29-Jun-2013

ജലസ്പന്ദനംവെള്ളമിറ്റിറ്റു 
വീഴ് വതാണെന്നുമെ-
ന്നേറ്റ മിഷ്ടമാമൊച്ച. 

പച്ചവെള്ള
ത്തണുപ്പിനാലുള്ളിന്റെ
ചൂടുപണ്ടേ യടക്കി ഞാന്‍.

പായല്‍ നീക്കി
ക്കുളത്തില്‍ മുഖം മുക്കി-
യെന്ന തോന്നലാണാദ്യമായ് 
അത്ര പേടിച്ചു 
പേടിച്ചൊരുവളെ 
മെല്ലെയൊന്നുമ്മ വെച്ചതും. 

ഏറ്റമിഷ്ടനാം 
കൂട്ടുകാരന്‍ കൂരി
മീനുപോല്‍മുങ്ങി
മാഞ്ഞത്,
ബുദ്ധനുണ്ടിരിപ്പക്കരെ-
ക്കാത്തെന്നെ- 
യെന്നതോന്നലാല്‍ പാതിരാ-
ക്കെട്ടു വള്ളത്തി-
ലക്കരേയ്ക്കാഞ്ഞു 
വീശി വീശിത്തുഴഞ്ഞത്... 
ഗാഢമാമേതൊ-
രോര്‍മ്മയക്കുമുണ്ടൊരു 
ഗൂഢമാം ജലസ്പന്ദനം.


ഒഴുക്കുകള്‍


വേഗം കുറഞ്ഞ ഒഴുക്കുകള്‍ 
എന്നില്‍ തങ്ങി നിന്നു 
വേഗം കൂടിയവ 
എന്നെ കടന്നുപോയി.


മിണ്ടാതിരിക്കൂ

ബഹുമാനപ്പെട്ട മനസ്സേ, 
താങ്കളൊന്നു മിണ്ടാതിരിക്കാന്‍ 
ഞാനെന്തു ചെയ്യണം?


കാവ്യഭാഷ

പൂമരം കുലകുലപ്പൂകൊ-
ണ്ടെളുതും മഹാകാവ്യം. 
കാട്ടാറു കല്ലോലത്താല്‍ 
കുരുവി പിറുപിറുക്കലാല്‍.

ഒച്ച

എനിക്കൊന്നും പറയാനില്ല, 
നിനക്കൊന്നും പറയാനില്ല, 
ആര്‍ക്കും ഒന്നും പറയാനില്ല. 
എന്നിട്ടും എവിടുന്നു വരുന്നു 
ഈ ഒച്ച? 

26-Jun-2013

്ഇഞ്ചിഇച്ചിരിയിഞ്ചി 
മൊളവരാന്‍ വെച്ചിട്ടൊണ്ടാര്‌ന്നേ. 
അയലോക്കക്കാരന്‍, 
തള്ളയാട് 
ദുരിശം കിട്ടിക്കെടക്കുന്നൂന്ന് പറഞ്ഞ് വന്നപ്പോ അപ്പഴത്തെയൊരാന്തപ്പോന്തത്തിന് 
ഒക്കെയെടുത്തങ്ങ് കമിഴ്ത്തി. 
പിറ്റേന്നാട് ചത്തു. 
ഞാനിഞ്ചീല്‍ 
കൈവെഷം വെച്ചതാന്നയാള് 
പറേന്നതു കേട്ടെന്ന് 
അയാള്‌ടെ പെണ്ണുംപിള്ളയെന്നോട് 
കെണറ്റിങ്കരേക്കണ്ടപ്പം കുശു കുശുത്തു.
എനക്കതോര്‍ത്തിട്ട് 
ഇഞ്ചിത്തൈര് കറീലൊഴിച്ചമായിരി 
ഇച്ചിരി പുളിപ്പുള്ളൊരെരിവ് തോന്നി. 
അതിലിച്ചിരി ഭയ ബഹുമാനങ്ങളുണ്ട,് 
യിവനെക്കൊണ്ടും പലതും കൂടുമെന്നൊരു 
തോറ്റു തരലുണ്ട്, ഇല്ലേ...
ഞാനപ്പെമ്പിള്ളയോട് ചോദിച്ചു. 
അവക്കീ കഴിഞ്ഞ പ്രായത്തിലും 
എന്തു മിണ്ടിയാലും നാണച്ചിരി, 
നുണക്കുഴി.

23-Jun-2013

രമണസ്മിതം
എന്റെ വായന വിചാര
ഇരിപ്പ്, കിടപ്പ്, സ്വപ്നം കാണല്‍, 
സങ്കല്‍പ രതിക്രീഡാ മുറീല്‍ 
നേര്‍ മുന്നിലായ് 
തൂക്കീട്ടുണ്ടൊരു ഫോട്ടോ 
രമണന്റെ.  
ചിരിക്കും സങ്കടങ്ങള്‍ക്കും 
ഭ്രാന്തിനും ലഹരിക്കും 
സാക്ഷിയായ് കണ്ണിത്തിരി
യിറുക്കിയ രമണസ്മിതം.

22-Jun-2013

മൂന്നാം മാനംഉടഞ്ഞ വീട്ടുപകരണങ്ങളില്‍ ചിലത്, 
കരിഞ്ഞുണങ്ങിയ വൃക്ഷങ്ങളില്‍ച്ചിലത്, 
ഭൂകമ്പത്തിലോ 
ചരിത്രത്തിന്റെ കുഴമറിച്ചിലിലോ പെട്ട്
പാതിയിടിഞ്ഞ ഒരു മണ്‍വീട്, 
കൊടുങ്കാറ്റിലടി തകര്‍ന്ന് കരയ്ക്കടിഞ്ഞ കപ്പല്‍,
റോഡാക്‌സിഡന്റില്‍ 
രണ്ടു കാലുകളും നഷ്ടപ്പെട്ടു പോയ 
മുനിയാണ്ടിയെന്ന 
അകാല വൃദ്ധനായ പിച്ചക്കാരന്‍, 
പ്രണയഭംഗത്തില്‍ മനോനില തകരുകയും 
അലയുന്ന ചൂളം വിളിയായി 
പരിണമിക്കുകയും ചെയ്ത 
ഇന്റര്‍മീഡിയറ്റ് പ്രായം മാത്രമുള്ള  പെണ്‍കുട്ടി,
പില്‍ക്കാലം 
വക്രരേഖകള്‍ കൊണ്ടോ മൗനം കൊണ്ടോ ഉള്ള
ഒരു സൗന്ദര്യരൂപമായി, 
ഒരു ശില്‍പമായി, 
പെയ്തു തോരാത്ത സിംഫണിയായി
പുനരുത്ഥാനം നേടുകയും 
ജീവിതത്തിനും മരണത്തിനുമപ്പുറം ചെന്ന് 
നിതാന്തത എന്ന 
അസ്ഥിത്വത്തിന്റെ മൂന്നാം മാനം 
പ്രാപിക്കുകയും ചെയ്യുന്നു.


20-Jun-2013

വായന
പുലരിയിലെഴുന്നേറ്റുടന്‍ 
ഒരു കവിത ഞാന്‍ വായിക്കുന്നു. 
ആശാന്റെ,  ടഗോറിന്റെ, 
ജിബ്രാന്റെ, റൂമിയുടെ, 
അല്ലെങ്കില്‍ നാണുഗുരുവിന്റെ

രാത്രിയുറക്കിന്‍ മുമ്പേ 
അതേ ഗുളിക പോലെന്നും
വായിക്കുമൊരു കവിത. 
ആശാന്റെ ടാഗോറിന്റെ 
ജിബ്രാന്റെ റൂമിയുടെ  
അല്ലെങ്കില്‍ നാണുഗുരുവിന്റെ.... 
ഒന്നെന്നെ കൊളുത്താനു-
മൊന്നെക്കെടുത്തി വെക്കാനും.

16-Jun-2013

മരതകപ്രാവ്സ്വപ്നത്തിലെ മരതക ്രപാവിനെത്തിരക്കി 
കാട്ടിലേയ്ക്കു പോകാന്‍ അയാള്‍ തീരുമാനിച്ചു. 
കൂടെ അയാളുടെ ചെറുപ്രായക്കാരനായ 
മകനുമുണ്ടായിരുന്നു. 
മൂകായ ഒരു കുട്ടിയായിരുന്നു അവന്‍. 

കയ്യില്‍ ഒരു തോക്കും പിടിച്ചായിരുന്നു യാത്ര. 
ആ തോക്ക് എന്തിനാണ് താന്‍ 
ഇതുപോലൊരു സൗമ്യ സഞ്ചാരത്തില്‍ 
കതൂടെക്കരുതിയതെന്ന ചിന്ത 
പല  തവണ അയാളെ അലട്ടിയിരുന്നു. 
സ്വപ്നത്തിലെ അതേ താാഴ് വാരത്ത് 
അതേ പൂമരങ്ങള്‍ക്കിടയില്‍് 
അതേ അരുവിക്കരയില്‍ 
അയാള്‍ ആ പ്രാവിനെക്കണ്ടു മുട്ടി. 

മകന്‍ ഓടിച്ചെന്ന് അതിനോടു കളിക്കാന്‍ തുടങ്ങി. 
മയിലിന്റെ തലയിലെന്നതു പോലുള്ള 
ഒരു പീലിയുണ്ടായിരുന്നു അതിന്. 
ചിറകുകള്‍ക്ക് അസാധാരണമായ മിന്നായവും. 
അത് കുട്ടിയെ ഭയപ്പെട്ടതേയില്ല, 
മരിച്ചുപോയ അവന്റെ അമ്മയാണ് ആ പക്ഷിയെന്ന് 
സുഖകരമായ ഒരു വിചാരം അയാള്‍ക്കുണ്ടായി. 

പൊടുന്നനെ അവന്റെ മുഖം ഭാവം മാറി. 
അത് ചിരിതന്നെയെങ്കിലും പൈശാചികമായ ചിരിയായി.
അവനതിന്റെ വാലില്‍ പിടിച്ച് തൂക്കി 
അത് ജീവനുവേണ്ടി് ചിറകിട്ടടിക്കുന്നത് കണ്ട് 
അട്ടഹസിക്കാന്‍ തുടങ്ങി. 
ഒരു വിഭ്രാന്തപ്രേരണയാല്‍ 
അയാള്‍ തോക്കുയര്‍ത്തി 
മകന്റെ നേരെ നിറയൊഴിച്ചു. 
കയ്യില്‍ മരതകപ്രാവിന്റെ പീലിവാല്‍ത്തൂവലുകളുമായി 
അവന്‍ ആറ്റുവെള്ളത്തിലേയ്ക്ക് മരിച്ചു വീണു.

പിന്നീട്  നിന്റെ കൂടെയയച്ച 
മൂകനായ ബാലന്‍ എവിടെ എന്ന് 
ദൈവം അയാളെ ചോദ്യം ചെയ്തു 
മരതകപ്രാവിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചു അയാള്‍. 
പക്ഷെ അതിന്റെയൊരു തൂവല്‍ പോലും 
അ.യാളുടെ ഓര്‍മ്മയില്‍ ബാക്കി ഉണ്ടായില്ല. 
മരിച്ചുപോയ കുട്ടിയുടെ മരണമില്ലാത്ത മൂകത 
തന്നെ വലയം ചെയ്തുകഴിഞ്ഞതായി അയാളറിഞ്ഞു.


15-Jun-2013

മുഖവരകള്‍
വല്യമ്മയുടെ മുഖത്തെ 
ഈ കരിവരകള്‍ ഓരോന്നും 
ഓരോ വലിയ സഹനത്തിന്റെ 
ഓര്‍മ്മ മുദ്ര.
പ്രണയത്തിലെ 
ചില വൈദ്യുതക്കൂടുതല്‍ പ്രവാഹത്തില്‍ നിന്ന് 
അതിന്റെ തകര്‍ച്ചയിലെ തീപ്പിടുത്തത്തില്‍ നിന്ന്, 
വഴി തെറ്റിയ മക്കള്‍ക്കോ 
പേരമക്കള്‍ക്കോ വേണ്ടിയുള്ള 
അകമുരുക്കങ്ങളില്‍ നിന്ന്,
ഒക്കത്തടക്കിപ്പിടിച്ച ദുഖങ്ങളില്‍ നിന്ന,് 
ഒന്നൊന്നായി തെളിഞ്ഞ്, 
തിടംവെച്ച്,
രൂപഭദ്രതയോടെ,
വാര്‍ഷിക വലയങ്ങള്‍ പോലെ ഉരുവപ്പെട്ടത്. 
ഒരു ഫോസില്‍പ്പഠനം നടത്തി നോക്കൂ, 
ചുരുളഴിയും 
ഒരു ജീവിത മാഹാകാവ്യമാദ്യന്തം.

09-Jun-2013

മഴക്കവിത
മഴക്കവിത മണ്ണിന്‍മണം, 
ചിമ്മാനിവിരല്‍ത്തൊടല്‍,
ചെളി പറ്റിയ ചുംബനം. 

ഒരൊറ്റ മിന്നല്‍പ്പാളല്‍, 
മിടിപ്പ് ,
മേഘ ഗര്‍ജ്ജനം. 

മഴക്കവിതമുറ്റക്കടല്‍,
ഇടവഴിപ്പുഴയോളം,
തലയില്‍പ്പാളത്തൊപ്പി,
ചൂടിയ ഞാട്ടിപ്പണി .

ഇറയത്തെക്കൊടിച്ചിപ്പട്ടിക്കിടപ്പ് 
അടുപ്പോരത്തമ്മിണിപ്പൂച്ച, 
മഴക്കവിത പനിച്ചൂട്. 
്തുളസിക്കാപ്പി.

ഇറ്റുന്ന കൊട്ടന്‍വെള്ള-
മിടറാതൊലിപ്പിന്‍ താളം .
ചോരുമോര്‍മ്മമേല്‍ക്കൂര. 
മിഥ്യതന്‍ നിഴലാട്ടം.
രോഗം ,ഭയം, മൃത്യു, 
ഇരുട്ടിന്‍ വെള്ളപ്പൊക്കം.


08-Jun-2013

എന്നെയും മഴയാക്കൂ
മഴേ, നിന്നെപ്പോലെ- 
പ്പെയ്യാനായിരുന്നെങ്കില്‍, 
വരണ്ട വിചാരങ്ങള്‍
തളിര്‍പ്പിക്കാനായിരുന്നെങ്കില്‍, 
വെള്ളം മുക്കിത്തേവി
നനയ്ക്കാനായിരുന്നെങ്കില്‍, 
നിറയ്ക്കാനായിരുന്നെങ്കി-
ലെല്ലാ ആഴങ്ങളും....

മഴേ, നിന്നേപ്പോലെ 
മിന്നലും ചുഴയറ്റിയീ-
യനന്ത വിഹായസ്സില്‍ 
തുടി ശംഖഘന നാദം 
മുഴക്കി ഘോഷമായ്‌പ്പോകാ-
നെഡോ, എനിക്കും കൊതി.

മഴേ, നിന്നെ ക്കാത്തു 
നില്‍ക്കുമ്പോലെന്നെയും കാത്തു 
നില്‍ക്കണം സ്ഥലകാല-
സ്സൂക്ഷ്മസ്ഥൂല ചരാചര-
മെങ്കില്‍ ഞാനെന്തു ചെയ്യണ-
മെന്നെന്നെ പഠിപ്പിക്കൂ...

07-Jun-2013

ഹൃദയം സമ്മാനിക്കുമ്പോള്‍
ഇത്തിരി സുഗന്ധം 
സമ്മാനിക്കുന്നതിനെക്കാള്‍ നല്ലത് 
ഒരു പൂവു തന്നെ കൊടുക്കുന്നത്. 

പൂവുമാത്ര-
മിറുത്തെടുത്തു കൊടുക്കുന്നതിനെക്കാള്‍ 
തണ്ടോടും ഇലയോടും തളിര്‍പ്പുകളോടും ഒപ്പം 
സമ്മാനിക്കുന്നത് നന്ന്. 

ഒരു ചെടി മുഴുവനായും 
സമ്മാനിക്കാന്‍ പറ്റുമെങ്കില്‍ 
അതാണ് കൂടുതല്‍ നല്ലത്. 

ചെടിയോടൊപ്പം 
അതിന്റെ മണ്ണും തോട്ടവും 
സമ്മാനിക്കാനാവുമെങ്കില്‍, 
വെയിലുകളെയും നിഴലുകളേയും 
മഴകളെയും മഞ്ഞിനെയും 
സമ്മാനിക്കാനാവുമെങ്കില്‍....!

ഹൃദയം സമ്മാനിക്കുമ്പോള്‍ 
സുഗന്ധവും പൂവും 
ചില്ലകളും തളിരുകളും 
തണ്ടും വേരും  
ജലവും ആകാശവും നക്ഷത്രങ്ങളും
ഒപ്പം ചേര്‍ത്തുള്ള സമ്മാനമായി....

02-Jun-2013

തൂശിതിരച്ചില്‍വനത്തില്‍, പുലരിയില്‍, 
വെയിലൂര്‍ന്നമങ്ങിച്ചയില്‍,
തണുപ്പില്‍, മധുവൂറുന്നോ-
രുറവയില്‍ത്തെളിനീരില്‍, 
ഭാഷയ്ക്കും മുമ്പുള്ളതാം 
കൈമുദ്രയ്ക്കിടയ്‌ക്കെങ്ങോ 
കൈയ്യില്‍ക്കോരിയ വെള്ളപോ-
ലൂര്‍ന്നുപോയോളൊരുത്തിയെ- 
ത്തിരവൂ നഗരത്തീയി-
ലുച്ചയില്‍ വെളിച്ചത്തി-
ലൊച്ചയില്‍ വിചാരത്തില്‍
വ്യാപാര സാമര്‍ഥ്യത്തി-
ലൊടുങ്ങാത്ത വാക്കേറ്റത്തില്‍...