6 Nov 2012

മൗനഭേദം



വാക്കുകള്‍ പലതെന്നപോള്‍ 
ശബ്ദങ്ങള്‍ പലതെന്നപോല്‍
മൗനവും പലേ വിധം. 

കാറ്റടങ്ങിയനേരത്തെ 
കടലിന്റെ മൗനംകേള്‍ക്കൂ, 
ഗാഢമായുറങ്ങുന്ന കാടിന്റെ,  
അഗ്നിയില്‍ത്തപം ചെയ്യും 
മലയുടെ
മേഘങ്ങളൊഴിഞ്ഞാകെ
ത്തെളിഞ്ഞ ആകാശത്തിന്‍..

കേട്ടുനോക്കുകറിയാമപ്പോള്‍  
സമുദ്രങ്ങള്‍, പുഴകള്‍, 
കാടുകള്‍, പലതെന്നപോല്‍് 
ഋതുക്കള്‍ പലതെന്നപോല്‍
വെയിലുകള്‍ മഴകള്‍
വേറെവേറെയെന്നപോല്‍
ഒരേസ്ഥലത്തേയ്ക്കുപോം 
വഴികള്‍ വ്യത്യസ്തം പോല്‍... 

സങ്കടം ജലംപോലെ
കെട്ടിയ മനസ്സിന്റെ  
വിഷാദ ഗാഢമൗനവും
നഴ്‌സറിക്കൊച്ചുപാര്‍വ്വതി 
ജാലകംതുറന്നന്തി
യാകാശംനോക്കുന്നേരം 
വിസ്മയംകൊണ്ടമൗനവും 
ഉച്ചക്കിനാവിന്റെ
ലഹരിയില്‍ മൂകമാവലും 
മനസ്സേയില്ലാതായി 
നിഷ്പന്ദമായ മൗനവും ... 

ഓരോആളും ആദ്യം
ഭാഷയാലോരോരോ ആള്‍. 
പിന്നെയോ മൗനത്താലും.

No comments: