1 Jun 2011

മുഖാമുഖം

ഗത്യന്തരമില്ലാത്ത
താണുവീണപേയ്‌ക്ഷയ്‌ക്കു മുന്നില്‍
ഇപ്പോള്‍ പറക്കും എന്നമട്ടില്‍
ജീവചരിത്ര വിസ്‌താരങ്ങള്‍ക്കിരുന്നു തന്നു
ആ മുഖ്യകാര്യവാഹകന്‍.
പേരു മുഴുവന്‍ ചോദിച്ചപ്പോള്‍
ഒരൊന്നാം തരക്കാരനുള്ളിലുണര്‍ന്ന്‌
ഒന്നയഞ്ഞെന്നു തോന്നി.
ചോദ്യം ജന്മനാട,്‌ വീട്‌ എന്നായപ്പോള്‍
ഒരു പാണ്ടി ലോറി നിറച്ചും ഓര്‍മ്മകള്‍
ചെങ്കോട്ട കടന്നു വന്നു.
അച്ഛന്‍ അമ്മ എന്നെത്തിയതും
ഒരോര്‍മ്മയുടെ ചൂരല്‍ പതര്‍ച്ചയില്‍ പുളഞ്ഞു.
ഓരോര്‍മ്മയുടെ മെലിഞ്ഞവിരല്‍
മുലപ്പാലുപോലെ നനച്ചു.
ഭാര്യ എന്നുചോദ്യത്തിന്‌
നനഞ്ഞമേഘത്തെ തുളുമ്പാതെ നിര്‍ത്തുന്ന
വേനലാകാശത്തിന്റെ
കുറുമ്പുവിടാത്ത പരുഷതയോടെ ,
ഇല്ല വിഭാര്യനാണ്‌.
അത്രയുമായപ്പോള്‍
എവിടെയും പോകാനില്ലാത്ത
ഒരൊഴിഞ്ഞ മനുഷ്യന്‍
അയാളുടെ പിടയുന്ന കണ്ണിന്റെ ജനാല തുറന്ന്‌
എന്നെ അകത്തേയ്‌ക്കു വിളിച്ചു.
ചൂടുചായ മൊത്തിക്കുടിച്ച്‌ പോകാനെഴുന്നേറ്റപ്പോള്‍
ഇരുപതുകൊല്ലം മുമ്പ്‌ തീവണ്ടിതട്ടി മരിച്ച
മുന്‍കോപിയായ മകന്‍ തിരിച്ചുവന്നിരുന്നെങ്കില്‍
അവനെ തൊടുമായിരുന്ന
അതേപൊള്ളുന്ന വാല്‍സല്യത്തോടെ
അറുപതോളം വര്‍ഷം പഴക്കമുള്ള ആ വിരലുകള്‍
എന്നെ തൊട്ടു.