22 Aug 2012

പ്രണയചുംബനത്തിന്റെ മുദ്രകള്‍



ഒരിടത്തൊരിടത്തൊരു മരമുണ്ടായിരുന്നു, 
അവന്റെ പഴമധുരത്തില്‍ 
ഒരിക്കല്‍ ഒരു മാലാഖ മോഹിതയായി. 
എന്നും പാതിരാകഴിയുമ്പോള്‍ 
പഴം പഴുത്തു പാകം വരും . 
അതിന്റെ ഗന്ധം പ്രസരിക്കും. 
മാലാഖ ഉറക്കമുണര്‍ന്ന് 
മരച്ചില്ലയിലേയ്ക്കു പറന്നിറങ്ങും, 
പ്രോമിത്യൂസ് ദേവന്റെ 
ഹൃദയം കൊത്തിയ കഴുകനെപ്പോലെ 
നിഷ്ഠൂരമായല്ല, 
പതുക്കെ, പ്രണയപൂര്‍വ്വം, കൊതിയോടെ, 
ചുവന്നു തുടുത്ത നനവാര്‍ന്ന ചുണ്ടുകള്‍കൊണ്ട് 
ഒരുമ്മവെയ്ക്കുന്നപോലെ 
മാലാഖ പഴം ഇറുത്തെടുക്കും 
അതിന്റെ മുറിവില്‍ ഒരുമ്മകൂടിവെച്ച് 
തിരിച്ചുപറക്കും.

ഹൃദയം ഇറുത്തെടുത്തപോലത്തെ 
വേദനയും സുഖവുമായി 
മരം പിന്നെയും 
ഒരു കനിയുരുട്ടിയുണ്ടാക്കാന്‍ തുടങ്ങും. 

പാതിരാത്രിയിലെ ചുംബനത്തിന്റെ ലഹരിയില്‍ 
പുതിയ ആകാശങ്ങള്‍ അന്വേഷിക്കാനോ 
പുതിയ തളിരും ചില്ലകളുംനീട്ടി
പടര്‍ന്നുയരാനോ മരം മറന്നു. 
അതിന്റെ ശ്രദ്ധമുഴുവന്‍ 
ഒരു പഴം പാകപ്പെടുത്തുന്നതിലായിരുന്നു. 
ഞരമ്പുകളുടെ ജലവും ലവണവും 
വെയിലിന്റെ അഗ്നിയും മുഴുവനായും അത് 
മധുരമാക്കി പാകംചെയ്തുവെച്ചു. 
കുറച്ചുകാലകൊണ്ട് 
ചില്ലയും ഇലകളും അടര്‍ന്ന് 
ക്ഷയിച്ച് ആ മരം  മരിച്ചു, 

പക്ഷെ ആ അകാലമരണത്തില്‍ 
അവനൊട്ടും ദുഖിച്ചില്ല, 
അവന്റെ ആത്മാവിന്റെ നെറ്റിയില്‍, 
കവിളില്‍, ചുണ്ടില്‍ 
പ്രണയ ചുംബനത്തിന്റെ 
ആയിരമായിരംമുദ്രകള്‍ 
മായാതെ കിടന്നു.

No comments: