്രമം. 
പക്ഷെയതിലില്ലൊട്ടും
സ്വാര്‍ഥമെന്നു ധരിക്കണേ.

24
സീതേ, ഭൂമിപുത്രീ നിന്‍
രാജദാസ്യമന്യായമേ. 
ഉറവായൊഴുകേണ്ടോള്‍ നീ 
മഴയായ് പെയ്യേണ്ടോല്‍ നീ 
പാടത്തും പുല്‍മേട്ടിലും 
കതിരിട്ടു തഴയ്‌ക്കേണ്ടോള്‍ നീ.
രാമന്‍ ചാപം കുല-
ച്ചെന്നു നിന്നെ വരിച്ചുവോ 
അന്നീ മണ്ണിന്‍ മക്കള്‍ 
വിതച്ചും കൊയ്തും പോന്നോര്‍
പൂഴിയില്‍ നട്ട കമ്പുപോല്‍
ഉള്ളുണങ്ങിക്കരിഞ്ഞുപോയ്
എന്നു നീ രാജധാനിതന്‍ 
വധുവായ്‌ച്ചേലചുറ്റിയോ
അന്നീ മണ്ണിന്‍മക്ക
ളെന്നേയ്ക്കുമനാഥരായ്....

സീതേ, ഭൂമിനന്ദനേ, 
കുരുവിയും കുയിലും മയിലും
മാനും കുഞ്ഞു പുഴുക്കളും 
ജീവന്റെ ദാഹം നിത്യം 
നീരുമോന്തുന്ന ചോലയെ
സ്വന്തമായ് കല്പിച്ചൊരാള്‍ 
കയ്യില്‍ പൂട്ടി്പ്പിടിക്കുകില്‍ 
പറയൂ തിരികെക്കിട്ടാന്‍
കള്ളം ചെയ്കയധര്‍മ്മമോ?

25
പ്രണയം, രാജാവേ, ഞാന്‍ 
പറഞ്ഞൂ ദശാസ്യനോ-
ടുലച്ചു പൊട്ടിച്ചില്ലേ
യധികാരക്കോട്ടകൊത്തളം. 
പ്രണയം നാടുവാഴുമ്പോള്‍ 
കല്ലിലും താമരപ്പൂക്കള്‍.
പ്രേമത്തില്‍ സൗമ്യമേഘങ്ങള്‍
പ്രേമത്തില്‍ വെയില്‍ച്ചിന്തുകള്‍
പ്രേമത്താലുര്‍വ്വരം നിത്യം 
കാലത്തില്‍ നാഭീതടം.
ലക്ഷ്മണാ പിന്നെയെന്‍ മുന്നില്‍
ക്കൈകൂപ്പിനിന്നു രാവണന്‍.
കുനിച്ച തലയെന്‍നേര്‍ക്കു
തിരിക്കെക്കണ്ടുഞാനയാ-
ളടച്ച കണ്ണില്‍നിന്നു
ധാരയായ്ക്കണ്ണീര്‍ മഴ.

26
അനുജാ, സൗമിത്രേ, നീ
കേള്‍ക്കണം സീതതന്‍ മനം.
ഒരിക്കല്‍ പ്രേമം രാജ-
സ്ഥാനമേല്‍ക്കുന്നനാള്‍ വരും. 
സ്‌നേഹത്തില്‍ പിറക്കുന്ന 
കുഞ്ഞുങ്ങള്‍ മാന്‍കുഞ്ഞുങ്ങള്‍
അവരീ പച്ചപ്പുല്ലിന്‍
മേട്ടിലോടിക്കളിച്ചിടും.


27
പ്രണയത്തെക്കാളഗാധമാം 
കടലതല്ലാതെയില്ലെന്നും 
അതിനേക്കാള്‍ വിശാലമാ-
മാകാശം വേറെയില്ലെന്നും 
പ്രേമമാണേറ്റമുര്‍വ്വര-
സ്സമ്പന്നഭൂമിയെന്നതും 
അറിയാനലിവുണ്ടാകും 
മര്‍ത്യര്‍ക്കന്നു നി്ശ്ചയം.

28
ഉള്‍ക്കാടിരുട്ടും കട-
ന്നപ്പുറത്തെത്തുറസ്സിന്റെ-
യോരത്തെച്ചോലയ്ക്കടു-
ത്തായിരം വര്‍ഷംപഴേ
അരയാല്‍ മാമരത്തിന്റെ 
മടിയില്‍, വേരില്‍ച്ചാഞ്ഞൊ-
ട്ടിരുന്നൂ സീതാദേവി.
ഉടനേ മയക്കം വന്ന-
ങ്ങടച്ചൂ കണ്‍പോളകള്‍.

29
ലക്ഷണന്‍ സീതാപദം
കുമ്പിട്ടെഴുന്നേറ്റൊട്ടു
ദൂരെപ്പൂനിലാവത്ത്
മുട്ടുകുത്തിയിരുന്നു താന്‍ 
ദൈവമായ്‌സങ്കല്‍പ്പിക്കു
മേട്ടന്റെ കാല്‍പാദങ്ങള്‍
മനസ്സില്‍ വരുത്തിക്കയ്യില്‍
സുഹൃത്തായ്, സുരക്ഷയ്ക്കായ് 
സൂക്ഷിച്ചഘോര ഖഡ്ഗത്തെ 
ശിലയില്‍ച്ചാരിവെച്ചതിന്‍
മുന്നിലും കൈകള്‍കൂപ്പി
തെല്ലിട, പിന്നെത്തന്റെ 
നെഞ്ചിലേയ്ക്കുയര്‍ത്തുന്നു-
ണ്ടന്നേരം ലക്ഷ്മണായെന്നു
പിന്നില്‍നിന്നുറക്കെക്കേട്ടു
സീതതന്‍ ഗാഢസ്വരം .

31
അമ്മേയെന്നയാളപ്പോള്‍
കരഞ്ഞൂ നാണം വിട്ടു
പൊഴിഞ്ഞോരിലപോലെ
പ്പതിച്ചൂ പാദങ്ങളില്‍.
കരഞ്ഞു പൈതലെപ്പോലെ, 
സീതയാ ശുദ്ധദേഹിയെ
മാറിലേയ്‌ക്കേറ്റുവാങ്ങിക്കൊ-
ണ്ടുഴിഞ്ഞോരുണ്ണിയെന്നപോല്‍.

മൂന്ന്
1
അനുജാ, ലക്ഷ്മണാ, സൂക്ഷ്മം 
ശ്രദ്ധിക്ക ജീവിതം നമ്മെ-
ക്കൊണ്ടുനിര്‍ത്തുന്ന സന്ധിയെ,
സൗമ്യമായ,് സസ്‌നേഹമായ്. 
ഭീരുവായ് യാത്രയെപ്പാതി-
യുപേക്ഷിച്ചോടിപ്പോയാല്‍
ജന്മമെത്ര കടന്നാലും 
മുഴുമിക്കാന്‍ ബാധ്യസ്ഥര്‍ നാം. 

2
സൗമിത്രേ, സീതയിക്കാടിന്‍,
മണ്ണിന്‍ പുത്രിയല്ലയോ? 
പൗത്രരെശ്ശുശ്രൂഷിപ്പാ-
നെന്നമ്മ മോഹിക്കില്ലേ?
മാന്‍പേടയെന്നപോലെയും
അമ്മക്കുരുവിപോലെയു-
മിവള്‍ക്കിക്കാടിന്‍പച്ച-
ക്കൂടാവും പേറ്റുപായയും.

3
മീനിന്‍ പൈതങ്ങള്‍ക്കു
വിരിയാന്‍ ജലം വേണ്ടേ?
മേഘങ്ങള്‍ മുഴങ്ങാതെ
മഴപ്പാറ്റ മുട്ട പൊട്ടുമോ? 
കൊട്ടാര വാസം നല്‍ക്കും
കുടുസ്സു ഗന്ധങ്ങളില്‍
വളരേണ്ടന്‍ ഗര്‍ഭസ്ഥരി-
പ്പച്ചപ്പില്‍ത്തഴയ്ക്കട്ടെ.

4
സീതേ, സോദരി,ഞാനി-
ന്നറിവൂ ദുസ്സാമര്‍ഥ്യ-
മെത്രയ്ക്കു പറന്നാലു-
മെത്തുകില്ലാകാശത്തില്‍.
ഞങ്ങള്‍ രാജധര്‍മ്മത്തിന്‍
പിന്നണിപ്പോരാളികള്‍ 
കാറ്റൊന്നൂതിയാല്‍പ്പോലും
കെട്ടുപോം തീനാളങ്ങള്‍. 
നീയാത്മവിഹായസ്സി-
ന്നുറങ്ങുന്ന നെറ്റിക്കണ്ണാ-
ണെനിക്കു പ്രാര്‍ഥിക്കുവാ-
നൊടുങ്ങാത്ത നിലവിളി.

5
സൂര്യനാല്‍
സ്വര്‍ണമായ്ത്തീര്‍ന്ന 
പര്‍വ്വതശീര്‍ഷം പോലെ
നിവര്‍ന്നു, കണ്‍കള്‍ചിമ്മി-
ത്തെല്ലിട നിന്നൂ സീത.
പിന്നെസ്സൗമിത്രിതന്‍
മൂര്‍ദ്ദാവില്‍ക്കരം ചേര്‍ത്തു 
തിരികെപ്പൊയ്‌ക്കൊള്ളുവാന്‍
ശാന്തയായ് നിര്‍ബ്ബന്ധിച്ചു.
പിന്നെത്തിരികേനട
ന്നേതോ രാപ്പക്ഷിപോല്‍
കാടിന്‍പച്ചപ്പിലേ
യ്ക്കലിഞ്ഞേപോയീ സീത.




2012 മാര്‍ച്ച്



23 May 2013

താങ്ങും തളപ്പും



പാര്‍ഥന്മാരൊറ്റയ്ക്കല്ല 
യുദ്ധങ്ങള്‍ ജയിപ്പത്.
കര്‍ണന്മാരതുപോലെ 
കാലത്തില്‍ പൂണ്ടു പോകുന്നു.

എന്തൊന്നു ചെയ്യുമ്പോഴും 
അരൂപി, ഒരു കൈ,യ്യൊപ്പം 
കൂടുന്നു, വിലക്കുന്നു.

അദൃശ്യത, അജ്ഞേയത, 
അതികാലമപാരത
എന്താഗ്രഹിക്കുന്നു തന്‍ 
കര്‍മ്മത്തെപ്പറ്റിയെന്നോര്‍ത്തേ 
ഒരടി വെയ്ക്കുന്നുള്ളൂ 
സൂക്ഷന്മാ,രുല്‍ബുദ്ധന്മാര്‍.


്‌നീലപ്പാപ്പാത്തിയുടെ മരണം



1
അപ്പന്‍ വല്യ ദേഷ്യക്കാരനായിരുന്നു. ദേഷ്യം പിടിച്ചാല്‍ അപ്പന് സ്ഥലകാലബോധം പോകും. അടിയും തൊഴിയും കൊണ്ട് കൈവലയത്തില്‍ കിട്ടിയ ആള്‍ ചത്തെന്നു വരും. അപ്പന് ദേഷ്യം വന്നാല്‍ അടുത്തൊന്നും ചെല്ലാതെ നോക്കിക്കോളണമെന്ന് അമ്മൂമ്മ പറഞ്ഞു. അപ്പന് കലി വരുന്നൂന്ന് തോന്നിയാലുടന്‍ ഞാനും സൂസന്നയും മാറിക്കളേമായിരുന്നു. എന്നിട്ടും പലപ്പോഴും ഞങ്ങളാ കല്‍പ്പണിയെടുത്തെടുത്ത് കല്ലിനെക്കാളുരംവന്ന കയ്യിന്റെ ചൂടറീമായിരുന്നു. നീലപ്പാപ്പാത്തിയെ മാത്രം അപ്പനൊന്നും ചെയ്തില്ല. ഞങ്ങള്‍ മൂന്നു പെണ്‍മക്കളില്‍ എളേതായിരുന്നു നീലപ്പാപ്പാത്തി, അവള്‍ക്ക് ജനനത്തിലേ മങ്ങിയ കാഴ്ചയായിരുന്നു. അവള്‍ തപ്പിത്തപ്പിയായിരുന്നു നടന്നത്. അപ്പന് രേഷം വന്ന സമയങ്ങള്‍ തീകെടുത്താന്‍ പോകുന്ന പോലെ കൈരണ്ടും നീട്ടിപ്പിച്ചോണ്ട് നീലപ്പാപ്പാത്തി അപ്പന്റെടുത്തേയ്ക്ക് പോകുമായിരുന്നു.

2
അപ്പന്‍ അവരെ കൂട്ടിക്കൊണ്ടു വരുന്നത് പടിക്കല്‍ നിന്ന് ഞങ്ങള്‍ കണ്ടു. അവര്‍ സാരിത്തലപ്പുകൊണ്ട് തലമുടി മാടിമറച്ചിരുന്നു. അവര്‍ കുറേ ദൂരെമാറിയാണ് നടന്നത്. മെലിഞ്ഞ് സൂക്കേടുകാരിയായ ഒരു വളെപ്പോലെയായിരുന്നു. ഒരു യാചകിയുടെതുപോലെ അവരുടെ കണ്ണുകള്‍ അടുത്തുള്ള വസ്തക്കളിലൊന്നുമായിരുന്നില്ല. പൂപ്പാത്രങ്ങളെയോ ചിതറിക്കിടന്ന കടലാസുകഷണങ്ങളെയോ അവര്‍ നോക്കിയില്ല. ആദ്യമായി വീട്ടില്‍ വരുന്ന ഒരാളുടെ കണ്ണുകള്‍ സാധാരണ ചെയ്യാറുള്ള പോലെ അവരുടെ നോട്ടം ചുവരിലെ പലേ ഫോട്ടോകളിലേയ്‌ക്കൊന്നും പോയില്ല. അവള്‍ ദൂരേയ്ക്കാണ് നോക്കിയത,് പാതയുടെ അറ്റത്തേയ്ക്ക്...
നീലപ്പാപ്പാത്തി മാത്രം തപ്പിത്തപ്പിനടന്നു ചെന്ന് അവരിരുന്ന കസേരക്കാലിന്നടുത്ത് മുട്ടുകുത്തി അവരുടെ മടിയിലേയ്ക്കു തലചരിച്ചു വെച്ച് ഉറങ്ങുന്ന പോലെ കിടിന്നു. അവരുടെ വിരലുകള്‍ നീലപ്പാത്തിയുടെ മുടിയിഴ കോതിക്കൊണ്ടിരുന്നു.

അവര്‍ക്ക് ഈ വീട്ടില്‍ ഒന്നും അറിയാത്തതായില്ലെന്ന് തോന്നി. എല്ലാ സാധനങ്ങളുടേയും സൂക്ഷിപ്പു സ്ഥലങ്ങള്‍, മഞ്ഞളെവിടെ, ഏതു പാത്രത്തില്‍ മുളക്, മല്ലി? പച്ചരിപ്പാത്രവും ഉണങ്ങലരിപ്പാത്രവും ഏത്? എന്നുമുതല്‍ പ്രാര്‍ഥനയ്ക്കിരിക്കുന്ന പുല്‍പ്പായും കോലായില്‍ വിരിക്കുന്ന പുല്‍പ്പായും എവിടെവിടെ എന്നു വരെ അവര്‍ക്ക് തെറ്റാതെ അറിയാമായിരുന്നു!

3
അവരെ അപ്പന്‍ കൊല്ലാന്‍ പോവുകയാണെന്ന് സൂസന്ന എന്നോടു പറഞ്ഞു, അവരാരാണ്, അവരെയപ്പന്‍ എന്തിനാണിങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്, അവര്‍ മുമ്പ് ഇവിടെ ഉണ്ടായിരുന്നോ? അവരാര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലല്ലോ? അവരുടെ ഒച്ചപോലും ആരും കേള്‍ക്കാറില്ലല്ലോ? അതുമല്ല വന്നയന്നു മുതല്‍ ഒരു നിഴല്‍ പോകുന്നമാതിരി നീങ്ങി നീങ്ങിപ്പോയി അടുക്കളേല്‍ ഭക്ഷണമുണ്ടാക്കുകേം നിലം തുടയ്‌ക്കേം ജനാലപ്പൊടി മുട്ടുകേം ഒക്കെച്ചെയ്യുന്നില്ല, അവര്‍ വന്നതില്‍പ്പിന്നെ ഈ വീടിന്റെ ഉള്‍മണം തന്നെ മാറിയില്ലേ...നീലപ്പാപ്പാത്തി ഇപ്പോള്‍ എത്ര സുന്ദരിയായിരിക്കുന്നു...എന്നിട്ടും എന്തിനാണ് അവരെയപ്പന്‍ കൊല്ലുന്നത് ...?
സൂസന്ന ഭയത്തോടെ എന്നെ നോക്കി, ഞാനവളുടെ ചേച്ചിയാണെന്നും അവളെ സമാശ്വസിപ്പിക്കേണ്ടത്, അവളെയും നീലപ്പാപ്പാത്തിയെയും സംരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ് എന്നും ഉള്ള മട്ടില്‍...ഈയിടെ അപ്പന്‍ രോഷാകുലനായത് അപൂര്‍വ്വമായിരുന്നു. പക്ഷെ ഒരിക്കല്‍ ഞങ്ങള്‍ മൂവരും മൈതാനത്തിന്നരിലെ പൂമരത്തിന്റെ ചോട്ടില്‍ അലസിപ്പൂക്കള്‍ പെറുക്കാന്‍ പോയി തീരിച്ചു വരുമ്പോള്‍ വരാന്തയില്‍ ഉടുത്തതുരിഞ്ഞ് അലക്കാനെറിഞ്ഞപോലെ അവര്‍ കിടക്കുന്നത് കണ്ടു. കവിളില്‍ ചോരയൊലിച്ചതിന്റെ പാടുണ്ടായിരുന്നു...

4
ഒരു രാത്രി അപ്പന്‍ എന്നേം സൂസന്നയേയും തെക്കിനി മുറ്റത്തേയ്ക്കു വിളിച്ചോണ്ടു പോയി. മക്കള്‍ ആരു ചോദിച്ചാലും അപ്പനെതിരെ സാക്ഷി പറയരുത് എന്നുമാത്രം പറഞ്ഞു. ഞാനും സൂസന്നയും തമ്മാമ്മല്‍ നോക്കി. ഞങ്ങളുടെ കുട്ടിക്കാലം അവസാനിച്ചെന്നു തോന്നി. അപ്പന്‍ പറഞ്ഞതിലെ സാരം മനസ്സിലാകാത്തതുകൊണ്ട് എന്നാല്‍ എന്തെങ്കിലും പറഞ്ഞാല്‍, ചോദിച്ചാല്‍ അപ്പന്‍ കെറുവിച്ചേയ്ക്കുമോ എന്നു ഭയന്ന് ഞാന്‍ മിണ്ടാതെനിന്നു. സൂസന്ന ധൈര്യ ശാലിയെപ്പോലെ തലയിളക്കിക്കൊണ്ട് ഇത്തിരികൊഞ്ചലോടെ ഇല്ലപ്പ, അപ്പനെന്തു ചെയ്താലും ഞങ്ങളാരോടും പറയില്ല, എന്നു പറഞ്ഞു. അപ്പന്‍ അവളെ ചേര്‍ത്തുപിടിച്ചു. അവള്‍ക്ക് അപ്പന്‍ ഒരുമ്മകൊടുത്തു, എനിക്ക് പുകച്ചില്‍ വന്നു, സഹിക്കാന്‍ വയ്യാത്ത വിധം അസൂയകൊണ്ട് എന്റെ നെഞ്ചുവിങ്ങി...

5
പിറ്റേ ദിവസം എല്ലാ വരും ഏറെ വൈകിയാണുണര്‍ന്നത്... നീലപ്പാപ്പാത്തി മാത്രം ഉണര്‍ന്നതേയില്ല. അവള്‍ക്ക് തീപ്പനി പനിക്കുന്നുണ്ടായിരുന്നു. പിന്നെ അവളുടെ പനി കൂടിക്കൂടി വന്നു. അപ്പനവളെയെടുത്ത് തോളത്തിട്ട് അയലോക്കത്തെ ഹനീഫച്ചേട്ടന്റെ ഓട്ടോയില്‍ക്കയറി ആസ്പത്രിയില്‍പ്പോയി. അപ്പന്‍ തനിച്ചാണ് ഓട്ടോയില്‍ ഇരുന്നതെങ്കിലും ഓട്ടോ സ്റ്റാര്‍ട്ടാക്കുന്ന സമയത്ത് അടുക്കളയില്‍നിന്ന് ഓടിക്കിതച്ചുവന്ന് അവരും ഓട്ടോറിക്ഷയില്‍ കയറി. അവര്‍ മുഷിഞ്ഞ ചേല മാറ്റിയിട്ടുപോലുമില്ലായിരുന്നു, അവരുടെ മുഖത്ത് കരി പറ്റിപ്പിടിച്ചിരുന്നു, ആകെ വിയര്‍ത്തിരുന്നു. 
അവര്‍ അപ്പന്റെ കയ്യില്‍ നിന്ന് അവളെ വാങ്ങി മടിയില്‍ കിടത്തി. അന്നുച്ചയ്ക്ക് ഞാനും സൂസന്നയും ഊണൊന്നും കഴിച്ചില്ല. കലത്തില്‍ തണുത്ത വറ്റുണ്ടായിരുന്നു. അടുപ്പു കൂട്ടി തീ വരുത്തി അതു ചൂടാക്കാനും ചമ്മന്തിയരയ്ക്കാനും പപ്പടം ചുടാനുമൊക്കെ എനിക്കും സൂസന്നയ്ക്കുമറിയാമായിരുന്നു. എന്നിട്ടും ഞങ്ങളൊന്നും ചെയ്തില്ല. വരാന്തയില്‍ മുഖത്തോടുമുഖം നോക്കി സന്ധ്യവരെ ഞങ്ങളിരുന്നു. സന്ധ്യക്ക് മറ്റേതോ ഓട്ടോയില്‍ നീലപ്പാപ്പാത്തിയെ തിരികെക്കൊണ്ടു വന്നു. ഇപ്പോള്‍ അവളെ തോളത്തിട്ടെടുത്തത് അപ്പനായിരുന്നു. അവളുടെ ശരീരം അങ്ങന്നെ നീലിച്ചിരുന്നു. ഞങ്ങളുടെ, മങ്ങിയ കാഴ്ചയുള്ള നീലപ്പാപ്പാത്തി  മരണപ്പെട്ടിരുന്നു.


6
മഴവെള്ളത്തില്‍ ചവുട്ടിച്ചവുട്ടി ഞാനും സൂസന്നയും സ്‌ക്കൂളില്‍ പോയി. നീലപ്പാപ്പാത്തിയെപ്പറ്റി ഒരിക്കല്‍പ്പോലും ഞങ്ങള്‍ സംസാരിച്ചില്ല. സ്‌ക്കൂളിലേയ്ക്കു പുറപ്പെടുമ്പോള്‍ അവളെയും കൊണ്ടുപോകണമെന്ന് അവള്‍ എന്നും ഞങ്ങളോട് അപേക്ഷിക്കലുണ്ടായിരുന്നു. തനിക്ക് ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയും എന്ന അര്‍ഥത്തില്‍ കൊച്ചു കൈവെള്ളയില്‍ മറ്റേക്കയ്യിന്റെ ചൂണ്ടുവിരല്‍കൊണ്ട് വരച്ചുകാണിക്കുമായിരുന്നു അവള്‍....ഞങ്ങള്‍ അവളെന്നൊരാള്‍ ജീവിച്ചിരുന്നതേയില്ല എന്നപോലെ അവളെക്കുറിച്ച് ഒരിക്കല്‍പ്പോലും തമ്മില്‍ത്തമ്മില്‍ പറഞ്ഞില്ല....തോട്ടിറമ്പത്തിരുന്ന് ഇലത്തോണികളേം കടലാസുതോണികളേം ഓഴുക്കിലേയ്‌ക്കെറിഞ്ഞു കൊണ്ട്, പുല്‍പ്പരപ്പിലൂടെ ഓടിനടന്നുകൊണ്ട് ഞങ്ങള്‍  സന്തോഷത്തെ ഉണ്ടെന്നു വരുത്താന്‍ നോക്കി.

അപ്പന്‍ കുറച്ചുകൂടി സൗമ്യനായി. സൂസന്ന അപ്പന്റെ മടീല്‍ക്കയറിയിരിക്കല്‍ പതിവാക്കി. ഞാനും ചിലപ്പോഴൊക്കെ അപ്പനോട് പറ്റിനിന്നു. ഒരുദിവസം അപ്പനെന്റെ മൂടീല്‍ കൈകൊണ്ടു തലോടി. എനിക്കു സഹിക്കാനായില്ല. അപ്പന്റെ തോളില്‍ മുഖം ചേര്‍ത്തുവെച്ച് ഞാന്‍ വിങ്ങിക്കരഞ്ഞു പോയി.
എപ്പഴാ അപ്പാ അവരെ കൊല്ലുന്നത്...ഒരു ദിവസം അപ്പന്റെ മടീല്‍ക്കയറിയിരുന്ന് സൂസന്ന ചോദിച്ചു...എന്റെ മനസ്സൊന്നു പിടഞ്ഞു. അപ്പന്‍ ഒരക്ഷരം മിണ്ടാതെ അവളെ നോക്കി...അപ്പന്റെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് ഞങ്ങളാദ്യമായി കണ്ടു. നീലപ്പാപ്പാത്തി മരിച്ചപ്പോള്‍പ്പോലും അപ്പന് കരയാന്‍ പറ്റീരുന്നില്ല...


21 May 2013

ഓര്‍മ്മയും മറവിയും




ഓര്‍മ്മയിലഞ്ഞിക്കുരു 
ഡപ്പീല്‍പ്പെറുക്കിക്കൂട്ടല്‍. 
മറവിയോട്ടക്കീശേ-
ലറിയാതെ നഷ്ടപ്പെടല്‍. 

ഓര്‍മ്മയന്നം, 
മറവി ദഹനവും. 

ഓര്‍മ്മ സ്വരം, നാദം, 
കിളി, കാറ്റ്, പുഴയോളം 
മീട്ടും ശ്രുതി, 
കലമ്പല്‍, വെറുമൊച്ച...
മറവി നിശ്ശബ്ദത.

ഓര്‍മ്മകള്‍ വര, വാക്ക്,
പദമുദ്രണം.
മറവി തിരവന്നൊക്കെ
മയയ്ക്കല്‍, വെടിപ്പാക്കല്‍.

ഓര്‍മ്മയാലുരഞ്ഞഗ്നി,
പ്രപഞ്ചോല്‍പ്പത്തി. 
മറവിയില്‍ സര്‍വ്വസംഹാരം, 
ജലമയം, പ്രളയാന്തം.

20 May 2013

പറയൂ...




ഒരു വാക്കു മാത്രമിനി 
ബാക്കിയുണ്ടെങ്കില്‍ നീ 
ആരെയാ വാക്കാല്‍ വിളിക്കും?

ഒരു ചുവടു ബാക്കിയെ-
ന്നാകിലാച്ചുവടേതു
ദിക്കിന്നു നേരെത്തൊടുക്കും?

ഒരു ചുംബനം കൂടി-
യെങ്കിലാ ചുംബനം 
ഏതു ഹൃദയത്തില്‍ നീ വെയ്ക്കും..

18 May 2013

അപ്പനും ഞാനും




അപ്പന്‍ കെട്ട്, 
ഏതുമുറുക്കിക്കെട്ടും, 
കയറുലയ്ക്കാതഴിച്ചെടുക്കും
ഞാനൊന്നു നോക്കി 
പറ്റാഞ്ഞുടനെ 
പിച്ചാത്തിയെടുത്തറുക്കും.

അപ്പന് കേറാന്‍ തളപ്പു മതി, 
എനിക്ക് അട്ടക്കോണി
പൊക്കിക്കൊണ്ടക്കണം. 
ഞാന്‍ തോണ്ടിയെടുക്കും 
അപ്പനിറങ്ങിയെടുക്കും
അപ്പന്‍ കോരിയേ കുടിക്കൂ 
ഞാന്‍ മുക്കിക്കുടിക്കും.

അപ്പന്റെ കൊട്ടേം മമ്മെട്ടീം 
എന്നും ഒരുത്തേലിരിക്കും. 
കോലായത്തിണ്ണേല്‍ 
ഒറ്റയിരിപ്പടയാളം, 
അപ്പനെന്നും 
അവിടത്തന്നെയമര്‍ന്നതിന്റെ. 
പൊടിയരിക്കഞ്ഞീം 
മത്തിക്കറീം പൂളപ്പുഴുക്കും 
വയറുമുട്ടെത്തിന്നു വീയര്‍ത്തതിന്റെ, 
ഏമ്പക്കം വിട്ടതിന്റെ.

അപ്പന്‍ നടന്നതിന്റെയടയാളം
ഒരൊറ്റക്കാലടി വര. 
പറമ്പിലങ്ങുമിങ്ങുമൊരു 
നീരൊലിപ്പിന്‍ പാടുപോലെ. 
വന്‍കണ 
വേരുകൊണ്ടു വെള്ളം തിരഞ്ഞപോലെ
മലഞ്ചേര കരിയിലല്‍ക്കൂടി 
ഇഴഞ്ഞിഴഞ്ഞു പോയ വടുപോലെ.

വെയ്ക്കാനുമിരിക്കാനും
നില്‍പാനുമുറങ്ങാനും 
ഇന്നയിന്നയിടങ്ങളെന്നില്ലാത്തതുകൊണ്ട് 
എനിക്കടയാളങ്ങളുമില്ല. 

ചോലത്ത് നട്ട് 
വെയിലത്തേയ്ക്കു പടര്‍ന്ന
പീറ്റത്തെങ്ങിന്റെ പച്ച, 
കായ്പ്, അപ്പനെപ്പഴും. 
എനിക്കോ ,
വെയിലു മറഞ്ഞതിന്റെ വിളര്‍ച്ച.

17 May 2013

ഉര്‍വരത




വളര്‍ച്ചയ്ക്ക് 
വേറെയൊരു മാനവും ഉണ്ട്. 
സൂക്ഷ്മമായ ഒന്ന്.
മണ്ണ് വരുന്ന പോലെ. 
ഓരോ മണ്‍മണ്‍തരിയും 
ഉള്ളില്‍നിന്ന് മാറുന്നതാണ് 
മണ്ണിന്റെ വളര്‍ച്ച, അല്ലേ, 
അതുപോലെ, 
ഉള്ളിന്റെ പരിണാമം. 
ഓരത്തു ധാരാളം മരങ്ങള്‍ വേണം.
ഇലകള്‍ ഉള്ളിലേയ്ക്കു 
പൊഴിഞ്ഞു വീഴണം.

16 May 2013

സത്ഗതി




എത്രയുറക്കെ-
ച്ചൊന്നാലും ചെ-
ന്നലിയുവതുള്ളിലെ 
മൗനത്തില്‍. 
നുണകളിലൂടെ
യൊലിച്ചാലും ചെ
ന്നണയുവതന്ത്യം 
സത്യത്തില്‍.

15 May 2013

കാത്തിരിപ്പ്



സുഖത്തിനായുള്ള 
കാത്തിരിപ്പിന്റെ പേരാണ് ദുഖം.
ആരോഗ്യത്തിനായുള്ള 
കാത്തിരിപ്പ് രോഗം,
വേദന, വിവശത.
സമ്പന്നതയ്ക്കായുള്ള  
കാത്തിരിപ്പ് ദാരിദ്ര്യം.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളത്
തടവറ, കാല്‍ച്ചങ്ങല.

കാത്തിരിക്കുന്ന ആള്‍ 
നിലനില്‍ക്കുന്ന തറയില്‍ നിന്ന് 
കാല്‍ പിന്‍വലിച്ചു കഴിഞ്ഞു.
എത്താനുള്ള കരയില്‍ അയാള്‍ 
എത്തിച്ചേര്‍ന്നിട്ടുമില്ല. 

ജ്ഞാനങ്ങളില്‍  മികച്ചത് 
കാത്തിരിക്കാനുള്ള ജ്ഞാനം.
കാത്തിരിക്കാന്‍ പഠിച്ച ആള്‍ പിന്നീട് 
കാത്തിരിക്കുകയേയല്ല..


14 May 2013

ബന്ധങ്ങളുടെ മരണം




ജീവിതം 
പലതരം മരണങ്ങളില്‍ 
അവസാനിക്കുന്ന പോലെ 
പലതരം മരണങ്ങളില്‍ അവസാനിക്കുന്നു 
ബന്ധങ്ങളും. 

ചിലബന്ധങ്ങള്‍ നിത്യരോഗികളായി 
അവശതയും പീഡയും പേറി
പാതയറ്റം വരെ നിരങ്ങി നീങ്ങുന്നു,
കഥാന്ത്യം വരെ 
അരങ്ങില്‍ക്കിടന്നു പിടയുന്നു.

ചില ബന്ധങ്ങള്‍ അപ്രതീക്ഷിതമായ 
കൂട്ടിമുട്ടലുകള്‍ക്കടിയില്‍പ്പെട്ട് 
ചതഞ്ഞു മരിക്കുന്നു. 
ചില ബന്ധങ്ങള്‍ ജീവിക്കാന്‍ ഭയന്ന് 
സ്വയം ഹത്യവരിക്കുന്നു. 

ചില ബന്ധങ്ങള്‍ മാത്രം
ഏറെയോണങ്ങള്‍ ഒരുമിച്ചുണ്ട് 
എല്ലാ ഋതുക്കളേയും പ്രദക്ഷിണം വെച്ച് 
എല്ലാ സമുദ്രങ്ങളും 
എല്ലാ ആകാശങ്ങളും നടന്നു തീര്‍ത്ത് 
പൂര്‍ണകാമന്മാരായി 
പൂര്‍ണ മൃത്യു വരിക്കുന്നു.


13 May 2013

ഏകാന്തത



ഒറ്റയായിരിക്കലിനെ
ഭയക്കാതിരിക്കുകയും 
വെറുക്കാതിരിക്കുകയും 
അതില്‍ നിന്ന് രക്ഷപ്പെടാന്‍ 
ശ്രമിക്കാതിരിക്കുകയും 
അതിനെ വീക്ഷിക്കുകയും 
ശ്രവിക്കുകയും ശ്രദ്ധിക്കുകയും 
അതില്‍ മുഴുകുകയും അലിയുകയും 
അതിനെ അന്തരാ സ്വീകരിക്കുകയും 
സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ 
മൂകത മൗനമായി മാറുന്ന പോലെ
ഒറ്റപ്പെടല്‍
ഏകാന്തത എന്ന ഏറ്റവും മഹത്തായ 
അനൂഭൂതിയായി മാറുന്നു. 


12 May 2013

അമ്മനാള്‍ നേദ്യം




അമ്മ അയലോക്കത്തെ 
അമ്മിണി വല്യമ്മയോ-
ടോരോ കൂട്ടം ചൊല്ലി- 
ക്കാലം മറന്നു നിന്നാറെ,
പുതു മഴപ്പച്ചപ്പാകെ-
ത്തെന്നുന്ന മിന്നായം ക-
ണ്ടല്ലെങ്കിലണ്ണാക്കൊട്ടന്‍
തെങ്ങിളം പൂ തിന്നത,് 
ഉറുമ്പ,് എണ്ണപ്പുഴു, 
ചക്കകൊത്തും കാക്ക,
കുയില്‍പ്പീലി, 
നീളന്‍ വാലൂഞ്ഞാലാട്ടം, 
അല്ലെങ്കില്‍പ്പനിച്ചപ്പൂവി-
ന്നിരുളന്‍ മഞ്ഞച്ചിരി-
യെട്ടുകാലി വലക്കമ്പി-
ക്കൊളുത്തില്‍പ്പിടയും പൊട്ടു 
പാപ്പാത്തി, മീനൊറ്റിപ്പറത്ത -
മുറുമ്പിന്‍ നീളന്‍ വര...
അല്ലെങ്കില്‍ മറ്റെന്തോ ക-
ണ്ടൊക്കത്തുന്നിറങ്ങുവാ-
നുഴന്നതിന്നോര്‍മ്മയിന്നു ഞാ -
നമ്മയ്ക്കു നിവേദിപ്പൂ...

പേരി്ല്ലാത്തവള്‍;




ചെടിച്ചട്ടിയില്‍ 
കാലെ വളര്‍ന്നതായിരുന്നു ആ കാട്ടുചെടി. 
നട്ടവിത്ത് പിണക്കം ഭാവിച്ചതിന്റെ
ഇത്തിരി വിടവിലൂടെ 
അവള്‍ താനെ മുളച്ചു വന്നു. 

തളിരിന്റെ ലോലവും ഗാഢവുമായ പച്ച. 
വിരിഞ്ഞ ഇലകള്‍ വലിയ വട്ടത്തില്‍, 
അറ്റത്തു ഞൊറികള്‍. 
നാലുപാടും ചില്ല നീട്ടി നീട്ടി 
നീണ്ടു നിവര്‍ന്നു നിന്ന് 
അവളൊാരു പിരമിഡുപോലെയായി. 
പ്രായമായപ്പോള്‍ ഓരോ അറ്റത്തും 
ഇത്തിരിയിത്തിരി 
മഞ്ഞ മൊട്ടിന്‍ കുലപ്പുകള്‍ കൊണ്ട് 
അവളൊരു പഗോഡയായി. 
ഒപ്പം വിരിഞ്ഞപ്പോളോരു 
പ്രകാശഗോപുരമായി.

അവളെല്ലാം തികഞ്ഞൊരുവളായിരുന്നു. 
ഉശിരുള്ള സൗന്ദര്യമായിരുന്ന അവളുടേത്.
പ്രാചീനതയുടെ സുഗന്ധം അവള്‍ പ്രസരിപ്പിച്ചു.
അവള്‍ക്കില്ലാതിരുന്നത് 
ഇന്നേടത്തിന്നവള്‍ എന്ന
ഒരു വിളിപ്പേരു മാത്രമായിരുന്നു.

10 May 2013

ചവച്ചിറക്കിയ കവിത





ചവച്ചിറക്കിയ ചോറുളപോലെ 
ഒരു കവിതയും 
ഉള്ളിലെത്തിയാ-
ലതുപോലെയവശേഷിക്കുന്നില്ല. 
പിന്നെയത് ഉരുളക്കിഴങ്ങോ 
വെണ്ടയോ തക്കാളിയോ അല്ല, 
ഉണക്കനെല്ലിക്കയരച്ച മത്തിക്കറിയല്ല. 
പുളിഞ്ചിത്തോരനോ മുളയരിപ്പായസമോ അല്ല, 
ചക്കയും മാങ്ങയും പേരയും ചാമ്പയ്ക്കയും 
സപ്പോട്ടയും അരിനെല്ലിക്കയുമല്ല. 
പിന്നെയത് മധുരമോ ചവര്‍പ്പോ അല്ല 
പലതരം പുളിപ്പുകളിലൊന്നുമല്ല. 
വായിക്കുന്ന ആള്‍ വിഷദന്തദംശനമേറ്റ്  
ഇലപൊഴിഞ്ഞ്, കരിഞ്ഞ്, ബാഹുകനായി. 
പിന്നെ കലിയൊഴിഞ്ഞ നളനായി.


8 May 2013

പൊട്ടിത്തെറിയുടെ ഏഴാം നാള്‍




ആദ്യ നാള്‍കളില്‍ 
മലമേടുകള്‍ വരെക്കേട്ട 
കടല്‍ നിലവിളി മൂകതയായി
തിരപ്പിടച്ചിലുകളും നിന്നു.
അലകള്‍ ചത്ത പാമ്പുപോലെ 
കടല്‍മേലെ മലച്ചു.

തീപ്പന്തംപോലെ, 
കുപ്പിച്ചില്ലുപോലുടഞ്ഞ്, 
ഒച്ചയാല്‍ തലതകര്‍ന്ന,് 
അകം വെന്ത്, 
അങ്ങനെ പല മരണം.
ഹൃദയം പൊട്ടി മരിച്ചവനേകം.
സ്വയംഹത്യ വരിച്ചവരുമുണ്ട്.

ജീവിച്ചിരുന്നവരേക്കാള്‍ 
എത്രയോ ഭാഗ്യവാന്മാര്‍
മരണപ്പെട്ടവര്‍....

ആറുനാള്‍ ആരും 
മുഖം മുഖം നോക്കിയില്ല 
മിണ്ടിയില്ല, 
ഏഴാം നാള്‍ 
ഏറെ ഉറങ്ങിയതിന്റെ കോട്ടു വായ പോലെ 
ദുര്‍ഗ്ഗന്ധപൂരിതമായ ഒരാസ്ഥാന പ്രഖ്യാപനം 
കോട്ടും സൂട്ടും തൊപ്പിയും വെച്ച്  പതിവുപോലെ 
ഡ്യൂട്ടിപ്പട്ടാളക്കാരുടെ അകമ്പടിയോടെ 
വെളിക്കിറങ്ങി.  

ശവംവെന്തമണവും തോളത്തെടുത്ത് 
ഒരു വയസ്സന്‍ കടല്‍ക്കാറ്റ് 
വലിയ കോടതിന്യയാധിപന്റെ കോണിക്കല്‍ച്ചെന്ന് 
കരിങ്കൊടി നീട്ടി . 
ഉറക്കമുണര്‍ന്നെത്തിയ ദ്വാരപാലകന്‍ അയാളെ
കീറിമുഷിഞ്ഞ കുപ്പായത്തിന്റെ കോളറില്‍പ്പിടിച്ച് 
ഗെയിറ്റിന് പുറത്തേയ്ക്കു തള്ളി.


ഏഴാം നാള്‍ ഒരനുശോചനയോഗം നടന്നു. 
ജീവിച്ചിരിക്കുന്നവരുടെ നേരെ 
മരണപ്പെട്ടലവര്‍ നടത്തിയ അനുകമ്പാ യോഗം. 
കസ്ത്തൂര്‍ബായോടൊപ്പം 
തൊള്ളായിരത്തി മുപ്പതുകളില്‍ നടന്ന 
അതേ വേഗത്തില്‍ നടന്ന് ഗാന്ധി വന്നിരുന്നു

സംസാരിച്ചൊന്നുമില്ല. 
ആരെയും  നോക്കിയതുമില്ല.
ഒരിക്കല്‍ക്കൂടി കടലിലേയ്ക്കിറങ്ങുകയും 
വെടിമരുന്നുമണക്കുന്ന 
ഒരു കുമ്പിള്‍ ഒട്ടുവെള്ളം
കോരിയെടുക്കുകയും ചെയ്തു. 
എന്നിട്ട് പഴകിയ തമിഴില്‍ 
കടല്‍ മരിച്ചു
എന്ന് പിറുപിറുത്തു

ഏഴാം നാള്‍ അന്തിക്ക് 
ചാര നിറമുള്ള മേഘങ്ങള്‍ക്കിടയില്‍ 
കണ്ണുകാണാത്ത ഒരപ്പൂപ്പന്‍ ദൈവത്തെ 
കൈപിടിച്ചു നടത്തുകയായിരുന്ന 
അഷ്ടാവക്രന്‍ എന്നു വിളിപ്പേരുള്ള 
ഒരു കുഞ്ഞു ദൈവം
മുരടിച്ച ഒറ്റവിരല്‍ ഭൂമിക്കു നേരെ ചൂണ്ടി
അങ്ങനെ ഇന്തിയാക്കാരും ഒരൊന്നാം തരക്കാരായി 
അവരാദ്യത്തെ കടല്‍ മരുഭൂമി നിര്‍മ്മിച്ചെടുത്തു 
എന്നു പറഞ്ഞു
കേമന്മാര്‍, 
തമാശപ്രിയനായ അപ്പൂപ്പന്‍ ദൈവം ചിരിച്ചു,
ഹ..ഹ...ഹ..

6 May 2013

അടുക്കിപ്പെറുക്ക്




ഉച്ചയൂണുകഴിച്ചൊട്ടുറങ്ങാന്‍ 
തിണ്ണമേലെച്ചെരിഞ്ഞതേയോര്‍മ്മ. 
പിന്നെ മൂടല്‍ മയക്കത്തിലാരോ 
ഉമ്മറ വാതില്‍ മെല്ലെത്തുറന്നൊരു 
നേര്യതാണുടത്തമ്മയെപ്പോലെ 
ക്കോന്തലത്തുകില്‍ കാണുന്ന വണ്ണം. 

ചെന്നടുക്കളേ മൂലയ്ക്കല്‍ നിന്നും 
ചൂലെടുത്തോണ്ടു വന്നൊട്ടു പാട്ടും 
മൂളി മൂളിയകങ്ങള്‍ വരാന്ത
കോലയൊക്കെ വെടിപ്പായ്ത്തുടച്ചു . 
പുസ്തകങ്ങള്‍, ഞാന്‍ വാരിച്ചിതറി-
യങ്ങുമിങ്ങുമായിട്ടവയെല്ലാം 
ഷല്‍ഫിലട്ടിയ്ക്കടുക്കിപ്പെറുക്കി -
ച്ചെന്നടുക്കളപ്പാത്രങ്ങളൊന്നായ് 
കൊണ്ടു പോയിക്കിണറ്റിന്നരികില്‍ 
ചാരമിത്തിരിക്കൂട്ടിയുരച്ച് 
തേച്ചു നന്നായ്ക്കഴുകിയെടുത്ത-
ത്തട്ടിന്മേലെക്കമിഴ്ത്തിയടുക്കി.

കൈ തുടച്ചെന്നരികില്‍ വന്നത്ര-
യ്ക്കാര്‍ദ്രമായൊന്നു നോക്കിപ്പതുക്കെ-
ക്കാല്‍പ്പടങ്ങളുഴിഞ്ഞൊട്ടിരുന്നു. 
പിന്നെ മെല്ലെയെഴുന്നേറ്റു വീണ്ടു-
മുമ്മറപ്പടി വാതില്‍ തുറന്ന് 
പൂമുഖത്തേയ്ക്കിറങ്ങി, ഞാന്‍ വേഗം
ഞെട്ടിയൊററയെണീക്കലെണീറ്റെന്‍ 
വാതില്‍ക്കല്‍ച്ചെന്നു നോക്കുവാനോടി. 

ശൂന്യമാമിടം മുന്നേതുപോലെ-
യാരുമില്ലെന്റെ യുച്ചക്കിനാവേ-
യെന്നു ഞാനുള്ളിലിത്തിരി ദുഖം 
പുഞ്ചിരിച്ചു മറക്കാന്‍ ശ്രമിക്കെ, 
അത്ഭുതപ്പെട്ടു കണ്ടു ഞാനെല്ലാം 
ഇത്രമേലാരടുക്കിപ്പെറുക്കി....

4 May 2013

പാഠലോടകം




ഒഴുക്കെന്നെ പയ്യെപ്പയ്യെ 
നടക്കാന്‍ പഠിപ്പിച്ചു. 
കാറ്റെന്നെക്കയ്യും കയ്യും 
കോര്‍ത്താടാന്‍ പഠിപ്പിച്ചു. 
വെയിലെന്നെയുള്ളാളി-
ക്കത്തുവാനകം വേകാന്‍ 
മധുരിക്കാന്‍ പഠിപ്പിച്ചു,
മതിയാവാന്‍ പഠിപ്പിച്ചൂ.

ഉണരാന്‍ പഠിപ്പിച്ചൂ
പിച്ചകപ്പൂമൊട്ടിറ്റു സുഗന്ധം 
പ്രസരിപ്പിക്കാനുതിരാ-
നുണക്കില,യുറങ്ങാന്‍ 
തൊട്ടാവാടി,യാഴാ-
നിളം വേരുന്നിയുയരാന്‍
ചൈനാമുള, 
മാവ്, മാഹാഗണി... 

ജീവന്റെ രക്തം പിഴി-
ഞ്ഞിറ്റിച്ചാല്‍ ശമിപ്പിക്കാ-
മിതരന്റെ ദുഖം, ദൈന്യം, 
വേദന,മഹാരോഗ-
മെന്നെന്നെപ്പഠിപ്പിച്ചൂ 
തൊടിയില്‍ത്തൊട്ടാവാടി,
തുളസി,യാടലോടകം.

2 May 2013

പാത പണിയാന്‍ വന്നവരോട് ഒരു നാട്ടുമുത്തച്ഛന് പറയാനുള്ളത്


പാതയെക്കാള്‍ മുന്നേ 
പഥികനാണെന്നോര്‍ത്തോണം. 
ആദ്യം അടികള്‍, ചുവടുകള്‍, 
പിന്നാലെ പാത,
അതാണ് പഴേ നടക്കണക്ക്. 

ഇതിലെയിതിലെയെന്ന് 
മുന്നേ ചൂട്ടുകാട്ടി നടത്തിക്കാന്‍ മാത്രമല്ല. 
ചില പോക്കുവരവുകളെയെങ്കിലും 
പെഴപ്പിക്കുകേം വേണം. 
എത്ര ചുറ്റിത്തിരിഞ്ഞാലും 
ഇടവലം മറഞ്ഞാലും 
ഒരേ വെളിമ്പറമ്പിലെത്തുന്ന 
കാപാലികന്റെ പങ്കഥയിലെന്നപോലെ, 
ഹ...ഹ...  

ഗ്രാമത്തിലേയ്ക്കുള്ള പാത 
എപ്പഴും തുറന്നിട്ട വാതിലല്ല.  
യാത്രയുടെ അന്തസ്സാരത്തിനൊത്ത് 
അടയുകേം തുറക്കുകേം 
തെളിയുകേം മായുകേം ചെയ്യുന്ന
മാന്ത്രികമുത്തശ്ശിയുടെ കൊട്ടാര വാതായനം.

രാജഭവനത്തിലേയ്‌ക്കോ വ്യവസായനഗരത്തിലേയ്‌ക്കോ
നാട്ടുപ്രമാണിയുടെ ഏഴുനിലമാളികയിലേയ്‌ക്കോ
മാത്രമായൊരു പാത പണിയുകയാണെങ്കില്‍ 
അതിനീ തൂമ്പയും പിക്കാസും 
കരിങ്കല്‍ച്ചീളുകളും മതിയായേയ്ക്കും. 
പക്ഷെ പള്ളിപ്പറമ്പും കുന്നുംപുറോം
കാവും കുളോം  പള്ളിക്കൂടോം കടന്ന്
നാട്ടുമ്പുറത്തിന്റെ ഹൃദയത്തിലേയ്‌ക്കോ 
ആത്മാവിലേയ്‌ക്കോ ആണ് പാത പണിയുന്നതെങ്കില്‍ 
സൂക്ഷിക്കണം, 
അതിനീ സാമഗ്രികള്‍ മതിയാവില്ല. 

പിന്നെ പറയാനുള്ളത് ഓരങ്ങളെക്കുറിച്ചാണ്. 
മഴയെന്നും മഞ്ഞെന്നും 
വസന്തമെന്നും വേനലെന്നും ബോധപ്പെടുത്തുന്നത് 
പാതയല്ല ഓരങ്ങളാണ്. 
വിശക്കുമ്പോള്‍ വിളമ്പുകയും 
തളരുമ്പോള്‍ വിരിക്കുകയും ചെയ്യുന്നത് ഓരങ്ങള്‍.
പാത പറയുന്നതും പാടുന്നതും 
ചിരിക്കുന്നതും ചിണുങ്ങുന്നതും ഓര ഭാഷയില്‍
കൗശലക്കാര്‍ മുന്നേ വെട്ടിയ പാത സ്വന്തം പാതയാക്കും. 
മര്യാദക്കാരന്‍ പാതയ്‌ക്കൊത്ത് നടത്തം മെരുക്കും. 
വിവേകി ഓരങ്ങള്‍ സൃഷ്ടിക്കും . 
ഓരങ്ങള്‍ക്കിടയില്‍ പാതകള്‍ സ്വയംഭൂവാകുന്നു.