14 Jun 2012

പുതിയഅടയാളങ്ങള്‍







മായ്ചുകളയാറായി,
വിപ്ലവത്തിന്റെ പുറംചുവരില്‍ 
മാവോ കൊണ്ടു തൂക്കിയ 
മലനിരത്തുന്ന ആ മുത്തപ്പന്‍ ചിത്രം.
പകരം 
ഇലയില്‍തൊട്ടുനില്‍ക്കുന്ന 
ഒരൊന്നാംതരക്കാരി. 
പാതയോരത്തിരുന്ന് 
തുണിപ്പോഞ്ചിതുന്നിത്തുന്നി 
മാറ്റക്കച്ചവടത്തില്‍ മുഴുകിയ 
പാതിക്കാഴ്ചയിലും 
പാതിക്കേള്‍വിലുമെത്തിയ ഒരു മുത്തശ്ശി. 
ചില്ലകളിലൊരൊമ്പതു കുറുമ്പന്മാരെയെങ്കിലും 
തോളില്‍ തൂക്കിയൊരു താഴ്വാരത്തിലൂടെ 
തിരികെ നടക്കുന്ന പട്ടാളക്കാരന്‍
 നോക്കൂ, അയാളിപ്പോള്‍ 
ഒരു ചെറിയ സ്ഥലത്തിന്റെയല്ല, 
അതിര്‍ത്തിവരമ്പുകളുടെയല്ല, 
മലകളുടെയും കാടുകളുടേയും 
താഴ്‌വാരങ്ങളുടെയും 
സുക്ഷ്മങ്ങളുടേയും സ്ഥൂലതകളുടേയും
സൂക്ഷിപ്പുകാരന്‍. 
കയ്യില്‍ തോക്കില്ല. 
 വഴിയോരങ്ങളില്‍ നിന്നു പെറുക്കിയ
 നാടന്‍ പാട്ടുകളെന്തോ മുളുന്നുമുണ്ട്.
അല്ലെങ്കില്‍ ഇരുന്നിരുന്ന് വൃക്ഷമായ് മാറിയ ഒരാള്‍. 
വിരല്‍നിറയെ പക്ഷികള്‍, പൂക്കള്‍, മരഞ്ചാടികള്‍, 
ചുറ്റിപ്പിടിച്ച പലയിനം പെണ്‍വള്ളികള്‍ .
പഴയ വിപ്ലവം കിറിമുറിച്ചു, 
വെട്ടിവെളുപ്പിച്ചു, ഇടിച്ചുനിരത്തി.
പുതിയ വിപ്ലവം ഒരുമണ്‍വീടിന്റെ മുറ്റത്തിരുന്ന്
സാവകാശം,  ശ്രദ്ധയോടെ, 
ദയാവായ്‌പോയോടെ, 
കൂട്ടിത്തുന്നി, നട്ടുനനച്ചു, മുളപ്പിച്ചു. 
പുതിയ വിപ്ലവത്തിന്റെ ഉപകരണങ്ങള്‍ 
മണ്‍വെട്ടിയോ കൊത്തരിവാളോ അല്ല. 
തോക്കോ ചുറ്റികയോ അല്ല. 
ചിരിയുടെ പാല്‍പ്പതപുരണ്ട
ഒരാണ്‍ചുണ്ടും പെണ്‍ചുണ്ടും.
തൊടാന്‍ നീളുന്നവിരല്‍ത്തുമ്പ്.
മേലെ മേലെ
കണ്ണിപൊട്ടിച്ചിറുത്തെടുത്ത ഒറ്റനക്ഷത്രമല്ല 
ഒരാകാശം മുഴുവന്‍ 
അതിന്റെ എല്ലാവെളിച്ചങ്ങളും 
ഇരുട്ടും ശൂന്യതയും.




No comments: