11 Oct 2012

ചുടല ശിവന്‍



ഞങ്ങളുടെ നാട്ടുമ്പുറത്ത് 
കൂരയില്ലാത്തോരാരേലും മരിച്ചാല്‍ 
കെണ്ടുചെന്നു ചുടാന്‍, 
വിറകൊത്തില്ലെങ്കില്‍ മണ്ണിട്ടുമൂടാന്‍  
മലര്‍ക്കെത്തുറന്നിട്ട ഒരുമണല്‍പ്പറമ്പുണ്ടായിരുന്നു. 
ആ ചുടലപ്പറമ്പിന്റെയോരത്തു കൂടിയിരുന്നു 
ഞങ്ങളുടെ പള്ളിക്കൂടസവാരി. 

പോക്കിലോ വരവിലോ 
പിണങ്ങിയൊറ്റയായോരെല്ലാം 
ചുടപ്പറമ്പിന്റെ ചുടലമുക്കിലെത്തുമ്പോഴേക്ക് 
മിണ്ടിയോ ചിരിച്ചോ 
പാളമഷിയോ കുറ്റിപ്പെന്‍സിലോകൊടുത്ത് 
കടം വീട്ടിയോ 
ഒരു വിരല്‍കൂട്ടിപ്പിടിക്കാനൊരു ചങ്ങാത്തം 
ഒപ്പിച്ചെടുക്കുമായിരുന്നു, 


പഴങ്കഥയിലെ നാറാണത്തുഭ്രാന്തനെപ്പോലെ 
നേരോ നിഴലോ അല്ലാത്ത ഒരാള്‍
ആ പറമ്പില്‍ വെളിയിലും മറവിലുമായി 
എപ്പോഴും ഉണ്ടായിരിരുന്നു. 
ആളുകളയാളെ ചുടല ശിവന്‍ എന്നു വിളിച്ചു. 

ചുടലപ്പറമ്പിലെപ്പോഴും തീവെയില്‍.
ഒത്ത നടുക്ക് 
ആകാശത്തേയ്ക്കു നീട്ടിവരച്ചൊരു പീറ്റത്തെങ്ങും, 
അതെങ്ങനെ പ്രളയക്കൊടുടുങ്കാറ്റുകളെ, ചുഴലികളെ  
അതിദീവിച്ചു! 
എങ്ങനെ ഈ വിജനതയിലെ ഏകാന്തത സഹിച്ചു!

ചുടലശിവന്‍ ആ തെങ്ങിന്‍ കയറും എന്ന് 
ആളുകള്‍ പറഞ്ഞു കേട്ടത് 
നേരിട്ട് കാണാന്‍ പറ്റി ഒരു നട്ടുച്ചയ്ക്ക് 
എനിക്കും അമ്മിണിക്കും.  

ഉച്ചക്കാറ്റില്‍  
തിറയാടിയ തെങ്ങില്‍ 
ചുടലശിവന്‍ അണ്ണാക്കൊട്ടനെപ്പോലെ കയ.റുന്നതും 
ഇളനീര്‍ക്കുലയടര്‍ത്തുന്നതും 
അതു വായില്‍ക്കടിച്ചു പിടിച്ച് തെങ്ങിറങ്ങി വരുന്നതും 
ഞങ്ങള്‍ വാപൊളിച്ചു നിന്ന് കണ്ടു. 

അയാള്‍ ഞങ്ങളേം കണ്ടു. 
ചോപ്പന്‍ പല്ലുകാട്ടിച്ചിരിച്ചടുത്തേയ്ക്കു വന്നു. 
മുട്ടടിച്ചോടാന്‍ പറ്റാണ്ട് 
പരുന്ത് പിടിയ്ക്കാന്‍ വന്നേരത്തെ 
കോഴിഞ്ഞന്‍മാരെപ്പോലെ 
ഞങ്ങളുരുമ്മിയുരുമ്മി നിന്നു.
എല്ലിച്ചൊരു കല്‍ച്ചീള് മാന്ത്രികപ്പീച്ചാത്തിപോലുരച്ച്
അയാള്‍ ഇളനീര്‍ത്തൊണ്ടു ചെത്തിനീട്ടി. 
കുടിക്കെന്നു കല്‍പിച്ചു. 

മുത്തിമുത്തി നുണഞ്ഞ ആ മധുരം 
മുന്നെയോ പിന്നെയോ 
ഞാനോ അമ്മിണിയോ നുണഞ്ഞിട്ടുണ്ടാവില്ല.. 
വല്ലാത്തൊരമ്മിഞ്ഞ മധുരം. 
മരണത്തിന്റെ മധുരമാ, ചുടലശിവന്‍ പറഞ്ഞു.

No comments: