16 Oct 2012

അമ്മേ എന്ന നിലവിളി




എത്രയെത്രയോ കൊല്ലങ്ങള്‍ കഴിഞ്ഞ് 
പഴയ തറവാട്ടു പുരയിലെത്തിയപ്പോള്‍ 
താന്‍ വീണ്ടും പഴയ 
ഇത്തിരിച്ചെക്കനായി മാറിയെന്ന് 
ആ മുത്തച്ഛനു തോന്നി. 

അതേ തുള്ളിക്കളിക്കൗതുകം. 
അതേ കുസൃതിഭ്രമം. 
അതേ വിസ്മയങ്ങള്‍...
പഴയ മരപ്പെട്ടി തുറന്നപ്പോള്‍  
അമ്മ കാരമിട്ടലക്കി
വെയില്‍വിരിച്ചുണക്കി മടക്കിസൂക്ഷിച്ചുവെച്ച 
പട്ടട്രൗസറും മുറിക്കയ്യന്‍ കുപ്പായവും അതേ പടി. 
ഒരിഷ്ടത്തിന് അതെടുത്തണിഞ്ഞു. 
രോഗവും മരുന്നും അലച്ചിലുംകൊണ്ട് 
മെലിഞ്ഞുണങ്ങിയ ആ ദേഹത്ത് 
കുട്ടി വസ്ത്രങ്ങള്‍ നല്ലപാകം. 
നല്ല ഇണക്കം. 

അതുമിട്ട് കോലായിലെത്തിയപ്പോള്‍ 
അമ്മയില്ലാത്ത സന്ധ്യയുടെ ഭയം. 
കോലായിലെ മരക്കസേരയില്‍ 
മുട്ടു കുത്തിയിരുന്നു,
ചാറ്റിച്ചാറ്റിത്തുടങ്ങി
ഉരുകിയിച്ചൊഴുകിപ്പോകുംവരെ, 
പെയ്തുപെയ്‌തൊടുങ്ങുംവരെ,
ബോധംകെടുംവരെ, 
മരിക്കുംവരെ
അമ്മേയമ്മേയെന്ന് നിലവിളിച്ചു. 


No comments: