4 Apr 2013

ആത്മാവു സൂക്ഷിച്ച അറ



വല്യപ്പച്ചനേറെ പണമുണ്ടാക്കി. 
ജനാലപോലുമില്ലാത്തൊരു കിളിമുറിയില്‍ 
ഇരുമ്പു പെട്ടിയിലായിരുന്നു വല്യപ്പന്റെ സമ്പാദ്യമത്രേം. 
നാണയങ്ങളും  സ്വര്‍ണോം നോട്ടു കെട്ടുകളും. 
നോക്കിനോക്കിയിരുന്നു പൊലിപ്പിക്കാനറിയാമായിരുന്നു വല്യപ്പച്ഛന്. 

വല്യമ്മച്ചി ആ മുറീല് വെച്ചാണ് മരണപ്പെട്ടത്. 
തല കറങ്ങിയൊറ്റ വീഴ്ച. 
വല്യപ്പപ്പച്ഛന്‍ താങ്ങുമ്പോഴേക്ക് കഥ കഴിഞ്ഞു. 
തോളിലെടുത്തു പുറത്തേയ്‌ക്കെത്തിച്ചത് വല്യപ്പച്ഛന്‍ വന്നെ. 
വാതില്‍പ്പടി കടന്നതും അറ വാതില്‍ താഴിട്ടു പൂട്ടി. 
അതൊരൊടുവിലത്തെ പൂട്ടായിരുന്നു. 
വല്യപ്പച്ചീടെ പ്രാണന്‍ ആ അറേല്‍ ഉണ്ടെന്നും 
വാതിലു തുറന്നാല്‍ പറന്നു പൊയ്ക്കളയുമെന്നും വല്യപ്പച്ഛന്‍ കരുതി. 

പിന്നീട് വല്യപ്പച്ഛന്‍ കോലായിലെ ചാരിയിരുത്തക്കസേര
അറയ്ക്കു മുന്നിലേയ്ക്കാക്കി. 
വല്യമ്മച്ചിയോട് ഒറ്റയ്ക്കിരുന്ന് മിണ്ടാനും 
വിതുമ്മിക്കരയാനുമൊക്കെ തുടങ്ങി. 

വാഴയ്ക്കു വെള്ളം തേവുമ്പോള്‍ 
പെരുവിരലില്‍ വളേപ്പന്‍ കുത്തിയപ്പഴും 
പിഷഹാരീടടുത്തുപോലും പോയില്ല...
പലവിധമാവശ്യങ്ങളുണ്ടായപ്പഴും
വെറും എരപ്പാളി ജീവിതം ജീവിക്കേണ്ടി വന്നിട്ടും 
നശിച്ചു നാറാണക്കല്ലെടുത്തതല്ലാതെ 
വല്യപ്പന്‍ ആ മുറുക്കിപ്പിടുത്തം വിട്ടില്ല. 

വല്യപ്പന്റെ മരണപ്പിറ്റേന്ന് നാലാണ്‍മക്കളും 
മുന്ന് പെണ്‍മക്കളും 
ഭാര്യാഭര്‍ത്താക്കന്മാരും വരിവരിയായിനിന്ന് 
ആത്മാവു സൂക്ഷിച്ച ആ അറ ചവുട്ടിത്തുറന്നു. 


No comments: