30 Jun 2012

പുള്ളിക്കുയിലിന്റെ ക്ഷണം




ജാനൂട്ടീന്ന്ള്ളത് ഓമനപ്പേരാ. 
വേറേയും ഓമനപ്പേരുകളുണ്ട്. 
മാളു, മാലു എന്ന് തുടങ്ങി 
കുസൃതിച്ചെറിയച്ഛന്‍ വിളിക്കുന്ന വാല്‍മാക്രി എന്നു വരെ. 
എന്നും സ്‌ക്കൂള്‍ വിട്ട് ബസ്സിറങ്ങി 
വീട്ടിലേയ്ക്കുള്ള ഒറ്റവഴി നടത്തത്തില്‍  
അരികിലെ ബദാമിന്റെ കൊമ്പില്‍ 
ഒരു പള്ളിക്കുയിലിരിക്കുന്നത് ജാനൂട്ടി.കാണാറുണ്ട്  
എന്നും ഒരേയിരിപ്പ്. 
ഉറങ്ങുകയല്ല. പക്ഷെ ഇളക്കമില്ല. 
ഒന്നും കൊറിക്കുകയല്ല. പാട്ടുപാടുന്നുമില്ല, 
കെട്ട്യോളെ വിചാരിച്ചിരിക്കയാവും. 
ജാനൂട്ടി റോസിച്ചേച്ചിയെ അനുകരിച്ച് വിചാരിക്കും. 
എന്നിട്ട്  ഗൗരവത്തില്‍ പുള്ളിക്കുയിലിനോട് ചോദിക്കും. 
പോരുന്നോ? 
 അതു കേള്‍ക്കലും ഞെട്ടിപ്പിടഞ്ഞുണര്‍ന്ന് 
പുള്ളിക്കയിലെങ്ങോട്ടോ പറക്കും...
എന്നും അങ്ങനെത്തന്നെ ...
നോക്കിനില്‍പ്പ്, പോരുന്നോന്നുള്ള ചോദ്യം, കുയിലിന്റെ പറത്തം. 
ഒരു ദിവസം ജാനൂട്ടിയുടെ നാവില്‍ നിന്നാ ചോദ്യം വീഴുംമുമ്പെ 
പുള്ളിക്കുയില്‍ ജാനൂട്ടിയോട് ഈണത്തില്‍ ചോദിച്ചു. 
പോരുന്നോ ...പോരുന്നോ.. പോരുന്നോ? 
ജാനൂട്ടി പക്ഷെ പുള്ളിക്കുയിലിനെപ്പോലെ ഞെട്ടിയില്ല. 
പേടിച്ചു പറന്നില്ല.
 ങ്ഹാ... പോരുന്നു, ആദ്യം എങ്ങോട്ടാന്ന് പറ...
എങ്ങോട്ട്...? പുള്ളിക്കുയിലൊന്നു പിടഞ്ഞു.
അവന് വാക്കുമുട്ടി.
അവന്റെ കണ്ണു നിറഞ്ഞു.
എങ്ങോട്ടെന്നില്ലാതെ പറന്നു...

29 Jun 2012

പാവട്ടീച്ചര്‍



നല്ലോണം മെലിഞ്ഞ് വെളുത്ത് 
തൊട്ടുമിനുക്കിയതുപോലുള്ള മുഖവുമായി 
പയ്യെപ്പയ്യെ ആ ചെറുപ്പക്കാരത്തി ടീച്ചര്‍ 
ക്ലാസിലെത്തിയാല്‍ അപ്പൂന് തോന്നും 
തനിക്കമ്മാവന്‍ ബറോഡയില്‍ നിന്നു വരുമ്പം 
കൊണ്ടത്തന്ന പാവക്കുട്ടി
വീട്ടിലിരുന്ന് മുഷിഞ്ഞ് 
തന്നെത്തേടി ടീച്ചറു ചമഞ്ഞ്
സ്‌ക്കൂളിലേയ്ക്ക് വരികയാണെന്ന്. 
പാവക്കുട്ടി ഈണത്തില്‍ പാട്ടു പാടുന്നു.
പാവക്കുട്ടി ഒരാനയെ വരയ്ക്കുന്നു. 
പാവക്കുട്ടിക്ക് നെറ്റി വിയര്‍ക്കുന്നു. 
പാവക്കുട്ടി തൂവാലയെടുത്തു നെറ്റി തുടയ്ക്കുന്നു. 
കുട്ടികളാരും പാവക്കുട്ടിയെ അനുസരിക്കില്ല. 
ഒരാള്‍ പാവക്കുട്ടിയുടെ സാരിത്തുമ്പ് 
പിന്നില്‍ നിന്ന് പിടിച്ചു വെച്ച് ഞെട്ടിപ്പിക്കുക പോലും ചെയ്തു. 
പാവക്കുട്ടിക്കു വേഗം ദേഷ്യം വരും.
വേഗം സങ്കടം വരും. 
ഒരു ദിവസം പാവക്കുട്ടി ക്ലാസില്‍വെച്ച് കരഞ്ഞു...
പാവം എന്റെ പാവക്കുട്ടി..
അപ്പൂന് സങ്കടം സഹിക്കില്ല..
വീട്ടിലെത്തിയാലാണത്ഭുതം. 
ചാരു കസേരയില്‍ ഗൗരവത്തില്‍ മിണ്ടാതിരിക്കുന്നു
 വീട്ടിലൊന്നും പേകേണ്ട ചിന്തയില്ലാതെ 
അവന്റെ ഒന്നാം തരം ടീച്ചര്‍....
എന്താ പഠിപ്പിക്കാന്‍ വരാത്തത്? 
സ്റ്റാന്റപ്പും സ്റ്റ്ഡൗണും ഒന്നും വേണ്ടേ?
എവിടേ ചൂരല്‍ വടി?
അപ്പു പാവട്ടീച്ചറോട് ചോദിച്ചു...
ടീച്ചര്‍ ഒരേ ഭാവത്തില്‍ മിണ്ടാക്കുട്ടിയായിരുന്നു...


28 Jun 2012

കടല്‍ത്തിര




കടലില്‍ കളിക്കാനിറങ്ങിയ പെണ്‍കുട്ടിയോട് 
ഒരു ചെക്കന്‍ തിര 
വല്യ ഇഷ്ടത്തിലായി. 
കുറേ നേരം തൊട്ടു.  
കുറേ ഉമ്മ വെച്ചു. 
ഇനിയെനിക്കു നിന്നെ പിരിയാനാവില്ല. 
അവന്‍ പറഞ്ഞു. 
ഞാനും നിന്റെ കൂടെ വരുന്നു. 
നിന്നെ ഞാനെവിടെ ഒളിപ്പിക്കും? 
അവള്‍ അമ്പരപ്പോടെ ചോദിച്ചു? 
നിന്റെ ശരീരത്തിന്റെ അടിയില്‍, 
തിര പറഞ്ഞു.
നിന്റെ മനസ്സിനെക്കാളും ആഴത്തില്‍. 
അപ്പോള്‍ നിനക്കു നൃത്തമാടാന്‍ കടല്‍ വേണ്ടേ? 
സ്വപ്നം കണ്ടുറങ്ങാന്‍ ആകാശം വേണ്ടേ? 
നീയൊരു പൊട്ടത്തിയാ....
തിര പറഞ്ഞു 
നിന്റെയുള്ളിലാണേറ്റവും 
ആഴമുള്ള കടല്‍. 
ഏറ്റവും വലിയ ആകാശം..
നക്ഷത്രങ്ങളെക്കാള്‍ തിളക്കമുള്ള നക്ഷത്രങ്ങള്‍...

27 Jun 2012

ചെറിയ വീട്




നിന്റെ പിറന്നാളിന് 
കൂട്ടുകാരെയൊക്കെ ക്ഷണിച്ചോളൂ. 
അനുവിന്റെ അമ്മ പറഞ്ഞു, 
എല്ലാവരും വരട്ടെ, 
അന്നിവിടെ കൂടീട്ട് പോവാന്ന് പറയണം..
അച്ഛന്‍ പറഞ്ഞു. 
അനുവിന്റെ അച്ഛന്‍ വലിയ ബിസിനസ്സുകാരനാണ്. 
അമ്മ ഒരോഫീസറും. 
ധാരാളം പണമുണ്ട് രണ്ടാള്‍ക്കും. 
കൊട്ടാരം പോലൊരു വീടാണവരുടേത്. 
വൈകുന്നേരമായപ്പോഴേയ്ക്കും 
കൂട്ടുകാരൊക്കെ വന്നു തുടങ്ങി. 
ഒരു കാക്കക്കൂട്ടം.
ഒരണ്ണാന്‍. 
നാലഞ്ചു തെരുവുപട്ടികള്‍. 
കുറേ പൂച്ചകള്‍. 
പുളി ആഞ്ഞിലിയിലഞ്ഞിയെന്നിങ്ങനെ 
കുറേ വഴിയോരമരങ്ങള്‍
എണ്ണമില്ലാത്തത്ര കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും...
ഒരു കൈത്തോട്. 
കുറേ നക്ഷത്രങ്ങള്‍. 
ഒരാകാശം,
കടല്‍ത്തിരകള്‍....
എല്ലാവരും മുറ്റത്തു നിന്നു...
നമ്മുടെ വീട് എത്ര ചെറുതാണ് അല്ലേ അച്ഛാ, 
അനു അച്ഛനോട് പറഞ്ഞു, 
അയാള്‍ തലതാഴ്ത്തി നിന്നു.

25 Jun 2012

ഒളിഞ്ഞു നിന്ന പൂവ്





നീയെന്തു സുന്ദരിയാ,
 ശ്രീക്കുട്ടി വള്ളിയില്‍ ആദ്യം വിരിഞ്ഞ 
നീലപ്പൂവിനോടു ചോദിച്ചു, 
അവള്‍ പച്ചിലകള്‍ക്കും തളിര്‍പ്പുകള്‍ക്കും മറവില്‍ 
മുഖം മറച്ച് ഒളിഞ്ഞിരുക്കുകയായിരുന്നു. 
ഇങ്ങോട്ടൊന്നു നോക്ക്, 
ശ്രീക്കുട്ടി പിന്നെയും പറഞ്ഞു, 
നിന്നെ ഞാനൊന്നു ശരിക്കു കാണട്ടെ. 
വേണ്ട ചങ്ങായിച്ചീ, നീലപ്പൂവു പറഞ്ഞു, 
എന്നെയാരും കാണണ്ട, 
എന്നെയാരും കാണുന്നത് അദ്ദേഹത്തിനിഷ്ടമില്ല. 
അദ്ദേഹം ഇപ്പം വരും 
ഞാന്‍ അതും കാത്ത് നേരത്തെയുണര്‍ന്ന് 
കുളിച്ചൊരുങ്ങി കാത്തിരിക്കുകയാണ്, 
എന്തൊരിഷ്ടമണെന്നോ അദ്ദേഹത്തിനെന്നെ. 
ആ സ്‌നേഹം  അനുഭവിച്ചാല്‍  
മറ്റൊന്നും വേണ്ടെന്നു തോന്നും. 
അദ്ദേഹത്തിനു വേണ്ടി മാത്രമാ 
എന്റെയീ നിറം, എന്റെ മണം,
ഞാന്‍ വിരിഞ്ഞു നില്‍ക്കുന്നത് തന്നെ....
അദ്ദേഹമോ? 
നീയെന്തൊക്കെയാ പെണ്ണേ ഈ പറയുന്നത്? 
ശ്രീക്കുട്ടി കെറുവിച്ചു.
ആരാ നിന്റെ അദ്ദേഹം...
എനിക്കറിഞ്ഞു കൂട, 
എനിക്കറിഞ്ഞു കൂട...
നീലപ്പൂവ് വിതുമ്പാന്‍ തുടങ്ങി....


24 Jun 2012

ചിത്രമെഴുത്ത്




സച്ചു ഒരു ചിത്രകാരനാണ്. 
ചിത്രം വരയ്ക്കലിലല്ലാതെ സത്യം പറഞ്ഞാല്‍ 
അവനൊന്നിലും താല്‍പര്യവുമില്ല. 
അനുഭവക്കുറിപ്പെഴുതാന്‍ പറഞ്ഞാല്‍ 
ശഠേന്നെഴുന്നേറ്റു ചോദിക്കും 
ടീച്ചറേ ടീച്ചറേ ഞാനതിന്റെ ചിത്രം വരയ്ക്കട്ടേ...
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി ഉണ്ട് ഒരു ചിത്രം. 
കൂട്ടലിന്റേം കുറയ്ക്കലിന്റേം 
പെരുക്കലിന്റേം ഹരിക്കലിന്റേം ചിത്രങ്ങള്‍...
ഭൂമി സൂര്യനെ ചുറ്റുന്നതിന്റെ ചിത്രം. 
കാക്ക... പൂച്ച... കണ്ടാമൃഗം..
കാറ്റ്... ഫോക്‌സ്... എലിഫെന്റ്.... 
ഇന്തീം ഇംഗ്ലീഷുമൊക്കെയടങ്ങും 
ഒറ്റച്ചിത്രപൂസ്തകത്തില്‍.
എന്തിന്റെ ഉത്തരമാണ് ചിത്രത്തിലെഴുതാന്‍ പറ്റാത്തത്..
ടീച്ചര്‍ക്കു പക്ഷെ പറഞ്ഞാല്‍ മനസ്സിലാവില്ല.
ഓ..ഒരു ചിത്രം വരക്കാരന്‍...
സ്‌ക്കൂള്‍ ഗയിറ്റിനടുത്തുനിന്ന് തീരിഞ്ഞു നോക്കിയപ്പോള്‍ 
സച്ചുന് തോന്നി  
ആ സ്‌ക്കൂള്‍ തന്നെ ആകെയൊരു ചിത്രം മാത്രമാണെന്ന്....
പൂഴിമണ്ണിന്റെ വെള്ളയില്‍ നിറങ്ങളെപ്പറ്റിയൊന്നും
 അത്രയറിഞ്ഞു കൂടാത്ത ആരോ വരച്ച ഒരേങ്കോണന്‍ ചിത്രം... 
അവന് ബാഗില്‍ റബ്ബര്‍ തപ്പാന്‍ തോന്നി...
ചിലരെയൊക്കെ് എന്നെന്നേയ്ക്കുമായി 
മയച്ചുകളയേണ്ടതുണ്ട്...

23 Jun 2012

ജനാലയെവിടെ?വാതിലെവിടെ?






മോടി പിടിപ്പിച്ച 
പുതിയക്ലാസ് മുറിയിലേയ്ക്ക് 
മാഷ് കുട്ടികളെ കൂട്ടിക്കൊണ്ട് വന്നു...
കുട്ടികളേ, മാഷ് പറഞ്ഞു, 
ഈ മുറിയില്‍ ഇനി നിങ്ങള്‍ക്കെല്ലാമുണ്ട്. 
നീന്തിക്കളിക്കാന്‍ വെള്ളത്തെക്കാള്‍ മിനുത്ത നിലം. 
ഊഞ്ഞാലകെട്ടാന്‍ കമ്പീം കൊളുത്തും. 
കളിപ്പാട്ടങ്ങള്‍ക്കിരിക്കാന്‍ അലമാറ. 
കാറ്റു കൊള്ളാന്‍ ഫാനുകള്‍...
വെളിച്ചം മങ്ങിയാലിടാല്‍ ബള്‍ബുകള്‍..
അങ്ങനെയങ്ങനെ 
കക്കൂസ്... മൂത്രപ്പുര ..
എല്ലാമെല്ലാം ഇതാ ഈ ഒറ്റ മുറിയില്‍...
കുട്ടികള്‍ക്ക് മിണ്ടാട്ടമില്ല. 
മുഖത്തെളിച്ചമില്ല..
കൈയ്യടിയും ആര്‍പ്പുവിളിയുമില്ല...
നിങ്ങളെന്തു പറയുന്നു....
മാഷ് കോളറ ശരിയാക്കിക്കൊണ്ടു ചോദിച്ചു, 
മാഷേ, 
കുട്ടികള്‍ ഒരേ ശബ്ദത്തില്‍ ചോദിച്ചു,
പുറത്തയ്ക്കു നോക്കിയിരിക്കാനുള്ള 
ജനാലയെവിടെ?.
ബെല്ലടിച്ചു തീരും മുമ്പേ 
എഴുന്നേറ്റോടാനുള്ള വലിയ വാതിലെവിടെ?

22 Jun 2012

പുറത്തേയ്ക്കുള്ളവാതില്‍




മറ്റവന്‍ നരകമല്ല, 
സ്വര്‍ഗ്ഗവുമല്ല 
ഒരുവാതില്‍ 
പാതകളിലേയ്ക്കു തുറക്കുന്നത്. 
കടല്‍ത്തീരത്തേയ്‌ക്കോ 
കുന്നിന്‍മോളിലേയ്‌ക്കോ 
അമ്മവീട്ടിലേയ്‌ക്കോ 
പാടത്തേയ്‌ക്കോ 
പള്ളിക്കൂടത്തിലേയ്‌ക്കോ 
രാജകൊട്ടാരത്തിലേയ്‌ക്കോ 
ധര്‍മ്മാശുപത്രിയേയ്‌ക്കോ 
ശ്മശാനത്തിലേയ്‌ക്കോ .
അല്ലെങ്കില്‍ പലതരംസുഖങ്ങളിലേയ്‌ക്കോ 
വിരക്തിയിലേയ്‌ക്കോ.


പ്രണയത്തിലേയ്ക്ക് 
അപാരമായ വന്യതയിലേയ്ക്ക്
ഏകാന്തതയിലേയ്ക്ക്. 


യശോധര സിദ്ധാര്‍ത്ഥന് 
ബോധിയിലേക്കുള്ളവാതില്‍ 
സീത രാമന് 
ജലസമാധിലേയ്ക്കുള്ളവാതില്‍.


മറ്റവനെ തടവിലാക്കുമ്പോള്‍
നിശ്ശബ്ദനാക്കുമ്പോള്‍ 
കൊല്ലുമ്പോള്‍ 
അടച്ചുകളയുമ്പോള്‍ 
ഓര്‍ക്കുക,
പുറത്തുകടക്കാനുള്ള 
അവസാനത്തെ വാതില്‍ 
എന്നന്നേയ്ക്കുമായി 
അടയ്ക്കപ്പെടുകയാണ്. 

