29 Jul 2013

മണ്ണില്‍ത്തൂവിയത്



നാരണേട്ടനെ പിടിക്കാന്‍ പോലീസു വണ്ടി 
പാടത്തിന്നക്കരെ വന്നു നിര്‍ത്തിയെന്ന് 
കാവലു നിര്‍ത്തിയ ചെക്കന്‍ 
വാണം വിട്ടപോലെത്തിയറിപ്പുതന്നപ്പം 
ഞങ്ങളു നാരണേട്ടനെ 
കാവിനും പൊട്ടക്കുളത്തിന്നുമപ്പുറത്തെ 
പൊന്തക്കാട്ടില്‍ കൊണ്ടോയൊളിപ്പിച്ചു. 
പോലീസേമാമ്മാര് 
നേരത്തോടു നേരം 
കൂറേനത്തെരയുന്ന സൂക്ഷ്മത്തില്‍ 
തീണ്ടാരിത്തുണിപോലും മുട്ടിത്തിരഞ്ഞിട്ടും
നാരാണേട്ടന്റെ മണം പോലും  കിട്ടില്ല. 
അശപിശറുവാശിക്ക് ള്ള ചട്ടീംകലോം മുട്ടീമൊടച്ചും 
പാളട്രൗസറുമാട്ടീള്ള തോറ്റുപോക്കു കണ്ട് 
മാങ്കൊമ്പത്ത് മറഞ്ഞിര്ന്ന് പിള്ളാര്‍
കുട്ടിച്ചാത്തമ്മാരെപ്പോലെ കൂക്കി വിളിച്ചു. 

മണ്ണില്‍ കപ്പയോ കാച്ചിലോ ചേനയോ ചേമ്പോ 
മാന്തിയെടുക്കും പോലെ 
ജീപ്പുപൂക പാതാറുകടന്നു മറഞ്ഞതും  
ഞങ്ങളോടിച്ചെന്ന്  നാറാണേട്ടനെ നോക്കി. 
നാരാണേട്ടന്‍ വിഷം തീണ്ടി നീലിച്ചു  കിടന്നു. 
ന്നാലും ഞങ്ങക്ക് തോറ്റതായി തോന്നീല്ല, 
മണ്ണില്‍ത്തൂവീതല്ലേ 
മഴേത്ത് മൊളച്ചോളുമെന്ന് ഞങ്ങളറിഞ്ഞു.

No comments: