18 Dec 2007

പ്രണയപര്‍വം

അതില്‍പ്പിന്നെ
ഖരമായിരുന്നതൊക്കെയും
ജലമായി.

ശത്രുവിനുനേരെ
ഉന്നം പിടിച്ച പടയാളി
തോക്കിന്‍ കുഴല്‍
സ്വന്തം നെഞ്ചിനുനേരെ
തിരിച്ചുവെച്ചു.

കൃഷിക്കാരന്‍
തന്നെത്തന്നെ
ഉഴുതുമറിക്കാന്‍ തുടങ്ങി.

വണ്ടിക്കാരന്‍
കാളകളെയഴിച്ചുമാറ്റി
നുകം തന്റെ തന്നെ
തോളിലേക്കേറ്റി വെച്ചു.
ചാട്ടവാര്‍ കൊണ്ട്‌
സ്വന്തം മുതുകിലടിച്ചു.

തഴമ്പിച്ച
പരുക്കന്‍ കാലുകളഴിച്ചുമാറ്റി
യാത്രികന്‍ പാതയിലിഴഞ്ഞു.

അതില്‍പ്പിന്നെ
കടലെന്നുഭയന്നൊഴുകാതിരുന്നില്ല.

ആകാശമെന്നറച്ചു
പറക്കാതിരുന്നില്ല.

അതില്‍പ്പിന്നെ
തനിക്കുതന്നെമേല്‍
അടയിരുന്നതേയില്ല.

2 comments:

മുരളീധരന്‍ വി പി said...

നല്ല കവിത...

ഭൂമിപുത്രി said...

ഓഹ്!ഈ സുന്ദരകവിത ഇപ്പോഴാണല്ലൊ കണ്ടത്!