28 Oct 2012

തടവിലിട്ട അമ്മമാരെ തുറന്നു വിടുക.



സുന്ദരിയും സേവ്യറമ്മയും സല്‍വിയും തടവറയിലാണ്, 
മദ്രാസ് ജയിലില്‍. 

അവര്‍ കുറ്റ വാളികളല്ല, 
ആരെയും കൊന്നില്ല, കവര്‍ച്ച നടത്തിയില്ല, 
ഒന്നും തട്ടിപ്പറിച്ചില്ല, ഒരാളെയും അപമാനിച്ചില്ല, 
മര്യാദകേടായി ഇന്നുവരെ ആരോടും പെരുമാറിയിട്ടില്ല, 
അല്ല, 
സുന്ദരിയോ സേവ്യറമ്മയോ സെല്‍വിയോ 
കുറ്റവാളികളല്ല.  

മരണഭയമില്ലാതെ ജീവിക്കാന്‍ 
തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ,
പണ്ടുപുരാണം മുതലേ  ഊട്ടിയും ഉറക്കിയും 
തങ്ങളുടെ കുലത്തെ അന്നോം ആരോഗ്യോം തന്ന് 
പരിപാലിച്ചുപോന്ന ഈ അമ്മക്കടല്‍, 
ഈ മണല്‍ത്തീരം 
കത്തിച്ചാമ്പലാവാണ്ടു നോക്കാനുള്ള കടമ 
തങ്ങള്‍ക്കുണ്ടെന്ന് പറയുന്നത് കുറ്റമാണോ? 
തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും 
അവരുടെ പരമ്പരകള്‍ക്കും വേരാഴ്ത്തി നില്‍ക്കാനുള്ള, 
ഈ ഒരുപിടിമണ്ണിനോടും ഒരു കുമ്പിള്‍ ജലത്തോടും 
ഒരു നാഗരികന് ഒരിക്കലും സാധ്യമല്ലാത്ത 
ആദരം പുലര്‍ത്താനുള്ള മര്യാദ കാണിച്ചു എന്നത് 
കുറ്റ കൃത്യമാണോ?  

സുന്ദരിയും സേവ്യറമ്മയും സെല്‍വിയും 
ജയിലില്‍ കിടക്കുന്നു, 
അവര്‍ പകലന്തിയോളം 
എന്റെ കുഞ്ഞുങ്ങള്‍, എന്റെ കെട്ടിയോന്‍, 
എന്റെം കുടുംബം എന്നു പിടഞ്ഞോണ്ടിരുന്ന 
അമ്മപ്പക്ഷികള്‍.  
ഏതു നീതിമാനേക്കാളും 
നീതി ബോധമുള്ളവര്‍. 
ഏതു മഹാനെക്കാളും മഹതിയെക്കാളും 
മഹത്വമുള്ളവര്‍, 
ഏതു ചരിത്രപുരുഷനെക്കാളും ചരിത്ര ബന്ധമുള്ളവര്‍, 
എല്ലാപഴക്കളേക്കാളും പഴയവര്‍,
സത്യസന്ധതയുള്ളവര്‍. 

സുന്ദരിയും സേവ്യറമ്മയും സല്‍വിയും
ജയിലില്‍കിടക്കുന്നു. 
കള്ളക്കേസുകള്‍ ചമച്ച് മര്‍ദ്ദക ഭരണകൂടം 
അവരെ തടവിലിട്ടിരിക്കുന്നു. 
ഏതു നിയമപുസ്തകപ്രകാരം 
ഈ നീതികേടന്ന് നിങ്ങള്‍ പറയണം. 
ഏതുയുക്തിപ്രകാരം ഈ ശിക്ഷാവിധിയെന്ന് 
നിങ്ങള്‍ വിശദീകരിക്കണം. 

നിങ്ങളും ഞാനും ഈ രാജ്യത്തെ പ്രജകളാണെങ്കില്‍ 
ഈ നിയപമപരമായ കുറ്റകൃത്യത്തില്‍ 
നിങ്ങള്‍ക്കും എനിക്കും പങ്കുണ്ട്, 
നീതികെട്ട ഒരു ഭരണവ്യവസ്ഥ  മുഴുവന്‍ ജനത്തേയും
കുറ്റവാളികളാക്കിയിരിക്കുന്നു! 

ഇനി മാതൃ്വത്വത്തെക്കുറിച്ച് 
കുഞ്ഞുങ്ങളോട് അമ്മമാര്‍ക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്, 
പഴമയുടെ മഹത്വത്തെക്കതുറിച്ച്, 
അധ്വാനത്തിന്റെ ഉപ്പുനീരിനെക്കുറിച്ച് 
പാഠപുസ്തകങ്ങളില്‍ കയറിയിരുന്ന് വിടുവാക്കുപറയതരുത്..
ഇവര്‍ ജീവന്റെ, ശാശ്വത നീതിയുടെ, 
പരമമായ ഉരത്തരവാദിത്വത്തിന്റെ 
സത്തയെന്തെന്ന് ബോധ്യമുള്ളവര്‍, 
അതിനൊത്തു ജീവിച്ചുപോന്നവര്‍ 
ഈ അമ്മമാര്‍ തടവറയില്‍ക്കിടക്കെ, 
കത്തുന്ന സ്വന്തം കാടിനെക്കുറിച്ചോര്‍ത്ത് 
വേടന്റെ വലയില്‍ക്കിടന്ന് പിടയുന്ന 
തള്ളക്കിളികളെപ്പോലെ പിടഞ്ഞോണ്ടിരിക്കെ
മക്കളേ മക്കളേയെന്നു നിലവിളിച്ചോണ്ടിരിക്കെ 
ഇങ്ങനെയുറങ്ങാന്‍, അലസരാവാന്‍
നമുക്കവകാശമുണ്ടോ? 

No comments: