29-Apr-2013

ഉഷ്ണം


കാര്‍മേഘക്കനം കണ്ട് 
പറച്ചിലിലെ ഇടിമുഴക്കം കേട്ട് 
നോട്ടത്തിലെ മിന്നല്‍വീശലില്‍
കോരിത്തരിച്ച് 
അവളനില്‍ നിന്നൊരു 
തോരാമഴ പ്രതീക്ഷിച്ചു,   
മയിലുകള്‍, 
പീലികള്‍, 
നോക്കുന്നേടത്തൊക്കെ നീര്‍ച്ചാലുകള്‍. 
എല്ലാ ആഴങ്ങളും വെള്ളക്കെട്ടുകള്‍.
കൊച്ചുകൊച്ചു തടാകങ്ങള്‍. 
പ്രണയജല പ്രളയം.

ഒരു കാലത്തിന്റെ, 
ഒരു സ്ഥലത്തിന്റെ അവസാനം 
മറ്റൊന്നിന്റെ തുടക്കം. 

അവനോ 
ഒന്നു ചാറ്റിക്കടന്നു പോയി.


28-Apr-2013

ചിലപ്പോള്‍


;

ചിലപ്പോഴെങ്കിലും 
മിനുപ്പുകള്‍ക്കല്ല 
പരുഷതയ്ക്കാണ് മാര്‍ദ്ദവം.
കഠോരതയാണാര്‍ദ്രം. 
അഗ്നിയ്ക്കാണ് തണുപ്പ്. 
അതെയതെ,
ചിലപ്പോഴെങ്കിലും 
വൈരൂപത്തിലാണ് സൗന്ദര്യം.
ചിലപ്പോഴെങ്കിലും നേരല്ല,
നുണയാണ് സത്യം.


27-Apr-2013

അന്തിവെയിലത്തെ പ്രണയം
അന്തിവെയിലത്തെ പ്രണയത്തിന്
പ്രഭാതത്തിലെ പനിനീരിതളുപോലെ മൃദുവായ 
തൊട്ടാലൊട്ടുന്ന നേര്‍ത്ത ചുവപ്പ് അല്ല,
വെയിലേറ്റതിന്റെ, വെന്തതിന്റെ, 
പാകം വന്നതിന്റെ,
ചാരനിറമോ ഇളം മഞ്ഞയോ. 

വ്യഗ്രതകള്‍ കുറവായിരിക്കും. 
കണ്ണിലൊ ചുണ്ടിലോ അല്ല 
മൂര്‍ദ്ദാവിലായിരുക്കും ആദ്യത്തെ ചുംബനം. 
വാല്‍സല്യവും കരുതലും കുറച്ചധികമായിരിക്കും, 
വേഗം കണ്ണുനനയും, ഒച്ചയിടറും.
ഒരു പനി വരുമ്പോഴേയ്ക്കും 
ഡോക്ടറെക്കണ്ടോ എന്നോ 
കുരുമുളകു കഷായമെങ്കിലും 
ഉണ്ടാക്കിക്കൂടിക്കൂ എന്നോ 
വേവലാതിപ്പെട്ടുകൊണ്ടിരിക്കും. 
പിണക്കങ്ങള്‍ കുറവായിരിക്കും.  
പ്രണയ സന്ദേശത്തിലെ വാക്കുകള്‍ക്കിടിയില്‍ 
മൗനത്തിന്റെ ആഴം ഏറെ കൂടുതലായിരിക്കും.
സാന്ധ്യ സവാരിപലെ 
അകവും പുറവും അധികം വിയര്‍പ്പിക്കില്ല,  

മധ്യ പ്രായത്തിലെത്തിയ ഒരാളുടെ പ്രണയം 
സമയത്തിന്റെ വെള്ളിനാണയങ്ങള്‍ ഓരോന്നും 
നാട്ടുമുത്താച്ചിയുടെ കോന്തല സമ്പാദ്യം പോലെ
അതീവശ്രദ്ധയോടെ വിനിയോഗിക്കും.

24-Apr-2013

ഒറ്റക്കട്ടില്‍ ജീവിതം
ഇരുപതാം വയസ്സുമുതല്‍ 
ഒറ്റക്കട്ടില്‍ വാസിയാണ് അക്ക.
കക്കൂസും കുളിമുറിമുറിയും 
അടുക്കളയും തീര്‍മേശയും 
അതിഥിമുറിയും വരാന്തയും 
എഴുത്ത്, വായനാമുറി 
പ്രാര്‍ഥനാമുറി, സൂക്ഷിപ്പുമുറി, 
പറ, പത്തായം, പാട്ടുപെട്ടി,
ഒക്കെയൊരു മരക്കട്ടിലില്‍. 

മുട്ടയിട്ട്, അടയിരുന്ന്, വിരിയിച്ച്, 
പുറ്റടര്‍ത്തിയിറങ്ങിയിഴഞ്ഞിഴഞ്ഞിടവഴി, 
ഊടുവഴി, വയല്‍, വരമ്പ,് പാടം, 
കുളക്കരെ, കുന്ന്, കാവ്, യക്ഷിപ്പാലച്ചോട്,
ടാറിട്ട നിരത്ത,് പുഴക്കരെ. കടവ,് തോണി, 
അങ്ങാടി, ഉത്സവം, ആലവട്ടം, ആന, 
കൊടിമരം, ചന്തപ്പുര, കുപ്പിവള, 
കണ്‍മഷി, ചാന്തുപൊട്ട,് 
റിബ്ബണ്‍ കെട്ടിയ മുടിയുടെ ആട്ടം, 
യന്ത്രൂഞ്ഞാലിലപ്പുറമിപ്പുറമിരുത്തം,. 
വിരല്‍ വിരലുമ്മിത്തരിപ്പ്, 
ഇരുട്ട,് മറ, ചുംബനം,
മയക്കം ,രോഗം മരുന്നിന്നൂറ്റം,
പകല്‍ക്കിനാവിലെച്ചെമ്മണ്‍പാത, 
വെയില്‍, 
നടത്തം... നടത്തം... നടത്തം... 
ഒക്കെയാ അഞ്ചരയടി 
അയനിപ്ലാവുമരക്കട്ടിലിന്റെ മുത്താച്ചി മണത്തില്‍.  

ഗാന്ധി, ബസര്‍മതി ആശ്രമം, 
ചര്‍ക്കയില്‍ക്കുരുത്ത വെയില്‍ നാരുകള്‍, 
ശാന്തിനികേതന്‍, ഗയ, ബോധി, വാല്‍ഡന്‍, 
എംകെ, ഗോപാലന്‍സ്മരക വായനശാല, 
വാട്ടര്‍‌സ്റ്റേഷന്‍ എന്ന നാടകത്തിലെ 
ഉണങ്ങാ മുറിവായിലിറ്റും കുടിനീരു നിലവിളി, 
വോംംബ് എന്ന സിനിമയിലെ തപശ്ശക്തിയുള്ള രതി, 
മരിക്കാന്‍ പോകുന്നവന്റെ പിന്നാലെ 
മൂകമനുധാവനംചെയ്യും
പ്രണയിയുടെ നിഴല്‍ എന്ന  
വരയ്ക്കപ്പെടാനിരിക്കുന്ന ഒരു ഫാന്റസിക് പെയിന്റിംഗ്,.
ഇറോം ശര്‍മ്മിള, ഇടിന്തകര, 
സേവ്യറമ്മ, സുന്ദരി ,ഇഗ്നേഷ്, 
മീനിന്റേം മുപ്പാലിന്റേം ഇഴപിരിഞ്ഞ മണം. 
സമയപ്രയളത്തിന്നൊന്നരയടിമീതെ 
നാലുകാലും കുത്തിയുയര്‍ന്നെഴുന്നു നില്‍ക്കും
ഈ അവബോധ ദ്വീപില്‍.
കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷമായി 
ആരോഗ്യക്ഷയം വന്ന് ഒറ്റക്കട്ടില്‍ ജീവിതം 
നയിച്ചുപോരുന്ന 
പുഷ്പ പൂക്കാട് എന്ന കൂട്ടുകാരിക്ക് ഈ കവിത സമര്‍പ്പിക്കുന്നു....

23-Apr-2013

വരൂ വരൂഇങ്ങനെ മടിക്കാതെ, 
മുറ്റത്തു തന്നെ നില്‍ക്കാതെ, 
വരു, ലജ്ജിക്കാതെ, 
വെറുതേ ഭയക്കാതെ, 
തലയൊട്ടും കുനിക്കാതെ, 
ധീരയായ്, അ്ഭിമാനിയായ്,
്‌വരൂ, വരൂ, എ-
ന്നകത്തേക്കെന്റെ യോമനേ..


21-Apr-2013

മനോചികിത്സയ്‌ക്കൊരു ലൊട്ടുമരുന്ന്

അകാരണമായ 
ചില ആകുലതകളില്‍പ്പെട്ടുഴലുമ്പോള്‍ 
ശീഘ്രശമനത്തിന് ഒരു ലൊട്ടുവിദ്യ പറയാം. 
ആദ്യം ഇരുകാല്‍ നില്‍പില്‍ നിന്ന് 
കൈയ്യിലും കാലിലും താങ്ങിയുള്ള 
നാല്‍ക്കാല്‍ നില്‍പ്പിലേയ്ക്ക് മടങ്ങുക. 
ഉയര്‍ത്തിപ്പിടിച്ച കുന്തവാല്‍ക്കൊടിമരം താഴ്ത്തി 
അറ്റത്തെ ദേശീയ പതാകയഴിച്ചു മാറ്റുക. 
പീലിവാലറ്റമുരുമ്മി മണ്ണു മുട്ടിക്കുക. 
എവിടേലുമലഞ്ഞിത്തിരി-
പ്പുല്ലോ ഇലയോ മേയുക. 
അരുവിയിലിറങ്ങിയൊരുതുടം 
വെള്ളം മോന്തുക. 
പള്ളയില്‍ത്തലചായ്ചു കിടന്നിത്തിരിയയവെട്ടുക, 
ഇത്തിരി മയങ്ങുക, 
പിന്നെ 
അന്തിയിലേയ്ക്കാഴുന്ന ഊടുവഴിയില്‍ 
ഇരുളുപടരുന്നതുകണ്ടൊന്നു ഭയക്കുക,  
അമ്പേയെന്നൊന്നമറുക...


20-Apr-2013

ചിറകടി
കാക്കയുടെ ചിറകടി. 
വെയിലിന്റെ ചിറകടി.
ആല്‍മരച്ചിറകടി.
പേയിളകിയെന്നപോല്‍
കാറ്റിന്റെ ചിറകടി.
ഫാനിന്റെ ചിറകടി.
ഓര്‍മ്മയുടെ, 
കിനാവിന്റെ, 
ഭീതിയുടെ ചിറകടി. 
ചോരയില്‍, 
മജ്ജയില്‍, 
മുറിവിന്‍ തിണര്‍പ്പില്‍
വേദനച്ചിറകടി.
ചിറകടികളന്തിയില്‍ 
കൂടണഞ്ഞാലുമു-
ണ്ടുറങ്ങാതടങ്ങാതെ 
പ്രാണന്റെ ചിറകടി.

19-Apr-2013

നഷ്ടങ്ങളുടെ സത്യം
കാണാന്‍ 
ഏറെ ഇഷ്ടമുള്ളതുകള്‍ക്കു നേരെ 
ചിലപ്പോള്‍ നമ്മള്‍ കണ്ണു പൊത്തുന്നു. 
കേള്‍ക്കാന്‍ ത്രസിക്കുന്ന സ്വരങ്ങളോട് 
കാതടയ്ക്കുന്നു. 
പോകാന്‍ പിടയ്ക്കുന്ന ഇടങ്ങളില്‍ നിന്ന്
കാലിനെ മടക്കുന്നു, 
ചിറകിനെ പിടിച്ചു കെട്ടുന്നു.
ഹൃദയത്തില്‍ മുദ്രിതമായിപ്പോയ 
ചില മുഖങ്ങളെങ്കിലും 
ആത്മക്ഷതമനുഭവിച്ചു പോലും
നാമടര്‍ത്തി മാറ്റുന്നു
നേടലുകള്‍ മാത്രം പോരാ, 
നമുക്കു ജീവിക്കാന്‍ 
ധാരാളം നഷ്ടപ്പെടലുകളും വേണം..

18-Apr-2013

ഭൂമിയുടെചിരിനിന്നെഞാനോമനേയെത്ര
സ്‌നേഹിപ്പതെന്നോരുമോ?,
എന്നിളം വെയില്‍നീട്ടി
ത്തൊട്ടു ഭൂമിയെസ്സൂര്യന്‍. 
പെട്ടന്നവള്‍ക്കാകവേ
കുളിര്‍ത്തൂ രോമാഞ്ചത്താല്‍-
ച്ചിരീച്ചൂ ശതകോടി-
പ്പൂമൊട്ടുകണ്‍തുറന്നൊപ്പം.


16-Apr-2013

നഷ്ടങ്ങള്‍ഒന്നാമന്‍:
ചില ചെറിയ നഷ്ടപ്പെടടിലൂടെ
ചിലപ്പോള്‍ വലിയ തകര്‍ച്ചകളുണ്ടാകുന്നു, അല്ലേ?

രണ്ടാമന്‍:
ശരിയാണ്,
 ടാങ്കിന്റെയടിലെ സൂചിത്തുളയിലൂടെ 
ഉള്ളിലെ ജലം മുഴുവന്‍ ചോര്‍ന്നു പോകും പോലെ.

ഒന്നാമന്‍:
ഒരു താക്കോല്‍ കാണാതാവല്‍. 
ഒരഡ്രസ്സോ ഫോണ്‍ നമ്പറോ എഴുതി സൂക്ഷിച്ച 
ഒരു തുണ്ടു കടലാസ്സ ്കളഞ്ഞു പോവല്‍, 

രണ്ടാമന്‍:
പഴയൊരോര്‍മ്മ ചില്ലിട്ടു സൂക്ഷിച്ച 
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ 
ചിതലരിച്ചുപോകല്‍,
ഇപ്പഴില്ലാത്ത അമ്മയുടെ അച്ഛന്റെയോ 
കൊച്ചനിയത്തിയുടെയോ മുഖം 
മനസ്സില്‍നിന്ന് എത്രമുങ്ങിയാലും 
കിട്ടാത്തത്ര ആഴത്തിലേയ്ക്കാണ്ടു പോകല്‍...


മൂന്നാമന്‍:
കൈവെള്ളയില്‍ കോരിയെടുത്ത വെള്ളം പോലെ 
ജീവിതം പൂര്‍ണമായും ചോര്‍ന്നു പോകുന്നു അപ്പോള്‍...

13-Apr-2013

വിഷുക്കൈനീട്ടംപത്തിരുത്തിനാലുകൊല്ലം മുമ്പത്തെ ഒരു വിഷു. ഞാനൊരു സ്‌ക്കൂളില്‍ മാഷായി ജോലി ചെയ്തു തുടങ്ങിയതിനുശേഷമുള്ള  ആദ്യത്തെ വിഷുവായിരുന്നു. ഉച്ചതിരിഞ്ഞ സമയം. അമ്മ കോലായത്തുമ്പത്തിരുന്ന് മുടിചിക്കറത്തു കൊണ്ടിരിക്കെ തൊട്ടയല്‍പക്കത്തെ ഒരമ്മൂമ്മ കയറി വന്നു. ഞാനെന്റെ മുകള്‍ മുറിയിലിരുന്ന് ആ വിഷുക്കാലപ്പതിപ്പുകളെന്തോ വായിക്കുകയായിരുന്നു. നിറയെ കൊന്നപ്പൂക്കളുടെ മുഖചിത്രമുള്ള ഒരു കലാകൗമുദിവാരികയുടെ മഞ്ഞപ്പ് എന്റെ ഓര്‍മ്മയിലുണ്ട്. ആ അമ്മൂമ്മ എന്റെ കയ്യില്‍ നിന്ന് ആദ്യം ജോലിക്കാരാനായ വകയിലുള്ള കൈനീട്ടം വാങ്ങിക്കാന്‍ വന്നതായിരുന്നു. 

അമ്മ എന്നെ താഴോട്ടു വിളിച്ചു. ഞാനിറങ്ങിച്ചെന്നു. 
അമ്മൂമ്മ നിന്നെ കാണാന്‍ വന്നതാ, നിന്റെ കയ്യില്‍നിന്ന് കൈനീട്ടം വാങ്ങാന്‍, എന്ന് അമ്മ പറഞ്ഞു. ഞാന്‍ കെറുവിച്ച മുഖത്തോടെ അമ്മയെ ഒന്നു നോക്കി. അമ്മൂമ്മ സ്‌നേഹത്തോടെയും കുസൃതിയോടെയും എന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ അന്നത്തേതിനും ഒരിരുപതു കൊല്ലം മുമ്പ് അമ്മയെന്നെ പെറ്റിട്ടപ്പോള്‍ കുഞ്ഞിനെക്കാണാന്‍ വന്ന്, എന്റെ പോളതുറക്കാണ്ണിലേയ്ക്കു നോക്കി അവര്‍ ചിരിച്ച അതേ വാല്‍സല്യച്ചിരിതന്നെയായിരുന്നു അത്... പക്ഷെ ഞാനവരെ ഒന്നു നോക്കുക പോലും ചെയ്യാതെ അവിടുന്നെഴുന്നേറ്റു പോന്നു. വിഷുവിനോട്, ഓണത്തോട് എല്ലാ ആചാരങ്ങളോടും, കൈനീട്ടം വാങ്ങിക്കലിലെ ദാസ്യമനോഭാവത്തോടും  ശുണ്ഢി പിടിക്കുകയും കെര്‍വ്വിക്കുകയും ചെയ്യുമായിരുന്ന ഒരു കാലമായിരുന്നു അത്. അമ്മയുടെയോ  അമ്മൂമ്മയുടെയോ മുലപ്പാല്‍ മണമുള്ള വാല്‍സല്യത്തെ കുടിക്കാന്‍ നീട്ടിയ പാല്‍ക്കിണ്ണം പുറങ്കാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുംപോലെ ഞാന്‍ തട്ടിയെറിഞ്ഞു...
കുറച്ചുനേരം അമ്മയോടെന്തോ കഥ പറഞ്ഞിരുന്ന് പായസമൊക്കെ കുടിച്ച് അവരിറങ്ങിപ്പോയി. അമ്മ സ്വന്തം മടിശ്ശീല തുറന്നൊരു നാണയമോ ഒരുറുപ്പികയോ അവര്‍ക്ക് കൈനീട്ടം നല്‍കിയിരുന്നുമിരിക്കണം.. 
പിന്നീട് നീയെന്താ അങ്ങനെ പെരുമാറിയതെന്ന് അമ്മയെന്നോടു ചോദിച്ചില്ല. 

അതു കഴിഞ്ഞുള്ള ഓരോ വിഷുവിലും ഞാനവരുടെ വരവും ഇരിപ്പും ചിരിയും തലയാട്ടലും ഓര്‍മ്മിക്കും. നിറയെ വെളുത്ത മുടിയിഴകള്‍കൊണ്ടു പൊതിഞ്ഞ ആകര്‍ഷകമായ മുഖമായിരുന്നു അവരുടേത്. അവരോട് ചെയ്ത തെറ്റു തിരുത്താന്‍ ഒന്നു രണ്ടു വിഷുക്കള്‍ കൂടി എനിക്കനുവദിക്കപ്പെട്ടിരുന്നു. പക്ഷെ എന്റെ അഹന്തയോ അശ്രദ്ധയോ കൊണ്ട് എനിക്കാ കടം വീടാന്‍ പറ്റിയില്ല. 

ഇന്നലെ സ്‌ക്കൂളില്‍ കുഞ്ഞുക്കുട്ടികള്‍ക്ക് കൈനീട്ടം കൊടുത്തോണ്ടിരിക്കെ ഈ കൈനീട്ടക്കടത്തിന്റെ ഓര്‍മ്മ തികട്ടിത്തികട്ടി വന്നു. ആ കടം പലിശസഹിതം എനിക്കിന്നു വീടാന്‍ കഴിഞ്ഞേയ്ക്കും..പക്ഷെ എങ്ങനെ? ആരത് കൈപ്പറ്റും... അവരുടെ ചിതാ ഭൂമിയില്‍ച്ചെന്ന് കുറച്ചു നോട്ടുകള്‍ വിതറിയിടാന്‍ പറ്റുമോ...

നമ്മളൊരാളെ മുറിവേല്‍പ്പിച്ചാല്‍ അവരുടെ ശരീരത്തില്‍ നിന്ന് ആ മുറിവ് കാലം  ചെല്ലുമ്പോള്‍ മാഞ്ഞു പോയേയ്ക്കും, പക്ഷെ നമ്മുടെ ആത്മാവില്‍ അതുണ്ടാക്കിയ ക്ഷതം ഒരിക്കലും മാഞ്ഞു പോവില്ല. അല്ലേ...

11-Apr-2013

മതിവരവ്ഒരിറ്റു സച്ചിന്താ-
മധുവേകും 
മധുരം മതി 
ഒരൊറ്റ സങ്കല്‍പത്തി-
ന്നിളംന്നീല-
ത്തൂവല്‍മതി.
ഏകാന്തധ്യാനാലാപ-
ത്തെളിനീരുറവയില്‍
ഒരൊറ്റമാത്രയെങ്കിലും 
മുങ്ങിക്കിടന്നാല്‍ മതി.


10-Apr-2013

ചിന്തകള്‍
ചിലചിന്തകള്‍ നമ്മെ 
നനയ്ക്കുന്നു, തഴപ്പിക്കുന്നൂ. 
ചിലചിന്തകള്‍ നമ്മെ
യുണക്കിക്കരിക്കുന്നു. 

ചിലചിന്തകള്‍ നമ്മെ-
യിരുട്ടില്‍പ്പിടിച്ചാഴ്ത്തുന്നു, 
ചിലതോ, ആകാശത്തേ-
യ്ക്കുയരാന്‍ ചിറകേകുന്നു.

07-Apr-2013

പ്രണയം കേള്‍വിയുടെ കലയാണ്
ഋതു എന്റെ പ്രണയിനിയാണ്. 

ഋതൂന്നുള്ള പേര് കേട്ടാല്‍ത്തന്നെ 
ഒരു പക്ഷെ അവളെയൊരിക്കലും 
കണ്ടിട്ടില്ലായിരുന്നെങ്കിലും 
ഞാനവളെ പ്രേമിക്കുമായിരുന്നു. 
ഋതുക്കള്‍, ഹായ്... 
വസന്തോം ഹേമന്തോം ആഷാഢോം 
ഗ്രീഷ്‌മോം ശിശിരോമൊക്കെ....
മഴേം തളിര്‍പ്പും പൂക്കളും ഇല പൊഴിച്ചിലും 
വരളലും വിങ്ങലുമൊക്കെ ആ പേരിലുണ്ട്! 

ഓരോ ആള്‍ക്കും പ്രണയത്തിന്റെ ഭാഷ 
വേറെ വേറെയായിരിക്കും അല്ലേ. 
ഋതൂന്റെ പ്രണയ ഭാഷ 
ഒരു നീരൊലിപ്പിന്റെയൊച്ചയാണെന്നു ഞാന്‍ വിചാരിക്കും. 
ഒരു നീരൊലിപ്പിന്റെ കൂടെ 
അതിന്റെ ഉറവ തൊട്ട് അഴിമുഖം വരെ 
എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ? 
എത്ര തരം മിണ്ടലുകള്‍, പൊട്ടിച്ചിരികള്‍, 
പിറുപിറുപ്പുകള്‍, മൂകതകള്‍...!

അവളുടെ തണലത്താണ് 
ഞാനൊരിക്കല്‍ ബുദ്ധനാവാന്‍ തപസ്സു ചെയ്യുക! 

ഇത്തിരിയകപ്പുകച്ചിലുണ്ടാകുമ്പോള്‍
കാട്ടിലേയ്ക്ക് പോകാന്‍ തോന്നുന്ന പോലെ 
എനിക്കുടന്‍ അവളെ കാണണമെന്നു തോന്നും. 


ഞാനളുടെ സവിധത്തിലിരിക്കും. 
അവള്‍ പറയാന്‍ തുടങ്ങും. 
പൂലരിമുതല്‍  ഓരോ നിമിഷങ്ങളായി നടന്ന 
എല്ലാ സംഭവങ്ങളും, 
ഒന്നുപോലും വിട്ടുപോകാതെ 
അധികം കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ, 
ഇടമൗനത്തിന്റെ അഗാധതയാല്‍
പ്രപഞ്ചത്തിന്റെ നിശ്ശൂന്യത മുഴുവന്‍ എനിക്കനുഭവപ്പെടും. 
ചക്രവാളത്തിന്റെ മഹാ വിസ്താരതയില്‍ 
മേഘമൂടലുകള്‍ക്കിടയ്ക്കു പറക്കുന്ന 
ശരപ്പക്ഷിപോലെ എനിക്കു തോന്നും. 
ഞാന്‍ പക്ഷെ ഭയക്കുകയില്ല, 
പ്രണയിയുടെ ജീവനിശ്വാസം 
എന്റെ പ്രാണനെ അനുധാവനം ചെയ്യുന്നതു കൊണ്ട്. 

എന്റെ കണ്ണുകള്‍ 
ഞാന്‍ പാതിയടച്ചു പിടിക്കും. 

എന്താണ് എന്നെത്തന്നെ നോക്കാത്തത്? 
ഇങ്ങനെ മൂകനായിരുന്നാല്‍ മതിയോ? 
ചെറിയ ചിരിയോടെ അവള്‍ ചോദിക്കും. 

നിന്നെ കാണുമ്പോള്‍ 
പുറത്തു നിന്ന് നിന്നെ അറിയുകയാണ്, 
ഞാന്‍ പറയും, 
ഒരു വീടിനെ  മുറ്റത്തോ 
ഇടവഴിയോ നിന്ന് കാണുന്നപോലെ, 
പുഴത്തീരത്തു നിന്ന് പുഴയെ അറിയുന്നപോലെ. 
നിന്നെ കേള്‍ക്കുമ്പോള്‍ 
ഞാന്‍ നിന്റെയകത്തേയ്ക്കു വരികയാണ്. 
തീരത്തു നിന്ന് തിരകളെ മുറിച്ച് 
സമുദ്രത്തിലേക്കിറങ്ങിയിറങ്ങി പോകുന്ന പോലെ...

മാറ്റമില്ലാത്തത്ഉടുപ്പും കൊട്ടും 
അണിയലുമൊരുങ്ങലും 
പീലിയും തൊങ്ങലും 
ഓരോ നാട്ടിന്നും ഓരോന്ന്. 
കെട്ടുകാഴ്ചകളുടെ 
നിറവിന്യസങ്ങള്‍ക്കൊത്ത് 
നാം വേറെവെറെയാള്‍ക്കാരായി. 
ബന്ധുത്വമറ്റവരായി, 
അന്യരായി.

മുഖോം മുഖമൂടികളും മാറും. 
ദുസ്വാമര്‍ഥ്യങ്ങളുടെ 
രൂപോം ഭാവോം മാറും. 
പക്ഷെ നേരിനെ നോക്കൂ 
സത്യത്തെ നോക്കൂ, 
ലാളിത്യത്തെയും മര്യാദയെയും നോക്കൂ, 
സ്‌നേഹത്തെയും ശാന്തതയെയും നോക്കൂ,
ഏതു കാലത്തും ഏതു സ്ഥലത്തും അതൊന്ന്.

ചരിത്ര പുസ്തകത്തിന്റെ അലേകകളില്‍ 
പ്രജാപതിമാര്‍ക്കേ വേഷപ്പകര്‍ച്ചകളുള്ളു. 
ബുദ്ധന്‍മാര്‍ക്കെന്നുമെവിടെയും 
ഒരേ വസ്ത്രം , 
നഗ്നത. 
ഒരേ ഭാഷ മൗനം.


04-Apr-2013

ആത്മാവു സൂക്ഷിച്ച അറവല്യപ്പച്ചനേറെ പണമുണ്ടാക്കി. 
ജനാലപോലുമില്ലാത്തൊരു കിളിമുറിയില്‍ 
ഇരുമ്പു പെട്ടിയിലായിരുന്നു വല്യപ്പന്റെ സമ്പാദ്യമത്രേം. 
നാണയങ്ങളും  സ്വര്‍ണോം നോട്ടു കെട്ടുകളും. 
നോക്കിനോക്കിയിരുന്നു പൊലിപ്പിക്കാനറിയാമായിരുന്നു വല്യപ്പച്ഛന്. 

വല്യമ്മച്ചി ആ മുറീല് വെച്ചാണ് മരണപ്പെട്ടത്. 
തല കറങ്ങിയൊറ്റ വീഴ്ച. 
വല്യപ്പപ്പച്ഛന്‍ താങ്ങുമ്പോഴേക്ക് കഥ കഴിഞ്ഞു. 
തോളിലെടുത്തു പുറത്തേയ്‌ക്കെത്തിച്ചത് വല്യപ്പച്ഛന്‍ വന്നെ. 
വാതില്‍പ്പടി കടന്നതും അറ വാതില്‍ താഴിട്ടു പൂട്ടി. 
അതൊരൊടുവിലത്തെ പൂട്ടായിരുന്നു. 
വല്യപ്പച്ചീടെ പ്രാണന്‍ ആ അറേല്‍ ഉണ്ടെന്നും 
വാതിലു തുറന്നാല്‍ പറന്നു പൊയ്ക്കളയുമെന്നും വല്യപ്പച്ഛന്‍ കരുതി. 

പിന്നീട് വല്യപ്പച്ഛന്‍ കോലായിലെ ചാരിയിരുത്തക്കസേര
അറയ്ക്കു മുന്നിലേയ്ക്കാക്കി. 
വല്യമ്മച്ചിയോട് ഒറ്റയ്ക്കിരുന്ന് മിണ്ടാനും 
വിതുമ്മിക്കരയാനുമൊക്കെ തുടങ്ങി. 

വാഴയ്ക്കു വെള്ളം തേവുമ്പോള്‍ 
പെരുവിരലില്‍ വളേപ്പന്‍ കുത്തിയപ്പഴും 
പിഷഹാരീടടുത്തുപോലും പോയില്ല...
പലവിധമാവശ്യങ്ങളുണ്ടായപ്പഴും
വെറും എരപ്പാളി ജീവിതം ജീവിക്കേണ്ടി വന്നിട്ടും 
നശിച്ചു നാറാണക്കല്ലെടുത്തതല്ലാതെ 
വല്യപ്പന്‍ ആ മുറുക്കിപ്പിടുത്തം വിട്ടില്ല. 

വല്യപ്പന്റെ മരണപ്പിറ്റേന്ന് നാലാണ്‍മക്കളും 
മുന്ന് പെണ്‍മക്കളും 
ഭാര്യാഭര്‍ത്താക്കന്മാരും വരിവരിയായിനിന്ന് 
ആത്മാവു സൂക്ഷിച്ച ആ അറ ചവുട്ടിത്തുറന്നു. 


തളിരുകളും ശിഖരങ്ങളുംഒരു വിത്തിനെ നോക്കൂ, 
ഒരു പര്യവസാനമാണത്. 
ഒരു തുടക്കവും.
അടയുന്ന ഒരു വാതിലും
തുറക്കുന്ന ഒരു വാതിലും.

ഒരു ശില്പത്തെ, 
ഏതൊങ്കിലും ജീവിതത്തില്‍ 
നിന്നടര്‍ത്തിയെടുത്ത ഒരു കവിതയെ, 
ഒരാഖ്യാനത്തെ, 
ഒരു വെറും വാക്കിനെ നോക്കൂ, 
അതിനെ സമീപിക്കുകയും 
തൊടുകയും ചുംബിക്കുകയും 
മനനം ചെയ്യുകയും
സ്വാംശീകരിക്കുകയുമൊക്കെ ചെയ്യുന്ന 
ഓരോ ആളും അതില്‍ പരിണാമങ്ങളുണ്ടാക്കുന്നു. 

ഓരോ വായനക്കാരനും ശേഷം 
ഒരു കവിത വേറൊരു കവിതയായി മാറുന്നു.
പുഴയില്‍ മുങ്ങുന്ന ആളോടൊപ്പം 
പുഴയും പുതിയൊരു പുഴയായിത്തീരുന്നു. 

ഒരരോ പാതയും 
ഒരു സഞ്ചാരിയെ വേറെയൊരാളാക്കുന്നു. 
ഓരോ സഞ്ചാരിയും 
അയാളുടെ വേഗവും കിതപ്പും കൊണ്ട്
പാതയെ വേറൊരുപാതയാക്കി മാറ്റുന്നു. 

ങ്ഹും....
ഓരോ ആഷാഢവും 
പൂമരത്തില്‍ പുതിയ ഇലകളും 
പുതിയ ശിഖരങ്ങളും വരച്ചു ചേര്‍ക്കുന്നു. 02-Apr-2013

സ്വപ്നങ്ങളും ആകാശങ്ങളും
ആകാശത്തില്‍ മാത്രം ജീവിക്കുന്ന പക്ഷികളുണ്ട്. 
ആകാശത്തെ കുടിച്ച് 
ആകാശത്തെ തിന്ന്, 
ആകാശത്തിന്റെ അടരുകള്‍ക്കിടയിലെ 
ഇത്തിരി ഇരുട്ടുമറവില്‍ പൊത്തുണ്ടാക്കി, 
മുട്ടയിട്ട,് അടയിരുന്ന,് 
ആകാശത്തില്‍മുളച്ച്, 
ആകാശത്തു തന്നെ മരിച്ചു വീഴുന്നവര്‍...

ചിലര്‍ 
സ്വപ്നങ്ങളില്‍ ജീവിക്കുന്നു. 
സ്വപ്നങ്ങള്‍ കുടിച്ചും തിന്നും. 
സ്വപ്നത്തിന്റെ ഇരുട്ടറയില്‍ കൂടുകൂട്ടിയും 
ഇണചേര്‍ന്നും മരിച്ചും ദഹിച്ചും. 

ആകാശത്തിലെന്നപോലെ സ്പനത്തിലും ഉണ്ട്. 
ജലാശയങ്ങളും കൊച്ചരുവികളും 
കടലുംകാടും പുല്‍മേടുകളും . 
ഓരങ്ങളില്‍ നെല്ലും തിനയും വിളയുന്ന പാടങ്ങളും.

അതെയതേ, 
സ്വപ്നങ്ങളും ആകാശങ്ങള്‍ തന്നെ 
ഭൂമിയില്‍ വേരുള്ള ആകാശങ്ങള്‍.

01-Apr-2013

ധ്യാനമാര്‍ഗ്ഗം
ഓങ്കാരധ്യാനം പോലെ 
നാദബ്രഹ്മോപാസന പോലെ 
കുണ്ഡലിനീ പൂജപോലെ 
സാധ്യം, 
ശാന്തിദായകം 
മുറ്റമടിക്കല്‍ ധ്യാനം, 
അരീല്‍ കാട്ടം പെറുക്കല്‍, 
പായസത്തിന് തേങ്ങാ ചിരവല്‍ ധ്യാനം
കുഞ്ഞിവാവയെക്കളിപ്പിക്കല്‍ ധ്യാനം 
പുയ്യാപ്ലയോടോ പൊണ്ടാട്ടിയോടോ 
കിന്നാരം പറയല്‍ ധ്യാനം, 
ആരെങ്കിലും 
ഇത്തിരിനേരം വൈകിപ്പോയതിനോ 
കടംവാങ്ങിയത് 
തിരിച്ചുകൊടുക്കാന്‍ പറ്റാതിരുന്നതിനോ
ചീത്തപറയുന്നത് കേള്‍ക്കല്‍ ധ്യാനം...