21 Jun 2012

ചിലന്തിവല



ദിവ്യ മോള്‍ ഒരു പേടിസ്വപ്നം കണ്ടു, 
താനൊരു ചിലന്തിവലയ്ക്കകത്തു പെട്ടിരിക്കുന്നു. 
മോന്തായത്തോട് ചേര്‍ന്ന് വിസ്താരമുള്ള ഒരു ചിലന്തിവല. 
ചിലന്തിയുടെ കാലനക്കങ്ങളും കാതോര്‍ത്ത് 
അവളനങ്ങാനാവാതെ കിടന്നു. 
താഴെ അച്ഛനും അമ്മയും എന്തോ പറയുന്നുണ്ട്. 
അച്ഛന്‍ ഓഫീസിലേയ്ക്കുള്ള പുറപ്പാടിലാണ്. 
അവള്‍ കാതോര്‍ത്തു. 
മോന്തായത്തിലാകെ ചിലന്തിവലയാ. 
നിനക്കതൊന്നടിച്ചു കൂടെ. 
ഒരു യക്ഷിപ്പുരപോലുണ്ട് ഈ വീട്. അച്ഛന്‍ പറഞ്ഞു. 
ഓ, നിങ്ങള്‍ക്കും ചെയ്യാവുന്നതേയുള്ളൂ അതൊക്കെ. 
എന്നെ വെറുതേ കുറ്റപ്പെടുത്താനല്ലാതെ 
മറ്റെന്തെങ്കിലും പണിയറിയാമോ നിങ്ങള്‍ക്ക്..
 പറഞ്ഞു പറഞ്ഞ് പതിവുപോലെ 
അതൊരു വാക്കേറ്റമായി. 
എന്നും ചെയ്യാറുള്ളപോലെ രണ്ടാളുടെയും ഇടയ്ക്കുചെന്ന് 
നിര്‍ത്തൂ എന്നലറിവളിക്കാന്‍ അവള്‍ക്കുതോന്നി. 
അവളുടെ ചുണ്ടുകള്‍ പക്ഷെ 
പശനൂലുകൊണ്ട് പൂട്ടിപ്പോയിരുന്നു.
അയല്‍പക്കത്തുനിന്ന് ജാനുച്ചേച്ചി വന്നതു കൊണ്ട് 
വഴക്ക് തല്‍ക്കാലം നിന്നു. 
ദിവ്യമോളെവിടെ? ജാനുച്ചേച്ചി ചോദിച്ചു. 
അവള്‍ സ്‌ക്കൂളില്‍ പോയി. അച്ഛന്‍ പറഞ്ഞു. 
ഇന്ന് ശനിയാഴ്ചയല്ലേ? അവള്‍ക്കിന്നും സ്‌ക്കൂളുണ്ടോ...
ജാനുച്ചേച്ചി ചോദിച്ചു... 
ഓ... ഞാനതോര്‍ത്തില്ല.. 
അച്ഛന്‍ ഷൂസണിയുന്നതിനിടയില്‍ പറഞ്ഞു. 
അവള്‍ മുറ്റത്തെവിടെയോ കാണുമെന്ന് അമ്മ 
അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു.


20 Jun 2012

കിളിക്കുഞ്ഞുങ്ങള്‍




മൂത്രബെല്ലടിച്ച നേരം. 
സുനീത പുറത്തേയ്‌ക്കോടാതെ 
തൂങ്ങിപ്പിടിച്ചിരിക്കുന്നതു കണ്ട് 
ടീച്ചര്‍ അടുത്തു ചെന്നു.  
സുനീത ക്ലാസിലെ ഏറ്റവും ചെറിയ കുട്ടിയാണ്. 
ഒരു ചെറുവിരലോളം വലിപ്പം.  
പച്ചക്കുപ്പായമിട്ടു നടക്കന്നതുകണ്ടാല്‍ 
ഒരു തളിരില നടക്കാനിറങ്ങിയപോലെ തോന്നും.
 സൗമിനി ടീച്ചറും ചെറുതാണ്. 
ഒന്നാംതരത്തിലായിരുന്നപ്പോള്‍ 
അവരും സുനീതയെപ്പോലെ 
ഒരു ചെറുവിരലോളമുള്ള 
ക്ലാസിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. 
എന്താ സുനി മോളേ? ടീച്ചര്‍ ചോദിച്ചു.
അവള്‍ തളര്‍ന്നപോലെ മുഖം കുനിച്ചിട്ടു. 
ടീച്ചര്‍ അവളെയെടുത്ത് മടിയിലിരുത്തി. 
നെഞ്ചോടു ചായ്ചു പിടിച്ചു. 
അവിടെചേര്‍ന്നു കിടന്ന് അവള്‍ വേഗം ഉറക്കമായി. 
ബെല്ലടികേട്ട് കുട്ടികള്‍ ആര്‍പ്പും വിളിയുമായി
 ക്ലാസിലേയ്ക്കു മടങ്ങി.  
മിണ്ടരുത്. 
ടീച്ചര്‍ കൈവിരല്‍ ചുണ്ടില്‍ ചേര്‍ത്തു പിടിച്ചു. 
ഇവിടെയൊരാളുറങ്ങുന്നതു കണ്ടില്ലേ... 
കുട്ടികള്‍ക്കതൊരു തമാശയായി. 
ഒച്ചയും കൂക്കും തുടങ്ങി. 
ആകെ ബഹളം. 
എല്ലാവരും പുറത്തേയ്ക്കു പോയ്‌ക്കോളൂ. ടീച്ചര്‍ പറഞ്ഞു, 
ഈ പിരീഡ് പഠിത്തമൊന്നുമില്ല. 
കുട്ടികള്‍ കൂടു തുറന്നു കിട്ടിയ ആവേശത്തില്‍ 
പുറത്തേയ്ക്കു പറന്നു. 
ക്ലാസ് അടയിരിക്കുന്ന പക്ഷിക്കൂടു പോലെ നിശ്ശബ്ദമായി.

19 Jun 2012

പൂവിറുക്കുമ്പോള്‍




പൂ പറിച്ചെടുത്തതു മുതല്‍ 
എന്തെന്നില്ലാത്ത സങ്കടം തോന്നി കുട്ടിക്ക്. 
അമ്മയും അച്ഛനും വീട്ടില്ലാത്ത നേരം നോക്കി 
ഒളിച്ചു കടന്നെത്തിയ ഒരുത്തന്‍ 
തന്നെ വന്നെടുത്ത് 
വായപൊത്തിപ്പിടിച്ചോടിയതു പോലെ. 
അടര്‍ത്തിയ പൂവിന്റെ ഞെട്ടില്‍ നിന്ന് 
അതിന്റെ ചോര ഇപ്പോഴും 
തന്റെ കയ്യിലേയ്ക്കു തൂവുന്നുണ്ട്..
കൊഴുത്ത നീര് കൊണ്ട് കൈയ്യാകെ നനയുന്നുണ്ട്.
മോളേ..
എന്റെ പൊന്നുമോളേയെന്ന നിലവിളി 
തന്റെ കാതിനു ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട്. 
കുട്ടി പൂവിന്റെ മുഖത്തേയ്ക്കു നോക്കി.
കണ്ണു തുറന്നു കൊണ്ടു മരിച്ച 
ഒരു കുഞ്ഞിന്റെ ശവശരീരമാണ് 
തന്റെ കയ്യിലെന്ന് അവന് ബോധ്യമായി...

15 Jun 2012

രാസക്രീഡ



 ഉറക്കത്തിലൊരാള്‍ 
സ്ഥലകാലങ്ങള്‍ വിസ്മരി-
ച്ചെഴുന്നേറ്റു നടക്കും പോലെ 
ഒരു നാള്‍
മാധവന്‍ ഗോകുലത്തിലേയ്ക്കു മടങ്ങി. 
ഓര്‍മ്മകളുടെ ഒറ്റപ്പെയ്ത്തില്‍കരകവിഞ്ഞു 
പ്രണയയമുന.
കരിഞ്ഞ കുശപ്പുല്ല് പിടഞ്ഞുണര്‍ന്നു തഴച്ചു. 
കടമ്പ് ഋതുമറന്നു പൂത്തു.
ഗോകുലം 
രാപ്പക്ഷിയുടെ മുറിവേറ്റ ഒച്ചയില്‍ 
ഒഴുക്കുമുട്ടിയ ഒരോളത്തിന്റെ ഒച്ചയില്‍ 
പലയൊച്ചകള്‍കലങ്ങിച്ചേര്‍ന്ന 
ഇടറുന്ന ഒരൊറ്റയൊച്ചയില്‍
ഇങ്ങനെ കരഞ്ഞു, 
വേണ്ട മാധവാ, നമുക്കിനി  
എത്ര വ്യാഖ്യാനിച്ചാലും 
പിന്നെയും പിരിഞ്ഞുമുറുകുന്ന 
പിടികിട്ടായ്കകളുടെ മഹാഭാരതം.
ഭൂതരാശികളുടെകണ്ണുവെട്ടിച്ചുള്ള പ്രണയം
മല്‍സ്യഗന്ധമഴിച്ചുമാറ്റിയുള്ള സംഗം. 
ഇത്തിരികാട്ടുപൂമണം പോലുമില്ലാത്ത വനപര്‍വ്വം,
നോക്കൂ, പുഴത്തീരങ്ങളുടെ കണ്ണാ, 
പുല്ലിന്റെയും പൈക്കളുടെയും 
പീലിചൂടിയ രാജാവേ,
നമുക്കാഭക്തി ഭാഗവതകേളീ വിലാസങ്ങളുടെ, 
ശൈശവ ലീലകളുടെ, 
നാവിനു വഴങ്ങുന്ന
നീലിച്ചു നീലിച്ചുകറുത്ത
നമ്മുടെ പഴേ താളവൃത്തങ്ങള്‍ മതി.
നമുക്കെരിക്കേണ്ട
നഗരം കെട്ടാന്‍ കാട്.
പണിയിക്കേണ്ട 
സ്ഥലജലവിഭ്രാന്തിയുടെ മായക്കൊട്ടാരം. 
പറയേണ്ട,
പാട്ടിലൊതുങ്ങാത്ത  ഗീതോപദേശം. 
പാടൂ, 
ഒച്ചവെയ്ക്കാത്ത ആ ഓടക്കുഴലില്‍.


ഒരു കാറ്റിനെക്കടഞ്ഞു പെയ്യിക്കുക
കാലത്തെക്കാള്‍വേഗത്തിലുരുളും
പല്‍ച്ചക്രത്തിരിച്ചില്‍ ഒറ്റച്ചവിട്ടിനുടയ്ക്കുക 
അമ്മിഞ്ഞകുടിച്ചൊരുത്തിയെ അമ്മയാക്കുക
നുണയ്ക്കാനും നനയ്ക്കാനുമുള്ള 
നമ്മുടെ സ്വന്തം നീരൊഴുക്കിനെ 
വിഷം തീണ്ടാതെ നോക്കുക 
എന്നൊക്കെ
ഏതു കുട്ടിയ്ക്കുമുറക്കു പാട്ടാക്കാവുന്ന
ചെറിയ മാജിക്കുകള്‍ മതി. 
ഗോവര്‍ദ്ധനം കൊണ്ടുള്ള ഒറ്റക്കുട മതി. 


ഞങ്ങള്‍ പാലുകടഞ്ഞു കൊണ്ടേയിരിക്കാം,
നീ വന്ന് വെണ്ണകക്ക്. 
ഞങ്ങള്‍ തീരത്ത് തുണിയഴിച്ചിടാം 
കട്ടോണ്ട് പോയി നാണിപ്പിക്ക്., 
മാധവാ, 
നിന്റെ കൊച്ചു വായ്ക്കകത്തൊതുങ്ങിയിരിക്കട്ടെ 
ഞങ്ങളുടെ പ്രപഞ്ചം.
ഇനിയീ മണല്‍ത്തീരത്തെ പച്ചത്തഴപ്പില്‍
നീയൊറ്റ ആണ്. 
ബാക്കിയെല്ലാം പെണ്ണ്...



14 Jun 2012

പുതിയഅടയാളങ്ങള്‍







മായ്ചുകളയാറായി,
വിപ്ലവത്തിന്റെ പുറംചുവരില്‍ 
മാവോ കൊണ്ടു തൂക്കിയ 
മലനിരത്തുന്ന ആ മുത്തപ്പന്‍ ചിത്രം.
പകരം 
ഇലയില്‍തൊട്ടുനില്‍ക്കുന്ന 
ഒരൊന്നാംതരക്കാരി. 
പാതയോരത്തിരുന്ന് 
തുണിപ്പോഞ്ചിതുന്നിത്തുന്നി 
മാറ്റക്കച്ചവടത്തില്‍ മുഴുകിയ 
പാതിക്കാഴ്ചയിലും 
പാതിക്കേള്‍വിലുമെത്തിയ ഒരു മുത്തശ്ശി. 
ചില്ലകളിലൊരൊമ്പതു കുറുമ്പന്മാരെയെങ്കിലും 
തോളില്‍ തൂക്കിയൊരു താഴ്വാരത്തിലൂടെ 
തിരികെ നടക്കുന്ന പട്ടാളക്കാരന്‍
 നോക്കൂ, അയാളിപ്പോള്‍ 
ഒരു ചെറിയ സ്ഥലത്തിന്റെയല്ല, 
അതിര്‍ത്തിവരമ്പുകളുടെയല്ല, 
മലകളുടെയും കാടുകളുടേയും 
താഴ്‌വാരങ്ങളുടെയും 
സുക്ഷ്മങ്ങളുടേയും സ്ഥൂലതകളുടേയും
സൂക്ഷിപ്പുകാരന്‍. 
കയ്യില്‍ തോക്കില്ല. 
 വഴിയോരങ്ങളില്‍ നിന്നു പെറുക്കിയ
 നാടന്‍ പാട്ടുകളെന്തോ മുളുന്നുമുണ്ട്.
അല്ലെങ്കില്‍ ഇരുന്നിരുന്ന് വൃക്ഷമായ് മാറിയ ഒരാള്‍. 
വിരല്‍നിറയെ പക്ഷികള്‍, പൂക്കള്‍, മരഞ്ചാടികള്‍, 
ചുറ്റിപ്പിടിച്ച പലയിനം പെണ്‍വള്ളികള്‍ .
പഴയ വിപ്ലവം കിറിമുറിച്ചു, 
വെട്ടിവെളുപ്പിച്ചു, ഇടിച്ചുനിരത്തി.
പുതിയ വിപ്ലവം ഒരുമണ്‍വീടിന്റെ മുറ്റത്തിരുന്ന്
സാവകാശം,  ശ്രദ്ധയോടെ, 
ദയാവായ്‌പോയോടെ, 
കൂട്ടിത്തുന്നി, നട്ടുനനച്ചു, മുളപ്പിച്ചു. 
പുതിയ വിപ്ലവത്തിന്റെ ഉപകരണങ്ങള്‍ 
മണ്‍വെട്ടിയോ കൊത്തരിവാളോ അല്ല. 
തോക്കോ ചുറ്റികയോ അല്ല. 
ചിരിയുടെ പാല്‍പ്പതപുരണ്ട
ഒരാണ്‍ചുണ്ടും പെണ്‍ചുണ്ടും.
തൊടാന്‍ നീളുന്നവിരല്‍ത്തുമ്പ്.
മേലെ മേലെ
കണ്ണിപൊട്ടിച്ചിറുത്തെടുത്ത ഒറ്റനക്ഷത്രമല്ല 
ഒരാകാശം മുഴുവന്‍ 
അതിന്റെ എല്ലാവെളിച്ചങ്ങളും 
ഇരുട്ടും ശൂന്യതയും.




13 Jun 2012

വല്ലിക്കൂടം




യാത്രപറയുമ്പോള്‍
ആ കൊച്ചുപള്ളിക്കൂടത്തിനുമുന്നില്‍ 
പച്ചപ്പാവാടയുടുത്തൊ-
രൊന്നാം തരക്കാരിയെപ്പോലെ 
ഭയന്നും 
അമ്മേയമ്മേയെന്നു സങ്കടപ്പെട്ടും 
ഒരു കൊച്ചുപൂമരത്തൈ
വിറച്ചു നില്‍പുണ്ടായിരുന്നു. 


തിരികെച്ചെല്ലുമ്പോള്‍ 
പൂവുകൊണ്ടും തളിരുകൊണ്ടും പന്തലിട്ട 
ഒരമ്മമരമരത്തണണലില്‍ 
ഇടംകൈയ്യും വലംകയ്യുംചുറ്റി
കിളിക്കുറുകല്‍കേട്ടുമയങ്ങി 
ഒരു കൊച്ചു പള്ളിക്കൂടവും.

10 Jun 2012

പരല്‍മീനിന്റെ കൊത്ത്




ഐസ്‌ക്രീം പാര്‍ലറിന്റെ മൂലയ്ക്കലിരുന്ന് 
അയാള്‍ ഒച്ചതാഴ്ത്തിപ്പറഞ്ഞു,
നമ്മളൊരുപോലെയായിരുന്നു, 
വെറും നാട്ടുമ്പുറത്തുകാര്‍. 
എപ്പഴും പാതി തോല്‍ക്കുകേം 
പാതി ജയിക്കുകേം ചെയ്യുന്നോര്‍, 
ശരികളെപ്പോലെ ശ്ലെയിറ്റില്‍ ടീച്ചറുവരച്ച 
നീലച്ചോക്കിന്‍തെറ്റുകളേം 
മായാതെവെച്ചോമനിച്ചു. 
എല്ലാ ഞാറ്റു വേലയ്ക്കും കാടുപിടിച്ചു, 
ഓണം വരുമ്പോഴേയ്ക്ക് പൂത്തു. 
ഓര്‍മ്മയുണ്ടോ, 
പാടത്തുനിന്ന് ആമ്പലു പറച്ചുതന്നതിന് 
മറുകുറിയായി ആദ്യത്തെ ഉമ്മതന്നത്? 
പുഴയില്‍ കഴുത്തറ്റം മുങ്ങിനിന്നായിരുന്നു. 
അസൂയമൂത്ത കൂരിമീനുകള്‍ 
വളഞ്ഞുനിന്നെന്നെ കൊത്തുന്നുണ്ടായിരുന്നു. 
ചുണ്ടിന്‍ ചൂരാറിപ്പോവാതിരിക്കാന്‍ 
ഞാനന്നുപിന്നെ മുഖം പുഴേല്‍ മുക്കിയേയില്ല. 


അടുത്തൊന്നും നീ 
മുത്തശ്ശിനാട്ടില്‍ പോയില്ലേ എന്നവള്‍.
മുത്തശ്ശി എപ്പഴേ മരിച്ചു, എന്നയാള്‍.
ആ പുഴയും, അവള്‍ പറഞ്ഞു, 
പാടവും ആമ്പല്‍പ്പൂക്കളും..
നിന്റെ ചുംബനത്തിന്റെ നനഞ്ഞചൂട് 
അങ്ങനെതന്നെയുണ്ട്, 
അയാള്‍ പറഞ്ഞു, 
വട്ടം കൂടിനിന്ന് കൊത്തുന്ന പരല്‍മീനുകളും..

7 Jun 2012

നഗ്നത



എന്റെ നഗ്നത
എന്നെക്കാളും പഴക്കമുള്ളതാണ്. 
മുറിവുകളും ആണിത്തുളകളും
വ്രണങ്ങളുമുള്ളത്. 
വിശപ്പുകളും ദാഹങ്ങളും 
വിസര്‍ജ്ജനങ്ങളുമുള്ളത്.
ഉറക്കവും മരണവും മണക്കുന്നത്, 
നനവില്‍ക്കുതിര്‍ന്ന് മുളയ്ക്കുന്നത്. 
വസ്ത്രങ്ങളില്‍ 
എന്നെ തിരിച്ചറിയാന്‍ പറ്റാതിരുന്ന നീ
എന്റെ നഗ്നതയില്‍ 
നിന്നെത്തന്നെ കാണ്.


നഗ്നത
എനിക്കേറ്റവും 
ഇണക്കമുള്ള ഉടുപ്പ.് 
വഴക്കമുള്ളത്. 
അതിനുള്ളില്‍ മാത്രം 
ഞാനകത്തായാലും പുറത്ത്. 
അതുടുത്തപ്പോള്‍മാത്രം ഞാന്‍ 
ദൈവത്തെപ്പോലെ ശൂന്യം, സത്യം.
പെറ്റുവീണയന്നത്തെപ്പോലെ ശുദ്ധം.


ഉടുപ്പുകളുടെ 
ഊരാക്കുടുക്കുകള്‍ 
ഒന്നൊന്നായഴിച്ചുമാറ്റി 
വേടന്റെ വലയില്‍നിന്നു
മാന്‍കുഞ്ഞിനെയെന്നപോലെ 
എന്നെ നീ
ഒരിക്കല്‍ പുറത്തെടുക്കും, 
അല്ലേ?



അടയ്ക്കാക്കിളി




എന്നെയെനിക്കു 
നേര്‍മുന്നില്‍ കാട്ടിത്തന്നു 
ഇത്തിരിയോളംപോന്നൊ-
രടയ്ക്കാക്കിളിപ്പെണ്ണ്.
കനമറ്റവള്‍. 
കറുപ്പെന്നും വെളുപ്പെന്നും 
കാണാവുന്നവള്‍..
അടയിരിപ്പിനായി മാത്രം 
ജീവിയ്ക്കുന്നവള്‍.
കുഞ്ഞിക്കൊക്കുമാത്രം 
പുറം കാട്ടി 
അവളെപ്പോഴും കൂട്ടില്‍.  
അത്യപൂര്‍വ്വം സന്ധ്യയില്‍ 
ഇലമൂടലിലൊളിഞ്ഞിരുന്നു മൂളുന്നത് 
നെഞ്ചിനുള്ളില്‍ നിന്നൊരിക്കലുമെനിക്കു 
പുത്തെടുക്കാനാവാത്തൊരു 
നിലവിളിക്കുന്ന പാട്ട്.
അവളറിയുന്നുണ്ടാവുമോ 
അവളെ 
അവള്‍ക്കാവുന്നതിനെക്കാള്‍ 
ഒളിച്ചുപിടിക്കുന്ന എന്നെ?

5 Jun 2012

ജലധാര






രാമഴ, 
പാതിരാമഴ, 
പകല്‍മഴ
മഴസ്സന്ധ്യ 
ആദ്യം ദൂരെ നിന്നൊട്ടു 
കുസൃതിക്കൂളത്തംപോ-
ലങ്ങിങ്ങു വെറുതേവിരല്‍
കോറിയും തൊട്ടും മഴ, 
ഒരിക്കല്‍പ്പിന്നില്‍ വന്നു
്മുറുക്കെപുണര്‍ന്നൊറ്റ-
ച്ചുംബനപ്പെയ്താലാകെ
ത്തരിപ്പിച്ച വട്ടന്‍ മഴ. 
ജാലകം തുറന്നാല്‍ക്കാണാം 
പൂനിലാക്കടല്‍ത്തീരത്ത്
തിരയില്‍ക്കണ്ണുനട്ടൊറ്റ
വെണ്‍ശിലാശില്പംപോലെ
ത്തപസ്സിന്‍ജ്ജലാകാരം.
എത്രനീകെട്ടിപ്പിടി
ച്ചെത്രനീ കുതിര്‍പ്പിച്ചു
അത്രയ്ക്കാണാളുന്നതെ-
ന്നുള്ളിലെത്തീക്കാടുകള്‍.
മഴയില്‍മുങ്ങിപ്പോയ 
പാടമാകട്ടെയെന്നെ-
പ്പൊതിയൂ, 
വീര്‍പ്പുമുട്ടിച്ചുകൊല്ലൂ
ജലന്ധരാ....

4 Jun 2012

വാക്കിന്റെ ചുംബനം




വിശപ്പിന്റെയെരിച്ചിലു-
മന്നത്തിന്‍ മധുരവും 
ഭോഗത്തിന്‍ ലഹരിയും 
അന്ത്യത്തെ നിരാശയും 
പ്രേമത്തിന്നിതളില്‍ തൊട്ടു 
തലോടും സൗഖ്യങ്ങളും 
ദലങ്ങള്‍ കരിയുമ്പോള്‍
മണ്ണിലേയ്ക്കറ്റുവീഴലും
നഷ്ടവും സമ്പാദ്യവും 
പോകലും വീട്ടിലെത്തലും
രോഗത്താല്‍ പ്രക്ഷുബ്ദമാം 
പ്രാണന്റെ പിടച്ചിലും 
ശമനത്തിന്‍ വിശ്രാന്തിയില്‍ 
കണ്ണിലെത്തീനാളവും 
അറിഞ്ഞേനൊറ്റവാക്കെന്റെ 
മൂര്‍ദ്ദാവിലുമ്മ വെച്ചപ്പോള്‍.

3 Jun 2012

ഉച്ച



ഉച്ചയാകെക്കരിയുന്ന നേരം. 
ഉള്ളില്‍നിന്നാവി പൊന്താന്‍ തുടങ്ങും.
തീയില്‍ നിന്നു തപം ചെയ്ത വൃക്ഷ-
ത്താപസന്മാര്‍ക്കുമോളില്‍, മൂര്‍ദ്ദാവില്‍
അഗ്നിപുഷ്പസ്ഫടിക ഗോളങ്ങള്‍
സംഘ നൃത്തം തിമര്‍ക്കുന്ന നേരം.. 


പണ്ടൊരുച്ചയ്ക്കു സ്‌ക്കൂളു തെറ്റിച്ചു 
വീട്ടിലേയ്ക്കു തിരക്കിട്ടു പോന്നു.
നാട്ടിടപ്പാത,
ആയാദ്യമായൊറ്റയായതിന്‍ പേടി. 
മുന്നേയൊട്ടുമേ കാണാത്തപോലെ 
ദുര്‍മുഖം കാട്ടി പാതയോരത്തെ 
പച്ച വള്ളിപ്പടര്‍പ്പു പെണ്ണുങ്ങള്‍,
ഒക്കത്തേറ്റിയ പൂക്കളെന്‍ കുഞ്ഞു
കൂട്ടുകാരുച്ച വെയ്‌ലിന്നുറക്കം. 


കൂട്ടടുക്കളച്ചായ്പ്പിലിരുന്നെന്‍
തൊട്ടയലത്തെയമ്മൂമ്മയെന്നും 
നേരെ കണ്ണാലെ കണ്ടെന്ന മട്ടി-
ലോതിയോതിത്തിടം വെച്ച ഭൂത
പ്രേത സഞ്ചാരരംഗത്തിനെല്ലാ
ലക്ഷണങ്ങളും മുന്നില്‍ത്തെളികെ
ഉച്ചയൂതുന്ന കാറ്റിന്റെയൊച്ചയില്‍ 
പ്രേതഗഗന്ധവും ചോരച്ച പാട്ടും. 


കൊയ്‌തെടുത്ത വയല്‍ത്തുറസ്സാര്‍ന്ന
ഞാങ്ങണപ്പുല്‍ പറമ്പിന്‍ നടുക്കാ-
യിന്നിയൊട്ടടി മുന്നോട്ടു വെയ്ക്കാ-
നാവതില്ലാതെ യേങ്ങിക്കരഞ്ഞു ഞാ-
നമ്മേയമ്മേയെന്നപ്പോളൊരമ്മ-
യല്ലയമ്മൂമ്മ പ്രായത്തിലെന്റെ 
മുത്തിയോളം വരും, പയ്യിനെക്കെട്ടാന്‍ 
പെട്ടെന്നെങ്ങുനിന്നില്ലാതെ വന്നു. 
കന്നിനെക്കുറ്റി നാട്ടി ബന്ധിച്ചെന്‍ 
കൊച്ചു കയ്യും പിടിച്ചവര്‍ തന്റെ 
യോലവീട്ടിന്റെയുമ്മറത്തെത്തി.
മണ്‍മുരുടയില്‍ സംഭാരവും കുറേ
നാട്ടുതേന്‍പഴമാങ്ങയും തന്നു.
ലോഗ്യമോരോരോന്നു ചൊല്ലിയെന്‍ പിന്നില്‍
വീട്ടുകോണിക്കലോളവും വന്നു. 


അമ്മയാരുടെ കൂടെ നീവന്നെ
ന്നെത്രചോദിച്ചൊരക്ഷരമെന്റെ 
നാവില്‍വന്നതില്ലോര്‍മ്മയോവെട്ടം 
മങ്ങിയൊക്കെക്കിനാവെന്നപോലെ.


യക്ഷീന്റെ മോള്



ഇനിയെന്റെ 
അമ്മയെപ്പറ്റിയൊന്നും പറേല്ലേ.
പ്ലീസ്. എന്നവള്‍ വ്യസനപ്പെട്ടു. 
അവള്‍ അത്രവേഗം തോറ്റതില്‍ 
അയാള്‍ക്ക് തൃപ്തിയായില്ല. 
എന്റെയമ്മ ഒരു പാവായിരുന്നു, 
അവള്‍ പറഞ്ഞു. 
എന്നെത്തേടി ഇപ്പഴും വരാറുണ്ട്, 
നിങ്ങളും മോനും ഉറങ്ങിക്കഴീമ്പം. 
ഇലഞ്ഞിപ്പൂവിന്റെ മണാ 
അമ്മേടെ ആത്മാവിന്. 
ഞാനതുവാസനിച്ചുകിടക്കും. 
അല്ലെങ്കില്‍ നിങ്ങളുതന്നെ പറ, 
എവിടുന്നു വരും ഈ പട്ടണത്തില്‍ 
നമ്മുടെ നാട്ടുമ്പുറത്തെ അതേ ഇലഞ്ഞിമണം. 
ശരിയാ, 
അയാള്‍ 
അടിപ്പള്ളയ്ക്കു തൊഴിക്കുംപോലെ 
പറഞ്ഞു, 
നിന്റെയമ്മ ഒരു യക്ഷിയായിരുന്നു. 
ഇലഞ്ഞി മണക്കുന്ന യക്ഷി. 
പാതിരയ്ക്ക് കാമപൂരണത്തിന് 
പൊക്കിളില്‍ ഞൊട്ടിയ വിരല്‍ 
അവള്‍ തട്ടിമാറ്റി. 
തൊടരുത്, ഞാന്‍ യക്ഷീന്റെ മോളാ, 
അവള്‍ ചീറി. 
വാ, അയാള്‍ പിന്നെയും ഉരുമ്മി, 
വന്നെന്റെ ചോര കുടിക്ക്...





2 Jun 2012

പെണ്‍കുട്ടിയുടെ മരണം



കടലില്‍ കളിക്കുന്ന പെണ്‍കുട്ടി 
തിരമാലകളേക്കാള്‍ ഉയരമുള്ള
ഇളക്കങ്ങളുണ്ടാക്കുന്നു.  
അവളെ മോഹിപ്പിക്കാന്‍ 
കടല്‍
മുത്തു നുരയുന്ന  ആഴങ്ങള്‍
മലര്‍ക്കെത്തുറന്നിട്ടു. 
നീയൊരു വിചിത്ര മത്സ്യമാണെന്നു കടല്‍.
എനിക്കു സ്വര്‍ണച്ചിറകുകള്‍ വേണമെന്നു 
സ്വപ്നത്തില്‍ കുതിര്‍ന്ന് അവള്‍... 
അപസ്മാര ബാധിതനായ ഒരു കൊടുങ്കാറ്റ് 
അവളെ ചുഴിക്കകത്തേയ്ക്കു വലിച്ചു.
കുരുന്നു തുടകളില്‍ 
കടലുരഞ്ഞു.
കളിമതിയായി അമ്മയെ ഓര്‍മ്മവന്ന് 
അവള്‍ വാവിട്ടു കരഞ്ഞു.
തിരക്കണ്ണികളില്‍ മുറുകി 
ശലഭനൃത്തം പോലെ പിടഞ്ഞു.... . 
ആവേശങ്ങളുടെ വേലിയിറക്കത്തില്‍ 
തലതാഴ്തിപ്പിടിച്ച ഒരിരുണ്ടതിര 
ഉപ്പുമണക്കുന്ന ജഢം തോളിലേറ്റി 
തീരത്തേയ്ക്കു നടന്നു.


1 Jun 2012

തുടക്കവും മടക്കവും





ജാഗരം


ഉണ്ണികളമ്മയെവിട്ടു നടന്നകലുന്നു 
ഉറവകളാറുകളായ്
പലപിരിവകളൊന്നി
ച്ചൊരുപുഴയായൊരുകടലായ്.
ഇരുളിന്‍വാതില്‍പ്പോളക
ളൊരുകൈകൊണ്ടു തുറന്നും
മറുകൈകൊണ്ടുതുടച്ചുമിനക്കിയൊ
രെഴുതിരിവെള്ളിവെളിച്ചവുമേന്തി
പ്പുലരിവരുന്നൂ.
മൊട്ടുകള്‍ പിഞ്ഞിയ മഴവില്‍പ്പൊടിയായ് 
കണ്ണുമിഴിച്ചുചിരിച്ചൂ.
്മുട്ടയുടച്ചവിമോചനദാഹം
മിന്നല്‍ക്കൊടിയായ്
ചിറകുമുളച്ചു പറന്നു.


സ്വപ്‌നം


തലയുംതൂക്കി നടന്നു വരുന്നു
ണ്ടുണ്ണികളമ്മയുറങ്ങും
കൊന്നത്തണല
ത്തിത്തിരിനേരമിരിക്കാന്‍. 
ഉറവകളോരോന്നോരോനീല
പ്പാമ്പുകളായ് മണല്‍വഴികള്‍ താണ്ടി
ക്കുന്നും മേടും താണ്ടി
ത്തിരികെ വരുന്നുണ്ടുച്ചിയിലോരോ 
തീക്കല്ലുകളുംപേറി.
അടിതിരികത്തുംമുന്നെ
യണച്ചുവിളക്കുമെടുത്തു
തിരിഞ്ഞുനടന്നാ
വാതില്‍പോളയടച്ചുമറഞ്ഞെന്‍
പെണ്‍മയമമായ വികാരം.
പൂവുകള്‍മൊട്ടായ്ത്തിരികെ-
യനന്തതോളംചിറകുകടഞ്ഞവ-
നൊടുവിലുറങ്ങാനിത്തിരിയിരുളില്‍
മുട്ടത്തോടും തേടി.