29 Jun 2012

പാവട്ടീച്ചര്‍



നല്ലോണം മെലിഞ്ഞ് വെളുത്ത് 
തൊട്ടുമിനുക്കിയതുപോലുള്ള മുഖവുമായി 
പയ്യെപ്പയ്യെ ആ ചെറുപ്പക്കാരത്തി ടീച്ചര്‍ 
ക്ലാസിലെത്തിയാല്‍ അപ്പൂന് തോന്നും 
തനിക്കമ്മാവന്‍ ബറോഡയില്‍ നിന്നു വരുമ്പം 
കൊണ്ടത്തന്ന പാവക്കുട്ടി
വീട്ടിലിരുന്ന് മുഷിഞ്ഞ് 
തന്നെത്തേടി ടീച്ചറു ചമഞ്ഞ്
സ്‌ക്കൂളിലേയ്ക്ക് വരികയാണെന്ന്. 
പാവക്കുട്ടി ഈണത്തില്‍ പാട്ടു പാടുന്നു.
പാവക്കുട്ടി ഒരാനയെ വരയ്ക്കുന്നു. 
പാവക്കുട്ടിക്ക് നെറ്റി വിയര്‍ക്കുന്നു. 
പാവക്കുട്ടി തൂവാലയെടുത്തു നെറ്റി തുടയ്ക്കുന്നു. 
കുട്ടികളാരും പാവക്കുട്ടിയെ അനുസരിക്കില്ല. 
ഒരാള്‍ പാവക്കുട്ടിയുടെ സാരിത്തുമ്പ് 
പിന്നില്‍ നിന്ന് പിടിച്ചു വെച്ച് ഞെട്ടിപ്പിക്കുക പോലും ചെയ്തു. 
പാവക്കുട്ടിക്കു വേഗം ദേഷ്യം വരും.
വേഗം സങ്കടം വരും. 
ഒരു ദിവസം പാവക്കുട്ടി ക്ലാസില്‍വെച്ച് കരഞ്ഞു...
പാവം എന്റെ പാവക്കുട്ടി..
അപ്പൂന് സങ്കടം സഹിക്കില്ല..
വീട്ടിലെത്തിയാലാണത്ഭുതം. 
ചാരു കസേരയില്‍ ഗൗരവത്തില്‍ മിണ്ടാതിരിക്കുന്നു
 വീട്ടിലൊന്നും പേകേണ്ട ചിന്തയില്ലാതെ 
അവന്റെ ഒന്നാം തരം ടീച്ചര്‍....
എന്താ പഠിപ്പിക്കാന്‍ വരാത്തത്? 
സ്റ്റാന്റപ്പും സ്റ്റ്ഡൗണും ഒന്നും വേണ്ടേ?
എവിടേ ചൂരല്‍ വടി?
അപ്പു പാവട്ടീച്ചറോട് ചോദിച്ചു...
ടീച്ചര്‍ ഒരേ ഭാവത്തില്‍ മിണ്ടാക്കുട്ടിയായിരുന്നു...


No comments: