21 Oct 2012

സന്തോഷംമാമനും സങ്കടംമാമനും


സന്തോഷംമാമന്‍ എന്ന് രാവുണ്ണിമാമന് പേര് മാറ്റിയിട്ടത്  
ഒരോണമടുപ്പിച്ച് 
ഞങ്ങളുടെഅയല്‍പക്കത്ത് താമസമാക്കുകയും 
വിഷുവടുപ്പിച്ച് മാറ്റം പോവുകയും ചെയ്ത 
എന്റെ അതേപ്രായക്കാരി സുനീതയായിരുന്നു. 
അഞ്ചെട്ടുമാസംകൊണ്ട് 
കണ്ണില്‍ക്കണ്ടതിന്റെയൊക്കെ പേര് 
അവള്‍ പുതുക്കിയിട്ടു. 
അവള്‍ പോയിട്ടും അവളിട്ട പേരുകള്‍ 
കളവരെ പോലെ മായാണ്ടുകിടന്നു. 

സന്തോഷംമാമനെ  
പോക്കിലും വരവിലും കാണണേയെന്ന് 
ഞങ്ങളെന്നും പ്രാര്‍ഥിച്ചിരുന്നു. 
മുഖം നിറച്ചും ചിരിയുമായാണെപ്പോഴും. 
എന്തെങ്കിലുംകെട്ടുകഥകളോ മാന്ത്രികവിദ്യകളോ
എന്നും  മൂപ്പരുടെ കോന്തലയ്ക്കല്‍ ഉണ്ടായിരുന്നു. 
ചെരിവുള്ള ഒരുമരത്തിലെന്നപോലെ 
തോളിലും ചില്ലയിലുമൊക്കെ 
ഞങ്ങള്‍ കുരങ്ങന്‍മാരേം അണ്ണാന്‍മാരേംപോലെ 
പാഞ്ഞു കയറിയിരുന്നു. 

സന്തോഷംമാമന്‍ എല്ലാവരോടും 
വാതോരാതെ മിണ്ടുമായിരുന്നു. 
സന്ധ്യയ്ക്ക് പീടികക്കോലായില്‍നിന്ന് 
ലഹളകൂടുന്ന പോലെ മൂപ്പരുടെ കൂട്ടംപറച്ചില്‍ 
വയലിന്നക്കരെവരെ കേള്‍ക്കുമായിരുന്നു.  

ഒരു സന്ധ്യക്ക് സന്തോഷംമാമനെത്തിരക്കി പോലീസുവന്നു. 
ഞങ്ങളുടെ വീടിന്റെ കോണിക്കലാണ് 
പോലീസു ജീപ്പ് നിര്‍ത്തിയത്.
തെക്കേമുറ്റംവഴിക്കാണ് 
പോലീസുകാര്‍ നടന്നുപോയത്. 
മുട്ടോളംട്രൗസറുടുത്ത പോലീസൂകാര്‍ 
അഞ്ചാറാളെങ്കിലും ഉണ്ടായിരുന്നു.. 

സന്തോഷം മാമന്റെ വീട്ടില്‍നിന്ന് കൂട്ടനിലവിളിയുയര്‍ന്നു. 
മരണവീട്ടിലേയ്‌ക്കെന്നപോലെ സര്‍വ്വതും മറന്ന് 
നാലുപുറക്കാര്‍ അങ്ങോട്ടോടി. 
പോലീസുകാര്‍ ആളുകളെ അകറ്റിനിര്‍ത്തി.് 
എതിരെപ്പറമ്പിന്റെ തിണ്ടില്‍തിക്കിക്കൂടിനിന്ന് 
പടിഞ്ഞു കുത്തിയ ആ വീട്ടിന്റെ കോലായിലെ 
പുകപാളിക്കത്തിയ ചിമ്മിണിവിളക്കിന്റെ ചോരവെളിച്ചത്തില്‍ അയാളെ കഴുത്തു കുത്തിപ്പിടിച്ച് കൊണ്ടുവരുന്നതും, 
അയാള്‍ ഇറക്കം കുറഞ്ഞ ഒരുവരവരയന്‍ ട്രൗസര്‍മാത്രമുടുത്ത് പൊക്കക്കൂടുതലുള്ള ഒരുസ്‌ക്കൂള്‍ക്കുട്ടിയെപ്പോലെ 
വാവിട്ടുകരയുന്നതും ഞങ്ങള്‍ കണ്ടു. 

അയാളെപോലീസ്റ്റേഷനിലെയ്ക്ക് കൊണ്ടുപോയത് 
അധികം വര്‍ത്തമാനം പറയുന്നതിന്നാണെന്നും
കെടന്നൊറങ്ങാണ്ട് വര്‍ത്താനം പറഞ്ഞോണ്ടിരുന്നാല്‍ 
കുട്ടികളേം പോലീസ് കൊണ്ടുപോകുമെന്നും അമ്മ പറഞ്ഞു. 

ഒരാഴ്ചയെങ്കിലും കഴിഞ്ഞപ്പോഴാണ് 
പിന്നെ സന്തോഷംമാമനെ വിട്ടയച്ചത്. 
പക്ഷെ പിന്നെയൊരിക്കലും 
അതൊരു സന്തോഷം മാമനേ ആയിരുന്നില്ല, 
എല്ലാരോടും, ഞങ്ങള്‍ കുട്ടികളോടുപോലും 
വലിയ പിണക്കത്തില്‍ ഒന്നുംമിണ്ടാതെ 
കനപ്പിച്ച് നടന്നുപോകുന്ന ഒരു വെറും സങ്കടം മാമന്‍.


No comments: