7 Jun 2012

നഗ്നത



എന്റെ നഗ്നത
എന്നെക്കാളും പഴക്കമുള്ളതാണ്. 
മുറിവുകളും ആണിത്തുളകളും
വ്രണങ്ങളുമുള്ളത്. 
വിശപ്പുകളും ദാഹങ്ങളും 
വിസര്‍ജ്ജനങ്ങളുമുള്ളത്.
ഉറക്കവും മരണവും മണക്കുന്നത്, 
നനവില്‍ക്കുതിര്‍ന്ന് മുളയ്ക്കുന്നത്. 
വസ്ത്രങ്ങളില്‍ 
എന്നെ തിരിച്ചറിയാന്‍ പറ്റാതിരുന്ന നീ
എന്റെ നഗ്നതയില്‍ 
നിന്നെത്തന്നെ കാണ്.


നഗ്നത
എനിക്കേറ്റവും 
ഇണക്കമുള്ള ഉടുപ്പ.് 
വഴക്കമുള്ളത്. 
അതിനുള്ളില്‍ മാത്രം 
ഞാനകത്തായാലും പുറത്ത്. 
അതുടുത്തപ്പോള്‍മാത്രം ഞാന്‍ 
ദൈവത്തെപ്പോലെ ശൂന്യം, സത്യം.
പെറ്റുവീണയന്നത്തെപ്പോലെ ശുദ്ധം.


ഉടുപ്പുകളുടെ 
ഊരാക്കുടുക്കുകള്‍ 
ഒന്നൊന്നായഴിച്ചുമാറ്റി 
വേടന്റെ വലയില്‍നിന്നു
മാന്‍കുഞ്ഞിനെയെന്നപോലെ 
എന്നെ നീ
ഒരിക്കല്‍ പുറത്തെടുക്കും, 
അല്ലേ?



No comments: