23 Oct 2012

ഉറക്കം തന്നെ ഉറക്കം



കുട്ടി വീട്ടിലെത്തുമ്പോള്‍ 
മുറ്റത്താകെ കരിയില വീണു കിടന്നു. 
എത്ര കരിയിലകള്‍... കുട്ടി വിചാരിച്ചു, 
മടിയന്‍, ഉറക്കം തന്നെയുറക്കം...

അവന്‍ ഇറയത്തുനിന്ന് കുഞ്ഞിച്ചൂലെടുത്തു കൊണ്ട് വന്ന് 
കരിയിലകള്‍ അടിച്ചു കൂട്ടി, 
അതെല്ലാം വാരി കറമൂസമരത്തിന്റെ ചോട്ടില്‍ കൊണ്ടിട്ടു...
കറമൂസമരത്തിന്റെ മോളിലിരുന്ന് 
പഴുത്ത കാറമൂസ കാര്‍ന്നു തിന്നു കൊണ്ടിരുന്ന കുഞ്ഞനണ്ണാന്‍ 
അവനെക്കണ്ട് തീറ്റി നിറുത്തി. 
എന്താ, കുഞ്ഞനണ്ണാന്‍ ചോദിച്ചു, 
ദിവസം കൊറെയായല്ലോ കണ്ടിട്ട് ...
ഒരാഴ്ചയേയായുള്ളു. കുട്ടി പറഞ്ഞു, 
അപ്പഴേയ്ക്കു കലപിലയായി. 
ഇവിട്‌ത്തെ ആള്‍ക്ക് ഒന്നിലും ശ്രദ്ധേല്ല 
ഉറക്കം തന്നെ ഉറക്കം. 
നിന്നെ കാണാണ്ടായപ്പോ കറമൂസ 
ഞാന്‍ തന്നെ തിന്നു തീര്‍ക്കണ്ടി വരുംന്ന് വിചാരിച്ചു. 
നല്ലോണം പഴുത്തു പോയിരുന്നു. 
തിന്നോ തിന്നോ...കുട്ടി പറഞ്ഞു, 
നിന്റയലച്ചക്കൊതി ഇക്കുറിയെങ്കിലും ഒന്നു മാറട്ടെ. 
കുട്ടി പിന്നീട് അകത്തു ചെന്ന് നിലമൊക്കെയടിച്ചു വാരിത്തുടച്ചു. 
ജനാലകളിലെ പൊടി മുട്ടി. 
അകം തുറന്ന് കിടക്കവിരി മുട്ടിക്കുടഞ്ഞിട്ടു. 

ചുവരില്‍ നിന്നും അച്ഛന്റെ ഫോട്ടോ എടുത്ത് 
കരിഞ്ഞ മാല മാറ്റി 
പൊതിഞ്ഞു കൊണ്ടു വന്ന പുതിയ മുല്ലമാലയണിയിച്ചു...
എന്താ ഇന്നൊരു സങ്കടം? 
കുട്ടി ഫോട്ടത്തിലേയ്ക്കു നോക്കി അച്ഛനോടു ചോദിച്ചു.
ഒറ്റയ്ക്കായതിനാണോ.?
സാരല്യ...വിഷമിക്കണ്ട...
ഒരീസം ഞാനിങ്ങ് വരും, പിന്നെ പോവുകയേയില്ല....

No comments: