20 Jul 2012

ചിറകുള്ള വീട്




1
ചിലലോഗ്യങ്ങള്‍ 
ഒരു ചിരിച്ചെന്നു വരുത്തലിലൊതുങ്ങും. 
ഇപ്പെഴെവിടെയാ എന്ന് 
വേരിനു മേലെ വെച്ച് 
മുറിച്ചെടുത്ത 
ഒരര്‍ദ്ധ വാക്യം വരെ നീളും. 


ചിലത് തിരക്കൊഴിഞ്ഞ 
ഒരു ചായപ്പീടികയില്‍ 
ചായയും ബോണ്ടയും വരെ. 
കടല്‍ത്തീരത്തിനു സമാന്തരമായി 
വാക്കും നിശ്ശബ്ദതയും തുന്നിച്ചേര്‍ത്ത  
പത്തു മിനുട്ടു നടത്തത്തോളം. 


പിരിയും മുമ്പെ 
അച്ഛന്റെ കുഴഞ്ഞു കിടത്തത്തെപ്പറ്റി 
അമ്മ...അമ്മ.. എന്ന് 
നാലു വയസ്സു വയസ്സുകാരന്റെ 
പോക്രിത്തരങ്ങളെപ്പറ്റി, 
സങ്കടങ്ങളുടെ കിണറ്റില്‍ 
വെള്ളം എത്രത്തോളം ഇറങ്ങിയെന്ന്
എത്തി നോക്കുകയേയില്ലാത്ത, 
വീട്ടിയേയ്ക്കു വിളിക്കാത്ത, 
വന്നാല്‍ കോലായിലേയ്ക്കു കയറാത്ത 
ഒരു പരിചയത്തിലേയ്ക്കും
പെന്‍ഷന്‍ പറ്റിപ്പോന്ന 
ആ മരിച്ച സര്‍ക്കാരോഫീസിലേക്കെന്ന പോലെ 
ഞാനിനി ഇല്ല.


2
വീട്ടില്‍ വരുമ്പോള്‍ 
നീയെന്റെ കോലായില്‍ 
തണുത്ത സിമന്റു ബഞ്ചില്‍ 
ഉടുത്തതുലയുമോ 
എന്ന വിഹ്വലതയുമായി 
ഇപ്പോള്‍ പറക്കും എന്ന മട്ടില്‍ ഇരിക്കരുത്. 
ജനലും വാതിലുമൊക്കെ തുറന്നിട്ട 
ഒരുവീട്ടിലേയ്ക്ക് കാറ്റു പോകുമ്പോലെ 
നീയകത്തേയ്ക്കു പോകണം. 
കിടപ്പു മുറിയില്‍ കൂട്ടിയിട്ട 
മുഷിഞ്ഞ വിരികളില്‍ കോപിഷ്ഠയായി
നീയെന്നെ കുത്തിപ്പിഴിയണം. 
എന്റെ വേവായ്മകളെ ചക്കയേറ്റണം.


എഴുത്തു മേശമേല്‍ വലിച്ചു വാരിയിട്ട 
കടലാസു പുസ്തകങ്ങള്‍ 
നീപോലുമറിയാത്ത ശ്രദ്ധയോടെ 
നിന്റെ വിരലുകള്‍ അടുക്കിക്കൊണ്ടിരിക്കും. 
കഴിഞ്ഞ രാത്രിയിലും 
ആത്മഹത്യാക്കുറിപ്പെഴുതിവെച്ച 
എന്റെ തുറന്നിട്ട എഴുത്തു പുസ്തകം 
വിതുമ്പുന്ന ചിരിയോടെ 
നീയടച്ചു വെയ്ക്കും..
അടുക്കളയില്‍ എന്നേ അണഞ്ഞു പോയ 
ഒരടുപ്പിനു മുന്നില്‍ മാടിക്കെട്ടിയിരുന്ന് 
എഡോ ഇനി നമുക്കൊരു കാപ്പിയിടാമെന്ന് 
നീയുറക്കെയുത്സാഹിപ്പിക്കുന്നതു കേട്ട് 
അമ്മയെക്കണ്ട ചെക്കനെപ്പോലെ 
എന്റെയിപ്പാഴ് വീട് 
അതിന്റെ പുരാതനമായ 
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് 
ചിണുങ്ങാന്‍ തുടങ്ങും.


3
പ്രണയത്തിന്റെ ശവകുടീരത്തെ 
വീടെന്നു വിളിക്കരുത്. 
വ്യാമോഹങ്ങളുടെ സൂക്ഷിപ്പു പുരയെ 
വീടെന്നു വിളിക്കരുത്. 
നീളന്‍ നിഴലുകള്‍ കൊരുത്തു കെട്ടിയ 
ഇന്നലെയുടെ തടവുമുറിയെ 
വീടെന്നു വിളിക്കരുത്. 
കല്ലും കട്ടയുമടുക്കി, വീടായില്ല. 
സിമന്റും കമ്പും കോര്‍ത്തു, 
നിറവുമലങ്കാരവുമൊരുക്കി ,
വീടൊരുങ്ങിയില്ല. 


നോക്ക്, 
എന്റെ പ്രാണഞരമ്പില്‍ 
കുരുക്കിയിട്ട ഒരൊറ്റക്കരിയില. 
നീ കൂവിയിട്ടൂയലാടിയിട്ടും പൊട്ടിയില്ല. 
നിന്റെ അടയിരിപ്പിന്റെ ചൂടില്‍ 
മുട്ടപൊട്ടി വിരിഞ്ഞു, 
ചിറകുള്ളവീട്...

No comments: