27 Oct 2012

ഒടുവില്‍നമ്മളും അതറിയുന്നു





ഒത്തുമരണത്തെ കുറിച്ചുള്ളജ്ഞാനം 
ആദ്യം കിട്ടുക വൃക്ഷങ്ങള്‍ക്കാണ്. 
ആഴവുമായും ആകാശവുമായും 
സമ്പര്‍ക്കത്തിലിരിക്കുന്നവര്‍ക്ക്. 
വേരുകളും ശിഖരങ്ങളും കൊണ്ട് 
അവരതറിയുന്നു. 

പിന്നീട് കുറ്റിച്ചെടികളും പടര്‍വള്ളികളും  
മുള്‍ക്കാടും പുല്ലും പൂപ്പുംപായലും അതറിയുന്നു. 
അപായങ്ങളുടെ മണിമുഴക്കം 
പിന്നീട് ഉറുമ്പിലേയക്ക് പുഴുക്കളിലേയ്ക്ക,് 
ഉരഗങ്ങളിലേയ്ക്ക,് പറവകളിലേയ്ക്ക്... 
പുതുക്കെപ്പതുക്കെയത് 
കാട്ടുനാല്‍ക്കാലികളിലേയ്ക്ക.്
്പിന്നെയും ഏറെക്കഴിഞ്ഞ് 
പറ്റങ്ങളായുറങ്ങുന്ന ആട്ടിന്‍കൂട്ടങ്ങള്‍, 
അറവുശാലയിലേക്കുപോകുന്ന പൈക്കൂട്ടങ്ങള്‍, 
മരുഭൂമികളിലെ ഒട്ടകക്കൂട്ടങ്ങള്‍, 
ചങ്ങലയിലെ പട്ടി ,
വിശന്നുറങ്ങിപ്പോയ തള്ളപ്പൂച്ച...

അങ്ങനെയങ്ങനെ ഒടുവില്‍ ഏറ്റവുമൊടുവില്‍ 
ഏകാന്തവാസിയായ, നിശ്ശബ്ദനായ, 
വിജനതയിലൂടെ ഏറെദൂരം സഞ്ചരിച്ച 
ഒരു മാനവനിലേയ്ക്ക് 
പുഴയ്ക്കക്കരെനിന്നുള്ള നിലവിളിപോലെ 
ആ അറിവു വന്നെത്തുന്നു..


No comments: