23 May 2012

വിത്തുകള്‍




1
കുഞ്ഞുമക്കള്‍ 
ഉറങ്ങിപ്പോയതുകൊണ്ട് 
മുഴുമിക്കാതെ മുറിഞ്ഞു പോയ 
എത്ര കഥനങ്ങളാണ് 
ഒച്ചയടപ്പില്‍ ഭ്രമിച്ച് മൂളാതെ സൂക്ഷിച്ച 
എത്ര ഈണങ്ങളാണ് 
പൂമ്പാറ്റച്ചിറകുള്ള 
എത്ര വ്യാമോഹങ്ങളാണ് 
എത്ര വെയില്‍ മങ്ങിച്ചകള്‍ 
എത്ര മഴക്കോളുകള്‍ 
എത്ര ചാറ്റല്‍ത്തരിപ്പുകള്‍ 
കള്ളറയില്‍ പിന്നെ പിന്നെ 
എന്നു സൂക്ഷിച്ചുറഞ്ഞു പോയ 
എത്ര മിണ്ടാട്ടങ്ങള്‍ 
ഒരോ വിത്തിന്റെ നെഞ്ചിലും.
2
സങ്കടത്തിനും സന്തോഷത്തിനും 
ചിരിപ്പിച്ചതിനും കരയിച്ചതിനും
എല്ലാ ഓണങ്ങള്‍ക്കും 
എല്ലാ മരണങ്ങള്‍ക്കും
അവളോരോ വിത്തു സമ്മാനിച്ചു.
അവയൊരു മണല്‍ ഭൂമിയില്‍ 
ചെറിയ ചെറിയ ഇരുട്ടുകള്‍ക്കകത്ത് 
സൂക്ഷിച്ചു വെച്ചു. 
മഴ നനവുകള്‍ക്ക് 
മുളപ്പിക്കാനാവാതെ പോയ 
കുഞ്ഞു പ്രണയങ്ങള്‍
ചിതയെരിച്ചിന്റെ ചൂടില്‍ തളിരിട്ടു.
അസ്ഥി നുള്ളാന്‍ ചെന്ന ഉണ്ണി 
മഴവില്ലു പെറുക്കി.

No comments: