14 Oct 2012

പുഴത്തീരത്തൊരു വെപ്പും തീനുംകളി



ഇനിയെല്ലാരും 
ഉടുപ്പൊയൊന്നലക്കിയിട്ടാട്ടെ 
ഒന്നിത്തിരിയുറങ്ങീട്ടുവരാമെന്ന് 
കര്‍ക്കടമഴ മേഘക്കാട്ടിലെവിടെയോ മറഞ്ഞു, 

ഒരു ചെറുപ്പക്കാരന്‍ കാറ്റുവന്ന് 
തളിര്‍പ്പുടുത്ത പെണ്‍കിടാങ്ങളുടെ 
കൈകോര്‍ത്തൊത്തടിവെച്ചു. 
റിബ്ബണിനു പുറത്തേയ്ക്കു 
മുടിനാരുകള്‍ പാറി. 
പുഴത്തീരം നല്ലപോലെ ഉണങ്ങി.

നമുക്കിന്നു മരച്ചോട്ടില്‍ 
ചോറും കൂട്ടാനും വെച്ചു കളിക്കാമെന്ന് 
ഇളയകുട്ടി, നഴ്‌സറി മടിച്ചി, കിണുങ്ങി, 
വെയിലു കണ്ടപ്പോള്‍ 
അമ്മയ്ക്കുമച്ഛനും ഉത്സാഹായി. 
ഒരാള്‍ ഓഫീസും 
ഒരാള്‍ സ്‌ക്കൂളും ലീവാക്കി,  

അരി, മഞ്ഞള്‍ മുളക,് വെണ്ട, തക്കാളി, 
കുമ്പളങ്ങ, സ്പൂണ്, കത്തി, 
കലങ്ങള്‍ ,പ്ലേറ്റുകള്‍, 
അടുപ്പുണ്ടാക്കേണ്ട ഇഷ്ടികകള്‍, 
തീപ്പെട്ടി, ഓലക്കണ്ണി, ചിരട്ടകള്‍, 
ഒക്കെ വേറെവേറെ പൊതിയാക്കി 
വരിവരിയായി ഇരുമുടിക്കെട്ടേന്തി നടന്നു. 
കോലം കണ്ടാലൊരു പെറുക്കിക്കൂട്ടം,
(അച്ഛനെയല്ലേലും ഒറ്റനോട്ടത്തിലൊരു 
കുറവന്റെ ലുക്കാണെന്നമ്മ, 
പ്രേമം കൂടുമ്പോള്‍ ആയമ്മയ്ക്കുളുപ്പില്ലാണ്ടാവും. 
മക്കളുരണ്ടാളും കണ്ണുപൊത്തിയോടും.)

ഒരാള്‍ കഴുകി, 
ഒരാളരിഞ്ഞു, 
ഒരാള്‍ ഊതിയൂതി തീപ്പിടിപ്പിച്ചു 
തേങ്ങരാവി, മുളകരിഞ്ഞു, ഉള്ളി മുറിച്ചു, 
ഉപ്പിട്ടു, കടുകു വറുത്തു. 
പുഴയ്‌ക്കോ? 
മണം നുണഞ്ഞ് കൊതി പിടിച്ചു, 
കാറ്റിനു കെറുവായി.
അടുപ്പൂതിക്കെടുത്താന്‍ നോക്കി. 

വട്ടം കൂടി വിളമ്പിയോരോ ഉരുള
അങ്ങേവായിലുമിങ്ങേ വായിലും വെച്ചപ്പോള്‍ 
സന്തോഷം മൂത്താല്‍ കരയുന്നൊരമ്മയ്ക്കു 
കണ്ണു നിറഞ്ഞു. 
മൂത്തപെണ്ണ് വിരല്‍ നീട്ടുംമുമ്പേ 
അച്ഛന്‍ അമ്മയെ തുടച്ചു.

No comments: