22 Dec 2013

മരണക്കളി



താമരക്കുളത്തിലെ കുഞ്ഞിമീ്‌നിന് 
വെള്ളത്തിന്റെ ഉപരിതലത്തില്‍ച്ചെന്ന് 
മേലോട്ടൊറ്റച്ചാട്ടം ചാടാന്‍ വല്യ ഇഷ്ടമായിരുന്നു. 

അത് വല്ലാത്തൊരു കളിതന്നെ. 
ജീവിത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള ഒരു ചാട്ടം. 
ഒരു പിടച്ചില്‍, ഒരവസാനിക്കല്‍... 
വീണ്ടും വെള്ളത്തില്‍ വന്നു വീണുമ്പോള്‍ 
പുതിയ ഒരു ജീവിതം പോലെ തോന്നി. 

തുള്ളലിന്റെ ആക്കം വര്‍ദ്ധിപ്പിച്ച് 
മരണാനുഭൂതിയുടെ ദൈര്‍ഘ്യം 
കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞിമീന്‍. 
ഒരു ചാട്ടത്തിനിയില്‍ തെറിപ്പു തെറ്റി
മേലോട്ടുയര്‍ന്നു നിന്ന താമരപ്പൂവിന്റെ 
പൂമ്പൊടിത്തട്ടിലാണ് ചെന്നു വീണത്. 

കളി കാര്യമായി ..
കുഞ്ഞി മീന്‍ തന്റെ ചെറിയ വായ 
വിസ്താരത്തില്‍ തുറന്നു പിടിച്ചു. 
കിടന്നേടത്തുനിന്ന് തുള്ളിപ്പിടഞ്ഞു. 

താമരപ്പൂവിന് പാവം തോന്നി. 
പക്ഷെ അവളെന്തുചെയ്യും..? 
കുഞ്ഞി മീനിന്റെ ചലനങ്ങള്‍ പതുക്കെയായി വന്നു. 
വികൃതിത്തരം മാറിയിട്ടില്ലാത്ത ആ കുഞ്ഞുമീനിന്റെ മരണം എനിക്കൊരിക്കലും താങ്ങാനാവില്ല. താമരപ്പൂ വിചാരിച്ചു. 
അരയന്നമേ, 
താമരപ്പൂവ് അരികിലൂടെ നീന്തിപ്പോവുകയായിരുന്ന 
ഒരരയന്നത്തോടു പറഞ്ഞു, 
നീയെന്റെ തണ്ടില്‍ ആഞ്ഞൊരു കൊത്തു കൊത്തുമോ? 
വിഡ്ഢിപ്പൂവേ, അരയന്നം പറഞ്ഞു, 
എന്റെ കൊക്കിന്റെ മൂര്‍ച്ച പരീക്ഷിക്കുകയാണോ..?
നിന്റെ തണ്ട് എത്ര മൃദുലമാണെന്ന് നിനക്കറിയുമോ? 
ഞാനൊന്നു പതുക്കെ കൊത്തിയാല്‍പ്പോലും 
അതപ്പോള്‍ത്തന്നെ മുറിയും..
നീ മരണമടയും...

സാരമില്ല, അരയന്നമേ, 
മറ്റൊരാളിന്റെ മരണത്തിന് 
കാരണമാവുന്നതിനെക്കാള്‍ എത്രയോ ഭേദം 
സ്വയം മരണം വരിക്കുകയാണെന്ന് എനിക്കു തോന്നുന്നു. 
നീയിതു ചെയ്തില്ലെങ്കില്‍ എന്റെ ജീവിതം 
ഒരു കുഞ്ഞു ജീവിതത്തിന്റെ ശ്മശാനസ്ഥലമായി മാറും. 
കാത്തിരിക്കാന്‍ സമയമില്ല, 
വേഗം എന്റെ തണ്ട് കൊത്തിമുറിക്കൂ...

അരയന്നം താമരത്തണ്ടില്‍ ആഞ്ഞൊരു കൊത്തു കൊത്തി. 
താമരപ്പൂവ് തണ്ടൊടിഞ്ഞ് ജലോപരിതലത്തിലേയ്ക്കു ചാഞ്ഞു. 
കുഞ്ഞുമീന്‍ തിരികെക്കിട്ടിയ പ്രിയപ്പെട്ട ജീവനും കൊണ്ട് 
ജലത്തിലേയ്ക്കു മടങ്ങി...

No comments: