18 Oct 2012

തലമുറകള്‍



ഒരു കുഞ്ഞു പാവാടക്കാരി, 
അവളുടെ അമ്മ, 
ഇവര്‍ പണ്ടൊരു സുന്ദരിയായിരുന്നു എന്ന് 
ആദ്യം കാണുമ്പോള്‍ തന്നെ 
ആരും പിറു പിറുത്തു പോകുന്ന ഒരമ്മമ്മ...
ഇത്രയും പേര്‍ ഒരു തറവാട്ടു വീട്ടിനും 
കാറു നിറുത്തിയിട്ട നിരത്തിനും ഇടയ്ക്കുള്ള ഇടവഴിക്ക്
നടത്തപ്പരിചയം കുറഞ്ഞവരെപ്പോലെ 
പതുക്കെപ്പതുക്കെ നടന്നു പോകവേ 
വഴിയില്‍ ഇലയടിച്ചോണ്ടിരുന്ന 
വയസ്സനൊരാളെക്കണ്ട് തെല്ലിട നിന്നു.  
എന്തൊരത്ഭുതം. അമ്മമ്മ പറഞ്ഞു, 
ഞാനൊന്നാന്തരത്തിന്റെ 
കള്ളമടിക്കരച്ചിലുമായി ഈ വഴിക്കു പോകുമ്പോള്‍
അന്നും ഇയാളിങ്ങനെയിരുന്ന് കരിയിലയടിച്ചിരുന്നു. 
ഇതേ രൂപത്തില്‍..
അന്നും ഇയാള്‍ക്കിതേ പ്രായം.. 
കരച്ചില്‍ മാറ്റാനിയാളന്നെനിക്കൊരു 
ഇലപ്പൊതി നിറയെ ചാമ്പയ്ക്ക തന്നു...
ഈ അമ്മമ്മ ഒരു വിഡ്ഢിയാ, 
പാവാടക്കാരി കുഞ്ഞ് പെട്ടെന്നു പറഞ്ഞു. 
അതിയാളുടെ അച്ഛനായിരുന്നിരിക്കും 
അല്ലെങ്കില്‍ വല്യച്ഛന്‍...
ഇലയടിച്ചുകൊണ്ടിരുന്ന ആള്‍ ആ  പറച്ചില്‍ കേട്ടു...
ആ ഒറ്റയാന് അതു നന്നായി ബോധിച്ചു. 
അയാള്‍ ഉള്ളാലെ പറഞ്ഞു, 
ശരിയാ,
ഞാനെന്റെയച്ഛനാ.. 
എന്റെ മോനും...

No comments: