28 Jul 2012

പരസഹായം






പരസഹായമില്ലാതെ 
ജീവിതം അസാധ്യം.
എനിക്കെപ്പൊഴും 
മറ്റൊരാളെ വേണം. 


വേറൊരാളുടെ കണ്ണുവേണം. 
എനിക്കെന്നെ കാണാന്‍ 
എന്നിലേയ്ക്കുകയറാന്‍ 
വേറൊരാളുടെ പടവുകളില്‍ ചവുട്ടണം
വാതില്‍ തുറക്കപ്പെടണം.

വേറൊരു ജീവിതത്തിന്റെ 
ജനല്‍പ്പോള വേണം
എനിക്കെന്റെയാകാശം കാണാന്‍ .. 
എന്റെ തോന്നലുകളെ-
പ്പുറത്തെടുക്കാല്‍ 
വേറൊരാളുടെ മൂര്‍ച്ചകൊണ്ട് 
മുനകൊണ്ട് കുത്തണം. 
വേഷരൊരു ഭാഷയുടെ 
പെണ്‍ചുണ്ടുകൊണ്ടുരുമ്മിയാല്‍ മാത്രം 
ഉറവെടുക്കും 
എന്റെയാത്മഭാഷ, കവിത.


ഒരാളെവിടെയോവിരിഞ്ഞാല്‍ 
ചിറകുമുളച്ച് 
ഞാനൊരുപൂമ്പാറ്റയാകും.

27 Jul 2012

കിളിക്കൂക്ക്




വസന്തം വരവായെ-
ന്നറിയിക്കാനൊരു കൂവല്‍.
ഗ്രീഷ്മത്തിന്‍ ചുടലത്തിയില്‍
വേവുമ്പോളതേ കൂവല്‍. 
മഴ കുടിച്ചുന്മാദത്തിന്‍
ലഹരിക്കുമതേ നാദം.
മഞ്ഞില്‍ വെയില്‍ കൊണ്ട 
വിസ്മയം വര്‍ണിക്കുവാന്‍,
പ്രണയത്തിന്‍ ചിറകടി-
ത്താളത്തെപ്പൊലിപ്പിക്കാന്‍, 
അടയിരിക്കാനുള്ളൊ-
രാശ്രമംതുന്നിക്കൂട്ടാന്‍,
ഉഷസ്സിനെ ഉച്ചനേരത്തെ
സന്ധ്യയെ സ്തുതിക്കുവാന്‍, 
ഒറ്റയ്ക്കാണെനുുള്ളതിന്‍
ദുഖത്തെ വിരചിക്കാന്‍
ഒക്കെയും ഒരേ ശ്രുതി 
ഒരേ താളമൊരേയീണം.
കിളിക്കും കാലത്തിനു
മൊരേ വാക്കര്‍ഥമേതിനും.

26 Jul 2012

നരച്ചീറും മണ്ണിരയുമായിമാറിയ ഒരു മുത്തപ്പന്‍


മുത്തപ്പന്‍ ഇങ്ങനെ പറഞ്ഞു,
കാടിന്റെ ഉള്ളിരുട്ടിലേയ്ക്ക്,
കടലിന്റെ കയത്തിലേയക്ക,്
മലയുടെ ഒത്തമകുടത്തിലേയ്ക്ക് 
കയറിപ്പോകുന്ന ഒറ്റനടപ്പാത,
മുങ്ങാംകുഴി
അതായിരുന്നു ഞാനൊരിക്കല്‍. 
അന്നെന്റെ തിരിച്ചുവരവും കാത്ത് 
എല്ലാ വീടുകളും ഇരുന്നു. 
എന്റെ ജാതിയേതെന്ന് ആരും തിരക്കിയില്ല, 
പൊട്ടനോ പ്രാന്തനോയെന്നാരും ഉഷ്ണിച്ചില്ല, 
എല്ലാര്‍ക്കുമെന്നെ ഒരു പോലെ വേണ്ടിയിരുന്നു. 
പടിഞ്ഞാറന്‍ കാറ്റിനേയോ മകരമഞ്ഞിനെയോ 
വെയിലുദിപ്പിനെയോ ഇടവപ്പാതിയെയോ വേണ്ടതുപോലെ. 
ഞാറു നടാന്‍ വയലുകളെ വേണ്ടതുപോലെ 
എന്നെ വേണ്ടിയിരുന്നു, 
എന്റെ കൂടയില്‍ അമൃതും വിഷവും
വിഷഹാരിയും ഉണ്ടായിരുന്നു. 
മരുന്നും മന്ത്രങ്ങളുമുണ്ടായിരുന്നു,
മറ്റൊരിടത്തുനിന്നും കിട്ടാത്ത മണങ്ങളുണ്ടായിരുന്നു, 
രുചികളുണ്ടായിരുന്നു. 
എത്രയോ വേദനകളെ ഞാന്‍ മാറ്റി. 
എത്രയോ മരണങ്ങളെ ജീവിതത്തിലേയ്ക്കു
മടക്കികൊണ്ടുവന്നു. 
മുറച്ചുകയാന്‍ ആരും ഭയപ്പെട്ട ഒറ്റമരമായിരുന്നു
ഒരിക്കല്‍ എന്റെ കുഞ്ഞേ, ഈ ഞാന്‍, 
നിന്റെ വല്യപ്പന്റേം വല്യപ്പന്‍. 
ഇപ്പോള്‍ ഈ ഇറ്റുനനമണ്ണില്‍ മണ്ണിരയായി 
പൂണ്ടു കിടക്കുന്നോന്‍.
ഈ ഇരുട്ടില്‍ നരച്ചീറായി 
കീഴ്‌മേല്‍മറിഞ്ഞു തൂങ്ങിക്കിടക്കുന്നോന്‍.

25 Jul 2012

പറക്കുന്ന മരക്കുതിര




സാധനങ്ങള്‍ കൂട്ടിയിടുന്ന മുറിയിലേയക്ക് 
ജനാലയുടെ മരയഴികളില്‍ക്കൂടി കുട്ടു പാര്‍ത്തു നോക്കി. 
മൂത്രമൊഴിക്കാനെന്ന് സൂത്രം പറഞ്ഞ് ടീച്ചറെപ്പറ്റിച്ച് 
ഇത്തിരിവെയിലുകൊള്ളാനിറങ്ങിയതാണവന്‍. 
ഹായ്, ദാ, ഒരു കുതിര.. ഒരു മരക്കുതിര...
ക്ലാസില്‍ച്ചെന്നിരുന്ന് കണ്ണു മിഴിച്ചിരുന്ന് സ്വപ്നം കണ്ടു. 
കുതിരപ്പുത്തിരുന്നൊരു കുന്നിന്‍ പുറത്തൂടെ പായുന്നു. 
കുന്നിന്‍ പുറത്താകെ സ്വര്‍ണത്തിന്റെ നിറമുള്ള വെയില്‍....
എങ്ങനേം ആ മരക്കുതിരയെ 
അടിച്ചുമാറ്റണമെന്ന പൂതി കലശലായി. 
ഉച്ചയൂണൊറ്റയുരുളയ്ക്കു മതിയാക്കി. 
ഓടിയെത്തിയപ്പോള്‍ ഓഫീസ് റൂമിലാരുമില്ല. 
പതുങ്ങിച്ചെന്നപ്പുറത്തെ മുറിയില്‍നിന്ന് ചപ്പു ചിപ്പു 
ചവറുകള്‍ക്കിടയില്‍ നിന്നാ മരക്കുതിരയെ 
എങ്ങനെയോ മുറ്റത്തെത്തിച്ചു. 
ഉന്തീം തള്ളീം നീക്കീം നെരക്കീം 
മൂത്രപ്പുരയ്ക്കപ്പുറത്തെ കുറ്റിക്കാട്ടില്‍ കൊണ്ടൊളിപ്പിച്ചു. 
അന്നുച്ചകഴിഞ്ഞപ്പോഴത്തെ 
പാട്ടിനും കഥയ്ക്കും 
കൂട്ടല്‍പ്പട്ടികയ്ക്കുപോലും എന്തൊരു മധുരം!
സ്‌ക്കൂള്‍ വിട്ട് ഹെഡ്മാഷും പോകുംവരെ 
അവിടേം ഇവിടേം പാര്‍ത്തും പതുങ്ങീം നിന്നു. 
കഞ്ഞിപ്പുരയില്‍ നിന്നു കിട്ടിയൊരു പഴയ ചൂടി 
കുതിരക്കഴുത്തില്‍ കെട്ടി. 
ഗെയിറ്റു കേറിമറഞ്ഞപ്പുറത്തെത്തി. 
കയറു വലിച്ചു വലിച്ച് കുതിരയെ ഇപ്പുറത്തെത്തിച്ചു.
 താങ്ങിപ്പിടിച്ചിറക്കി നിറുത്തി. 
കുതിരമേല്‍ക്കയറിയിരുന്നു.
സ്‌ക്കൂള്‍ഗെയിറ്റു കടന്നതും കുതിരയുടെ ഭാവംമാറി. 
അത് കാലുകുടഞ്ഞു. കണ്ണുരുട്ടി. 
കുളമ്പുകള്‍ ചടപടാന്നടിച്ച്
കുട്ടൂനേം പുറത്തേറ്റി കുതിര ചറപറാന്ന് പായാന്‍ തുടങ്ങി...

24 Jul 2012

അടിച്ചുതളിക്കാരി




കാണാന്‍ തീരെ ഭംഗീല്ല. 
ഒന്നും ഓര്‍മ്മയില് നില്‍ക്കാത്തതുകൊണ്ട് 
പഠിപ്പിലും മഹാമോശം
അടഞ്ഞ ഒരൊച്ചയാണ്. 
പാട്ടുപാടാനൊന്നും പറ്റില്ല. 
വരയ്ക്കുമോന്നൊക്കെ നോക്കിയതാ.
അതിനും വലിയ താല്‍പര്യമോ കഴിവോ ഇല്ല...
പാവം അവളുടെ കാര്യമോര്‍ക്കുമ്പം സങ്കടം തോന്നും .
വീട്ടിലാണെങ്കില്‍ മഹാ കഷ്ടസ്ഥിതി..
എനിക്കറിഞ്ഞൂടാ ഈ കുട്ടിയെ എന്താചെയ്യണ്ടതെന്ന്...
മാലിനിയെക്കുറിച്ച് അവളുടെ 
നല്ലവളായ നാലാംതരത്തിലെ ടീച്ചര്‍ സങ്കടപ്പെട്ടു. 
അഞ്ചാംതരത്തിലെത്തിയപ്പോളാണ് 
തനിക്കേറ്റവും ഇഷ്ടപ്പെട്ട പണി, 
തന്നെക്കൊണ്ട് ശരിക്കും ചെയ്യാന്‍ പറ്റുന്ന ഒരു പണി 
അവള്‍ കണ്ടു പിടിച്ചത്.
അടിച്ചു വാരല്‍....
അതില്‍പിന്നെ എത്രയടിച്ചുവാരിയിട്ടും അവള്‍ക്കു മതി വന്നില്ല. 
നേരത്തെയിലും നേരത്തെ അവള്‍ സ്‌ക്കൂളിലെത്തി. 
ക്ലാസ്‌റൂം, മുറ്റം., വരാന്ത...
അവളുടെ ചൂല് തൊട്ടിടം കണ്ണാടി പോലെ  മിനുങ്ങി. 
ഒരു പൊടിക്കുഞ്ഞിനു പോലും 
ഒരു മൂലയിലുമോട്ടയിലും ഒളിച്ചിരിക്കാനായില്ല.
ടീച്ചര്‍മാര്‍ പാടാനറിയുന്ന കുട്ടികളെ പാടിക്കാനും 
അഭിനയ വീരന്മാരെ മറ്റൊരു പണിയുമില്ലാത്തപ്പോള്‍ 
വിളിച്ചു കൊണ്ടു പോയി അഭിനയിപ്പിക്കാനും 
കാണിക്കുന്ന അതേ ഉത്സാഹത്തോടെ
മാലിനിയെ വിളിച്ചു കൊണ്ടു പോയി സ്വകാര്യത്തില്‍ 
സ്റ്റാഫ് റൂമോ ഓഫീസ് റൂമോ അടിച്ചു വാരിപ്പിച്ചു തുടങ്ങി. 
അവള്‍ അടിച്ചു വാരിയിട്ട ഇടത്തിന്റെ 
വൃത്തിയും വ്യവസ്ഥയും കണ്ട് 
ചില വാല്യക്കാരത്തി ടീച്ചര്‍മാര്‍ക്ക് 
അസൂയ തോന്നുക പോലും ചെയ്തു. 
വാതരോഗിയായ ഒരു ടീച്ചര്‍ 
ഇവളെ വല്ലതും കൊടുത്ത് ചെറിയ പണികള്‍ക്ക് 
വീട്ടിലേയ്ക്ക് കിട്ടുമോ എന്നും ആലോചിച്ചു. 
പിന്നെപ്പിന്നെ മാലിനിയില്ലാത്ത ഒരു ദിവസം 
സഹിക്കാന്‍ പറ്റാത്ത ഒരു ദിവസമായി. 
മാലിനിയില്ലാത്ത ദിവസംപോലെ എന്നത് 
ഏറ്റവും വൃത്തികെട്ട ഒരു ദിവസത്തിന്റെ വിളിപ്പേരായി. 
വലുതാവുമ്പോള്‍ ഒരു കുറ്റിച്ചൂലും പിടിച്ചുചെന്ന് 
അവളീ ലോകത്തെ മുഴുവന്‍ 
അടിച്ചു തളിച്ചു വെടിപ്പാക്കിയേയ്ക്കും.

23 Jul 2012

യാമിനിയുടെ കൂട്ടുകാര്‍





ഒരിടത്ത് പണക്കൊതിയന്മാരായ ഒരമ്മയും ഒരച്ഛനും 
അവര്‍ക്ക് ഇത്തിരിക്കൊതിയുമില്ലാത്ത 
ഒരു മോളുമുണ്ടായിരുന്നു. 
മോളുടെ പേര് യാമിനി എന്നായിരുന്നു. 
അമ്മയുമച്ഛനും രാപ്പകലിരുന്ന് 
പണക്കണക്കുകൂട്ടിക്കൊണ്ടിരുന്നു. 
പണപ്പരിപാടികളുമായി പലരും വീട്ടില്‍ വന്നു.
 അച്ഛനും അമ്മയും പലപ്പോഴും വീട്ടിലില്ലാതെയായി. 


യാമിനിക്കിപ്പോള്‍ അച്ഛനുമമ്മയുമില്ലാതെ 
വീട്ടിലൊറ്റയാകുമെന്ന ഭയമൊന്നുമില്ല. 
വീട്ടിലും വീട്ടിനോടു ചേര്‍ന്ന തൊടി നിറയെയും 
അവളുടെ പ്രിയപ്പെട്ട കൂട്ടുകാരാണ്.
പാറ്റ, കൂറ, എട്ടുകാലി മുതല്‍ 
അയിനിപ്ലാവുവരെ അവളോടു മിണ്ടും. 
അച്ഛന്റെയും അമ്മയുടെയും 
കണക്കൊക്കെ കൂട്ടിക്കൂട്ടിത്തെറ്റി. 
വലിയ കടം വന്നു. 
ഒരു രാത്രി അച്ഛനുമമ്മയും അത്താഴച്ചോറില്‍ വിഷം കുഴച്ചു. 
ആദ്യം മോള്‍ക്ക് കൊടുക്കാം. 
അച്ഛന്‍ പിറു പിറുത്തു..
മോളേ... മോളേ... അമ്മ വിളിച്ചു, 
ഇന്ന് മോള്‍ക്ക് അമ്മ വാരിത്തരാം ചോറ്..
മോളിങ്ങടുത്തുവാ...


അവളുടെ കാതില്‍ വന്നൊരു ചിലന്തി ഉച്ചത്തില്‍ ചിലച്ചു. 
എനിക്കിന്ന് ചോറു വേണ്ട..
അവള്‍ പറഞ്ഞു, എനിക്കിന്നു വിശപ്പേയില്ല. 
ഒരു കടവാതില്‍ ആരോ പറഞ്ഞയച്ചിട്ടെന്നപോലെ 
ശരം വിട്ടപോലെ 
ഇരുട്ടില്‍നിന്നകത്തേയ്ക്കു പാഞ്ഞു കയറി.
മുറ്റത്തെ അയനിപ്ലാവ് കാറ്റൊന്നുമില്ലാതെ ഉലഞ്ഞു. 


എന്താടീ നിനക്കു വേണ്ടാത്തത്...
അച്ഛനു വേഗം ദേഷ്യം വന്നു. 
അയാള്‍ പിടിക്കാനെത്തും മുമ്പെ 
അവള്‍ മുറ്റത്തേയ്‌ക്കോടിയിറങ്ങി. 


ഇരുട്ട് അമ്മയ്ക്കുമച്ഛനും 
എത്ര തിരഞ്ഞാലും 
കണ്ടെത്താനാവാത്തത്ര ആഴത്തില്‍ അവളെ ഒളിപ്പിച്ചു.


22 Jul 2012

അമ്മ കൂടാന്‍വരുമ്പോള്‍



അമ്മ കൂടാന്‍ വന്നാല്‍ 
വാലുപോല്‍ പിന്നാലുണ്ട് 
വരുന്നൂ ഓട്ടുചട്ടിയി-
ലടചുട്ടശര്‍ക്കരപ്പാവ്
തേങ്ങയില്‍ വെന്തതിന്‍ മണം.
ആലയില്‍പ്പൈക്കിടാവിന്റെ 
പാല്‍ച്ചുണ്ടുപതതന്‍മണം.
പനിക്കാലത്തുളസിക്കാപ്പി-
ക്കുരമുളകെരിവിന്‍മണം. 
സന്ധ്യയ്ക്കു നാട്ടുചെമ്പക
മടിമടിപ്പൂത്തതിന്‍മണം.


കുടുക്കയില്‍ക്കുഞ്ഞന്‍മത്തി-
യുണക്കനെല്ലിക്കയി-
ലരച്ചകറിപിറ്റേന്ന് 
വെള്ളച്ചോറില്‍ക്കൂട്ടി
പൂച്ചപോല്‍ക്കണ്ണുംപൂട്ടി-
ത്തിന്നും മാദകം രസം.
കടുകില്‍വറുവിട്ട-
മോര്‍ക്കാളന്‍പുളിയല്ല 
ഞരമ്പൊക്കെത്രസിപ്പിക്കും
കടുമാങ്ങാപ്പുളിരസം. 
മധുരത്തക്കാളി-
പ്പഴത്തിന്‍പുളിവേറെ. 
വിലുമ്പിക്കായപച്ചെ-
ക്കടിച്ചാല്‍പ്പുളിവേറെ.
ഓലന്റെ, സാമ്പാറിന്റെ, 
കൂട്ടുപായസത്തിന്റെ, 
പഴമാങ്ങാക്കറിയുടെ,
യമ്മയെതൊട്ടുകൂട്ടിയാല്‍.


അമ്മയെത്തൊട്ടുറങ്ങുമ്പോള്‍
കേള്‍ക്കാം കാളപ്പൂട്ടു
കാലത്തിന്‍ പറകൊട്ട്.


21 Jul 2012

അതേ ഞാന്‍ ഇപ്പഴും




അമ്മയെന്നെപ്പെറ്റിട്ട 
അതേ പടിഞ്ഞാറ്റ പുര. 
അതേ ഇടനാഴി,
കോലായ, 
കിളിവാതിലുകള്‍, 
ഉയര്‍ന്നവാതില്‍പ്പടി. 
പലമണങ്ങള്‍, 
അതേമുറ്റം, വടക്കിനി, 
പ്ലാത്തണണല്,
ചവേലാച്ചിപ്പട,
അമ്മിണിപ്പയ്യിന്റെ 
മോളുടെമോളുടെ മോളുടെമോളും 
ഒരമ്മിണിപ്പയ്യ് 
നിലംമുട്ടുന്ന വാല്,
നെറ്റിയില്‍ ചുട്ടി
അതേ കരിമ്പന്‍ചാണകം 
പതയുന്നപാല് 
അതേമണ്ണ്
തത്തയെപിടിച്ചുതരാമെന്നും
കൊയ്യക്കോണികയറാന്‍പഠിപ്പിക്കാമെന്നും
എന്നുംകള്ളം പറയുന്ന കൊയ്യക്കാരനപ്പാപ്പന്‍
കാക്കക്കലമ്പല്‍
ഇടവഴി പനിച്ചക്കാട് പുല്ലെണ്ണ 
നീറ്റൊഴുക്കിലെ പരല്‍മീനുകള്‍...
അതേഭയങ്ങള്‍ 
അതേ കിനാക്കൊതി 
അതേ ഞാന്‍ ഇപ്പഴും...

20 Jul 2012

ചിറകുള്ള വീട്




1
ചിലലോഗ്യങ്ങള്‍ 
ഒരു ചിരിച്ചെന്നു വരുത്തലിലൊതുങ്ങും. 
ഇപ്പെഴെവിടെയാ എന്ന് 
വേരിനു മേലെ വെച്ച് 
മുറിച്ചെടുത്ത 
ഒരര്‍ദ്ധ വാക്യം വരെ നീളും. 


ചിലത് തിരക്കൊഴിഞ്ഞ 
ഒരു ചായപ്പീടികയില്‍ 
ചായയും ബോണ്ടയും വരെ. 
കടല്‍ത്തീരത്തിനു സമാന്തരമായി 
വാക്കും നിശ്ശബ്ദതയും തുന്നിച്ചേര്‍ത്ത  
പത്തു മിനുട്ടു നടത്തത്തോളം. 


പിരിയും മുമ്പെ 
അച്ഛന്റെ കുഴഞ്ഞു കിടത്തത്തെപ്പറ്റി 
അമ്മ...അമ്മ.. എന്ന് 
നാലു വയസ്സു വയസ്സുകാരന്റെ 
പോക്രിത്തരങ്ങളെപ്പറ്റി, 
സങ്കടങ്ങളുടെ കിണറ്റില്‍ 
വെള്ളം എത്രത്തോളം ഇറങ്ങിയെന്ന്
എത്തി നോക്കുകയേയില്ലാത്ത, 
വീട്ടിയേയ്ക്കു വിളിക്കാത്ത, 
വന്നാല്‍ കോലായിലേയ്ക്കു കയറാത്ത 
ഒരു പരിചയത്തിലേയ്ക്കും
പെന്‍ഷന്‍ പറ്റിപ്പോന്ന 
ആ മരിച്ച സര്‍ക്കാരോഫീസിലേക്കെന്ന പോലെ 
ഞാനിനി ഇല്ല.


2
വീട്ടില്‍ വരുമ്പോള്‍ 
നീയെന്റെ കോലായില്‍ 
തണുത്ത സിമന്റു ബഞ്ചില്‍ 
ഉടുത്തതുലയുമോ 
എന്ന വിഹ്വലതയുമായി 
ഇപ്പോള്‍ പറക്കും എന്ന മട്ടില്‍ ഇരിക്കരുത്. 
ജനലും വാതിലുമൊക്കെ തുറന്നിട്ട 
ഒരുവീട്ടിലേയ്ക്ക് കാറ്റു പോകുമ്പോലെ 
നീയകത്തേയ്ക്കു പോകണം. 
കിടപ്പു മുറിയില്‍ കൂട്ടിയിട്ട 
മുഷിഞ്ഞ വിരികളില്‍ കോപിഷ്ഠയായി
നീയെന്നെ കുത്തിപ്പിഴിയണം. 
എന്റെ വേവായ്മകളെ ചക്കയേറ്റണം.


എഴുത്തു മേശമേല്‍ വലിച്ചു വാരിയിട്ട 
കടലാസു പുസ്തകങ്ങള്‍ 
നീപോലുമറിയാത്ത ശ്രദ്ധയോടെ 
നിന്റെ വിരലുകള്‍ അടുക്കിക്കൊണ്ടിരിക്കും. 
കഴിഞ്ഞ രാത്രിയിലും 
ആത്മഹത്യാക്കുറിപ്പെഴുതിവെച്ച 
എന്റെ തുറന്നിട്ട എഴുത്തു പുസ്തകം 
വിതുമ്പുന്ന ചിരിയോടെ 
നീയടച്ചു വെയ്ക്കും..
അടുക്കളയില്‍ എന്നേ അണഞ്ഞു പോയ 
ഒരടുപ്പിനു മുന്നില്‍ മാടിക്കെട്ടിയിരുന്ന് 
എഡോ ഇനി നമുക്കൊരു കാപ്പിയിടാമെന്ന് 
നീയുറക്കെയുത്സാഹിപ്പിക്കുന്നതു കേട്ട് 
അമ്മയെക്കണ്ട ചെക്കനെപ്പോലെ 
എന്റെയിപ്പാഴ് വീട് 
അതിന്റെ പുരാതനമായ 
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് 
ചിണുങ്ങാന്‍ തുടങ്ങും.


3
പ്രണയത്തിന്റെ ശവകുടീരത്തെ 
വീടെന്നു വിളിക്കരുത്. 
വ്യാമോഹങ്ങളുടെ സൂക്ഷിപ്പു പുരയെ 
വീടെന്നു വിളിക്കരുത്. 
നീളന്‍ നിഴലുകള്‍ കൊരുത്തു കെട്ടിയ 
ഇന്നലെയുടെ തടവുമുറിയെ 
വീടെന്നു വിളിക്കരുത്. 
കല്ലും കട്ടയുമടുക്കി, വീടായില്ല. 
സിമന്റും കമ്പും കോര്‍ത്തു, 
നിറവുമലങ്കാരവുമൊരുക്കി ,
വീടൊരുങ്ങിയില്ല. 


നോക്ക്, 
എന്റെ പ്രാണഞരമ്പില്‍ 
കുരുക്കിയിട്ട ഒരൊറ്റക്കരിയില. 
നീ കൂവിയിട്ടൂയലാടിയിട്ടും പൊട്ടിയില്ല. 
നിന്റെ അടയിരിപ്പിന്റെ ചൂടില്‍ 
മുട്ടപൊട്ടി വിരിഞ്ഞു, 
ചിറകുള്ളവീട്...

19 Jul 2012

സ്വപ്നഭാഷ




ചുണ്ടുകളനക്കിക്കൊണ്ട് 
അവള്‍ സ്വപ്നം കാണുകയായിരുന്നു. 
പിറുപിറുപ്പു കേട്ടുണര്‍ന്ന് 
അയാള്‍ സാക്ഷിയായി. 


അവളപ്പോള്‍ ഐശ്വര്യവതിയും 
സുന്ദരിയുമായി കാണപ്പെട്ടു. 
എല്ലാ വേദനയും അടങ്ങിയവള്‍. 
ഒരിക്കലും മാറുകയില്ലെന്ന് 
ഡോക്ടര്‍ വിധിയെഴുതിയ അപസ്മാരമടക്കം 
എല്ലാ രോഗവും ശമിച്ചവള്‍. 
കണ്ണുകള്‍ക്കു കീഴിലെ കരിവാളിപ്പ് 
കഴുത്തിനു കീഴിലെ 
അസ്ഥികളുടെ എടുത്തു പിടിപ്പ് 
എല്ലാം അപ്രത്യക്ഷമായി. 
മുത്തശ്ശി മഞ്ഞളും ചന്ദനവും തേച്ചു 
പരിപാലിച്ച പോരുന്ന 
പതിനേഴു കാരിയെപ്പോലെ മൃദുലയായി. 
നിശ്വാസത്തിന് ഗുളികമണം ഇല്ലാതായി.
രാത്രി വിരിഞ്ഞ പൂവില്‍ നിന്നെന്നപോലെ സുഗന്ധം .


അവളുടെ പിറുപിറുപ്പുകളിലേയ്ക്കയാള്‍ 
കാതു ചേര്‍ത്തു വെച്ചു. 
അത് അവളുടെ ചിലമ്പിച്ച, 
അകാരണമായി പെട്ടിത്തെറിക്കുന്ന, 
ഏങ്ങുന്ന ഭാഷയായിരുന്നില്ല, 
മേഘങ്ങളുടെയോ വൃക്ഷങ്ങളുടെയോ ഭാഷ. 
വാക്കുകള്‍ക്കിടയില്‍ ധാരാളം ഒഴിവിടം. 
നീരൊലിപ്പിന്റെതുപോലെ ഈണം.  
അപ്പുറം ദൈവമോ 
എന്നു തോന്നിക്കുന്ന മയം. 
ഗന്ധര്‍വ്വനോ എന്നു തോന്നിക്കുന്ന
നിറയെ പരിഭ്രമമുള്ള പ്രേമം. 


രാവിലെ 
തുറന്നിട്ട ജാലകത്തോടു ചേര്‍ത്തു
നിവര്‍ത്തിക്കെട്ടിയ ചിലന്തിവലയില്‍ 
മരണവിശ്രാന്തിയില്‍ക്കിടന്ന 
നിശാശലഭത്തെ നോക്കി നില്‍ക്കെ 
അകത്തു നിന്ന,്  പതിവുപോലെ, 
മരിച്ച ഒരാളുടെ ശബ്ദം 
നിങ്ങളുടെ ചായ തണുക്കുന്നു
എന്നയാളെ വിളിച്ചു.

18 Jul 2012

ഭൂമികുലുക്കം




നീനിന്റെ ലോലാക്കല്ല 
മുടിപ്പിന്നല്ല, 
താലിമാലയുംനെക്ലേസുമല്ല
ബ്രേസിയറും ജംബറുമല്ല 
അരഞ്ഞാണമല്ല 
കാല്‍മണിക്കിലുക്കമല്ല 
ലിപ്റ്റിക്കല്ല 
നെയില്‍പ്പോളിഷല്ല 
തരിവളക്കിലുക്കമല്ല എന്ന് 
ഞാനളെ ഒന്നൊന്നാഴിച്ചിട്ടു, 
അവളോ 
ഞാനെന്റെ 
കാര്‍കൂന്തല്‍ക്കെട്ടുമല്ലെന്ന് 
മുടിയറുത്തിട്ട് 
ചുംബനവുംശീര്‍ക്കാരവുമല്ലെന്ന് 
ചുണ്ടരിഞ്ഞ് 
അമൃതുംവിഷവുമല്ലെന്ന്
മുലയരിഞ്ഞ് 
മുഖത്തെറിഞ്ഞ് 
അടിവയറുംതുടയഴകുമല്ലെന്ന് 
അകംപൊളിച്ച് 
തൂണുപിളര്‍ന്ന്പുറത്തുകടന്നു.

17 Jul 2012

പ്രണയം ഒരാളെമാറ്റിയെഴുതുന്നില്ല

പ്രണയം ഒരാളുടെ 
ഒരുചില്ലപോലും വെട്ടിമാറ്റുന്നില്ല 
ചുവരില്‍ പുതിയതായൊരു 
കിളിച്ചിത്രംപോലും കൊണ്ടുതൂക്കുന്നില്ല, 
പുതിയ റോഡ,് 
പുത്തന്‍പാലം, 
കൈവരിപിടിപ്പിച്ചനടപ്പാത ഒന്നുമില്ല, 
മുറ്റം കോണ്‍ക്രീറ്റുപാവുകയോ 
ടൈല്‍സുനിരത്തുകയോചെയ്യുന്നില്ല,
വാരിച്ചിട്ട കസേരകള്‍ 
അരികിലേക്കൊതുക്കിവെയ്ക്കുന്നു.
ജനാലപ്പോള ആകാശത്തിനുനേരെ 
തുറന്നിടുന്നു. 
ചുളിഞ്ഞ കിടക്കവിരി 
ഒന്നു മുട്ടിവിരിക്കുന്നു. 
പുസ്തകങ്ങള്‍ റാക്കിലേയ്ക്കു മാറ്റുന്നു, , 
പ്രണയം ഒരാള്‍ക്കുള്ളില്‍നിന്ന് 
ഒന്നും എടുത്തുമാറ്റുന്നില്ല 
കൊണ്ടുവെയ്ക്കുന്നില്ല 
ഒന്നടുക്കിപ്പെറുക്കിവെയ്ക്കുന്നു,
അത്രമാത്രം.


16 Jul 2012

ഉത്തരരാമായണം; രംഗം ഒന്ന് ഒരലക്കുകാരന്റെ ഉപദേശം



രാമാ, 
അവള്‍ പഴയ അവളല്ല. 
പത്തുതലയുള്ള ഒരാളാല്‍ 
മോഹിക്കപ്പെട്ടവള്‍. 
ഇരുപതു കൈയ്യുമുള്ള ഒരാളാല്‍ 
കവര്‍ന്നെടുക്കപ്പെട്ടവള്‍.് 
ഇരുപതു കടലുള്ള ഒരു നെഞ്ചിന്റെ കാമം 
അവളുടെ തീരങ്ങളില്‍ വന്നലച്ചു. 
നോക്ക് നിന്റെ കയ്യിലെന്താണിരിപ്പ്? 
കിരീടംപൊതിയാന്‍ പാകത്തിലൊരൊറ്റത്തല.
കൊളുത്തിക്കെട്ടിയരണ്ടു കൈകള്‍. 
നിന്നെപ്പൊതിയുന്ന കടല്‍ തിരയറ്റത് 
അതിന്റെ ജലം ഒഴുക്കറ്റു മരിച്ചത്. 
രാമ, അവളുടെ ഗര്‍ഭത്തില്‍ 
കൊടുങ്കാറ്റിന്റെ ബീജങ്ങള്‍. 
ഇനിയുള്ള ഓരോ രാത്രിയിലും 
രാജഭാരത്തിന്റെ തളര്‍ച്ചയില്‍ 
നീ ബോധം കെട്ടുറങ്ങുന്ന തണുപ്പില്‍
മഴവില്ലു തൂവുന്ന സ്വര്‍ണക്കിനാവുകള്‍ 
അവളെ അപഹരിക്കും. 
വംശാഭിമാനത്തിന്റെ 
പുരാതന ഗോപുരം 
അടിയിളകി വീഴും മുമ്പ്, 
കപ്പല്‍ച്ചേതത്തില്‍ 
അവതാരകഥയുടെ
കടലാസുതോണിമുങ്ങും മുമ്പ് 
കളയൂ കളയൂ 
കൊടുങ്കാട്ടിലോ കാട്ടുതീയിലോ കളയൂ
അടികത്താന്‍ തുടങ്ങിയ,
അഴിപൊട്ടിച്ചിളകിത്തുടങ്ങിയ 
ഈ പ്രളയ സീതയെ.


15 Jul 2012

ഒരു കിളിയും അതിന്റെ ചില്ലയും




നിനക്കു രണ്ടുവയസ്സുള്ളപ്പോളൊരിക്കല്‍ 
ഒരു മഴക്കാലത്ത് ഞാന്‍ ശീമക്കൊന്ന മരക്കൊമ്പുകള്‍ 
വെട്ടി നടുകയായിരുന്നു. പിന്‍മുറ്റത്ത് .
കൊടുവാളുയര്‍ത്തി. 
പെട്ടെന്ന് നീയങ്ങോട്ടോടി വന്നു. 
കുഞ്ഞുവിരലുകള്‍ എന്റെ നേരെ നീട്ടി 
കണ്ണീരും ആജ്ഞയും കലര്‍ന്നശബ്ദത്തില്‍ 
ഉറക്കെപ്പറഞ്ഞു, 
അച്ഛാ, ആ മരം വെട്ടരുത്. 
അപ്പോഴേയ്ക്കും ശീമക്കൊന്നയുടെ തടിച്ച കൊമ്പില്‍ 
മൂര്‍ച്ചയുള്ള കൊടുവാള്‍ 
ഊക്കില്‍ വീണുകഴിഞ്ഞിരുന്നു. 
മഴയില്‍ക്കുരുത്ത അനേകായിരം തളിരിലകളുമായി 
ആ ശിഖരം താഴേയ്ക്കു പതിക്കുന്നതുകണ്ട്
നീയാര്‍ത്തുകരയാന്‍ തുടങ്ങി. 
അത്ര ദുഖത്തോടെ, നെഞ്ചുപിളര്‍ന്നതുപോലെ, 
അതിനു മുമ്പോ ശേഷമോ നീ കരഞ്ഞിട്ടുണ്ടാവില്ല. 
ഒക്കത്തെടുത്ത് സമാധാനിപ്പിക്കാന്‍ നോക്കിയതൊന്നും 
നീ കേട്ടില്ല. 
തളര്‍ന്നുറങ്ങിപ്പോകുംവരെ  
പലതും വിക്കിവിക്കിപറഞ്ഞ് നീ കരഞ്ഞു, 
എന്നും രാവിലെ 
കഞ്ഞികുടിക്കാനടുക്കളപ്പടിയിലിരിക്കുമ്പോള്‍ 
ഒരു കാക്കക്കുയില്‍ 
ആ ശീമക്കൊന്നയുടെകൊമ്പില്‍ വന്നിരുന്ന് 
ഒരോന്നും പാടും. 
അവനായിരുന്നു നിന്റെ ആദ്യത്തെ  കൂട്ടുകാരന്‍,..


അച്ഛാ, ഉണര്‍ന്നയുടന്‍ വിങ്ങുന്ന ഒച്ചയില്‍ പതുക്കെ
നീയെന്നോടു ചോദിച്ചു, 
രാവിലെ കിളി വന്നാല്‍ എവിടെയിരിക്കും? 
നിന്റെചോദ്യം ഒരു സൂചിയെക്കാള്‍ മുനയുള്ളതായിരുന്നു. 
അതെന്റെ ഹൃദയത്തില്‍ തുളഞ്ഞു കയറി. 
വേറെയൊരുകൊമ്പില്‍ എന്നു നുണപറയാന്‍ശ്രമിച്ചെങ്കിലും
എനിക്കതിനു പറ്റിയില്ല. 
ഇല്ല, ഒരുകിളിക്ക് ഒരു കൊമ്പേയുള്ളൂ, 
അതു മുറിക്കപ്പെട്ടാല്‍ പന്നെയാ കിളിയുമില്ല 
അതിന്റെ കൂവലുമില്ല...

14 Jul 2012

പുതുമരം





പരസ്പരം വെട്ടിത്തിന്നും 
ബുദ്ധികൊണ്ടടരാടിയു-
മൊടുങ്ങിയ കുലത്തിന്റെ
കഥനത്തിന്നന്ത്യരംഗത്തില്‍
്ഒടുക്കത്തെ മനുഷ്യന്റെ 
ഭീകര ശരീരത്തെ-
യുറുമ്പുകളുന്തിക്കേറ്റി
കുന്നിന്റെയഗ്രത്തേയ്ക്ക്.
പാറകള്‍ക്കിടയ്ക്കുള്ള 
കുഴിയില്‍ വലിച്ചിട്ട് 
മണ്ണിട്ടുമൂടീട്ടവര്‍
വരിയിട്ടിറങ്ങിപ്പോന്നു.


പിറ്റേന്നു താഴ്‌വാരത്തെ 
മാന്‍കുഞ്ഞു നോക്കുന്നേരം
മലതന്‍ മൂദ്ദാവിലാ-
യിന്നലെക്കാണാത്തതാ-
മദ്ഭുത വനവൃക്ഷം.
അതിന്റെ പത്രത്തി-
ന്നോരോന്നിന്നോരോ നിറം. 
ചില്ലയില്‍ കാറ്റുകൊണ്ടപ്പോ-
ളായിരം നാദസ്വരം.


13 Jul 2012

ബാക്കി






സ്‌നേഹിതാ, 
നീ ബാക്കി വെച്ചതൊക്കെയും 
ഇതാ 
അങ്ങനെ തന്നെയിവിടെയുണ്ട്. 


റയില്‍വേപ്പാളങ്ങള്‍ക്കപ്പുറത്തെ, 
പച്ചമരങ്ങള്‍ക്കുമപ്പുറത്തെ, 
ആകാശത്തെ കാണിച്ചു തരുമായിരുന്ന 
ജാലകത്തിന്നടുത്തുള്ള ചുമരില്‍ 
നിന്റെ ചാരിയിരിപ്പിന്റെ എണ്ണപ്പാട്. 
പിന്നെയും കത്തിക്കാനായി 
നീയെടുത്തു വെച്ച 
പാതിയെരിഞ്ഞ തെരുപ്പു ബീഡി. 
കഫക്കാറലൊച്ചയാല്‍ 
നീ പാടുമായിരുന്ന ഇടശ്ശേരി. 
ജനാലക്കമ്പിയില്‍ 
ആയിരം ദ്വാരങ്ങള്‍ വീണ 
നിറം കെട്ട തോര്‍ത്തുമുണ്ട്. 
മരറാക്കില്‍ 
ചിട്ടയില്ലാതടുക്കി വെച്ച 
മുഷിഞ്ഞ പുസ്തകങ്ങള്‍. 
ഒരിക്കലും ചേര്‍ന്നു ചേര്‍ന്നിരിക്കാനിടയില്ലാത്ത 
നിന്റെ നിലതെറ്റിയ വിചാരങ്ങള്‍, 
സീലിങ്ങില്‍ പഴയ ഫാനഴിച്ചു മാറ്റിയിടത്തെ 
കമ്പിക്കൊളുത്ത്, 
ജീവിതത്തില്‍ നിന്നു 
മരണത്തിലേയ്ക്കു കുതിക്കവേ 
നീ കാല്‍ വിരലിനാല്‍ തട്ടിമറിച്ചിട്ട മരക്കസേര. 
നിലത്ത് എത്ര തുടച്ചിട്ടും മായാതെ 
മരണ ദ്രവത്തിന്റെ കറ. 
സിദ്ധാന്തങ്ങള്‍ക്കൊടുവില്‍് 
വിളക്കണഞ്ഞു കഴിഞ്ഞാല്‍ 
ചകിതനായ ചെറു പയ്യനെപ്പോലെ 
നീ പിന്നില്‍  നിന്നും ചുറ്റിപ്പിടിക്കുമ്പോള്‍ 
നിറയുന്ന നിന്റെ പാവം മണം. 


ബാക്കിയില്ലാത്തത്, 
നിന്റെ മെലിഞ്ഞ, 
കനമില്ലാത്ത 
ആ ഇരുണ്ട ശരീരം മാത്രം. 

12 Jul 2012

പൂഴിപുരണ്ട മുഖങ്ങള്‍




കളിയും പുകിലുംകഴിഞ്ഞിത്തിരി വൈകി 
പുരയിലേയ്ക്കു മടങ്ങവേ 
അഭിരാമിന് 
ഇടവഴിയില്‍ നിന്നൊരു മുഖം വീണുകിട്ടി. 
നിലത്തേയ്ക്കു തിരിഞ്ഞായിരുന്നു കിടപ്പ് 
കാലോണ്ടു തട്ടിയപ്പോള്‍ മുഖാമുഖമായി. 
ആകെ പൊള്ളിയിരുന്നു.
ഇന്നാരെന്നു പറയാനാവാത്ത വിധം 
ചതഞ്ഞും മുറിഞ്ഞും അടര്‍ന്നുമിരുന്നു. 
എന്നാലും ഒരു മുഖമല്ലേ.
ചെളി പറ്റിയ ഉണ്ണിമാങ്ങയെ
തിന്നാന്‍ പാകത്തിലാക്കുന്ന 
അതേ മിടുക്കോടെ വെടിപ്പു വരുത്തി. 
വീടെത്തിയപ്പോള്‍ അമ്മ, വനജ 
കുട്ടീടെ കയ്യിലെന്താണെന്നു കണ്ടന്തംവിട്ടു. 
കൊണ്ടക്കളയെടാ പൊട്ടാ, എന്നാക്രോശിച്ചു, 
ചെക്കനതുമായി പടിയിറങ്ങിത്തുടങ്ങിയപ്പോള്‍ 
ആരാണത് എന്നറിയാനൊരാന്തലായി. 
തിരികെ വിളിച്ചടുത്തുവെച്ചു നോക്കി. 
ഒറ്റനോട്ടത്തിലേ തോന്നി പലരേം .
തിരിച്ചു നോക്കിയപ്പോഴത്തെയാളല്ല
മറിച്ചു നോട്ടത്തില്‍. 
കണ്ണിലെയാളല്ല കാതില്‍. 
മൂക്കുകൊണ്ടൊരാള്‍. 
ചുണ്ടടപ്പുകൊണ്ട് വേറൊരാള്‍  
വറ്റിയ ഒച്ചയുടെ ഊറല്‍കൊണ്ട് പിന്നെയൊരാള്‍....
എത്രപേരാണ് ഇങ്ങനെ പൊള്ളിച്ചകളുമായി 
പൂഴിമണ്ണില്‍ നിന്ന് കണ്ടു പിടിക്കപ്പെട്ട് 
തിരികെക്കൊണ്ടുവരാവുന്നവരായി...


കളഞ്ഞേയ്ക്ക്, 
അവള്‍ കുഞ്ഞിനോടു പറഞ്ഞു...
ആരായിട്ടിനിയെന്ത്....

11 Jul 2012


കാലത്തെ തോല്പിച്ചവള്‍
ഇന്നലെ പത്തുനാല്‍പ്പതു
കൊല്ലം കഴിഞ്ഞു ഞാനെന്റെ
കൗമാരക്കടച്ചില്‍ക്കാലം
മിന്നലായ് കത്തി നിന്നൊരു
പെണ്ണിന്റെ ചൊന്നാലൊട്ടും
വിശ്വാസം വരാത്തത്ര
പണിക്കുറ തീര്‍ന്ന രൂപത്തെ
യദൃച്ഛയാ കണ്ടു മുട്ടുന്നു.

അതൊരു പഴേമട്ടു
കളിപ്പാട്ട വില്പനക്കട,
എനിക്കൊരു പാവയെ വേണം,
ഒരാള്‍ക്കു സമ്മാനിക്കാന്‍.
പണപ്പൊതി തുറക്കുമ്പോള്‍
കടക്കാരി ചിരിച്ചും കൊ-
ണ്ടിയാളെന്നെ മറന്നോയെന്ന്.
നുണക്കുഴിപ്പൂമണത്താലെ
യെനിക്കെന്റെ പ്രാണനെപ്പാമ്പ്
കൊത്തിയ ബോധക്ഷയം.

അരക്കാപ്പി മുത്തിക്കൊണ്ടു
ചോദിച്ചൂ; കാലത്തെ നീ
തോല്‍പ്പിച്ചതേതു വിദ്യയാല്‍?
പറയില്ലതു പറഞ്ഞാലാ
നിമിഷം ജരാ നരാ
ബാധയാല്‍ മൂടിപ്പോകു
മെന്നവള്‍ ബിസ്‌ക്കറ്റൊന്നു
കടിച്ചും കൊണ്ടോതിയുത്തരം.
എനിക്കാ കീഴ്ച്ചുണ്ടിലെ
യിത്തിരി ബിസ്‌ക്കറ്റ്തരി
മുരത്ത വിരല്‍ത്തുമ്പാല്‍
പതുക്കെ തുടയ്ക്കാന്‍ തോന്നി.

10 Jul 2012

പഴക്കം




കളിക്കാന്‍ വിളിച്ചപ്പോള്‍
ചെല്ലാഞ്ഞ കെറുവില്‍ ജനല്‍ 
പടിയില്‍ ചാരിനിന്നൊരു
വെയില്‍ച്ചീളു കളിയാക്കി.
അറിഞ്ഞില്ലടിക്കൊട്ട
ദ്രവിച്ചതും സൂക്ഷിക്കുവാന്‍ 
ഉള്ളിലേയ്ക്കിട്ട തൂവലും 
പീലിയും മണിമുത്തും
മഞ്ചാടിയുമിനിപ്പവും
കൂട്ടും കുട്ടിത്തവും 
പ്രേമവും പിണക്കങ്ങളും
പേടിയും മായാലോകം
വിരിയും പൂക്കാലത്തില്‍ 
വിത്തും വിസ്മയങ്ങളും 
ഇല്ലെന്നു പയാനുള്ള മടിയും
പോകാന്‍ വിളിച്ചാലപ്പോള്‍
വാതിലുമടച്ചങ്ങോ-
ട്ടിറങ്ങാനുള്ള വെമ്പലും
നിലാവിലാകാശത്തില്‍
തത്തപോല്‍പറന്നെത്തി
താരകപ്പൊട്ടുമിന്നാട്ടം
പെറുക്കും സങ്കല്‍പവും
വെയിലും വെളിച്ചവും 
ഒന്നൊന്നായെങ്ങൊക്കെയോ 
തൂവിനീയിപ്പോഴുള്ളം 
ഒഴിഞ്ഞ് നിശ്ശൂന്യനായ് 
നിസ്വനായ് പുറംതോടായി
ചപ്പത്തുണിപോല്‍ മൂല-
യ്ക്കിരുട്ടില്‍ മുഖം പൂഴ്ത്തും
വെറും വയസ്സനായത്.

9 Jul 2012

നിശാചരി




1
അവള്‍ തന്നെയവള്‍ക്കന്നം. 
പച്ചയ്ക്കും പാകം ചെയ്തും
്ഇത്തിരി മധുരിച്ചും
മടുത്തും ചവര്‍പ്പായും
കയ്പ്പാകെ കടിച്ചമര്‍ത്തിയും
തന്നെത്താന്‍
തിന്നു തീര്‍ക്കുന്നു.
2
തന്നില്‍ത്തന്നെ കൂടുവെച്ചവള്‍.
മഴയെപ്പുറത്താക്കി 
വെയിലിന്റെ കണ്ണുവെട്ടിച്ച്
മഞ്ഞില്‍ വട്ടംപൂണ്ട് 
ഒരുമൂലയടുപ്പാക്കി-
യെതിര്‍മൂലകിടപ്പാക്കി-
യുണ്ണുമ്പോളുറങ്ങാതെ 
വയറ്റിലെക്കനല്‍ത്തീയി-
ന്നോരത്തുമുഖംപൂഴ്ത്തി.



3
തേച്ചും മിനുക്കിയു-
മൂട്ടിയുമുറക്കിച്ചും 
തൊട്ടും തലോടിയും 
താന്‍തന്റെ പാവയെന്നപോല്‍. 
തന്നെത്താന്‍പ്രേമിക്കുന്നോള്‍
എന്നിട്ടും പിടിവിട്ടു 
താഴെ വീണുടയുന്നോള്‍.
4
കവിയെ, രാജാവിനെ, 
ജ്ഞാനിയെയജ്ഞാനിയെ
വണിക്കിനെയറിഞ്ഞവ
ളനുഭവിച്ചില്ല ദൈവത്തിന്‍
ദയയോലുന്ന പൗരുഷം. 
അവളുടെ വാതില്‍ക്കലും 
അങ്ങോരുടെ മടിശ്ശീല
യൊഴിഞ്ഞൊറ്റയുറുപ്പിക
നാണയംപോലുമില്ലാതെ.
5
വിശുദ്ധയുടെയുടയാട-
യുടുക്കാന്‍ കൊടുത്തപ്പോള്‍
നിറംമുക്കിയനഗ്നത
യതാണു താനെന്നവള്‍.
താന്‍തന്നെകാവല്‍നിന-
ക്കെന്നവള്‍ക്കുള്ളില്‍ദൈവം
തരിക്കും തീമൊട്ടായി
പിറക്കാന്‍ കുരുത്താറെ
അവളിതാ പിഴുതെടുക്കാനായ്
കൊടിലിന്റെ ക്യൂവില്‍നില്‍പ്പൂ!



8 Jul 2012

മരണശയ്യയില്‍




അവള്‍ മരണ ശയ്യയില്‍. 
മരണം കണ്ണുകള്‍ കെടുത്താന്‍ വേണ്ടി കാറ്റൂതി. 
പിടഞ്ഞ് പിടഞ്ഞ് ആ നീലത്തിരി 
ഇപ്പോള്‍കെടും.
പക്ഷെ അയാള്‍ വിചാരിച്ചു, 
അവള്‍, 
അവളുടെ വിരലുകള്‍, നഖങ്ങള്‍, 
കാല്‍പ്പടം, നെരിയാണി, കണംകാല്‍, 
തുടകള്‍, യോനീഭാഗം, 
പുറം,  അരക്കെട്ട് ,
നാലുമക്കളെ പേറിയുറക്കിയ അടിപ്പള്ള,
ഇത്തിരിയും പഴകിയിട്ടില്ല. 
അവറ്റകളെ നാലഞ്ചുകൊല്ലം വെച്ച് 
അമ്മിഞ്ഞയൂട്ടീട്ടും മുലകള്‍ ഇടിഞ്ഞിട്ടില്ല.


മുടി നരച്ചിട്ടില്ല, 
കവിളൊട്ടിയില്ല, പല്ലുകള്‍ ദ്രവിക്കുകയോ 
അഴുകുകയോ ചെയ്തില്ല. 
നീരുവന്ന് പേശികള്‍ കനം കൂങ്ങിയിട്ടില്ല, 
രക്തസമ്മര്‍ദ്ദംകൊണ്ട് 
ഞരമ്പുകള്‍ വിങ്ങിവീര്‍ത്ത്
 ചെടവേരുകെട്ടിയ മരം പോലെ വികൃതമായിട്ടില്ല.
അവള്‍ക്ക് ഇപ്പോഴും 
തന്റെ ഹൃദയം പടപടാന്ന് മിടിക്കുന്നതുപോലും 
കേള്‍ക്കാന്‍ കഴിയുന്നുണ്ട്. 
കളിയാക്കിച്ചിരിയുടെ വെയില്‍ 
ചുണ്ടിലേക്കൊലിക്കുന്നുണ്ട്.
അവള്‍ക്ക് ഇപ്പഴും 
ജീവിതത്തിന്റെ സൗരഭ്യം. 


അവള്‍ മരിച്ചിട്ടും ജീവിക്കുന്നു, 
താനോ, ജീവിച്ചിരിക്കെ തന്നെ മരിച്ചു.

4 Jul 2012

അറിഞ്ഞതില്ലല്ലോ





അടഞ്ഞ കണ്ണിലും 
തെളിഞ്ഞ കാണ്‍മത്.
ചെവി വട്ടം പിടി-
ച്ചുയിരമര്‍ത്തുമ്പോ
ളകത്തു കേള്‍ക്കാകു
മതിന്റെ പല്ലവി.


വിശപ്പണഞ്ഞതാം 
രശനയാലതിന്‍
വിശുദ്ധ മാധുര്യ
മകം നിറകെയും. 


ഇറുത്തെടുക്കുവാന്‍ 
വിരലുവെയ്ക്കുമ്പോള്‍
ജലമുകുളത്തിന്‍
സുവര്‍ണ പിഞ്ചിക-
യടര്‍ത്തുവാന്‍ വൃഥാ
തുനിഞ്ഞ പോലെയും.











1 Jul 2012

മഴേം വെയിലും



അമ്മൂനെ നുമുക്കൊന്നു പറ്റിക്കണം. 
മഴയും വെലിലും തമ്മില്‍ത്തമ്മില്‍ പറഞ്ഞു. 
പുതിയ പുള്ളിക്കുട കിട്ടിയപ്പം 
എന്താ അവളുടെയൊരുഭാവം. 
പവറച്ചി... 
മഴ കുശുമ്പു കൂട്ടി... 
പാവം... വെയിലിനു തോന്നി. 
എന്നാലും ചെറിയ പറ്റിക്കലിന് ഒരു രസമുണ്ട്. 
അമ്മു സ്‌ക്കൂളിലേയ്ക്കിറങ്ങാന്‍ നേരം 
വിസ്തരിച്ചുള്ള ചിരിയുമായി 
വെയില്‍ മുറ്റത്തു തന്നെ ചെന്നു നിന്നു. 
പുള്ളിക്കുടേ,
ന്റെ വാവ ന്ന് സ്‌ക്കൂള്ള് വരണ്ടാട്ടോ, 
എന്ന് കുടയെ മേല്‍പ്പടിമേല്‍ വെച്ച് അമ്മു
സഞ്ചിയുമെടുത്ത് ഓടി. 
പാടത്തിന്‍ നടുക്കെത്തിയതും 
വെയിലെങ്ങോ ഓടിയൊളിച്ചു. 
മഴയവള്‍ക്കു ചുറ്റും മുമ്പൊന്നും പെയ്യാത്തത്ര ശക്തിയില്‍ 
ചറപറാന്ന് തുള്ളി.  
ആകെ നനഞ്ഞ് സ്‌ക്കൂളിറയത്ത് 
മരക്കൊമ്പത്തെ കാക്കക്കുഞ്ഞിനെപ്പോലെ 
കൂനിയൊതുങ്ങി നിന്നപ്പോള്‍ മഴയും വെയിലും 
കുഞ്ഞിക്കാറ്റിനേം കൂട്ടി വന്ന് പറ്റിച്ചേ പറ്റിച്ചേ എന്ന് കൂവി...
പൊട്ടന്‍മാരെ, അമ്മു പറഞ്ഞു, 
എനിക്കീ മഴ കൊള്ളലെന്തിഷ്ടാന്നോ..
അമ്മേപ്പേടിച്ചാ 
ഞാനീ കൊടേം തൂക്കി നടക്കണതു തന്നെ...