22-Mar-2013

നാട്ടമ്പലത്തിലേയ്‌ക്കൊരു സാന്ധ്യസവാരി


~ഇന്ന് എന്റെ നാട്ടമ്പലത്തിലെ ഉത്സവമായിരുന്നു. പേരില്ലാത്തോന്‍ എന്നാണ് അവിടുത്തെ ദൈവത്തിന്റെ പേര്...പണ്ടൊരു തറവാട്ടിന്റെ മണ്‍പുരയില്‍ ഏകാന്തയായിക്കഴിഞ്ഞ ഒരമ്മൂമ്മയ്ക്ക് പനിച്ചു പൊള്ളുന്ന ഒരു പാതിരയ്ക്ക് ഇത്തിരി കരിങ്ങാലിവെള്ളമനത്താനാരോ ഒരു കനല്‍ക്കട്ടയെറിഞ്ഞു കൊടുത്തു, ആരിത് തന്നൂ എന്ന് ഏറെച്ചോദിച്ചിട്ടും ഉത്തരം ഉണ്ടായില്ല, അങ്ങനെയാ കാരണ സ്വരൂപത്തെ അമ്മൂമ്മ പേരില്ലാത്തോനെന്നു പേരിട്ട് തിരിവെച്ച് പൊലിപ്പിക്കാന്‍ തുടങ്ങി.

സ്‌ക്കൂളിന്നു വന്ന് നനയും കുളിയും കഴിഞ്ഞു പുറപ്പെടുമ്പോഴേയ്ക്ക് ആഘോഷ വരവിന്റെ കൊട്ട് നട കേറാന്‍ നേരമായിരുന്നു. തീനാളങ്ങള്‍ അഗ്നിശലഭങ്ങളെയെന്നപോലെ ചെണ്ടക്കൊട്ടിന്റെ  ഒച്ച അതിലേയ്ക്കു വലിച്ചടുപ്പിക്കുന്ന ഒരു മാന്ത്രിയൊച്ചയാണ്. ഏറെ നേരം അതു കേട്ട് വീട്ടിനുള്ളിലടച്ചിരിക്കാന്‍ ഒരാള്‍ക്കും പറ്റില്ല. 

അയല്‍ വീട്ടിന്റെ മുന്നിലൂടെ വേണം എനിക്കമ്പലത്തില്‍ പോകാന്‍. ആ വീടിന്റെ കേലായില്‍ അവിടുത്തെ മുത്തച്ഛനുണ്ട് പൊട്ടക്കിണറ്റില്‍ വീണുപോയ കാക്കക്കുട്ടിയെപ്പോലെ കിടന്നു പിടയ്ക്കുന്നു. കണ്ണില്‍ നിന്ന് കണ്ണീര്‍ ധാരധാരയായൊലിക്കുന്നുമുണ്ട്. അമ്പലത്തീ പോകാന്‍ പറ്റാത്തതിന്റെ പ്രാളമാണെന്ന് മൂത്തമ്മ പറഞ്ഞു. എന്റെയൊപ്പം പോരുന്നോന്ന് ചോദിച്ചപ്പം മൂപ്പന്‍ വലിയ സന്തോഷത്തോടെ, ലജ്ജയോടെ എന്നെയും കൂട്ടണേ എന്ന യാചനയോടെ തുറിച്ചു നോക്കി. ഉടന്‍ ഞാനും മൂത്തമ്മയും കൂടി ആ നാട്ടുജീവിതപ്രമാണിയെ പുറപ്പെടീച്ചൊരുക്കി. പുതിയ കുപ്പായമൊക്കെയിട്ടപ്പം മൂപ്പരൊരു മണവാളന്റെയത്രേം ഉത്സാഹവാനായി. എഴുന്നേറ്റു നിന്ന് തുളുമ്പിച്ചിരിച്ചോണ്ട് കുഞ്ഞുങ്ങളെപ്പോലെ കയ്യടിച്ചു. 

മൂത്തമ്മയോടും ഒരുങ്ങാന്‍ പറഞ്ഞു. ആദ്യമിത്തിരി ഒഴിഞ്ഞു മാറാന്‍ നോക്കി. ഒരുതള്ളു കൊടുത്തപ്പോള്‍ വേഗം ഉടുത്തതു മാറ്റി വന്നു. നല്ല രസമുള്ള നടത്തം. എന്റെയൊരുകയ്യില്‍ മൂത്തമ്മേം മറുകയ്യില്‍ മുത്തച്ഛനും തൂങ്ങിപ്പിടിച്ചു നടന്നു. നടത്തമല്ല പിച്ച വെപ്പ്. പാതയില്‍ ഓരോ ആളെക്കാണുമ്പോഴും ചെറിയ കുട്ടികളുടെ മാതിരി മുത്തച്ഛന്‍ അവരോടെന്തെന്തെങ്കിലും ചോദിച്ചു. വലിയ സന്തോഷത്തോടെ ചിരിച്ചു. ബഹുമാനപുരസ്സരം കൈകൂപ്പി. മൂത്തമ്മ കുറേ അഭിമാനിനിയായിരുന്നു. ഇങ്ങനെ എല്ലാരോടും കുശലം പറയുന്നതൊന്നും അത്ര നല്ലതല്ലെന്ന് അവര്‍ എന്നോടു പിറുപിറുത്തു. എനിക്കെന്തെങ്കിലും മാനക്കേടു സംഭവിക്കുന്നുണ്ടോ എന്ന് അവര്‍ ഇടയ്ക്കിടെ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. 

പാതയില്‍ കണ്ടുമുട്ടിയവരെല്ലാം മുത്തച്ഛനും മൂത്തമ്മയ്ക്കും വലിയ പ്രാധാന്യമാണ് കൊടുത്തത്. പയ്യെപ്പയ്യെ പുറത്തേയ്ക്കിറങ്ങിയ ഒരാദ്യനടത്തക്കാരനെ കണ്ടാല്‍ കാണിക്കുന്ന അതേ ഉത്സാഹത്തോടെ എല്ലാവരും അവരുടെ വൈകുന്നേര സവാരിയെ പ്രശംസിച്ചു. ഒരു വാഹനമെന്തെങ്കിലും വിളിക്കാമായിരുന്നു എന്നൊരാള്‍ അനുതപിച്ചു. ശ്രദ്ധിച്ചു പിടിച്ചോളണേ എന്ന് ഒരാള്‍ ഓര്‍മ്മിപ്പിച്ചു. പതുക്കെപ്പതുക്കെ ഞങ്ങള്‍ അമ്പലനടയിലെത്തി. ഒരു തിറ ആടിത്തീരുകയായിരുന്നു. കൊട്ടുതാളത്തിന്റെ ഉള്‍പ്പിരിമുറുക്കത്തില്‍ ആളുകള്‍ സ്തബ്ദരായി നിന്നു. ഓളങ്ങളെ വകഞ്ഞു പോകുന്നപോലെ ഞങ്ങള്‍ ആള്‍ക്കൂട്ടത്തെ വകഞ്ഞു വകഞ്ഞ് മുന്നേറി. ഒരു പാട് പേര്‍ മുത്തച്ഛനേം മൂത്തമ്മയേയും ഉറ്റു നോക്കുന്നത് സ്വകാര്യമായി എനിക്കു കാണാന്‍ പറ്റിയിരുന്നു. 

നേരായ ദൈവത്തിന്റെ മുന്നില്‍, എത്തിയതുപോലെ രണ്ടുപേരും ദീപനാളങ്ങള്‍ക്കു മുന്നില്‍ കുമ്പിട്ടു. വിറയ്ക്കുന്ന വിരലുകൊണ്ട് കീശയില്‍ നിന്നൊരു നോട്ട് തപ്പിയെടുത്ത് ഭണ്ഡാരത്തിലിട്ടു. തറവാട്ടുമേലധികാരി ഒരു പീഢത്തിലിരിക്കുന്നതു കണ്ട് മുത്തച്ഛന്‍ അടുത്തു ചെന്ന് കൈകൂപ്പി. 
മൂപ്പര്‍ക്ക് ആ  സ്ഥലത്തു നിന്നും തിരികെപ്പോരാന്‍ വൈമനസ്യമുള്ള പോലെ തോന്നി. മൂത്തമ്മ പോകാം പോകാമെന്ന് ധൃതി കൃട്ടിക്കൊണ്ടിരുന്നു. 

തിരികെയെത്തിയപ്പോള്‍ വലിയ തീര്‍ഥയാത്രകഴിഞ്ഞെത്തിയവരെപ്പോലെ രണ്ടാളും ക്ഷീണവിശ്രാന്തരായി വീട്ടു വരാന്തയില്‍ ഇരുന്നു. 

ഇനിയെത്തെ ഉത്സവത്തിന്, ഇനി എല്ലാ ഉത്സവത്തിനും നമുക്കിതുപോലെ പോണം.  ഞാന്‍ മുത്തച്ഛന്റെ കാതില്‍ പറഞ്ഞു.. നിഷ്‌കളങ്കമായ ഒരു പൊട്ടിച്ചിരിയോടെ മൂപ്പര്‍ എന്റെ കൈകളില്‍ മുറുകെപ്പിടിച്ചു...     

No comments: