27-May-2013

വനാന്തരം
ഒന്ന്
1
കഥാന്തം, 
ഉത്തരായനം.

കാലം പെയ്തുതോര്‍ന്നിട്ടും
തോരാതീ മനോയാന-
പ്പിശറിന്നുറ്റലിപ്പൊഴും!

2
രാത്രി, 
വിചാരകാര്യാലയത്തളത്തില്‍.
കാര്യവാഹകരൊന്നൊന്നായ്
ഉപചാരമുദ്രകള്‍ കാട്ടി-
യെപ്പൊഴേ വിടവാങ്ങി. 
ഓരത്തൊന്നുമാറുമ്പോ-
ളൊക്കെയുമസംബന്ധം,
കോമാളിക്കൂത്തരങ്ങുപോല്‍
തുച്ഛം, പരിഹാസ്യം.

3
പണ്ഡിതന്‍, വര്‍ണാശ്രമ-
ധര്‍മ്മപാലനവ്യഗ്രന്‍, 
രാമനെ, രാജാവിനെ, 
ശംഭൂക നിഗ്രഹം ബന്ധി-
ച്ചേറെ സ്തുതിച്ച പാട്ടിന്റെ
ദുര്‍ഗ്ഗന്ധം കാതിലൂടെത്ര 
തുടച്ചിട്ടുമൊലിക്കുമ്പോല്‍!

4
കലങ്ങിയ വെള്ളക്കെട്ടാ-
ണകത്തെ ജലാശയം. 
വിചാരത്തിരത്തുള്ളല്‍, 
ദൈവമേ, ദൈവമേ,
പിടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ച്ചുറ്റി
പ്പുളയും തീപ്പാമ്പുകള്‍. 

5
അറപ്പുതോന്നും സ്വയ-
മോര്‍ക്കുമ്പോളെനിക്കെന്നെ-
യറിയില്ല നിങ്ങള്‍ക്കെന്റെ-
യകത്തെപ്പിശാചിന്റെ 
ഭീഭത്സ രക്തതാണ്ഡവം.

6
ഒരിക്കല്‍ക്കൂടിവന്നൊ-
ന്നുയര്‍ത്താമോ പണ്ടു നീ വലി-  
ച്ചുലച്ചു പൊട്ടിച്ചൊരീയായുധ-
മെന്നൊരുന്മദം
ശബ്ദമാ ശിവരൂപി
ചിതറിയ മുഖം പൊക്കി-
യുറക്കെച്ചോദിച്ചപോല്‍.

7
കണ്ണൊന്നടച്ചാലുടന്‍ 
കാണുമാ സ്വപ്നം നടു-
ത്തളത്തില്‍, 
ശൈവചാപത്തിന്മുന്നില്‍, 
തളര്‍ന്ന്, 
വാദ്ധക്യത്താല്‍ ക്ഷയിച്ച,് 
വിറപൂണ്ട്, 
എന്നിട്ടും വിഡ്ഢിയെപ്പോലെ 
കൊതി പൂണ്ടതു പൊക്കാന്‍ 
മുതിര്‍ന്ന് 
മുഖം കുത്തിപ്പതിക്കും ശ്രീരാമനെ...

8
പരിഹസിച്ചലറിപ്പൊട്ടി-
ച്ചിരിപ്പതന്ധകാലമോ?  
കടലോ? 
കോലായില്‍ കളി കണ്ടു
രസിച്ചും രമിച്ചും ചുറ്റു-
മിരിക്കും ബന്ധുഭൂതരോ?

9
കത്താന്‍ പാകം വന്ന 
വരണ്ട കാടായിരു
ന്നെന്‍മനമതിലേയ്ക്കാ-
ണശ്രദ്ധമേതോ സാധു
വുരച്ച ചെറ്റവാക്കിന്റെ 
തീക്കനല്‍ വന്നു വീണത്!

10
ഹാ, ആഗ്നേയാസ്ത്രം
തറച്ചു തീപ്പന്തം പോ-
ലാളുന്ന പോരാളിയെ 
കളിയാക്കിച്ചിരിച്ചിട്ടുണ്ടാ-
മെത്രയോ യുദ്ധഭൂമിയില്‍! 
ഇന്നെന്റെ നേര്‍ക്കു കാലമേ,
അജ്ഞാതവനവൃക്ഷ
നിഴല്‍പറ്റിക്കടംവീട്ടാ-
നച്ചൂതീയമ്പൊന്ന്!

11
ഉറങ്ങിയിട്ടെത്രരാത്രിയാ-
യെത്രയായ് മുഖാമുഖം 
കണ്ടിട്ടു സൗമിത്രിയെ, 
സീതയെ, അനുജന്മാരെ,
അവരുടെ വധുക്കളെ,
എത്രയായ് വെറുതെമന-
ശ്ശൂന്യനായിരുന്നിട്ട്,
ഉപചാരസ്തുതിയല്ലാതെ 
വല്ലതും കേട്ടു നിന്നിട്ട,് 
പറഞ്ഞിട്ട,്
ഉള്ളൊഴിഞ്ഞു ചിരിച്ചിട്ട്..!
കരഞ്ഞിട്ട്...
കാലമെത്രയായ്....!

12
കുറച്ചുനേരം കൂടി
കൊട്ടാര വരാന്തയില്‍ 
പുറത്തെയിരുളും ദൂരെ 
തിളങ്ങും താരങ്ങളും 
നിഴലിന്നിളക്കങ്ങളും 
വെറുതേ നോക്കിനിന്നയാള്‍.

13
ഒരിക്കല്‍ കുട്ടിക്കാല-
ത്തമ്മതന്‍ മടിയില്‍ക്കിട-
ന്നാകാശം കണ്ട രാത്രിയില്‍ 
നക്ഷത്രയൂഥത്തില്‍ത്തന്‍
മനസ്സുയാനം ചെയ്‌കെ 
മേഘം വിതുമ്പിച്ചാറി-
യെന്നപോലൊറ്റത്തുള്ളി-
ക്കണ്ണുനീരമ്മതന്‍ കണ്ണില്‍
നിന്നുതന്‍ മൂര്‍ദ്ദാവിലേ-
യ്ക്കടര്‍ന്നു നിപതിച്ചതും
എത്രതാന്‍ ചോദിച്ചിട്ടും
ദുഖഹേതുവെന്തമ്മ 
പറഞ്ഞേയില്ലെന്നതും 
ഓര്‍ത്തൂ കുറേ നേരം. 
പിന്നെയച്ഛനെയോര്‍ത്തൂ, 
ഓര്‍ത്തു മുല്ലമൊട്ടുപോല്‍
സീതതന്‍ കുഞ്ഞുപൂവിരല്‍
വിരല്‍ കോര്‍ത്തു നടന്നത്, 
അവളെ ചുംബിച്ചത്...

ഉലഞ്ഞ കാല്‍വെപ്പോടെ
അനുജന്‍ സൗമിത്രിയെ 
വാതിലില്‍ വിരല്‍തട്ടി
വിളിച്ചൂ പാതിരാത്രിയില്‍..

14

കൊട്ടിക്കൈയ്യെടുക്കുംമുമ്പേ-
യപ്പുറത്തുറങ്ങാതെ 
കാവലായിരുന്നെന്നപോല്‍ 
തുറന്നൂവാതില്‍, പുറ-
ത്തരണ്ട വെളിച്ചത്തില്‍ 
രാജമുദ്രയഴിക്കാതെ 
ഏട്ടനെക്കണ്ടിതെന്തെന്നു
സംഭ്രമം പൂണ്ടു നിന്നയാള്‍.

15
ലക്ഷ്മണാ, പോന്നാലും നീ 
പുറത്തേയ്ക്കുദ്യാനത്തില്‍, 
രഹസ്യമായൊരു കാര്യം
എനിക്കു പറയാനുണ്ടെ-
ന്നെത്രയോ നേര്‍ത്ത ശബ്ദത്തില്‍
അനിയോനോടോതി രാഘവന്‍. 
ജ്യേഷ്ഠന്റെ വേര്‍പ്പുഗന്ധത്തില്‍,
കിതപ്പില്‍, സംഭ്രാന്തിയില്‍ 
യുദ്ധഭീതിതകാലത്തെ
ക്കാളും ഭീതനായയാള്‍.

16
മിണ്ടാതെ, ചാരനെപ്പോലെ
തണുത്ത കാറ്റെത്തിയാ
കോലായ വിളക്കിന്‍തിരി
കെടുത്തിക്കടന്നേ പോയി.
ഇരുട്ടാണിപ്പോഴെങ്ങും 
ഇരുട്ടില്‍പ്പൂനിലാവിന്റെ 
തരുനിഴല്‍ച്ചിത്രങ്ങളും
സമ്മിശ്രസുഗന്ധവും.
.
17
ഉദ്യാനവൃക്ഷക്കൊമ്പില്‍
രാപ്പക്ഷി മൂളുന്നതും
ആകാശനക്ഷത്രങ്ങള്‍
ചിതറിത്തെറിച്ചു വീണപോല്‍
മുല്ലത്തലപ്പില്‍ മൂടും
മിന്നാമിനുങ്ങു വെട്ടവും
പ്രേതസൗന്ദര്യം പോലെ
ത്തളര്‍്ത്തീ ബോധനാഡികള്‍.
18
ഇരുട്ടേറുമൊരു മൂലയില്‍ 
പിന്‍തിതിഞ്ഞാമുഖംവിനാ 
വാളില്‍പ്പിടിമുറുക്കിത്ത-
ന്നൊച്ചകേള്‍പ്പിച്ചു രാഘവന്‍.
സത്യധര്‍മ്മസ്സുരക്ഷയ്ക്കായ്
്‌രാജപത്‌നി വൈദേഹിയെ
ലക്ഷ്മണാ കാട്ടില്‍ക്കൊണ്ട്
വിട്ടുനീയിങ്ങു പോരണം!

19

ഒരിക്കല്‍ രാമനെ പ്രതി
യച്ഛനെക്കൊന്നു വീഴ്തുവാന്‍
വാളു വീശിയ വീര്യവാന്‍.
കാട്ടിലെത്തിയ കൈകേയീ
പുത്രനെക്കൊല ചെയ്യുവാന്‍
വില്ലേന്തിനിന്ന ശൂരത...
മേഘനാഥന്റെ ശസ്ത്രത്താന്‍
മൃത്യുലോകമറിഞ്ഞവന്‍.
വാക്കിലെ വിഷം തീണ്ടി
ച്ചെവിയില്‍ചോരപൊട്ടുമ്പോല്‍
കാതില്‍ക്കൈകള്‍പൊത്തി
വിറപൂണ്ടു നിന്നു ലക്ഷ്മണന്‍.

20
ഭരതനെക്കൊല്ലാന്‍ ചാടി-
യെഴുന്നേറ്റ യുവസാഹസം
അടക്കാന്‍ രാമന്‍ചൊന്ന
ധര്‍മ്മസാന്ത്വന ഭാഷണം 
പ്രളയാന്തവര്‍ഷംകണ-
ക്കിരമ്പിത്തൂവുന്നേരം
വാക്കറ്റുനിന്നു രാമന്റെ
യോരത്തു വൃക്ഷം പോലെ.

21
കൈനീട്ടീ വാളുകൈ വാങ്ങി
ത്തലതാഴ്തിത്താഴ്ന്ന ശബ്ദത്തി-
ലാരോടുമല്ലയെന്നപോല്‍
ച്ചൊല്ലിയിങ്ങനെ,ബോധ്യത്തി-
ന്നൊത്തുനീങ്ങാന്‍ പഠിപ്പിച്ച
മഹത്ഗുരോ മാപ്പാക്കൂ ,ഞാ-
നവിടത്തെയാജ്ഞയെ പ്രതി
ബോധമറ്റിതു ചെയ്തിടാം.

22
ഉറയില്‍സ്സൂക്ഷിച്ച വാളുപോല്‍
വില്ലുപോലസ്ത്രം പോലെ 
ശ്രീരാമ, നിന്റെ സോദര
നെന്തുചെയ്യാനുമേറ്റവന്‍. 
എന്നു പാദം നമസ്‌ക്കരി-
ച്ചുള്ളിലെന്തോ നിനച്ചപോല്‍
തിരികെക്കൊട്ടാരത്തിന്‍
കെട്ടിനുള്ളില്‍ മറഞ്ഞയാള്‍.


രണ്ട്
1
കാടു കാണാന്‍ കൊതിച്ചില്ലേ 
ജ്യേഷ്ടത്തീ, രാജാവെന്നെ
കൂടെപ്പോയ്ക്കാട്ടിത്തരാ-
നേല്‍പ്പിച്ചു, മുറ്റത്തുണ്ട്. 
വനത്തിന്‍ പാര്‍ശ്വത്തോളം 
ചെല്ലുവാന്‍ തേരാളിയും 
തേരും കാത്തു നില്‍ക്കുന്നു.

2
സീതയോ ദുഷ്ടചിന്തയ്ക്കു
വേരോടാത്ത ശുദ്ധമാം
ബാലയെപ്പോലെയാനന്ദം
കൊണ്ടു വേഗം കുളിച്ചെത്തി.
കാപട്യം ചെയ്കയെത്രമേല്‍
ക്ഷയിപ്പിക്കും ജീവതേജസ്സെ-
ന്നറിഞ്ഞൊറ്റയടിപോലും 
വെയ്ക്ക വയ്യാതെ ലക്ഷ്മണന്‍!

3
ഉള്ളിലെത്തീയെക്കയ്യാല്‍ 
ആളാതെ പൊത്തി നിന്നൊരു
വനയാത്രാ രംഗം പൊട്ടി
ത്തെളിഞ്ഞൂ കണ്ണാടിയില്‍.
തെളിഞ്ഞൂ അയോധ്യതന്‍
ജനജീവിതമന:സ്സാക്ഷി
യുഗ്രമായ് കൊട്ടാരത്തെ
യുലയ്ക്കാന്‍ വെമ്പിത്തന്റെ 
ബോധത്തിലുണര്‍ന്നത്....


4
ആളുകളേറുന്നതിന്നാരവം,
ദു:ഖഭ്രാന്തിന്‍ നിലവിളി
വൃദ്ധരാജാവിന്‍ നേരെ
രോഷവും വൈരാഗ്യവും.
അയോധ്യയാകവേയന്ന്
കാടുപൂകുന്നമാട്ടിലാ 
മുറ്റത്ത് വന്നുനിന്നതും 
തെളിവൂ തിരശ്ശീലയില്‍.5
പുലരിപ്പൊട്ടലിന്‍മുമ്പീ
യാത്രയോ കൊട്ടാരത്തി
ലാരുമേയറിഞ്ഞ മട്ടില്ലാ. 
രാജാവും തിരക്കെന്നപോല്‍
പുറത്തേയ്ക്കു ചെന്നേയില്ല... 
കെട്ടൊരീ നന്ദികേടോര്‍ത്താ 
യോദ്ധാവിന്‍ ധര്‍മ്മചിത്തത്തി-
ലുമിത്തീയെരിഞ്ഞിട്ടാകാം 
നോക്കുകാ മുഖമിപ്പോള്‍ 
പുക പാളിയമാതിരി.

6
കുളിയും കഴിഞ്ഞു കൊട്ടാര-
ക്കോവിലില്‍ച്ചെന്നുനേദിച്ച 
കുറിയും തൊട്ടുണര്‍വ്വോടെ 
യാത്രയ്‌ക്കൊരുങ്ങി വന്നപ്പോള്‍ 
ഒളിച്ചെന്തു പിടിച്ചാലും 
തെളിഞ്ഞേകാണും സൂര്യ
ബിംബത്തിന്‍ നേര്‍മുന്നിലായ് 
നിന്നപോലെ വിറച്ചയാള്‍.

7
തേരില്‍ മുഖം കൊടുക്കാതെ 
തലതാഴ്തിക്കള്ളനെപ്പോലെ
പകലുറക്കച്ചെളിക്കുണ്ടില്‍
തന്നെത്താന്‍ പൂഴ്ത്തിവെച്ചയാള്‍. 

8
തേരിനെ മടക്കിത്തെ-
ല്ലൊഴിഞ്ഞ പാതയില്‍ സീത
തന്‍മുന്നില്‍ നീളേ നീളേ 
നിരന്ന പച്ചപ്പിലെ
വെയിലിന്‍ മിന്നാട്ടത്തി-
ലലിഞ്ഞും സൗമിത്രിത-
ന്നുള്ളിലെ മരുഭൂവില്‍
കാളുന്ന വെയില്‍ത്തീയി-
ലേതോ വിദൂരത്തില്‍
കാനല്‍ ജലം തേടിയും 
നിശ്ശബ്ദം നിശ്ചലം നിന്നൂ.


9
ദൂരെവേ നിന്നു നോക്കുമ്പോള്‍ 
നീലയായ് മാറും പച്ച. 
വെയിലിന്‍ സ്വരഭേദത്താല്‍ 
മഞ്ഞയായ് ചുവപ്പായും
മാറുമ്മട്ടിന്ദ്രജാലങ്ങ-
ളറിയും പച്ചപ്പുകള്‍. 
മരങ്ങള്‍ ചുറ്റിപ്പിണ
ഞ്ഞെത്രയോ പടര്‍വള്ളികള്‍ 
പുല്ലുകള്‍ കുരുന്നുകള്‍
ഒക്കെയും കെട്ടിപ്പിണ-
ഞ്ഞൊറ്റയായ് ഭവിക്കുന്ന
ജീവന്റെ വിശ്രാന്തിയാല്‍
പ്രശാന്തം വനജീവിതം. 
വരൂവരൂ എന്ന് 
സ്വാഗതം ചെയ്യുന്നപോല്‍
കേട്ടു ജലംപോലെ-
യുതിരും കാടിന്‍സ്വരം.

10
ആദ്യം പാതകാണിച്ചു
മുന്നേ നടന്നയാള്‍് പിന്നെ 
പിന്നിലായ,് മുന്നില്‍നിന്നു 
നടക്കെയനുജായെത്ര
സന്തോഷവതിയാണു ഞാ-
നെന്നെനിക്കോതോന്‍ വയ്യാ, 
ഗര്‍ഭ ദേഹാലസ്യ
ഭാരമേയില്ല ഞാനൊരു
പക്ഷിയായ് ചിറകുണ്ടിപ്പോള്‍, 
പെണ്‍മാനായ് വേഗം തെറ്റാ-
തോടാം കാറ്റാണെന്നെ-
ത്തൊടാനേ പറ്റില്ലേതു 
സമര്‍ഥന്‍ വേട്ടക്കാരന്‍ 
കൂരമ്പു തൊടുത്താലു-
മെന്നോതീ പിന്നില്‍ക്കാതി-
ലടപ്പും മുഴക്കങ്ങളു
മാകയാലയാളൊന്നും 
കേള്‍പ്പതില്ലെന്നോര്‍ക്കാതെ.

11
അനുജാ, സൗമിത്രേ നീ
കേള്‍ക്കേണമെന്തൊരത്ഭുതം!
ഓര്‍മ്മകള്‍ തെളിയുന്ന നാള്‍
തൊട്ടിന്നേവരേയ്‌ക്കൊരു 
സഹസ്രം മര്‍ത്യജന്മങ്ങ-
ളൊരുമിച്ചുണര്‍ന്നിരുന്നാലും
നെയ്യുവാനാവാത്തത്ര
ചിന്തകള്‍ നെയ്തിട്ടുണ്ടാ-
മെന്‍മനമെങ്കില്‍പ്പോലും 
ഞാനെന്റെ നാവില്‍നിന്നു-
മുതിര്‍ത്ത വാക്കിന്നെണ്ണ- 
മെനിക്കെന്റെ വിരലാലെണ്ണാം.

12
വനയാത്ര കഴിഞ്ഞച്ഛന്‍
തിരികെയെത്തുന്നേര-
മെനിക്കായ്‌ക്കൊണ്ടത്തന്ന
പേടമാനിന്റെ കണ്ണിലേ-
യ്ക്കത്ഭുതം പൂണ്ടുഞാനെത്ര
നേരം നോക്കിനിന്നെന്നോ!

ഉലയുന്ന പച്ചക്കാടെന്‍
മോളേയെന്നലറുന്നതായ്
കേട്ടു ഞെട്ടിയുണര്‍ന്നൂ ഞാ-
നിരുട്ടില്‍, പാതിരാത്രിയില്‍. 

പിറ്റേന്നു പ്രഭാതത്തില്‍ 
അച്ഛന്‍ തന്നെത്തന്നെ 
കാട്ടില്‍ച്ചെന്നതേ ദിക്കില്‍ 
കൊണ്ടുവിട്ടിട്ടുമെന്നുള്ളിന്‍
ദുഖം മാറീലവളെപ്രതി. 

ഒറ്റയ്ക്കിരിക്കുമ്പോഴാ
നിലവിളി വിങ്ങി നില്‍ക്കുന്ന
മുഖമെന്നുള്ളില്‍ത്തോന്നും.
ഉണ്ടാകുമല്ലേയിന്നു-
മിക്കാടിന്നകത്തെങ്ങോ
അവളുടെ പേരമക്കളും~!
നിശ്ചയമെനിക്കിന്നു-
മവളെക്കണ്ടുമുട്ടിയാല്‍
തെറ്റില്ലെന്‍ സോദരായെനി-
ക്കത്രമേലുണ്ടു ബാന്ധവം.

14
അച്ഛന്‍ ജനകന്‍ രാജാ-
വായിരുന്നെന്നുതോന്നിയി-
ല്ലണിഞ്ഞില്ലാ വേഷഭൂഷക-
ളണിഞ്ഞില്ല കിരീടവും.
ഒരിക്കലും നായാട്ടിന്നായ് 
പോയില്ല യുദ്ധങ്ങളു-
മുണ്ടായില്ലെന്റെയോര്‍മ്മയില്‍. 
കൊട്ടാരവളപ്പാകെ 
പലജാതിമരങ്ങളാല്‍
കാടുമൂടിയിരുന്നെന്നും 
വരും മയിലും മൃഗങ്ങളും.

15
അവയെപ്പരിപാലിച്ചു-
മവയോടു കളിയാടിയു-
മറിഞ്ഞൂ ഞാനന്നൊക്കെ 
ജീവബന്ധത്തിനാര്‍ദ്രത.
വലുതായാലച്ഛന്നൊപ്പം 
തപസ്സിന്നു കൂട്ടിന്നായി
പ്പോരും കാട്ടിലേയ്‌ക്കെന്ന് 
ചൊല്ലും ഞാ,നപ്പഴച്ഛനോ 
തപം ജീവിതമാണെന്റെ
മോളേയെന്നോതിക്കൊണ്ടാ
നെഞ്ചിലേയ്‌ക്കെന്നെച്ചേര്‍ക്കും.

16
ജീവിതം തപസ്സാണെന്നു 
തന്നെക്കാള്‍ ബോധ്യമുള്ളവ-
രാരെന്നോര്‍ത്തു ലക്ഷ്മണന്‍!
അച്ഛന്‍, അമ്മ, സോദരര്‍
ഊര്‍മ്മിള,... ഓര്‍ത്താലെത്ര
മുഖങ്ങളുടഞ്ഞ പാത്രങ്ങള്‍,
മുഖം നോക്കും കണ്ണാടികള്‍...!


17
രാമനായിരുന്നെന്റെ ധര്‍മ്മം, 
വിധി, കാലം, ദൈവം 
കിഴക്കുനിന്നുദിച്ചാഴി
പൂകും ജീവദായകന്‍.
രാമനായിരുന്നെന്റെ 
അതിരും അവസാനവും. 
രാമന്റെ വാക്കില്‍ പൂര്‍ണ
സത്യമെന്നും നുകര്‍ന്നു ഞാന്‍. 
രാമനും സീതയും വേറി
ട്ടാദ്യമായ് ദര്‍ശിക്കുമ്പോള്‍ 
രാഘവാ, നീ ക്ഷമിക്കുകെന്‍
കാഴ്ച മങ്ങിക്കെടുന്ന പോല്‍.

18
ചിന്തയെക്കേട്ടപോലപ്പോള്‍ 
ചൊല്ലുന്നുണ്ടു മൈഥിലീ,
ലക്ഷ്മണാ, വിശ്വാസങ്ങ
ളുലയാതെ സൂക്ഷിക്കുക. 
മാര്‍ഗ്ഗദര്‍ശനമേകുവാന്‍ 
വിളക്കില്ലാതിരുളിന്‍വഴി
പോയാലകാലത്തേ 
വീഴും ഘോര മൃത്യുവില്‍.

19
പ്രണയം ധര്‍മ്മം മര്‍ത്യ
ജന്മം കെട്ടുന്നനൂലുകള്‍ 
ജീവന്റെ ചങ്ങലക്കെട്ട-
ല്ലാത്മാവിന്റെ ഞരമ്പുകള്‍.
ലങ്കയില്‍, ദശാസ്യന്റെ 
കോട്ടയില്‍ രാമനെപ്പിരി
ഞ്ഞിരുന്ന നാളിലാണെന്റെ 
പ്രണയം പൂര്‍ണമായത്.20
രാമനെയത്രകാലവും
വേറിട്ടൊന്നായറിഞ്ഞ ഞാന്‍ 
അന്നെന്റെ കോശങ്ങളില്‍
ചോരയില്‍ ഹൃദയത്തിലും 
ചിന്തപാറിപ്പറക്കുന്ന 
ചിദാകാശത്തിലെങ്ങുമേ 
താരമായ് താമരപ്പൂവായ് 
പൂര്‍ണനായ്ക്കണ്ടു രാമനെ.

21
രാമന്റെ സാന്നിധ്യത്തി
ലല്ലാതെയൊരിക്കലും 
പുലരുവാനാവില്ലെന്ന 
ഭയത്തില്‍നിന്നാദ്യമായ് സീത 
മോചനം നേടുന്നതു-   
മന്നാണെന്നതോര്‍പ്പുഞാന്‍്.


22
ഓര്‍പ്പുഞാനശോകത്തിന്‍
ഛായയില്‍ വന്നു രാവണന്‍
ചൊന്നു ഞാന്‍ ധീരകണ്ഠയായ്, 
രാജരാവണ, കേള്‍ക്കുക: 
സാധിക്കും ഖലന്മാര്‍ക്കേതു 
പൂവിനേയുമിറുക്കുവാന്‍ 
അസാധ്യം പൂവില്‍നിന്നു 
സുഗന്ധത്തെയെടുക്കുവാന്‍.


23
അയാളോ ചിന്താധീനന്‍
ചൊന്നു ശാന്തസ്വരത്തിലായ് 
ക്ഷമിക്കൂ,ദേവീയെന്റെ 
നിലവിട്ടപരാക്രമം. 
പക്ഷെയതിലില്ലൊട്ടും
സ്വാര്‍ഥമെന്നു ധരിക്കണേ.

24
സീതേ, ഭൂമിപുത്രീ നിന്‍
രാജദാസ്യമന്യായമേ. 
ഉറവായൊഴുകേണ്ടോള്‍ നീ 
മഴയായ് പെയ്യേണ്ടോല്‍ നീ 
പാടത്തും പുല്‍മേട്ടിലും 
കതിരിട്ടു തഴയ്‌ക്കേണ്ടോള്‍ നീ.
രാമന്‍ ചാപം കുല-
ച്ചെന്നു നിന്നെ വരിച്ചുവോ 
അന്നീ മണ്ണിന്‍ മക്കള്‍ 
വിതച്ചും കൊയ്തും പോന്നോര്‍
പൂഴിയില്‍ നട്ട കമ്പുപോല്‍
ഉള്ളുണങ്ങിക്കരിഞ്ഞുപോയ്
എന്നു നീ രാജധാനിതന്‍ 
വധുവായ്‌ച്ചേലചുറ്റിയോ
അന്നീ മണ്ണിന്‍മക്ക
ളെന്നേയ്ക്കുമനാഥരായ്....

സീതേ, ഭൂമിനന്ദനേ, 
കുരുവിയും കുയിലും മയിലും
മാനും കുഞ്ഞു പുഴുക്കളും 
ജീവന്റെ ദാഹം നിത്യം 
നീരുമോന്തുന്ന ചോലയെ
സ്വന്തമായ് കല്പിച്ചൊരാള്‍ 
കയ്യില്‍ പൂട്ടി്പ്പിടിക്കുകില്‍ 
പറയൂ തിരികെക്കിട്ടാന്‍
കള്ളം ചെയ്കയധര്‍മ്മമോ?

25
പ്രണയം, രാജാവേ, ഞാന്‍ 
പറഞ്ഞൂ ദശാസ്യനോ-
ടുലച്ചു പൊട്ടിച്ചില്ലേ
യധികാരക്കോട്ടകൊത്തളം. 
പ്രണയം നാടുവാഴുമ്പോള്‍ 
കല്ലിലും താമരപ്പൂക്കള്‍.
പ്രേമത്തില്‍ സൗമ്യമേഘങ്ങള്‍
പ്രേമത്തില്‍ വെയില്‍ച്ചിന്തുകള്‍
പ്രേമത്താലുര്‍വ്വരം നിത്യം 
കാലത്തില്‍ നാഭീതടം.
ലക്ഷ്മണാ പിന്നെയെന്‍ മുന്നില്‍
ക്കൈകൂപ്പിനിന്നു രാവണന്‍.
കുനിച്ച തലയെന്‍നേര്‍ക്കു
തിരിക്കെക്കണ്ടുഞാനയാ-
ളടച്ച കണ്ണില്‍നിന്നു
ധാരയായ്ക്കണ്ണീര്‍ മഴ.

26
അനുജാ, സൗമിത്രേ, നീ
കേള്‍ക്കണം സീതതന്‍ മനം.
ഒരിക്കല്‍ പ്രേമം രാജ-
സ്ഥാനമേല്‍ക്കുന്നനാള്‍ വരും. 
സ്‌നേഹത്തില്‍ പിറക്കുന്ന 
കുഞ്ഞുങ്ങള്‍ മാന്‍കുഞ്ഞുങ്ങള്‍
അവരീ പച്ചപ്പുല്ലിന്‍
മേട്ടിലോടിക്കളിച്ചിടും.


27
പ്രണയത്തെക്കാളഗാധമാം 
കടലതല്ലാതെയില്ലെന്നും 
അതിനേക്കാള്‍ വിശാലമാ-
മാകാശം വേറെയില്ലെന്നും 
പ്രേമമാണേറ്റമുര്‍വ്വര-
സ്സമ്പന്നഭൂമിയെന്നതും 
അറിയാനലിവുണ്ടാകും 
മര്‍ത്യര്‍ക്കന്നു നി്ശ്ചയം.

28
ഉള്‍ക്കാടിരുട്ടും കട-
ന്നപ്പുറത്തെത്തുറസ്സിന്റെ-
യോരത്തെച്ചോലയ്ക്കടു-
ത്തായിരം വര്‍ഷംപഴേ
അരയാല്‍ മാമരത്തിന്റെ 
മടിയില്‍, വേരില്‍ച്ചാഞ്ഞൊ-
ട്ടിരുന്നൂ സീതാദേവി.
ഉടനേ മയക്കം വന്ന-
ങ്ങടച്ചൂ കണ്‍പോളകള്‍.

29
ലക്ഷണന്‍ സീതാപദം
കുമ്പിട്ടെഴുന്നേറ്റൊട്ടു
ദൂരെപ്പൂനിലാവത്ത്
മുട്ടുകുത്തിയിരുന്നു താന്‍ 
ദൈവമായ്‌സങ്കല്‍പ്പിക്കു
മേട്ടന്റെ കാല്‍പാദങ്ങള്‍
മനസ്സില്‍ വരുത്തിക്കയ്യില്‍
സുഹൃത്തായ്, സുരക്ഷയ്ക്കായ് 
സൂക്ഷിച്ചഘോര ഖഡ്ഗത്തെ 
ശിലയില്‍ച്ചാരിവെച്ചതിന്‍
മുന്നിലും കൈകള്‍കൂപ്പി
തെല്ലിട, പിന്നെത്തന്റെ 
നെഞ്ചിലേയ്ക്കുയര്‍ത്തുന്നു-
ണ്ടന്നേരം ലക്ഷ്മണായെന്നു
പിന്നില്‍നിന്നുറക്കെക്കേട്ടു
സീതതന്‍ ഗാഢസ്വരം .

31
അമ്മേയെന്നയാളപ്പോള്‍
കരഞ്ഞൂ നാണം വിട്ടു
പൊഴിഞ്ഞോരിലപോലെ
പ്പതിച്ചൂ പാദങ്ങളില്‍.
കരഞ്ഞു പൈതലെപ്പോലെ, 
സീതയാ ശുദ്ധദേഹിയെ
മാറിലേയ്‌ക്കേറ്റുവാങ്ങിക്കൊ-
ണ്ടുഴിഞ്ഞോരുണ്ണിയെന്നപോല്‍.

മൂന്ന്
1
അനുജാ, ലക്ഷ്മണാ, സൂക്ഷ്മം 
ശ്രദ്ധിക്ക ജീവിതം നമ്മെ-
ക്കൊണ്ടുനിര്‍ത്തുന്ന സന്ധിയെ,
സൗമ്യമായ,് സസ്‌നേഹമായ്. 
ഭീരുവായ് യാത്രയെപ്പാതി-
യുപേക്ഷിച്ചോടിപ്പോയാല്‍
ജന്മമെത്ര കടന്നാലും 
മുഴുമിക്കാന്‍ ബാധ്യസ്ഥര്‍ നാം. 

2
സൗമിത്രേ, സീതയിക്കാടിന്‍,
മണ്ണിന്‍ പുത്രിയല്ലയോ? 
പൗത്രരെശ്ശുശ്രൂഷിപ്പാ-
നെന്നമ്മ മോഹിക്കില്ലേ?
മാന്‍പേടയെന്നപോലെയും
അമ്മക്കുരുവിപോലെയു-
മിവള്‍ക്കിക്കാടിന്‍പച്ച-
ക്കൂടാവും പേറ്റുപായയും.

3
മീനിന്‍ പൈതങ്ങള്‍ക്കു
വിരിയാന്‍ ജലം വേണ്ടേ?
മേഘങ്ങള്‍ മുഴങ്ങാതെ
മഴപ്പാറ്റ മുട്ട പൊട്ടുമോ? 
കൊട്ടാര വാസം നല്‍ക്കും
കുടുസ്സു ഗന്ധങ്ങളില്‍
വളരേണ്ടന്‍ ഗര്‍ഭസ്ഥരി-
പ്പച്ചപ്പില്‍ത്തഴയ്ക്കട്ടെ.

4
സീതേ, സോദരി,ഞാനി-
ന്നറിവൂ ദുസ്സാമര്‍ഥ്യ-
മെത്രയ്ക്കു പറന്നാലു-
മെത്തുകില്ലാകാശത്തില്‍.
ഞങ്ങള്‍ രാജധര്‍മ്മത്തിന്‍
പിന്നണിപ്പോരാളികള്‍ 
കാറ്റൊന്നൂതിയാല്‍പ്പോലും
കെട്ടുപോം തീനാളങ്ങള്‍. 
നീയാത്മവിഹായസ്സി-
ന്നുറങ്ങുന്ന നെറ്റിക്കണ്ണാ-
ണെനിക്കു പ്രാര്‍ഥിക്കുവാ-
നൊടുങ്ങാത്ത നിലവിളി.

5
സൂര്യനാല്‍
സ്വര്‍ണമായ്ത്തീര്‍ന്ന 
പര്‍വ്വതശീര്‍ഷം പോലെ
നിവര്‍ന്നു, കണ്‍കള്‍ചിമ്മി-
ത്തെല്ലിട നിന്നൂ സീത.
പിന്നെസ്സൗമിത്രിതന്‍
മൂര്‍ദ്ദാവില്‍ക്കരം ചേര്‍ത്തു 
തിരികെപ്പൊയ്‌ക്കൊള്ളുവാന്‍
ശാന്തയായ് നിര്‍ബ്ബന്ധിച്ചു.
പിന്നെത്തിരികേനട
ന്നേതോ രാപ്പക്ഷിപോല്‍
കാടിന്‍പച്ചപ്പിലേ
യ്ക്കലിഞ്ഞേപോയീ സീത.
2012 മാര്‍ച്ച്No comments: