2 May 2013

പാത പണിയാന്‍ വന്നവരോട് ഒരു നാട്ടുമുത്തച്ഛന് പറയാനുള്ളത്


പാതയെക്കാള്‍ മുന്നേ 
പഥികനാണെന്നോര്‍ത്തോണം. 
ആദ്യം അടികള്‍, ചുവടുകള്‍, 
പിന്നാലെ പാത,
അതാണ് പഴേ നടക്കണക്ക്. 

ഇതിലെയിതിലെയെന്ന് 
മുന്നേ ചൂട്ടുകാട്ടി നടത്തിക്കാന്‍ മാത്രമല്ല. 
ചില പോക്കുവരവുകളെയെങ്കിലും 
പെഴപ്പിക്കുകേം വേണം. 
എത്ര ചുറ്റിത്തിരിഞ്ഞാലും 
ഇടവലം മറഞ്ഞാലും 
ഒരേ വെളിമ്പറമ്പിലെത്തുന്ന 
കാപാലികന്റെ പങ്കഥയിലെന്നപോലെ, 
ഹ...ഹ...  

ഗ്രാമത്തിലേയ്ക്കുള്ള പാത 
എപ്പഴും തുറന്നിട്ട വാതിലല്ല.  
യാത്രയുടെ അന്തസ്സാരത്തിനൊത്ത് 
അടയുകേം തുറക്കുകേം 
തെളിയുകേം മായുകേം ചെയ്യുന്ന
മാന്ത്രികമുത്തശ്ശിയുടെ കൊട്ടാര വാതായനം.

രാജഭവനത്തിലേയ്‌ക്കോ വ്യവസായനഗരത്തിലേയ്‌ക്കോ
നാട്ടുപ്രമാണിയുടെ ഏഴുനിലമാളികയിലേയ്‌ക്കോ
മാത്രമായൊരു പാത പണിയുകയാണെങ്കില്‍ 
അതിനീ തൂമ്പയും പിക്കാസും 
കരിങ്കല്‍ച്ചീളുകളും മതിയായേയ്ക്കും. 
പക്ഷെ പള്ളിപ്പറമ്പും കുന്നുംപുറോം
കാവും കുളോം  പള്ളിക്കൂടോം കടന്ന്
നാട്ടുമ്പുറത്തിന്റെ ഹൃദയത്തിലേയ്‌ക്കോ 
ആത്മാവിലേയ്‌ക്കോ ആണ് പാത പണിയുന്നതെങ്കില്‍ 
സൂക്ഷിക്കണം, 
അതിനീ സാമഗ്രികള്‍ മതിയാവില്ല. 

പിന്നെ പറയാനുള്ളത് ഓരങ്ങളെക്കുറിച്ചാണ്. 
മഴയെന്നും മഞ്ഞെന്നും 
വസന്തമെന്നും വേനലെന്നും ബോധപ്പെടുത്തുന്നത് 
പാതയല്ല ഓരങ്ങളാണ്. 
വിശക്കുമ്പോള്‍ വിളമ്പുകയും 
തളരുമ്പോള്‍ വിരിക്കുകയും ചെയ്യുന്നത് ഓരങ്ങള്‍.
പാത പറയുന്നതും പാടുന്നതും 
ചിരിക്കുന്നതും ചിണുങ്ങുന്നതും ഓര ഭാഷയില്‍
കൗശലക്കാര്‍ മുന്നേ വെട്ടിയ പാത സ്വന്തം പാതയാക്കും. 
മര്യാദക്കാരന്‍ പാതയ്‌ക്കൊത്ത് നടത്തം മെരുക്കും. 
വിവേകി ഓരങ്ങള്‍ സൃഷ്ടിക്കും . 
ഓരങ്ങള്‍ക്കിടയില്‍ പാതകള്‍ സ്വയംഭൂവാകുന്നു.


No comments: