15 Oct 2012

രണ്ടു കുട്ടികള്‍



അച്ഛന്റേം അമ്മേടേം കൂടെ 
നഗരം ചുറ്റാനിറങ്ങിയതായിരുന്നു അനുതാപ്. 
അച്ഛനുമമ്മയും ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ 
തിരക്കിട്ട തിരച്ചിലുകളിലാണ്. 
അനുതാപ് അവരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി. 
റോഡരികില്‍ തന്റെയത്രതന്നെ പ്രായമുള്ള ഒരു കുട്ടി 
വെറുതേ ഒറ്റയ്ക്കിരിക്കുന്നത് അവന്‍ കണ്ടിരുന്നു. 
അവനെപ്പോലെ തന്നെ ഒരിരുണ്ട നിറക്കാരന്‍. 
ഒരേ കണ്ണ്. 
ഒരേതരം മൂക്ക്...
പുറത്തേയ്ക്കിത്തിരിയധികം വിടര്‍ന്ന 
കാതുപോലും ഒരേപോലെ. 
ആ മിണ്ടാട്ടമില്ലാത്ത 
അനങ്ങാതിരിപ്പും തന്റേതു തന്നെ..
ആ ഇരിക്കുന്നത് താന്‍ തന്നെയാണെന്നു തോന്നി അവന്. 
അനുതാപ് താനണിഞ്ഞിരുന്ന 
വില പിടിച്ച പിറന്നാളുടുപ്പുകളൂരി 
ഞൊടിയിടയില്‍ ആ കുട്ടിയെ അണിയിച്ചു. 
അവന്റെ കീറക്കുപ്പായവും മൂടുവിട്ട ട്രൗസറുമിട്ട് 
വെയിലു നോക്കിയിരുന്നു. 

നീയെവിടെയായിരുന്നു? 
അച്ഛനും അമ്മയും ചേര്‍ന്ന് ഒച്ചയെടുത്തു. 
കുട്ടി മിണ്ടിയില്ല. 
വല്ലാത്തൊരു കുട്ടി. പേടിപ്പിച്ചുകളഞ്ഞു. .
ചോദിച്ചാലും ഒന്നും മിണ്ടില്ല...
അവനു വിശപ്പും ക്ഷീണവുമുണ്ടെന്നു തോന്നുന്നു. 
അച്ഛന്‍ പറഞ്ഞു, 
നമുക്ക് വീട്ടില്‍പോകാം. 
അവന്റെ മുഷിഞ്ഞ, പൊള്ളുന്ന വിരലുകളും പിടിച്ച് 
അച്ഛന്‍ കാറുനിറുത്തിയിട്ടേടത്തേയ്ക്കു നടന്നു.

No comments: