16-Oct-2013

കല്ലില്‍ കൊത്തിയ ബോധിഎവിടെനിന്നൊക്കെയോ 
കുറച്ചു കൃഷ്ണ ശിലകള്‍ സംഘടിപ്പിച്ച് ശില്പവേല തുടങ്ങി. 
എന്താണയാള്‍ കൊത്താന്‍ പോകുന്നതെന്ന് 
ആരോടും പഞ്ഞിരുന്നില്ല. 

ചിലരൊക്ക കാഴ്ചകാണാനോ 
വേറൊരു പണിയുമില്ലാത്തതുകൊണ്ടോ 
അടുത്തു വന്നു നില്‍ക്കുമ്പം 
അതെന്താ ഇതെന്താ, 
അത് ഒരു കണ്ണാണോ എന്നൊക്കെ ചോദിക്കും 
ഒന്നു മൂളിയാലായി. 
ആരോടും മിണ്ടലുമുണ്ടായിരുന്നില്ല. 

മുപ്പത്തഞ്ചാം വയസ്സില്‍ തുടങ്ങിയ പണി 
അറുപത്തേഴിലാണു മുഴുമിച്ചത്. 
മുഴുമിച്ചു എന്നു തോന്നിയമട്ടില്ല. 
പണി പാതിയില്‍ നിര്‍ത്തിയവന്റെ നിരാശയും 
കാളിമയും ആ മുഖത്തുണ്ട്.

അയല്‍ക്കാരനും 
അയാളുടെ ജീവിതത്തിന്റെ അസാമാന്യതയുടെ 
ഏക വിശ്വാസിയുമായ ഒരു ചെറുപ്പക്കാരന്‍ എന്‍ജിനീയര്‍ 
അവിടുത്തെ വാര്‍ഡുകൗണ്‍സിലര്‍ക്ക് കൈക്കൂലികൊടുത്ത്
നഗര മൈതാനത്തിന്റെ ഒരു മൂലയ്ക്ക്
ശില്പം സ്ഥാപിക്കാനനുമതി നേടിയെടുത്തു.

ചെറുപ്പക്കാരനെഞ്ചിവീയറുടേം കൂട്ടുകാരുടേം ഉത്സാഹത്തിലാണ്
വലിയൊരു വാഹനത്തില്‍ ശില്പം
നഗരത്തിലേയ്ക്കു യാത്രയായത്. 
അതാരു മഹായാത്രപോലെ, 
ഒരു കപ്പലോട്ടക്കാരന്‍ തന്റെ പായക്കപ്പല്‍ 
അനന്തതയുടെ കടല്‍ക്കോളിലിറക്കുംപോലെ തോന്നി. 

അയാളും ഒപ്പം കൊച്ചുവീടു പൂട്ടി
സാമാനങ്ങളെക്കെ ഒരു ചെറിയ തുകല്‍ബാഗില്‍ നിറച്ച് 
ഇനി ഇങ്ങോട്ടില്ലെന്ന മട്ടില്‍ 
ആ വണ്ടിയില്‍ 
ആളുകള്‍ മുന്നില്‍ ഇരിക്കാന്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ 
പിന്നില്‍  തൊട്ടുഴിഞ്ഞുനിന്ന് യാത്രയായി. 

ആരും വിശേഷിച്ച് കാണുവാനിടയില്ലാത്ത ഒരു മൂലയാണ് 
ശില്‍പത്തിനായി നിശ്ചയിക്കപ്പെട്ടിരുന്നത്, 
എന്‍ജിനീയറും കൂട്ടുകാരും ചേര്‍ന്ന്
ആ ഇടം മുന്നേകൂട്ടി വെടിപ്പാക്കിയിരുന്നു. 
ഭാരം പൊക്കല്‍ യന്ത്രം കല്ലൂകഷ്ണങ്ങള്‍ 
അടുക്കിയടുക്കിവെച്ചപ്പോള്‍ 
പൊടുന്നനെ 
അതൊരുഗ്രന്‍ കരിങ്കല്‍ വൃക്ഷമായി മാറി..

അയാള്‍ തിരിച്ചുപോയില്ല. 
അത്യാവശ്യം ആഹാരത്തിനുള്ള വക 
എങ്ങനെയോ സമ്പാദിച്ചുകൊണ്ട് 
നഗരത്തിന്റെ ഒരു കഷ്ണം നിഴലില്‍ അയാള്‍ പറ്റിക്കൂടി. 
പുലര്‍ച്ചയ്ക്കുതന്നെ തന്റെ ശില്‍പത്തിനടുത്തെത്തും. 
ഇത്തിരി മാറിച്ചെന്നിരിക്കും 
ആരെങ്കിലും തന്റെ ശില്‍പം കാണാന്‍ വരുന്നുണ്ടോ എന്നാണ് നോട്ടം. 
ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ആള്‍ വരുമായിരുന്നു. 

ചില സ്‌ക്കൂള്‍ക്കുട്ടികള്‍ ഒരിക്കല്‍ വന്നു. 
അവര്‍ വലിയ വിസ്മയത്തോടെ 
അതിന്റെ മുന്നില്‍ ചുറ്റിപ്പറ്റി നിന്നു. 
ഒരു മരത്തണലത്തുനിന്നെപോലെ ഓടിക്കളിച്ചു.
ഒരു കുട്ടി ജീവനുള്ള ഒന്നിനെ ചുറ്റിപ്പിടിക്കുമ്പോലെ 
അതിനെ ചുറ്റിപ്പിടിച്ചു. 
ഒരാള്‍ അതിന്മേല്‍ പറ്റിപ്പിടിച്ച് കയറാന്‍ നോക്കി
ഒരു കുട്ടി ഒരു കൊച്ചു കല്ലെടുത്ത് 
മരത്തൊമ്പിലേയ്ക്കന്നപോലെ ശില്‍പത്തിന്റെ 
മുകള്‍ഭാഗത്തേയ്‌ക്കെറിഞ്ഞു...
അന്ന് അയാള്‍ക്ക് വളരെ നല്ല ഒരു ദിവസമായിരുന്നു.

മഞ്ഞപ്പനി പിടിച്ച് ഒരു മഴക്കാലത്ത് 
അയാള്‍ ധര്‍മ്മാശുപത്രിയലായി. 
ഒരു മാസം മരണത്തോടു മല്ലടിച്ച് അവിടെ കിടന്നു. 
അയാളവിടെ കിടന്നു മരിച്ചിരുന്നെങ്കില്‍ 
മഞ്ഞപ്പനി പിടിച്ച് അജ്ഞാതന്‍ മരിച്ചു 
എന്ന ഒരു വാര്‍ത്തയായിരിക്കും പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുക. 
അല്ലാതെ ഒരു കരിങ്കല്‍ വൃക്ഷത്തിന്റെ ശില്‍പിയെന്ന് 
അയാളെ ആരറിയാനാണ്...

ആശുപത്രി വിട്ടപ്പോള്‍ അയാള്‍ നേരെച്ചെന്നത് 
തന്റെ ശില്‍പത്തിന്റെ അടുത്തേയ്ക്കായിരുന്നു. 
അതിന്റെ ചുറ്റു പാടുകളില്‍ കുറ്റിച്ചെടികളും പുല്ലും പടര്‍ന്നിരുന്നു. . 
അയാള്‍ അതൊക്കെ വെടിപ്പാക്കി..
എന്തോ സംഭവിക്കാന്‍ പോകുന്നെന്ന തോന്നലില്‍ 
അയാളുടെ മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു അപ്പോള്‍...

അന്ന് പൗര്‍ണമി ദിവസമായിരുന്നു. 
അന്നയാള്‍ ഉറങ്ങാനായി 
തന്റെ ഒളിയിടത്തിലേയ്ക്കു പോയില്ല. 
തന്റെ ശില്‍പത്തിനുനേരെ 
ഒരേ നോട്ടംനോക്കിക്കൊണ്ട് അയാളിരുന്നു. 

അമ്പിളി 
ശിലാ വൃക്ഷത്തിന്റെ മൂര്‍ദ്ദാവിലെത്തി. 
ലോകം നിലാവിന്റെ ലോകമായിമാറി. 
എങ്ങും നനഞ്ഞവെളിച്ചത്തിന്റെ മാസ്മരിക പ്രഭാവം.
അപ്പോള്‍ മൈതനത്തിന്റെ അറ്റത്തുനിന്ന് 
ഒരാള്‍ നടന്നടുക്കുന്നതുകണ്ടു. 
പതുക്കെയായിരുന്നു നടപ്പ്
ഓരോ ചുവടും പ്രധാനപ്പെട്ടതാണെന്നമട്ടിലുള്ള നടത്തം. 
ആ നടത്തം ശിലാബോധിയുടെ 
അരികത്തേയ്ക്കുതന്നെയായിരുന്നു. 

അതൊരു മെലിഞ്ഞ ചെറുപ്പക്കാരനായിരുന്നു. 
മുഷിഞ്ഞ, പാതി നഗ്നത തോന്നിക്കുന്ന 
ഒരുതോള്‍ വസ്ത്രമാണുടുത്തിരുന്നത്. 
അയാള്‍ ശില്‍പത്തിന്റെ ചുവട്ടില്‍ വന്നിരുന്നു...

മരത്തെയും ചെറുപ്പക്കാരനേയും 
ഒന്നു കൂടെ നോക്കിയിട്ട് 
തുകല്‍ബാഗമെടുത്തു ശില്‍പി പുറത്തേയ്ക്കു നടന്നു...
പിന്നീടയാള്‍ 
തന്റെ ശില്‍പത്തിന്റെ മേല്‍നോട്ടത്തിനായി 
അങ്ങോട്ടു ചെന്നിട്ടില്ല.

No comments: