20 Oct 2012

പുറംപോക്ക്




കൂടെ വരുമോ എന്നും ചോദിച്ചപ്പോള്‍ 
അവള്‍ കൂടെ വന്നു. 
മുഖം,  ഒളികണ്ണിട്ടു നോക്കി, പരിഭ്രമമൊന്നുമില്ല 
ലളിത ഭാവം, സാധാരണമട്ട്,  
ബോട്ടില്‍ തൊട്ടുതൊട്ടിരുന്നപ്പോഴും ഭര്‍ത്താവു ജോലികഴിഞ്ഞ് 
അപ്രതീക്ഷിതമായി നേരത്തെ വന്നന്നത്തെ 
സുഖകരമായ ആലസ്യത്തിലിരിപ്പുപോലത്തെ ഇരിപ്പ്. 

ബോട്ടില്‍  മധ്യവയസ്സുകഴിഞ്ഞ ഒരൊറ്റയാനെ പരിചയപ്പെട്ടു. 
അയാള്‍ക്കെന്നെയും അവളെയും ഇഷ്ടപ്പെട്ടു എന്നും 
അകാലത്തു മരിച്ചുപോയ അനുജന്റെ മുഖം 
എവി്‌ടെയോ എനിക്കുണ്ട് എന്നും പറഞ്ഞു, 
എനിക്കും അയാളെ ഇഷ്ടമായി. 
അവള്‍ക്കും ഇഷ്ടപ്പെട്ടുകാണും, 
അയാളുടെ ചില ബാലരമത്തമാശകള്‍ക്കുവരെ 
ഗ്ഹി ഗ്ഹി എന്നു ചിരിക്കുന്നുണ്ട്. 
ഒന്നര മണിക്കൂര്‍കൊണ്ട് മൂപ്പരുടെ ആത്മ ബന്ധം പരകോടിയായി. 
വീട് അടുത്താണെന്നും കൂടെപോയേ പറ്റു എന്നുമായി. 
അവള്‍ കുഴപ്പമില്ല വരുന്നതുവരട്ടെ എന്ന് കണ്ണിറുക്കി. 

അവള്‍ കാറിലൊന്നും അധികം യാത്ര ചെയ്തിട്ടില്ല. ഞാനും. 
ഒരു പുതിയമട്ടുകാറില്‍ എസി ഒക്കെഇട്ടുള്ള സുഖയാത്ര. 
ജീവിതത്തിന്റെ സമ്പന്നത പെണ്ണുങ്ങളെ 
കൂടുതല്‍ സുന്ദരികളാക്കുമായിരിക്കും. 
അവള്‍ വേറെയൊരാളായി. 

ഇന്നിവിടെ താമസിച്ചിട്ട് നാളെ കാലത്തുപോയാല്‍ മതി. 
അത്താഴം കഴിഞ്ഞപ്പോള്‍ അപേക്ഷാസ്വരത്തില്‍ അയാള്‍. 
അയാള്‍ക്ക് അന്നും രാത്രി 
ബിസ്‌നസ്സുകാര്യങ്ങള്‍ക്ക് പുറത്തുപോകണം. 
ങ്ഹും, അവള്‍ വിചാരിച്ചുകാണും 
കാര്യങ്ങള്‍ പോകുന്ന പോക്കേ എന്ന്. 

രാവിലെ അയാള്‍ വന്നില്ല. 
ഫോണ്‍ വന്നു. 
രണ്ടു ദിവസം താമസിക്കാമോ എന്നു ചോദിച്ചു. 
പിന്നെ അയാള്‍ ഒരാഴ്ചത്തെ ഇടചോദിച്ചു. 
പിന്നെ മാസങ്ങള്‍... വര്‍ഷങ്ങള്‍...

പക്ഷെ ഒടുവിലയാല്‍ വന്നു. 
യാത്ര പറയുമ്പോള്‍ ഇടയ്ക്കിടയ്ക്ക് വരാമെന്ന് 
ഞങ്ങളയാള്‍ക്ക് വാക്കു കൊടുത്തു. 
ബസ് സ്റ്റാന്റ് ഉണ്ടായിരുന്നേടത്ത് 
ഒരു ആധുനികഷോപ്പിങ് കോംപ്ലക്സ്സാണ്. 
ബസ്സ്റ്റാന്റ് കുറച്ചു വെളിയിലേയ്ക്ക് മാറി. 

ബസ്സ് കയറാന്‍ പോകുന്നതിനിടയില്‍ 
പെട്ടെന്ന് തിരിഞ്ഞു നിന്ന് അവള്‍ ചോദിച്ചു, 
എന്റെ വീടും ഭര്‍ത്താവും കുട്ടികളും  നാട്ടിന്‍പുറവുമൊക്കെ 
അവിടെത്തന്നെ, അങ്ങനെ തന്നെ ഉണ്ടാവുമോ?


No comments: